Image

ലയണ്‍ പൂക്കുഞ്ഞ്‌ (കഥ: സാം നിലമ്പള്ളില്‍)

Published on 09 May, 2015
ലയണ്‍ പൂക്കുഞ്ഞ്‌ (കഥ: സാം നിലമ്പള്ളില്‍)
പൂക്കുഞ്ഞു മുതലാളി കുളിച്ച ദിവസമായതുകൊണ്ടല്ല ലത്തീഫ ബിരിയാണി വെച്ചത്‌. പൂവന്‍കോഴി ഒരെണ്ണം `കൊക്കരക്കോ' എന്ന്‌ വിളിച്ചുകൂവിക്കൊണ്ട്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടുമൂന്ന്‌ മാസങ്ങളായി. അവനെ കറിവെക്കണോ അതോ ബിരിയാണിയാക്കണോ എന്നൊക്കെ കാണുമ്പോളൊക്കെ ലത്തീഫ ആലോചിക്കുമായിരുന്നു. ഇപ്പോള്‍ മുതലാളി കുളിച്ചതും ഭാര്യ ബിരിയാണിവെച്ചതും ഒരേ ദിവസമായിപ്പോയത്‌ അവിചാരിതമായാണ്‌.

മുതലാളി കുളിക്കുന്നത്‌ ആഴ്‌ചയില്‍ ഒരിക്കലാണ്‌, ഞായറാഴ്‌ച. ബാക്കി എല്ലാദിവസങ്ങളിലും അങ്ങേര്‍ക്ക്‌ ഭാരിച്ച ജോലികളുണ്ട്‌. എന്നും രാവിലെ എട്ടുമണിക്ക്‌ കടതുറക്കണം. ഒരു ചായമാത്രം കുടിച്ചുകൊണ്ടാണ്‌ പോക്ക്‌. പത്തുമണിയാകുമ്പോള്‍ പ്രഭാതഭക്ഷണം ചെക്കന്‍ മജീദിന്റെ കയ്യില്‍ ലത്തീഫ കൊടുത്തുവിടും. ഒരു ദിവസം പുട്ടും കടലക്കറിയുമാണെങ്കില്‍ അടുത്ത ദിവസം പത്തിരിയും മുട്ടക്കറിയും. ചില ദിവങ്ങളില്‍ കഞ്ഞിയും ചെറുപയര്‍ പുഴുങ്ങിയതും. അതുകഴിച്ചു കഴിയുമ്പോളേക്കും കടയില്‍ ആയിരം രൂപയുടെ കച്ചവടമെങ്കിലും നടന്നിരിക്കും. അതായത്‌ മറ്റുചിലവുകള്‍ എല്ലാം കിഴിച്ച്‌ ഇരുനൂറ്റിയമ്പതു രൂപാ ലാഭം. രാത്രി എട്ടുമണിക്ക്‌ കടപൂട്ടുമ്പോള്‍ രണ്ടായിരം രൂപയെങ്കിലും ലാഭം പോക്കറ്റില്‍ വന്നുചേരും. സെയില്‍ ടാക്‌സിനെ വെട്ടിക്കാന്‍ കള്ളക്കണക്കെഴുതാന്‍ വിദഗ്‌ധനായ ശങ്കരപ്പിള്ളയെ കണക്കപ്പിള്ളയാക്കി വച്ചിരിക്കുന്നത്‌ വെറുതെയല്ല.

ഒരു മുസ്‌ളീമിന്‌ പകരം ഹിന്ദുവിനെ കണക്കേല്‍പ്പിച്ചിരിക്കുന്നത്‌ എന്തിനാണെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ മുതലാളിക്ക്‌ മറുപടിയുണ്ട്‌. `മേത്തന്മാര്‍ക്ക്‌ നോട്ട്‌ എണ്ണാനേ അറിയൂ; കണക്കുകൂട്ടാന്‍ അറിയത്തില്ല. അതിന്‌ പിള്ളതന്നെ വേണം.'

സെയില്‍ ടാക്‌സ്‌ പിരിക്കുന്നത്‌ ഒരു അനാവശ്യ ഏര്‍പ്പാടാണെന്നാണ്‌ മുതലാളിയുടെ അഭിപ്രായം. പാവപ്പെട്ട കച്ചവടക്കാരുടെ കഴുത്ത്‌ ഞെരിക്കുന്ന പരിപാടി. അതുകൊണ്ട്‌ അവരെ വെട്ടിക്കാന്‍ മുതലാളി എന്തും ചെയ്യും.

ഇക്കാലത്ത്‌ റ്റാറ്റായും, അംബാനിയും ഒക്കെയാണ്‌ പലചരക്ക്‌ കട നടത്തുന്നത്‌. അവര്‍ക്ക്‌ കാറും, ലോറിയുമൊക്കെ ഉണ്ടാക്കി വിറ്റാല്‍ പോരേ എന്നാണ്‌ പൂക്കുഞ്ഞ്‌ മുതലാളി ചോദിക്കുന്നത്‌. തങ്ങളെപ്പോലെയുള്ള പാവങ്ങളുടെ വയറ്റത്തടിക്കാനല്ലേ അവര്‍ അരിയും പയറും വില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. അതിന്റെ കൂടെയാണ്‌ സെയില്‍ടാക്‌സുകാരുടെ വക കൊങ്ങായ്‌ക്കു പിടുത്തവും. ഇപ്പോള്‍ മനസിലായല്ലോ എന്തിനാണ്‌ ശങ്കരപ്പിള്ളയെ ശമ്പളം കൊടുത്ത്‌ കണക്കപ്പിള്ളയാക്കി വെച്ചിരിക്കുന്നതെന്ന്‌?

രാവിലെ `ബ്രേക്കുപാസ്റ്റും' കൊണ്ട്‌ മജീദ്‌ വന്നുകഴിഞ്ഞാല്‍പിന്നെ ചെക്കന്‍ കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കും. പയ്യനാണെങ്കിലും തൂക്കത്തില്‍ കുറവുവരുത്തി മുതലാളിയെ ലാഭപ്പെടുത്താന്‍ ചെക്കന്‌ നല്ലപോലെ അറിയാം. പിന്നെ, കുഴപ്പമുള്ളത്‌ ചെറിയ പെണ്‍പിള്ളാര്‌ സാധനം മേടിക്കാന്‍ വരുമ്പോളാണ്‌. അന്നേരം മുതലാളിയുടെ കണ്ണെത്തിയില്ലെങ്കില്‍ പയറോ, പരിപ്പോ മറ്റെന്റെന്തെങ്കിലുമോ അളവിന്റെകൂടെ ഒരുപിടികൂടി ഇട്ട്‌ പെണ്ണിനെ ഒരുകണ്ണിറുക്കി കാണിച്ച്‌ ഒരു ശൃഗാരച്ചിരിയും സമ്മാനിക്കും.

ചിലപ്പോള്‍ മുതലാളി അവനെ കയ്യോടെ പിടികൂടും. `അതുനിന്റെ ബാപ്പ കടനടത്തുമ്പോ മതി, ഹമുക്കെ. തെമ്മാടിത്തരം കാണിച്ചാ അടിച്ചുനിന്നെ പൊറത്താക്കും.'

എന്നാലും ചെക്കന്‌ പെമ്പിള്ളാരെ കാണുമ്പോ ഒരിളക്കമാണ്‌. അതുകൊണ്ട്‌ പെണ്ണുങ്ങള്‍, പ്രത്യേകിച്ച്‌ ചെറുവാല്ല്യക്കാര്‍, കടയില്‍ വരുമ്പോള്‍ മുതലാളിയുടെ ഒരുകണ്ണ്‌ അവനുവേണ്ടി മാറ്റിവെച്ചിരിക്കും.

മജീദിനെക്കൂടാതെ മറ്റൊരാള്‍കൂടിയണ്ട്‌ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍, ഹമീദുകുട്ടി. അയാള്‍ക്കുപിന്നെ ചെക്കന്റെകൂട്ട്‌ സോഫ്‌റ്റ്‌ കോര്‍ണറൊന്നുമില്ല പെണ്ണുങ്ങളോട്‌. വൈകിട്ട്‌ കടപൂട്ടി പോകുമ്പോള്‍ മടിയില്‍ എന്തെങ്കിലും കാണുമെന്ന്‌ മാത്രം.

`എന്നതാ ഹമീദേ മടിയല്‍പ്പം വീര്‍ത്തിരിക്കുന്നത്‌?'

`അല്‍പം തുവരയാ; തറേന്ന്‌ തൂത്തുവാരിയതാ.'

`തറേപ്പോകുന്നത്‌ പാറ്റിപ്പെറുക്കി വീണ്ടും ചാക്കിലിടണം, അല്ലാതെ വീട്ടില്‍കൊണ്ടുപോകാനുള്ളതല്ല.' മുതലാളി ഇത്‌ ഓര്‍മിപ്പിക്കാന്‍ തുടങ്ങിയത്‌ ഇന്നുംഇന്നലെയും ഒന്നുമല്ല.


`നാളെമുതല്‍ അങ്ങനെചെയ്യാമേ.' എന്നാല്‍, ഹമീദ്‌ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. പയറോ, അരിയോ എന്തിന്‌ വെളിച്ചെണ്ണവരെ ചെറിയ കുപ്പിയിലാക്കി കടത്താന്‍ അയാള്‍ക്ക്‌ പ്രത്യേക വിരുതാണ്‌.

പൂക്കുഞ്ഞു മുതലാളി മണ്ടനായിട്ടോ, പൊട്ടക്കണ്ണനായിട്ടോ അല്ല ഇതൊക്കെ നടക്കുന്നത്‌, കണ്ണടച്ചിട്ടാണ്‌. താന്‍ കൊടുക്കുന്ന തുശ്ചമായ ശമ്പളംകൊണ്ട്‌ ഹമിദിന്‌ കുടുംബം പോറ്റാന്‍ പറ്റത്തില്ലെന്ന്‌ അയാള്‍ക്ക്‌ അറിയാം. അതുകൊണ്ട്‌ ഇതുപോലെ താഴെപ്പോകുന്ന അരിയും അതിന്റെകൂടെ ചാക്കില്‍നന്ന്‌ കുറച്ച്‌ വാരിയിട്ടും കൊണ്ടുപൊക്കോട്ടെ എന്നുവിചാരിച്ചിട്ടാണ്‌.

മുതലാളി കുളിച്ച കാര്യമാണല്ലോ പറഞ്ഞുവന്നത്‌. ആഴചയിലൊരിക്കല്‍ കുളിയാക്കിയത്‌ സോപ്പോ എണ്ണയോ ലാഭിക്കാനല്ല. കുളിച്ചാല്‍ അയാള്‍ക്ക്‌ അസുഖങ്ങളാണ്‌. ജലദോഷം വിട്ടുമാറിയ ദിവസങ്ങളില്ല. തുമ്മലും, മൂക്ക്‌ ചീറ്റലും അതിന്റെ കൂടെ. ഇംഗ്‌ളീഷ്‌ മരുന്നുകളും, ആയുര്‍വേദവും, ഹോമിയോപ്പതിയും അവസാനം യൂനാനിയും വരെ പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണ്‌.

`മുതലാളിക്ക്‌ ഈ കടയിലെ അന്തരീക്ഷം പിടിക്കാഞ്ഞിട്ടാണ്‌,' ശങ്കരപ്പിള്ള പറയും. `ഇവിടുത്തെ ധാന്യങ്ങളുടെ പൊടിയുംമറ്റും മൂക്കില്‍ കയറുന്നതിന്റെ അസുഖമാ.'

`എന്നുവെച്ച്‌ കടപൂട്ടി വീട്ടില്‍പോയി ഇരിക്കാന്‍ പറ്റുമോ, പിള്ളേ?'

അതും ശരിയാണ്‌. മുതലാളി കടപൂട്ടിപ്പോയാല്‍ താനും കുടുംബവും പട്ടിണിയായിപ്പോകുമെന്ന്‌ ശങ്കരപ്പിള്ളക്ക്‌ അറിയാം. അപ്പോള്‍ കടയിലെ അന്തരീക്ഷത്തിന്റെ കാര്യം ഇനി പറയാതിരിക്കുന്നതാണ്‌ നല്ലത്‌.

രണ്ട്‌ കുടുംബങ്ങളാണ്‌ മുതലാളിയുടെ ഔദാര്യംകൊണ്ട്‌ ജീവിച്ചുപോകുന്നത്‌, ഹമീദ്‌കുട്ടിയുടേയും, ശങ്കരപ്പിള്ളയുടേയും. ഹമീദുകുട്ടി മുതലാളിയുടെ ഒരു ബന്ധുവാണെന്ന്‌ വേണമെങ്കില്‍ പറയാം; വേണ്ടെങ്കില്‍ പറയുകയും വേണ്ട. എന്നുവെച്ചാല്‍ അത്ര അടുത്ത ബന്ധമൊന്നുമില്ലെന്ന്‌ സാരം. മജീദ്‌ചെക്കന്‍ മുതലാളിയുടെ വീട്ടില്‍തന്നെയാണ്‌ താമസം. കടയിലെ പാര്‍ടൈം ജോലിയും വീട്ടിലെ ഫുള്‍ടൈം ജോലിയും നാലുനേരം ആഹാരവുമായി ഒരുവിധം കഴിഞ്ഞുകൂടുന്നു. മുതലാളിയുമായി ബന്ധമുണ്ടെന്ന്‌ പറയാനുള്ള അഹങ്കാരമൊന്നും അവനില്ല.

പൂക്കുഞ്ഞ്‌ മുതലാളിക്ക്‌ പതിന്നാലും പന്ത്രണ്ടും വയസുള്ള രണ്ട്‌ ആണ്‍മക്കളാണ്‌ ഉള്ളത്‌, താഹിറും, അജ്‌മലും. മൂത്തവന്‍, താഹിര്‍, പാഠപ്പുസ്‌തകങ്ങളും, അദ്ധ്യാപകരുമായി മല്ലിട്ട്‌ കഴിയുന്നു. സ്‌കൂളില്‍ പോകുന്നതുപോലും അവന്‌ ഇഷ്‌ടമുള്ള കാര്യമല്ല. പോയാല്‍ അന്നവിടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടേ തിരിച്ച്‌ പോരാറുള്ളു.

`താഹിറേ, മോനെ, നീ ഇങ്ങോട്ട്‌ വരാതിരുന്നാല്‍ ഞാന്‍ നിനക്ക്‌ എന്തെങ്കിലും സമ്മാനം വീട്ടിലെത്തിച്ചുതരാം,' ഹെഡ്‌ മാസ്‌റ്റര്‍ ഒരിക്കല്‍ അവനോട്‌ പറഞ്ഞു.

എന്നാലും ഉമ്മയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഇടക്കിടെ അവന്‍ സ്‌കൂളില്‍ പോകും. സ്‌കൂള്‍ അവിടെത്തന്നെ ഉണ്ടോ എന്നറിയണമല്ലോ? അവന്റെ അനുജന്‍ അജ്‌മല്‍ ഇക്കായുടെ ഗുണഗണങ്ങള്‍ പഠിച്ചുവരുന്നതേയുള്ളു. എന്നാലും സ്‌കൂളില്‍ സഹപാഠികളുമായി അടിപിടി, ചീത്തപറച്ചില്‍ മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നില്‍ ഒട്ടും മോശക്കാരനല്ല.

`അവമ്മാര്‌ പഠിച്ചില്ലേലെന്താ; ചെക്കന്മാരല്ലേ? പത്തിരുപത്‌ വയസ്സാകുമ്പോ സൗദീലോട്ടോ, ദുബായിലേക്കോ കേറ്റിവിടും. അതോടെ എന്റെ ജോലി തീരുമല്ലൊ?' ഇങ്ങനെയാണ്‌ മുതലാളി പറയുക.

`മുതലാളി അങ്ങനെ നിരാശപ്പെടേണ്ട കാര്യമില്ല.' ശങ്കരപ്പിള്ള പറയും. `അവര്‌ പിള്ളാരല്ലേ? കുറച്ച്‌കൂടി കഴിയുമ്പം എല്ലാം ശരിയായിക്കൊള്ളും. മോനെ ആ ജോര്‍ജ്ജ്‌ വര്‍ഗീസിന്റെ ട്യൂട്ടോറിയലില്‍ കൊണ്ടാക്ക്‌. അവിടെ നല്ല പഠിപ്പീരാ. പഠിക്കാത്തവരെ അയാള്‌ തല്ലിപ്പഠിപ്പിക്കുന്ന കൂട്ടത്തിലാ.'

`തല്ലിയാല്‍ തിരിച്ചുതല്ലുന്ന സൈസാ അവന്‍.'

`അതൊന്നുമില്ല. ഞാന്‍തന്നെ മോനെ അവിടെ കൊണ്ടാക്കാം.'

അങ്ങനെയാണ്‌ ശങ്കരപ്പിള്ള താഹിറിനേയും കൊണ്ട്‌ വിസ്‌ഡം ട്യൂട്ടോറിയലില്‍ പോയത്‌.

`എന്നും വൈകിട്ട്‌ സ്‌കൂള്‌ കഴിഞ്ഞാല്‍ ട്യൂഷന്‍, പിന്നെ ശനിയും ഞായറും. ക്‌ളാസ്സില്‍ വന്നില്ലെങ്കില്‍ ഞാന്‍ വീട്ടിലോട്ട്‌ കത്തയക്കും. പറഞ്ഞതെല്ലാം മനസിലായല്ലോ?' പ്രന്‍സിപ്പാള്‍ ജോര്‍ജ്ജ്‌ വര്‍ഗീസ്‌ പറഞ്ഞു.

`ഫീസൊക്കെ ഞാന്‍തന്ന മുതലാളിയുടെ കയ്യീന്ന്‌ വാങ്ങി കൊണ്ടുത്തരാം.' താഹിര്‍ ക്‌ളാസിലേക്ക്‌ പോയിക്കഴിഞ്ഞപ്പോള്‍ ശങ്കരപ്പിള്ള രഹസ്യമായി പ്രിന്‍സിപ്പാളിന്റെ ചെവിയില്‍ മൊഴിഞ്ഞു. `പിന്നെ സാറെ, എന്റെ മോന്റെ ഫീസുകൂടി ഇവന്റേതിന്റെ കൂട്ടത്തില്‍ വകവെച്ചോണെ.'

പ്രിന്‍സിപ്പാള്‍ അതുകേട്ട്‌ ചിരിച്ചു. താന്‍ കൊള്ളാമല്ലോ കണക്കപ്പിള്ളേ എന്ന്‌ വിചാരിക്കുകയും ചെയ്‌തു.

കാര്യങ്ങള്‍ ഇങ്ങനെ ഒരുവിധംഭംഗിയായി മുന്‍പോട്ടുപോകുന്ന സമയത്താണ്‌ ഇടിവെട്ടുപോലെ ഒരുസംഭവം നാട്ടില്‍ അരങ്ങേറുന്നത്‌. ഇടിവെട്ട്‌ എന്ന്‌ അല്‍പം അതിശയോക്തിയായി പറഞ്ഞെങ്കിലും സംഭവം നാടിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായിരുന്നു. നാട്ടിലെ പ്രമാണിമാര്‍ എല്ലാവരും, ബാങ്ക്‌ മാനേജര്‍ സ്റ്റീഫന്‍ ചാക്കോ മുതല്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ അബ്‌ദുള്‍ ഖാദര്‍ വരെയുള്ളവര്‍ കൂടിയിരുന്ന്‌ എടുത്തതീരുമാനമാണ്‌ ലയണ്‍സ്‌ ക്‌ളബ്ബ്‌ തുടങ്ങാന്‍. മെമ്പേര്‍സ്‌ ആരൊക്ക ആയിരിക്കണമെന്ന്‌ ആലോചനവന്നപ്പോള്‍ അബ്‌ദുള്‍ ഖാദറാണ്‌ പൂക്കുഞ്ഞു മുതലാളിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌.

`പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത്‌ കാര്യം?' കോളേജ്‌ പ്രൊഫസര്‍ തുളസീധരന്‍ പിള്ളാസ്സാറാണ്‌ ചോദിച്ചത്‌. `അയാള്‍ക്ക്‌ അരിയും മുളകും വില്‍ക്കാനല്ലേ അറിയൂ?'

`അറിവല്ലല്ലോ പ്രധാനം, പണമല്ലേ?' അബ്‌ദുള്‍ ഖാദര്‍ എതിര്‍ത്തു. `നമ്മുടെ എമ്മെല്ലേക്ക്‌ എന്തറിവാണ്‌? രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ക്ക്‌ എന്തറിവാണ്‌? പൂക്കുഞ്ഞ്‌ ഈ നാട്ടിലെ പണക്കാരനാണ്‌. എന്തെങ്കിലും സാമ്പത്തിക സഹായത്തിന്‌ നമുക്ക്‌ അയാളെ സമീപിക്കേണ്ടിവന്നേക്കാം. അപ്പോള്‍ അയാള്‍ ക്‌ളബ്ബിലെ ഒരു മെമ്പറായിരിക്കുകയല്ലേ നല്ലത്‌?'

ഖാദര്‍ പറഞ്ഞതിനോട്‌ ഭൂരിപക്ഷംപേരും യോജിച്ചതിനാല്‍ പൂക്കുഞ്ഞുമുതലാളിയും ലിസ്റ്റില്‍ സ്ഥാനംപിടിച്ചു.

മെമ്പര്‍മാര്‍ക്ക്‌ എല്ലാവര്‍ക്കും അവരവരുടെ വീടുകളുടെ മുന്‍പില്‍ സ്ഥാപിക്കാന്‍ ക്‌ളബ്ബിന്റെവക ബോര്‍ഡുകള്‍ നല്‍കപ്പെട്ടു. മുതലാളിയുടെ വീടിന്റെ മുമ്പിലെ ബോര്‍ഡില്‍ ആളുകള്‍ ഇങ്ങനെ വായിച്ചു

`ലയണ്‍ പൂക്കുഞ്ഞ്‌ മുതലാളി.'

മമ്മൂഞ്ഞിന്റെ ചായക്കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന ഇബ്രാഹിംകുട്ടിയാണ്‌ സംശയം ചോദിച്ചത്‌, `ഈ ലയണെന്നുവെച്ചാലെന്നതാടാ, മമ്മൂഞ്ഞേ?'

`ലയണെന്ന്‌ സിംഹത്തിന്റെ പേരാ.' അഞ്ചാംക്‌ളാസ്സില്‍ പഠിപ്പുനിറുത്തി ബാപ്പായുടെ ചായക്കടയില്‍ സഹായത്തിനുകൂടിയ മമ്മൂഞ്ഞ്‌ പറഞ്ഞു.

`റബ്ബേ, അപ്പോ നമ്മടെ പൂക്കുഞ്ഞ്‌ സിംഹാണോ?' ഇബ്രാഹിംകുട്ടി മൂക്കത്ത്‌ വിരല്‍വെച്ചു.

സാം നിലമ്പള്ളില്‍
sam3nilam@yahoo.com
ലയണ്‍ പൂക്കുഞ്ഞ്‌ (കഥ: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക