Image

ആത്മസംഘര്‍ഷത്തിലൊരു സാന്ത്വനം (വാസുദേവ്‌ പൂളിക്കല്‍)

Published on 18 June, 2015
ആത്മസംഘര്‍ഷത്തിലൊരു സാന്ത്വനം (വാസുദേവ്‌ പൂളിക്കല്‍)
(വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)

നോവല്‍ സാഹിത്യരംഗത്തും ചെറുകഥാസാഹിത്യരംഗത്തും ശോഭിച്ച സാഹിത്യകാരനാണ്‌ ഉറുബ്‌. സമൂഹത്തിന്റെ കഥ പറയുമ്പോഴും മനുഷ്യമനസ്സിന്റെ അകത്തളങ്ങളില്‍ അലയടിക്കുന്ന വികാരസംഘര്‍ഷങ്ങള്‍ കാവ്യസുന്ദരമായി അദ്ദേഹം രചനകളില്‍ പകര്‍ത്തി. മുങ്ങിത്താഴാന്‍ തുടങ്ങുന്നവര്‍ പൊങ്ങു തടിയില്‍ പ്രതീക്ഷയും ആശ്വാസവും കാണുന്നതു പോലെ ദുഃഖത്തിന്റെ നീര്‍ച്ചുഴിയില്‍ അകപ്പെടുന്നവര്‍ക്ക്‌ സാന്ത്വനത്തിന്റെ ഒരു മിന്നാമിനുങ്ങിനെയെങ്കിലും സമ്മാനിക്കുന്നത്‌ ഉറുബിന്റെ രചനകളുടെ പ്രത്യേകതയാണ്‌. ജീവിതത്തെ കൂട്ടിച്ചേര്‍ത്ത്‌ ഉയര്‍ച്ചയിലേക്കെത്തിച്ച്‌ ആശ്വാസം പകരനാനുള്ള ആന്തരിക പ്രചോദനം കൊണ്ട്‌ മാത്രം സൃഷ്ടികര്‍മ്മം നടത്തുന്ന കലാകാരന്മരുടെ കൂട്ടത്തല്‍ ഉറൂബും ഉള്‍പ്പെടുന്നു.

ചെറുകഥകളുടെ ഒരു പ്രപഞ്ചം തന്നെ ഉറൂബ്‌ സൃഷ്ടിച്ചിട്ടുണ്ട്‌.ഉറൂബിന്റെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ്‌ `കുഞ്ഞിനൊരു കുപ്പായം'. കുഞ്ഞിന്റെ ഉടുപ്പു കീറിയപ്പോള്‍ പുതിയതു വാങ്ങാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുന്ന ഒരു ഹര്‍ജ്ജി എഴുത്തുകാരന്റെ മാനസികസംഘര്‍ഷവും പണത്തിനു വേണ്ടി സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈവടിഞ്ഞ്‌ ഹര്‍ജ്ജി തയ്യാറാക്കാന്‍ പ്രേരിതനാകുന്ന അയാളുടെ നിസ്സഹായതയും കഥയില്‍ ഹൃദയസ്‌പര്‍ശിയായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. സത്യത്തെ വാദിച്ചു തോല്‌പിക്കുന്ന വക്കീലന്മാരെ ഹര്‍ജ്ജി എഴുത്തുകാരന്‍ അനുസ്‌മരിപ്പിക്കുന്നുണ്ട്‌. തെളിവുകള്‍ നിരത്തി സത്യത്തെ തോല്‌പിച്ച്‌?കുറ്റവാളിയെ രക്ഷപ്പെടുത്തുമ്പോള്‍ അവിടെ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക്‌ പ്രസക്തിയില്ലാതാകുന്നു.ജോലിക്കാര്യത്തില്‍ ധര്‍മ്മാധര്‍മ്മള്‍ക്ക്‌ വില കല്‌പിക്കേണ്ടതില്ല എന്ന ന്യായീകരണത്തില്‍ എത്തിച്ചേരുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. ഈ കഥയില്‍ ഹര്‍ജ്ജി എഴുത്തുകാരന്‍ സത്യത്തിന്റെ മുഖം മറച്ചു വച്ചുകൊണ്ട്‌ ഹര്‍ജ്ജി തയ്യാറാക്കിയപ്പോള്‍ ശിക്ഷിക്കപ്പെട്ടത്‌ നിരപരാധിയും നിഷ്‌ക്കളങ്കയുമായ ഒരു പെണ്‍കുട്ടിയാണ്‌. കുഞ്ഞലവിയുടെ മകള്‍ പലചരക്കു കടക്കാരന്‍ ബാപ്പൂട്ടിയില്‍ നിന്ന്‌ ഗര്‍ഭിണിയായി. ബാപ്പുട്ടി പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറല്ല. ബാപ്പുട്ടി കുഞ്ഞലവിക്കും മകള്‍ക്കും എതിരായി ഹര്‍ജ്ജി തയ്യാറാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ എഴുത്തുകാരനെ സമീപിക്കുന്നു. അയാള്‍ ധര്‍മ്മസങ്കടത്തിലായി. പാവപ്പെട്ട ഒരു യുവതിയെ വഴിയാധാരമാക്കാന്‍ കൂട്ടുനിന്ന്‌ അവളെ ദുര്‍ന്നടപടിക്കാരിയായി ചിത്രീകരിക്കണമല്ലൊ എന്ന്‌ അയാള്‍ പരിതപിച്ചു. പക്ഷെ താനത്‌ ചെയ്‌തില്ലെങ്കില്‍ മറ്റൊരാള്‍ അത്‌ ചെയ്യും. സത്യത്തെ പിച്ചിച്ചീന്താന്‍ കോടതി മുറിയില്‍ വക്കീലന്മാര്‍ വീറോടെ വാദിക്കുമ്പോള്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ കാറ്റില്‍ പറക്കുന്നു. ധര്‍മ്മാധര്‍മ്മങ്ങളെ പറ്റി ചിന്തിക്കുന്നത്‌ തന്റെ തൊഴിലല്ല എന്ന ന്യായീകരണത്തില്‍ മനസ്സാക്ഷിയെടുത്ത്‌ പോക്കറ്റിലിട്ട ശേഷം ഹര്‍ജ്ജി തയ്യാറക്കിക്കൊടുത്ത്‌ പണം കൈപ്പറ്റി അയാള്‍ കുഞ്ഞിന്‌ ഉടുപ്പു വാങ്ങി. സത്യമേവ ജയതേ എന്ന സൂക്തം പലപ്പോഴും അന്തരീക്ഷത്തിലെ വായൂപാളികളില്‍ അലിഞ്ഞു പോകുന്നത്‌ കഥാകാരന്‍ ചിത്രീകരിക്കുന്നു. സത്യം ജയിക്കുമെങ്കില്‍ അക്രമം കൊടികുത്തി വാഴുകയില്ലല്ലൊ. സത്യം എവിടെയാണ്‌ ജയിച്ചിട്ടുള്ളത്‌? മനുഷ്യരെ ആദ്ധ്യാത്മികതയിലേക്ക്‌ നയിക്കുന്ന മതഗ്രന്ഥങ്ങളിലൂടെ കടന്നു പോയാലും സത്യം നിഷ്‌പ്രഭമായതിന്റേയും സത്യം പറഞ്ഞവരുടേയും സത്യത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചവരുടേയും നേരെ കാര്‍ക്കിച്ചു തുപ്പിയതിന്റേയും ഉദാഹരണങ്ങള്‍ കാണാം. ഹര്‍ജ്ജി എഴുത്തുകാരന്‍ കുഞ്ഞിന്‌ ഉടുപ്പുമായി വീട്ടിലേക്ക്‌ പോകുമ്പോള്‍ കുഞ്ഞലവിയെ കണ്ടു. തന്റെ മകളുടെ ദയനീയാവസ്ഥ വിവരിച്ച കുഞ്ഞലവി പിഞ്ചുകുഞ്ഞിന്റെ ദേഹത്ത്‌ ഒരു തുണിക്കഷണം ഇടാനില്ലാതെ കുഞ്ഞ്‌ തണുത്ത്‌ വിറക്കുന്നുവെന്നും ആ കുഞ്ഞ്‌ തണുപ്പിനെ അതിജീവിക്കുകയില്ലെന്നും പറഞ്ഞപ്പോള്‍ അയാള്‍ കയ്യിലിരുന്ന ഉടുപ്പ്‌ കുഞ്ഞലവിക്ക്‌ കൊടുത്തു. തന്തയുടെ പണം കൊണ്ട്‌ വാങ്ങിയ ഉടുപ്പ്‌ മകന്‍ തന്നെ ഇടട്ടെ എന്നയാള്‍ സമാശ്വസിച്ചു. സ്വന്തം ജീവിത പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനുള്ള ഹര്‍ജ്ജി എഴുത്തുകാരന്റെ ബദ്ധപ്പാടിലും ജീവകാരുണ്യത്തിന്റെ ഒരു നിറക്കൂട്ടു കൂടി കഥാകാരന്‍ കൂട്ടിച്ചേര്‌ക്കുന്നുവെന്നോ, അല്ലെങ്കില്‍ ഹര്‍ജ്ജി എഴുത്തുകാരന്‍ ഉടുപ്പ്‌ ഉപേക്ഷിച്ചത്‌ മനസ്സാക്ഷിക്കുത്തു കൊണ്ടാണെന്നോ ചിന്തിക്കാവുന്നതാണ്‌. ജോലിക്കാര്യത്തില്‍ ധര്‍മ്മാധര്‍മ്മങ്ങളെ പറ്റി ആലോചിക്കേണ്ടതില്ല എന്ന ന്യായവാദം ബുദ്ധിപരമാണ്‌. പക്ഷെ ഹൃദയവികാരത്തിനു മുമ്പില്‍ ആ ന്യായവാദത്തിന്‌ പ്രസക്തിയില്ല.

നോവല്‍ സാഹിത്യരംഗത്താണ്‌ ഉറൂബ്‌ കൂടുതല്‍ ശ്രദ്ധേയനായത്‌. ഉറൂബിന്റെ പ്രധാനപ്പെട്ട നോവലുകള്‍ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, മിണ്ടാപ്പെണ്ണ്‌ മുതലായവയാണ്‌. മനുഷ്യമനസ്സുകളുടെ വിചിത്രമായ വഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ ആവിഷ്‌ക്കരണം ഉമ്മാച്ചു എന്ന നോവലിന്‌ പുതുമ നല്‍കുന്നു. ശാന്തമായ കടലിലെ ശക്തമായ അടിയൊഴുക്കുകള്‍ ആര്‍ക്കും കാണാന്‍ സാധിക്കാത്തതു പോലെ മനുഷ്യമനസ്സുകളുടെ അന്തരംഗങ്ങള്‍ ഇളകി മറിയുന്നത്‌ ആരും കാണുന്നില്ല. എന്നാല്‍ ഉറൂബ്‌ ഉമ്മാച്ചുവിന്റെ ആത്മസംഘര്‍ഷം അവതരിപ്പിച്ച്‌ ഉമ്മാച്ചുവിനെ ഒരു വിശിഷ്ട കഥാപാത്രമാക്കി. ആകസ്‌മികമായ സംഭവങ്ങള്‍ എത്ര പെട്ടെന്നാണ്‌ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തന്നതും ജീവിതം മാറ്റി മറിക്കുന്നതും. മായനും ഉമ്മാച്ചുവുമായുള്ള വിവാഹം മുടക്കിയ അഹമ്മദുണ്ണിയെ മായന്‍ അടിച്ചു വീഴ്‌ത്തിയപ്പോള്‍ അയാള്‍ മരിച്ചു കാണുമെന്നു കരുതി മായന്‍ നാടുവിട്ടു പോയി. ഉമ്മാച്ചു മറ്റൊരു വഴിത്തിരിവിലായി. സാമൂഹ്യ മര്യാദകള്‍ പാലിച്ച്‌ ജീവിച്ചു പോന്ന അവള്‍ ബീരാനെ വിവാഹം കഴിച്ചു. ഉമ്മാച്ചുവിന്റെ ജീവിതം മാറ്റിമറിച്ച മായന്റെ ഒളിച്ചോട്ടം അവസാനിച്ചത്‌ തന്റെ അടിയേറ്റ്‌ അഹമ്മദുണ്ണി മരിച്ചില്ല എന്നറിഞ്ഞപ്പോഴാണ്‌. ഉമ്മാച്ചുവിനോടുള്ള പവിത്രമായ സ്‌നേഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന മായന്‍ ഉമ്മാച്ചുവിനെ വിവാഹം കഴിച്ചു. ഇതിനിടയില്‍?ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതില്‍ ഉമ്മാച്ചു ദുഃഖിതയായിരുന്നെങ്കിലും അവളുടെ മനസ്സില്‍ കിളിര്‍ത്ത മായനോടുള്ള സ്‌നേഹത്തിന്റെ നാമ്പുകള്‍ വാടിക്കരിഞ്ഞിരുന്നില്ല, ആ പ്രേമദീപം അണഞ്ഞിരുന്നില്ല. മായനും ഉമ്മാച്ചുവും ഒന്നിച്ചപ്പോള്‍ പവിത്രമായ സ്‌നേഹത്തിന്റെ സാക്ഷാത്‌ക്കാരമായി. പക്ഷെ മായന്റെ ജീവിതം സന്തുഷ്ടമായില്ല. വേലിയേറ്റങ്ങളില്‍ പെട്ട്‌ മായന്റെ മനസ്സുലഞ്ഞു. ജീവിതം വരുന്നതു പോലെ അനുഭവിക്കാനേ മനുഷ്യന്‌ കഴിയൂ എന്ന തത്വം മായന്‌ സ്വീകാര്യമായില്ല. ആത്മാഭിമാനം നിമിത്തം ഒരിക്കലും അടങ്ങാത്ത ദുഃഖം മനുഷ്യനു മാത്രമേ വന്നു ചേരൂ. ബീരാന്റെ മകന്‍ അബ്ദുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നപ്പോള്‍ മായന്‍ ആത്മഹത്യ ചെയ്‌തു. അടിക്കടി പരാജയപ്പെടുന്ന മനുഷ്യന്‍ ദുഃഖക്കടലില്‍ ആഴ്‌ന്നു പോകുമ്പോള്‍ ജീവിതം നിരര്‍ത്ഥകമെന്ന്‌ ചിന്തിക്കുകയും ആത്മഹത്യയെ ന്യായീകരിക്കുകയും ചെയ്യും.നോവലിസ്റ്റിന്റെ ഈ ന്യായീകരണം എല്ലാ വായനക്കാര്‍ക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല.ഉമ്മാച്ചുവിന്റെ ജീവിത ഭാവത്തിന്റെ സ്‌പന്ദനങ്ങള്‍ ത്രസിക്കുന്നത്‌ ഒന്നു കൂടി ശക്തമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റ്‌ മായന്റെ ആത്മഹ്യത്യയുടെ അനിവാര്യതകാണുന്നു. ഉമ്മാച്ചുവിന്റെ ജീവിതത്തില്‍ വീണ്ടും പരീക്ഷണങ്ങള്‍. മായന്റെ ആത്മഹത്യ കഥയുടെ മികവിന്‌ കോട്ടം വരുത്തുന്നില്ല. ജീവിതത്തിന്റെ പ്രവാഹം തുടരുകയാണ്‌. അബ്ദു ചാപ്പുണ്ണി നായരുടെ മകളെ വിവാഹം കഴിച്ചു, രണ്ടു തലമുറയുടെ കഥയുമായി പരിണാമത്തിന്റെ ശബ്ദം കേള്‍പ്പിച്ചു കൊണ്ട്‌ നോവല്‍ മുന്നോട്ടു പോകുന്നു. അതിനിടയില്‍ ചാപ്പുണ്ണി നായരുടെ തേങ്ങല്‍. ഒരു പിതാവിന്റെ ജീവിതം സാര്‍ത്ഥകമാകുന്നത്‌ കൊച്ചുമക്കളുടെ മുത്തശ്ശാ എന്ന വിളി കേള്‍ക്കുമ്പോഴാണ്‌.മകളുടെ വിവാഹത്തില്‍ പ്രതിഷേധിച്ച ചാപ്പുണ്ണി നായരുടെ ആത്മനൊമ്പരത്തില്‍ നിന്നുയര്‍ന്ന പശ്ചാത്താപത്തിന്റെ രോദനം ജാതിമതഭേദ ചിന്തകളുടെ നിരര്‍ത്ഥകതയുടെ ഗദ്‌ഗദമാണ്‌.മനസ്സിന്റെ ചേര്‍ച്ചയാണ്‌ ജീവിതത്തില്‍ പ്രാധാന്യം. ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യനും മനുഷ്യനും ഒന്നായിത്തീരണമെന്ന നോവലിസ്റ്റിന്റെ ജീവിത ദര്‍ശനത്തിന്റെ പ്രതിഫലനം. പ്രതികൂല സാഹചര്യവുമായി ഏറ്റുമുട്ടി വീണ്ടും വീണ്ടും പരാജയപ്പെടുന്നവര്‍ ഹൃദയത്തില്‍ നിന്ന്‌ ഉയര്‌ന്നു വരുന്ന വിവിധ ചന്താതരംഗങ്ങള്‍? ശാന്തമാക്കി ജീവിതത്തിന്റെ പച്ചപ്പു തേടുന്നതിന്റെ പ്രതീകമായി രണ്ടു ഭര്‍ത്താക്കന്മാരുടെ മരണദുഃഖത്തിന്റെ ആഘാതം ഏറ്റുവാങ്ങിയ ഉമ്മാച്ചു നിലകൊള്ളുന്നു.ഇളകി മറിയുന്ന വികാരസമുദ്രം ശാന്തമാക്കാന്‍ പാകത്തിന്‌ ആത്മബലം  നേടുന്ന ഉമ്മാച്ചു നോവലിനെ അത്യന്തം ആകര്‍ഷകമാക്കുന്നു.

സ്വാതന്ത്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ മലബാറില്‍ നടന്ന മാപ്പിള ലഹളയും ആത്മസംഘര്‍ഷത്തില്‍ നിന്ന്‌ ഉരുത്തിരിയുന്ന സാമൂഹ്യജീവിതവുമാണ്‌ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലെ പ്രമേയം. വ്യക്തിത്വങ്ങളുടെ സ്വയം തിരിച്ചറിയല്‍,സാമൂഹ്യപരിവര്‍ത്തനം, മതവിദ്വേഷം, കലക്കവെള്ളത്തില്‍ മീന്‍ പിടുത്തം, കുതികാല്‍ വെട്ട്‌, ആത്മദര്‍ശനം, തുടങ്ങി മനുഷ്യസംസ്‌ക്കാരത്തിന്റെ വൈവിധ്യത്തിലൂടെ കടന്നു പോകുന്ന ഈ നോവല്‍ ഉറൂബ്‌ സാഹിത്യത്തിന്റെ മുഖമുദ്രയാണ്‌. സംഘര്‍ഷ നിര്‍ഭരമായ മലബാറിലെ മാപ്പിള ലഹള സമയത്ത്‌ മതഭ്രാന്തന്മാര്‍ പരസ്‌പരം വെട്ടി മരിച്ചു കൊണ്ടിരുന്നപ്പോള്‍ മുസ്ലിംഗള്‍ക്ക്‌ അഭയം നല്‍കിയ ഹിന്ദുക്കളും ഹിന്ദുക്കള്‍ക്ക്‌ അഭയം നല്‍കിയ മുസ്ലിംഗളുമുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തില്‍ നിന്ന്‌ ഉടലെടുത്ത മതസൗഹാര്‍ദ്ദം. ഹൃദയത്തിന്റെ സുന്ദരരൂപത്തിന്റെ പ്രതിഫലനം. ആ സുന്ദരരൂപമാണ്‌ ഉറൂബ്‌ കണ്ടത്‌.എല്ലാവരും സുന്ദരന്മാരും സുന്ദരിമാരുമാണെന്ന കാഴ്‌ചപ്പാടില്‍ നിന്നു കൊണ്ടാണ്‌ ഉറുബ്‌ സുന്ദരികളും സുന്ദരന്മാരും എന്ന നോവല്‍ ആവിഷ്‌ക്കരിക്കുന്നത്‌. മനുഷ്യഹൃദയങ്ങളുടെ സൗന്ദര്യം സമൂഹത്തിലേക്ക്‌ വ്യാപിക്കുമ്പോള്‍ സമൂഹവും സുന്ദരമാകും. മനുഷ്യര്‍ പരസ്‌പരം സ്‌നേഹിക്കുന്ന ഒരു സമൂഹമാണ്‌ ഉറൂബ്‌ വിഭാവന ചെയ്‌തത്‌. ഒരു അദൈ്വതിയുടെ കാഴ്‌ചപ്പാടാണത്‌. ഉറുബ്‌ ജീവിച്ചിരുന്ന കാലഘട്ടത്തില്‍, സാഹിത്യകാരന്മാര്‍ പരസ്‌പരം വിമര്‍ശിച്ചിരുന്നെങ്കിലും അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പാലമിട്ടിരുന്നു. അതിലൂടെ അവര്‍ സൊല്ലാസം?യഥേഷ്ടം സഞ്ചരിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ,പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാള സാഹിത്യരംഗത്തെ അവസ്ഥ അതാണോ? സ്‌പര്‍ദ്ധമതികള്‍ മതവിദ്വേഷികളെ പോലെ വെട്ടുകയാണ്‌. ഏതെങ്കിലും പ്രസ്ഥാനം എഴുത്തുകാരെ ആദരിച്ചു കൊണ്ട്‌ അവാര്‍ഡ്‌ പ്രഖ്യാപിക്കുമ്പോള്‍ മറ്റു എഴുത്തുകാരില്‍ ചിലര്‍ അമര്‍ഷം കൊള്ളൂന്നു. താനാണ്‌ ആ അവാര്‍ഡിന്‌ അര്‍ഹന്‍ എന്ന്‌ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നവരുടെ നേരെ ആക്രോശിക്കുന്നു, സ്വയം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു..എഴുത്തുകാരെ ആദരിക്കാനും അംഗീകരിക്കാനും മുന്നോട്ടു വരുന്നവരെ നിര്‍വീര്യരാക്കിക്കൊണ്ട്‌ കോലാഹലങ്ങളുണ്ടാക്കി ആ പദ്ധതി പൊളിച്ച്‌ അവര്‍ കൃതാര്‍ത്ഥരാകുന്നു. ഒരു കലാകാരന്‌ മറ്റൊരു കലാകാരനോട്‌ തോന്നുന്ന അസൂയയും അപകര്‍ഷതാ ബോധവുമായിരിക്കാം അവരുടെ ഈ അന്തഃസംഘര്‍ഷത്തിനും സ്‌പര്‍ദ്ധക്കും കാരണം. അവരും സുന്ദരിമാരും സുന്ദരന്മാരുമാണ്‌. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍?ഏര്‍പ്പെടുന്നതു കൊണ്ട്‌ അവരുടെ ഹൃദയത്തിന്റെ സുന്ദരരൂപം അവര്‍ കാണുന്നില്ല എന്നു മാത്രം. സാഹിത്യലോകത്തിന്റെ അന്തസ്സ്‌ നിലനിന്നു പോകാന്‍? ഈ നോവലിലെ വിശ്വം എന്ന കഥപാത്രത്തിനുണ്ടായതു പോലെയുള്ള ഒരു മാനസികപരിണാമം അവര്‍ക്ക്‌ ആവശ്യമാണ്‌.

പൂര്‍ണ്ണത്തില്‍ നിന്നുത്ഭവിച്ച്‌ പൂര്‍ണ്ണത്തിലേക്ക്‌ തന്നെയുള്ള അനസ്യൂതമായ യാത്രക്കിടയിലുള്ള സമയമാണ്‌ ജീവിതം. ആ യാത്രയില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍ മനുഷ്യനെ പൂര്‍ണ്ണനാക്കുമ്പോള്‍ യാത്ര അവസാനിക്കുന്നു. ജന്മം കൊണ്ട്‌ അനാഥത്വം ഏറ്റുവാങ്ങിയ വിശ്വത്തിന്റെ ജീവിതവും ഒരു നീണ്ട യാത്രയാണ്‌, എങ്ങോട്ടെന്നില്ലാത്ത യാത്ര. ആ യാത്രക്കിടയില്‍ വിശ്വത്തിന്റെ സ്വഭാവത്തിന്‌ സംഭവിച്ച വികാസപരിണാമം താന്‍ ആരാണെന്ന്‌ കണ്ടെത്താന്‍ സഹായകമാകുന്നു. അയാള്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നു. ഓരോരുത്തരുടേയും ആ കണ്ടെത്തലാണ്‌ അവരെസുന്ദരികളും സുന്ദരന്മാരുമാക്കുന്നത്‌. അവ്യക്തതയില്‍ ജീവിച്ച വിശ്വം വ്യക്തതയിലേക്ക്‌, വെളിച്ചത്തിലേക്ക്‌ വരുന്ന ജീവിതപരിണാമം ഉറൂബ്‌ ചിത്രീകരിക്കുന്നു. ഓരോ മനുഷ്യനും എത്തിച്ചേരേണ്ടത്‌ ആ വെളിച്ചത്തിലേക്കാണ്‌. അപ്പോഴാണ്‌ അവര്‍ സുന്ദരികളും സുന്ദരന്മാരുമാകുന്നത്‌ എന്ന ഉറുബിന്റെ അന്യാദൃശമായ ഭാവന നോവലിനെ ഉല്‍കൃഷ്ടമാക്കുന്നു.
ആത്മസംഘര്‍ഷത്തിലൊരു സാന്ത്വനം (വാസുദേവ്‌ പൂളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക