Image

മാതൃഹൃദയം - കവിത [ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനന്‍]

ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനന്‍ Published on 14 July, 2015
മാതൃഹൃദയം - കവിത [ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനന്‍]
മനസ്സില്‍ ദുഃഖപ്രദമാം മുറിവുകളേല്പിച്ചു നിര്‍ദ്ദയം 
നിശാവാസരങ്ങള്‍ ഓടിയ കലുകയായ്
നിത്യനിരാശയാം എരിതീയിലെന്‍ ഹൃദയം നീറി-
യെരിയുന്നു മിഴികള്‍ നിറഞ്ഞു തുളുമ്പുന്നു.

ഏകാന്തപഥികനീതപ്ത മരുഭൂമിയില്‍ 
സുഖസന്തോഷങ്ങള്‍ ദൂരെ മൃഗതൃഷ്ണയോ?
അടുക്കും തോറുമകലും മരീചികയായ് നിദ്ര 
എന്‍ ലോലഹൃത്തില്‍ വേദന നിറയുകയായ്

എന്തിനീ വ്യര്‍ത്ഥജീവിതമെന്‍ ദൈവമേ
 ഈ ദുഃഖപുത്രി തന്‍ ജീവന്‍ തിരിച്ചെടുത്താലും!
അഴലിന്നഗാധമാമിഴിയില്‍ മുങ്ങിത്താഴുമെന്‍
ജീവിതം ദുരിതപൂര്‍ണ്ണം പൊലിഞ്ഞീടട്ടെ!

ഹൃദയത്തിനുള്ളറകളില്‍ മൂകപ്രാര്‍ത്ഥനയായ്-
ത്തീര്‍ന്നിടും വ്യര്‍ത്ഥമോഹങ്ങള്‍ നിശ്ശബ്ദവേദനകള്‍!
ഒന്നുമരിച്ചെങ്കിലെന്നുള്ളുരുകി പ്രാര്‍ത്ഥിച്ചുപോയ്
ഞാനെന്‍ ജീവിതസംഘര്‍ഷവേളകളില്‍.

ഒരു ശ്യാമരാത്രിയില്‍ കരഞ്ഞു തളര്‍ന്നുറങ്ങവേ
മിഴിനീര്‍ക്കണങ്ങളാല്‍ തലയിണ നനഞ്ഞുകുതിര്‍ന്നു.
“മകളേ, എന്തിനായ് നീ അശ്രുപൊഴിക്കുന്നു
ജീവിതമെന്നും സുഘദുഃഖസമ്മിശ്രമല്ലേ?”

സ്വപ്നത്തില്‍ ദൈവവചനങ്ങള്‍ മുഴങ്ങീ
“ഇല്ല ദേവാ, എനിക്കീ നിരര്‍ത്ഥകജന്മം വേണ്ട
വ്യര്‍ത്ഥമീ പാഴ്ജീവന്‍ തിരിച്ചെടുത്താലും!”
തേങ്ങുമെന്‍ മനസ്സില്‍ ആര്‍ദ്രയാചനകേള്‍ക്കവേ

സാന്ത്വനത്തില്‍ ശീതളസ്പര്‍മായ് ദൈവവചനം.
“നീയെന്‍ പ്രിയപുത്രി, നിന്‍ യാചന സ്വീകാര്യമെനിക്ക് 
പക്ഷേ നിന്നായുസ്സിനായ് എന്നും കേണു-
പ്രാര്‍ത്ഥിച്ചീടുമാ പുണ്യാത്മാവിനോടെന്തു ചൊല്ലും?

നിന്‍ ജനനി തന്‍ പ്രാര്‍ത്ഥനയെന്‍ കാലടികളില്‍ 
കണ്ണുനീര്‍ത്തുള്ളികളായഭിഷേകം ചെയ്യവേ
നിഷ്‌ക്കളങ്ങമാ ഹൃദയം നോവിക്കുന്നതെങ്ങിനെ?
പത്തുമാസം പേറി നിന്നെ നൊന്തു പെറ്റൊരാ 

മാതൃഹൃദയത്തിന്‍ പ്രാര്‍ത്ഥന നിരസിക്കാനാവുമോ ?
ചൊല്ലൂ നീയെന്‍ പ്രിയഭക്തേ, ഇതിന്നുത്തരം!”
സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു ഞാനെന്‍ 
ഹൃദയം ദീപ്തമായാ നവ്യജ്ഞാനപ്രകാശത്താല്‍

ഇന്നു ഞാനറിയുന്നു, പല കുറി മരിച്ചു ജീവിച്ചൊരെന്‍ 
ആയുസ്സ് നീണ്ടതെന്നമ്മതന്‍ പ്രാര്‍ത്ഥനയാലല്ലോ !
“ അതേ കുഞ്ഞേ, ഞാനിന്നുമെന്നും നിനക്കായ് 
പ്രാര്‍ത്ഥിക്കും, നീ ദീര്‍ഘായുസ്സോടെ വാഴാനായ്!”
അമ്മ തന്‍ വാക്കുകള്‍ കാതില്‍ മുഴങ്ങീടുമ്പോള്‍ 
ഞാനാ തൃപ്പാദത്തില്‍ മനസ്സാ നമിച്ചു പോയ് !

Dr.(Major) Nalini Janardhanan
Prof.No.105, N-1/A, CIDCO
Aurangabad
Maharashtra-431003




മാതൃഹൃദയം - കവിത [ഡോക്ടര്‍(മേജര്‍) നളിനി ജനാര്‍ദ്ദനന്‍]
Join WhatsApp News
Korah Cherian 2015-07-15 04:35:37
A poetry with full of reality and expectation from hopelessness. Expect more good poetry from Ms.Janardhnan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക