Image

നഷ്ടപ്പെട്ടവര്‍ (ചെറുകഥ: റീനി മമ്പലം)

Published on 20 July, 2015
നഷ്ടപ്പെട്ടവര്‍ (ചെറുകഥ: റീനി മമ്പലം)
അറിയാതെ തന്നെ താരയുടെ വായ്‌ തുറന്നു പോയി , കരച്ചില്‍ വന്നു. ബീന്‍സ്‌ നുറുക്കുന്നിടയില്‍ വിരല്‍ മുറിഞ്ഞിരിക്കുന്നു. അമ്മ തലേ ആഴ്‌ച മൂര്‍ച്ച വെപ്പിച്ച കത്തിയാണ്‌. വിരലിന്റെ വേദന മനസ്സിന്റെ വേദനയോളമില്ല.

ഓര്‍മ്മകള്‍ ഒന്നിനുപുറകെ തിരകളായി വന്നു. അജിത്ത്‌ അവളുടെ ഭര്‍ത്താവായിട്ട്‌ ഏതാനും മാസങ്ങളെ ആയിരുന്നുള്ളു. അയാള്‍ ഇറങ്ങിപ്പോവുന്നത്‌ അവള്‍ നോക്കിനിന്നു. തിരികെ വിളിച്ചാല്‍ വരില്ല എന്നറിയാം അയാളുടെമനസ്സ്‌ നല്ലതുപോലെ വേദനിച്ചിട്ടുണ്ടാവണം.

കോളജില്‍ ചേര്‍ന്നവര്‍ഷമാണ്‌ സമീറിനെ പരിചയപ്പെടുന്നത്‌, ഒരേ ക്ലാസ്സിലായിരുന്നു. അവര്‍ ഒന്നിച്ച്‌ പണയക്കൊടുമുടി കയറി. സമീറുമൊന്നിച്ചൊരുജീവിതം സ്വപ്‌നം കണ്ട ദിവസങ്ങള്‍. അവളുടെ ചിന്തകളിലും പകല്‍ക്കിനാവുകളിലും അവനാകെ നിറഞ്ഞുനിന്നിരുന്നു. സ്വന്തം സമുദായത്തിലുള്ള ഒരാളെ തങ്ങളുടെ മരുമകനായി സ്വപ്‌നംകണ്ടിരുന്ന ജോസിനും ആനിക്കും ആ ബന്ധം ഒട്ടും സ്വീകാര്യമായില്ല. അവര്‍ ആ ബന്ധം വിലക്കി. സ്‌നേഹവും സ്‌നേഹിക്കുന്നപുരുഷനുമായിരുന്നു അവള്‍ക്ക്‌ പ്രധാനം.

`ഒരു കുട്ടിക്കളി എന്നുവിചാരിച്ചാല്‍ മതി, ഒക്കെ മറക്കാന്‍ ഉള്ളതേ ഉള്ളു.' ഒരുദിവസം ജോസ്‌ ആനിയോട്‌ പറയുന്നത്‌ താര കേട്ടു.

ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്‌ അവരുടെ നോട്ടത്തില്‍ കുട്ടിക്കളി. ഇഷ്ട്‌പ്പെടുന്നതൊക്കെ സ്വന്തമാക്കാന്‍ അവളാഗ്രഹിച്ചു.

ഇന്റേണ്‍ഷിപ്പ്‌ ചെയ്യുന്ന കമ്പനിയില്‍ സമീറിന്‌ ജോലി ശരിപ്പെടും. അപ്പോള്‍ വിവാഹം നടത്താം എന്ന ചിന്തയിലായിരുന്നു അവര്‍. അവരുടെ പ്രണയം കൊടുമ്പിരി കൊണ്ട സമയത്ത്‌ ഒരിക്കല്‍ ആനിയുടെ ഫോണ്‍സംസാരം താര ശ്രദ്ധിക്കാനിടയായി. അവളുടെ വിവാഹക്കാര്യത്തെക്കുറിച്ച്‌ ആനിയുടെ അനുജത്തിയോട്‌ സംസാരിക്കുകയാണ്‌.

വാക്കുകള്‍ പ്രവൃത്തിയായി മാറിയത്‌ നാട്ടില്‍ നിന്നും ഏതാനും ഫോട്ടോകള്‍ കിട്ടിയപ്പോഴാണ്‌, അതില്‍ ഡോക്ടേര്‍സും എഞ്ചീനീയേര്‍സൂം ഉള്‍പ്പെടെ പലരുമുണ്ടായിരുന്നു. അമേരിക്കയിലേക്ക്‌ ഒരു കടത്തുവഞ്ചിക്കായി കാത്തിരിക്കുന്നവര്‍ ധാരാളം. അതില്‍ നിന്ന്‌ കുടുഃബവും ജോലിയും നോക്കി അവര്‍ ഒരാളെ തിരഞ്ഞെടുത്തു. താര എതിര്‍ത്തെങ്കിലും ആരും അവളെ ശ്രദ്ധിച്ചില്ല.

താരയുടെ ഫോട്ടോ കണ്ടിട്ട്‌ സമ്മതമെന്ന്‌ അജിത്തിന്റെ വീട്ടുകാരും അറിയിച്ചു. നേരിട്ട്‌ കണ്ടതുപോലുമില്ല, അഛനമ്മമാര്‍ക്ക്‌ അത്‌ മതിയായിരുന്നു. അടുത്ത കുറെ ദിവസത്തേക്ക്‌ കോളജില്‍ പോകുവാന്‍ ജോസ്‌ താരയെ സമ്മതിച്ചില്ല. താരയുടെ സെല്‍ഫോണ്‍ ജോസ്‌ മാറ്റിവെച്ചു. അവള്‍ വീട്ടുതടങ്കലിലായി. സമീറുമായുള്ള എല്ലാ സമ്പര്‍ക്കവും നിര്‍ത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.

കേരളത്തിലേക്കുള്ള വിമാനറ്റിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുമ്പോള്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ ജോസ്‌ ആത്മഹത്യചെയ്യുമെന്ന്‌ വരെ താരയെ ഭീക്ഷണിപ്പെടുത്തി. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച്‌ മുന്നോട്ടു നീങ്ങുകയേ രക്ഷയുള്ളുവെന്ന്‌ അവള്‍ക്ക്‌ മനസ്സിലാകുവാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല.

സമീറിനും ഏതാണ്ടൊക്കെ മനസ്സിലായി . സമീറിന്റെ അനുജനും താരയുടെ അനുജനും ഒരേക്ലാസിലായിരുന്നു. സിസ്റ്ററുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോയ താരയുടെ സഹോദരനെക്കുറിച്ച്‌ അനുജനില്‍ നിന്ന്‌ കേട്ടു.

എയര്‍പോട്ടില്‍ അജിത്ത്‌ വന്നിരുന്നു.

അജിത്തിനെ കണ്ടപ്പോള്‍ താരക്ക്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

കേരളത്തില്‍ച്ചെന്ന്‌ അധികം താമസിയാതെ അജിത്തിന്റെയും താരയുടെയും വിവാഹം കഴിഞ്ഞു. അതില്‍ ഏറ്റവും അധികം സന്തോഷിച്ചത്‌ ആനിയും ജോസുമായിരുന്നു. വിവാഹത്തിന്റെ ആദ്യനാളുകള്‍! മധുവിധുവിന്റെ ലഹരി നിറയേണ്ടവ. അവരുടെ വിവാഹജീവിതം വേനലില്‍ വരണ്ട നദിയായി. അവിടെ നീന്തിത്തുടിക്കുന്ന സ്വപ്‌നങ്ങളോ പ്രതീക്ഷകളോ ഇല്ലായിരുന്നു. അവളുടെ സ്വപ്‌നങ്ങളില്‍ സമീറിന്റെ ഓര്‍മ്മകള്‍ തിളങ്ങി. സ്‌നേഹിച്ചു മതിവരാത്ത ഒരാത്മാവിന്റെ രോദനം അവള്‍ കേട്ടു.

ആനിയും ജോസും താരയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവള്‍ എന്തെങ്കിലും അബദ്ധം ചെയ്‌തുപോയാല്‍.

വിവാഹം നടന്ന സ്ഥിതിക്ക്‌ ജീവിതം തുടര്‍ന്നോളും എന്ന സമാധാനത്തിലായിരുന്നു ആനിയും ജോസും. അജിത്തിനെ കേരളത്തിലാക്കി മടങ്ങുന്നതില്‍ താരക്ക്‌ വളരെദുഃഖമുണ്ടെന്ന്‌ ആനി എല്ലാവരോടും പറഞ്ഞു.

അജിത്തിന്റെ പേപ്പറുകള്‍ ശരിയാവന്‍ ഏതാനും മാസങ്ങള്‍ വേണ്ടിവരും. തിരികെയെത്തിയപ്പോള്‍ ആഴ്‌ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും അജിത്ത്‌ താരയെ വിളിച്ചു.

താര പഠനം തുടരുവാന്‍ ജോസ്‌ അനുമതി നല്‍കി. അവള്‍ ഡിഗ്രി പൂര്‍ത്തിയാക്കുകയെന്നത്‌ അയാളുടെയും കൂടി ആവശ്യമായിരുന്നു. വീണ്ടും കണ്ടപ്പോള്‍ പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള സമീറിന്റെ പെരുമാറ്റം അവളെ അതിശയപ്പെടുത്തി.

ഒരു ദിവസം ഉച്ച തിരിഞ്ഞ സമയം െ്രെഡവേയില്‍ കാറിന്റെ ശബ്ദം കേട്ട്‌ ആനി ലിവിങ്ങ്‌റൂം കര്‍ട്ടന്‍ പകുത്തു നോക്കിയപ്പോള്‍ കണ്ടകാഴ്‌ച അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. താര കതക്‌ തുറന്ന്‌ സമീറിനെ വീട്ടില്‍കയറ്റുന്നത്‌ കണ്ടു.

താര ചെയ്‌തതൊന്നും ശരിയല്ലെന്നും കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കണമെന്നും ഉപദേശിക്കാന്‍ ആനി മറന്നില്ല. അജിത്ത്‌ താമസിയാതെ വരുമെന്നും സമീറുമായുള്ള ചുറ്റിക്കളികള്‍ അവസാനിപ്പിക്കണമെന്നും ആനി ഒരിക്കല്‍ കൂടി മകളെ ഓര്‍മ്മപ്പെടുത്തി. ആനിയുടെ മനസ്സില്‍ ആധി പടര്‍ന്ന്‌ പന്തലിച്ചു.

അവസാനം അജിത്ത്‌ വന്നു. ആനിയില്‍ നിന്ന്‌ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ന്നു.

ഒരു ദിവസം അജിത്തിനെ പരിചയപ്പെടാന്‍ എന്ന്‌ ഭാവിച്ച്‌ സമീര്‍ വന്നു.

ദിവസങ്ങള്‍ പലത്‌ കടന്നുപോയി, അവയില്‍ പലതിലും സമീര്‍ വന്നുപോയി. അവന്‍ താരയോട്‌ കാട്ടിയ അധികാരവും സ്വാതന്തൃവും അജിത്തിന്‌ ഇഷ്ടമായില്ല. ഇതൊക്കെ അമേരിക്കന്‍ രീതി ആയിരിക്കുമെന്ന്‌ സമാധാനിച്ച്‌ അതിനോട്‌ ഇണങ്ങിച്ചേരുവാന്‍ അജിത്ത്‌ ശ്രമിച്ചു.

ഒരിക്കല്‍ സമീര്‍ വന്നപ്പോള്‍ അജിത്തിനെ പാടെ അവഗണിച്ച്‌ താരയോട്‌ സംസാരം തുടങ്ങി. അവന്റെ കൈകള്‍ അവളുടെ തോളില്‍ വിശ്രമിച്ചു. ആ കൈകള്‍ എടുത്ത്‌ മാറ്റിയാലോ എന്നുപോലും ഒരുനിമിഷത്തേക്ക്‌ അജിത്ത്‌ ചിന്തിച്ചു. അന്നവര്‍ രണ്ടുപേരും ഒന്നിച്ചാണ്‌ കോളജിലേക്ക്‌ യാത്രയായത്‌.

`നിന്റെ സുഹൃത്ത്‌ സമീര്‍ ഇവിടെ വരുന്നതും നിന്നോട്‌ അമിത സ്വാതന്ത്ര്യം കാട്ടുന്നതും എനിക്ക്‌ ഇഷ്ടമല്ല, അയാള്‍ ഇനി ഇവിടെ വരരുത്‌' അജിത്ത്‌ പറഞ്ഞു.

അജിത്ത്‌ പറഞ്ഞത്‌ താരക്കിഷ്ടമായില്ല.

വഴക്ക്‌ ആരംഭിക്കാന്‍ പിന്നെ അധികമൊന്നും വേണ്ടിവന്നില്ല. സമീറുമായി പ്രേമത്തിലായിരുന്നുവെന്നും മാതാപിതാക്കള്‍ നിര്‍ബന്ധിപ്പിച്ച്‌ അജിത്തിനെ വിവാഹം കഴിപ്പിച്ചതാണെന്നും താര പറഞ്ഞു.

താന്‍ ഒരു ബലിയാട്‌ ആവുകയായിരുന്നു എന്ന്‌ അജിത്തിന്‌ മനസ്സിലായി.

പിന്നീടുള്ള കുറെ ദിവസങ്ങള്‍ കോളിളക്കം നിറഞ്ഞതായിരുന്നു. അജിത്ത്‌ മിക്കവാറുംഫോണില്‍ ചിലവഴിച്ചു. അമേരിക്കയുടെ മറുഭാഗത്തുള്ള കസിനുമായി സംസാരിച്ചു. അങ്ങോട്ടുള്ള ഒരു എയര്‍ റ്റിക്കറ്റ്‌ എടുത്തുതരുവാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കുള്ള പരീക്ഷ പസ്സാവുകയാണെങ്കില്‍ ഒരു ജോലി കിട്ടാതിരിക്കില്ല. ജോലി തരപ്പെട്ടാല്‍ ജീവിതം രക്ഷപെട്ടു. പിന്നെ പ്‌ളാന്‍ ചെയ്‌തതനുസരിച്ച്‌ ഓരോ കാര്യങ്ങള്‍ നീങ്ങി. താരയില്‍ നിന്ന്‌ കുറച്ചു ഡോളര്‍ കടം വാങ്ങി, ജോലി ശരിപ്പെട്ടാല്‍ തരാമെന്ന കരാരില്‍. ഒരു രാത്രി അജിത്ത്‌ പെട്ടി പാക്ക്‌ ചെയ്യുന്നത്‌ കണ്ടു.

പിറ്റെ ദിവസം രാവിലെ ഒരു ടാക്‌സി െ്രെഡവേയില്‍ വന്നു, അജിത്ത്‌ അതില്‍ കയറിപ്പോയി.

`ഞാന്‍ പോകുന്നു എന്നു മാത്രം അജിത്ത്‌ പറഞ്ഞു'

എയര്‍പോര്‍ട്ടിലേക്കായിരിക്കും എന്ന്‌ താര ചിന്തിച്ചു.

താര നോക്കി നില്‍ക്കുക മാത്രം ചെയ്‌തു. തിരികെ വിളിച്ചില്ല. അവസാനം താന്‍ സ്വതന്ത്രയായല്ലോ എന്നു ചിന്തിച്ചു. സ്‌നേഹിക്കുന്ന പുരുഷനുമായി ഒരു ജീവിതം താര മുന്നില്‍ കണ്ടു.

സമീറിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താരചെല്ലുമ്പോള്‍ അയാള്‍ അകത്തുണ്ടായിരുന്നു. താരയെക്കണ്ടതില്‍ പ്രത്യേകിച്ച്‌ സന്തോഷം കാണിച്ചില്ല.

`സമീര്‍, നമ്മുടെ അവസാനം തടസങ്ങള്‍ മാറി.'

സമീര്‍ മനസ്സിലായില്ല എന്ന മട്ടില്‍ ചോദ്യരൂപേണ അവളെ നോക്കി.

`അജിത്ത്‌ ഇന്നു രാവിലെ സ്ഥലം വിട്ടു. നമ്മുടെ പാത ക്ലിയര്‍ ആയിരിക്കുന്നു. ഡിവോഴ്‌സ്‌ ഫൈനല്‍ ആവുമ്പോള്‍ നമ്മുക്ക്‌ വിവാഹിതരാവാം' സമീറിനെ ആലിംഗനം ചെയ്യുവാന്‍ താര മുന്നോട്ടാഞ്ഞു. സമീര്‍ തെന്നിമാറി.

`ഒരിക്കല്‍ വിവാഹം ചെയ്‌തവളെ വിവാഹം ചെയ്യുമെന്നാണോ വിചാരിച്ചത്‌? ഇതൊക്കെ പ്രതികാരം തീര്‍ക്കുകയായിരുന്നു എന്ന്‌ നിനക്ക്‌ മനസ്സിലാവാത്തതെന്ത്‌? അജിത്തിനെ വിവാഹം ചെയ്‌തപ്പോള്‍ എന്റെ വേദന നീ മനസ്സിലാക്കിയില്ല. സ്‌നേഹിക്കുന്ന ആളെ നഷ്ടപ്പെടുമ്പോഴുള്ള വേദന നീയും മനസ്സിലാക്കൂ'..

കേട്ടത്‌ വിശ്വസിക്കുവാന്‍ താരക്ക്‌ കഴിഞ്ഞില്ല. അവള്‍ സമീറിനെ അവിശ്വാസത്തോടെ നോക്കി നിന്നശേഷം ഇറങ്ങിനടന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നില്‍ കതക്‌ അടയുന്നത്‌ കേട്ടു.

താര കണ്ണീരോടെ നടന്നു, നഷ്ടങ്ങളുടെ കണക്കെടുത്ത്‌ വീട്ടിലെത്തി. തണുത്തകാറ്റ്‌ അവളുടെ കണ്ണീര്‍ തുടക്കുവാന്‍ ഒരു വിഫലശ്രമം നടത്തി.

സമീറിനോടുള്ള ദേഷ്യം ആളിക്കത്തി. അവന്റെ വാക്കുകള്‍ അഗ്‌നിനാളമായി ചെവിയില്‍ മൂളി. മനസ്സാകെ ഇളകിമറിഞ്ഞു. ശ്രദ്ധ തിരിച്ചുവിടുവാന്‍ മമ്മിയെ അടുക്കളയില്‍ സഹായിക്കാമെന്നു വിചാരിച്ച്‌ അവള്‍ ബീന്‍സ്‌ അരിയുവാന്‍ തുടങ്ങി. ഇപ്പോള്‍ വിരല്‍ മുറിഞ്ഞിരിക്കുന്നു. രക്തം നിര്‍ത്തുവാനായി താര കയ്യ്‌ ഉയര്‍ത്തിപ്പിടിച്ചു. മനസ്സ്‌ വേദനിക്കയാണ്‌. അജിത്തിനോട്‌ ഒരു തരി സ്‌നേഹം പോലും കാട്ടിയിട്ടില്ല.

അവള്‍ സമീറിനെ വിളിച്ചു. ഒന്ന്‌ കാണുവാനും അയാളുടെ നോട്ട്‌സ്‌ തിരികെ കൊടുക്കാനും ഒരവസരം അന്ന്‌ വേണമെന്ന്‌ യാചിച്ചു. സമീര്‍ സമ്മതിച്ചു.

അവള്‍ ഹാന്‍ഡ്‌ബാഗ്‌ അടുക്കളയില്‍ കൗണ്ടറില്‍വെച്ചു തുറന്നു. അതില്‍ ആ മൂര്‍ച്ചയുള്ള കത്തി എടുത്തിട്ടു. പടിയിറങ്ങുമ്പോള്‍ ഹാന്‍ഡ്‌ബാഗ്‌ ഒരിക്കല്‍ കൂടെ തുറന്നുനോക്കി കത്തി അതിനുള്ളിലുണ്ടന്ന്‌ ഉറപ്പുവരുത്തി.

റീനി മമ്പലം (reenimambalam@gmail.com)
നഷ്ടപ്പെട്ടവര്‍ (ചെറുകഥ: റീനി മമ്പലം)
Join WhatsApp News
വായനക്കാരൻ 2015-07-21 04:45:33
ആദ്യ പകുതിയിൽ കഥ സാധാരണമായി തോന്നിയെങ്കിലും, ഇടവേളക്കുശേഷം ജോറായി. ക്ലൈമാക്സ് കൊള്ളാം. മനസ്സുകളുടെ ഓരോരോ പോക്കുകൾ!
വിദ്യാധരൻ 2015-07-21 06:59:59
കണക്കു കൂട്ടലുകൾ തെറ്റിയതിന്റെ കഥ.  പക്ഷേ കത്തിക്ക് പകരം ഒരു റോസാപുഷ്പം എടുത്ത് അജിത്തിനെ തേടി പോകുമായിരുന്നെങ്കിൽ തെറ്റിയ കണക്കുകൾ ശരിയാക്കാമായിരുന്നു. അജിത്തിനോട് ഒരു തരി സ്നേഹം പോലും കാട്ടിയിട്ടില്ല എന്ന് വായിച്ചപ്പോൾ ഞാൻ അങ്ങനെ ഒരു നിഗമനത്തിൽ എത്തി.  പ്രശ്നങ്ങളുടെ ഭാഗം ആകാതെ പ്രശ്നപരിഹാരങ്ങൾ നിർദേശിക്കുന്ന തലത്തിലേക്ക് എഴുത്തുകാർ ഉയരെണ്ടാതാണ്.   അമേരിക്കയിലെ മലയാളി കുടുംബങ്ങളിൽ ഇതുപോലെ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ എന്തുകൊണ്ട് ശരിയായ ഉപദേശങ്ങളോ ആലോചനകളൊ തേടാത്തത്?  എന്തായാലും കഥാകാരി ഒരു സാമൂഹ്യ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടിയിരിക്കുന്നു 
Sangeethasnehi 2015-07-22 12:17:21
"അത്യുല്പാദന ശേഷിയുള്ള പ്രണയം !!!" അപാരം !!!
Sangeetha snehi 2015-07-22 12:59:45
സാധാരണ പ്രണയങ്ങളിൽ ആണ് റോസാ പുഷ്പം "അത്യു ല്പാദന ശേഷി" ഉള്ള വിത്തുകളിൽ "കത്തി" തന്നെ വേണം വിദ്യധരാ 
ഞങ്ങൾ സാധാരണ വായനക്കാരുടെ പ്രതികരണം .....പാവം വായനക്കാരൻ
വിദ്യാധരൻ 2015-07-22 13:44:04
അതെ സംഗീത സ്നേഹി ഞാനും ഒരു സാധാരണക്കാരനാണ്.  പണ്ട് നാട്ടിലെ ഓല തീയേറ്ററിൽ തറ ടിക്കെറ്റ് എടുത്തിരുന്നു സിനിമ കാണുമ്പോൾ നായകൻ വില്ലനിട്ട് ഇടിക്കുമ്പോൾ കൈ ചുരുട്ടി രണ്ടൊച്ച വയ്ക്കുമായിരുന്നു.. എന്നാൽ കാലം ഇന്ന് വല്ലാതെ മനസ്സിലും ശരീരത്തിലും മാറ്റം വരുത്തിയിരിക്കുന്നു.  കമിതാക്കൾ പരസ്പരം കത്തിയുമായി ആഞ്ഞടുക്കുമ്പോൾ അവരുടെ കൈ കളിൽ റോസാ പുഷ്പം ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നത്, അവർക്ക് നഷ്ടംമാകാൻ പോകുന്ന അവരുടെ ജീവിതത്തെ ഓർത്താണ്.  കാമത്തിനു കണ്ണ് മാത്രമല്ല, ചെവിയില്ല, ചിന്തികാനുള്ള മനസ്സുമില്ല.  
sangeethasnehi 2015-07-22 15:47:01
വായനകാരനും നിങ്ങളും വലിയ വലിയ ആളുകൾ ആണ് വിദ്യാധര . ഞങ്ങൾ സാധാരണക്കാർ. ചുമ്മാ ഇങ്ങനെ  തൊട്ടടുത്ത തൊടിയിൽ പോയി മാങ്ങ, പുളി ഒക്കെ കല്ലെറിഞ്ഞു വീഴ്ത്തും. പിന്നെ അപ്പുറത്തെ വീട്ടിലെ റോസാ ചെടി യിൽ നിന്ന് പൂവും പറ്റിയാൽ നല്ല ചെടിയുടെ ഒരു കൊമ്പും ഒടിച്ചു ഒറ്റ ഓട്ടം കൊടുക്കും.  വായനശാല, സിനിമ  ഇതൊക്കെ ഞങ്ങള്ക്ക് പറഞ്ഞിട്ടുള്ളതല്ല.
വിദ്യാധരൻ 2015-07-22 20:35:33
അതിനോട് ഞാൻ യോചിക്കുന്നു ആറടി ഒരിഞ്ചാണ് എന്റെപോക്കം 250 പൗണ്ടും. നാട്ടിലെ സ്വഭാവം ഇവിടെ കാണിച്ചാൽ വെറുതെ വിടില്ല.  തൊടിയിൽ കയറി മോഷ്ട്ടിച്ചവ്ന്മാരാ പിന്നെ സാഹിത്യ മോഷണത്തിനു തുനിയുന്നത്. പാട്ടുകാരനായിട്ടും, സംഗീതപ്രേമിയായിട്ടും ഒക്കെ ഇങ്ങനെ പലയിടത്തും ചുറ്റി കറങ്ങും.  പിന്നെ  വായനക്കാരൻ അദ്ദേഹത്തിൻറെ പൊക്കോം തൂക്കോം എഴുതി അറിയിക്കുമായിരിക്കും.  
വായനക്കാരൻ 2015-07-23 08:20:51
ആറടിയാണെന്റെ പൊക്കം   
നൂറൂ കിലോയെന്റെ തൂക്കം 
സാഹിത്യ സൃഷ്ടികൾ  
കൊട്ടുവടികൊണ്ട്
നേരെയാക്കലെന്റെ ഹോബി.
sangeethasnehi 2015-07-23 09:07:09
ഇത്ര മതി. ഇതാണ് എന്നെ പോലെയുള്ള സാധാരണ വായനക്കാര്ക്ക് ആവശ്യം. എല്ലാ എഴുത്ത് കാരും വായനക്കാരും ഉറ്റുനോക്കുന്നത് വായനക്കാരനും വിദ്യാധാരനും എന്ത് പറഞ്ഞു എന്നതാണ്. പക്ഷെ നിങ്ങൾ കാണാത്തത് കാണാൻ കണ്ണുള്ള എന്നെ പോലുള്ള സാധാരണ വായനക്കാരുണ്ട് ഇവിടെ. അവര്ക്ക് കൂടി open  ആക്കണം comment column. ഞാൻ ഇവിടെ ഒരു കമ്പി വേലി ചാടി കടക്കേണ്ടി വന്നു ചില കാര്യങ്ങൾ പറയാൻ. ഈ ഗതി വരരുത് ആര്ക്കും. മറ്റുള്ള ബ്ലോഗ്‌ സൈറ്റ് കളെ അപേക്ഷിച്ച് ഇവിടെ വരുന്നതിന്റെ കാര്യം  ഈ feedback session  കാണുമ്പോൾ ഉള്ള സന്തോഷം മാത്രം ആണ്. 
പിന്നെ ഓര്ക്കുക ഈ "കത്തി" മാത്രമാണ് ഈ കഥയിലെ കഥാതന്തു. ഈ "കത്തി" ഇല്ലെങ്കിൽ ഈ കഥ വെറും ചവറാണ്. മറ്റുള്ള  കാര്യങ്ങൾ ഞാൻ ഒരു ധ്യാനത്തിന് വിട്ടുകൊടുക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക