Image

ചങ്ങാതിദിനം/ ഓര്‍മ്മകുറിപ്പ് (സോയ)

Published on 01 August, 2015
ചങ്ങാതിദിനം/ ഓര്‍മ്മകുറിപ്പ് (സോയ)
ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണു സൗഹ്യദദിനം. ഈ സൗഹ്യദ ദിനത്തെ പറ്റി ഒരു അറിവും ഇല്ലാതിരുന്ന ഒരു കൗമാരവും പിന്നെ ഇതു ഒരു സംഭവം ആണു എന്നറിയിച്ചു കൊണ്ടൊരു യൗവനവും എനിക്കുണ്ടായിരുന്നു.

വളരെ കൗതുകവും രസകരവുമായ ഒരു സൗഹ്യദ ഓര്‍മ്മ എനിക്കുമുണ്ട്. പണ്ടൊക്കെ പതിനെട്ട് വയസ്സായ പെങ്കുട്ടികള്‍ ഉള്ള വീട്ടിലെ മാതാപിതാക്കള്‍ക്ക് അവരെ എങ്ങനെ എങ്കിലും ഡിഗ്രി കഴിഞ്ഞു കെട്ടിച്ചു വിടണം എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടാകൂ. ഇന്നാ സ്ഥിതിയൊക്കെ കുറച്ചൊക്കെ മാറി എങ്കിലും ചിലരൊക്കെ ഇപ്പോഴും ആ രീതി പിന്തുടരുന്നുണ്ട്.
ഡിപ്ലൊമാ കഴിഞ്ഞു നില്‍ക്കുന്ന എന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു. അച്ഛനു എന്നെ കെട്ടിച്ച് വിടണം. എനിക്കാണേല്‍ എന്‍ജിനീയറിംഗിനു പഠിക്കണം എന്നൊരൊറ്റ വാശിയും. ഞങ്ങള്‍ടെ രണ്ടാളുടെയും ഇടയില്‍ പെട്ട് അമ്മയും അനിയന്മാരും.

ആ സമയത്താണു സോണി എന്ന എന്റെ അനിയനു തുടര്‍ വിദ്യാഭ്യാസത്തിനായി തമിഴ്‌നാട്ടിലുള്ള ഒരു കോളേജിലേക്കു അഡ് മിഷന്‍ ശരിയാക്കാന്‍ അമ്മയും അച്ഛനും പോകുന്നതു. അവര്‍ പോയി കോളേജൊക്കെ കണ്ടു വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ ആണു എന്റെ ചങ്കു പറിച്ചു കൊണ്ടു പോയ ആ ഡയലോഗ് വെളുപ്പിനെ അഞ്ചു മണിക്ക് മൂടിപ്പുതച്ചു സുന്ദരമായ ഒരു സ്വപ്നവും കണ്ട് കിടക്കുന്ന എന്റെ അരികില്‍ വന്ന അമ്മയുടെ വായില്‍ നിന്നും വീണതു. 'ദേവലോകം പോലെ ഒരു കോളേജ്, നിന്റെ ഭാഗ്യമാ.'

തമിഴ്‌നാട്ടില്‍ പോയ അമ്മയ്ക്ക് ഇതെന്താ പറ്റിയതെന്ന് മനസ്സില്‍ ഓര്‍ത്ത് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണറിയുന്നതു അനിയനു മാത്രമല്ല എനിക്കും നല്ലോരു പണി വെച്ചിട്ടാണു രണ്ടാളും മടങ്ങിയെത്തിയതെന്ന്.. 2 മാസത്തിനുള്ളില്‍ എഞ്ജിനീയറിംഗ് കോളെജില്‍ ചേരാന്‍ ഉള്ള തത്രപ്പാടിലായി പിന്നീട്.. കേരളം വിട്ട് അന്യനാട്ടില്‍ പോയി പഠിക്കാന്‍ തീരെ ഇഷ്ടമില്ലാത്ത എനിക്കു കിട്ടിയ ആദ്യത്തെ ജീവിത പാഠങ്ങള്‍ ആയിരുന്നു ആ കോളെജും അതിലെ അനുഭവങ്ങളും.

ബക്കറ്റും കിടക്കയും, ലഗേജുമായി ഹോസ്റ്റല്‍ വരാന്തയില്‍ അഡ്മിഷനു വേണ്ടി ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച കാത്തിരിക്കുമ്പോള്‍ എന്റെ മനസ്സ് പതിവിലും കൂടുതലായി മിടിക്കുന്നുണ്ടായിരുന്നു. ഭാഷ അറിയില്ല, പുതിയ ചുറ്റുപാട്, തനി നാട്ടിന്‍പുറത്തു മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചതിനാല്‍ ആഷ്പൂഷ് ഇംഗ്ലീഷ് നാക്കില്‍ വഴങ്ങുകയുമില്ലാത്ത ഒരു പൊട്ടിപെണ്ണു..

മലയാളികള്‍ക്ക് വേണ്ടി എന്റെ രണ്ട് കൃഷ്ണമണികള്‍ ഇടത്തും വലത്തും പരതി. എല്ലാരും വീട്ടില്‍ പോയിരിക്കുന്നു. ഹ്യദ്യ എന്ന കുട്ടി കോളെജിലെ കണക്കിന്റെ എക്‌സ്റ്റ്രാ ക്ലാസ്സിനും പോയി. തല്‍ക്കാലം 120 എന്ന റൂമില്‍ പെട്ടിയും കിടക്കയും വെച്ചു..

അച്ഛനും അമ്മയും ലോഡ്ജിലേക്കു പോകാനിറങ്ങിയപ്പോള്‍ ഒന്നാം ക്ലാസ്സില്‍ കൊണ്ടു ചേര്‍ക്കുന്ന കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ഒരു കരച്ചില്‍ പാസ്സാക്കി. അന്നാണു ജീവിതത്തില്‍ ആദ്യമായി ഒറ്റപെടല്‍ എന്താണെന്നു ഞാന്‍ മനസ്സിലാക്കിയതു.

തമിഴത്തി പെണ്ണുങ്ങള്‍ തമിഴിലും, ഇംഗ്ലീഷിലും എന്തൊക്കെയോ എന്നെ കാണുമ്പോള്‍ ചോദിച്ചു കൊണ്ടിരുന്നു. എന്നെ വെറുതെ വിടൂ, നിങ്ങള്‍ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല എന്ന മുഖഭാവത്തില്‍ ഞാനും വിളറി വെളുത്തു വിയര്‍ത്ത് നിന്നു.. എങ്ങനെയൊക്കെയ്യൊ അന്നു രാത്രി കഴിച്ചു കൂട്ടി അമ്മയും അച്ഛനെയും കാണാന്‍ രാവിലേ റെഡിയായി വാതില്‍ക്കല്‍ നില്‍പ്പായി. അവര്‍ വന്നു എന്നെ കോളേജിലെക്കു കൂട്ടികൊണ്ട് പോയി.

പേപ്പര്‍ വര്‍ക്ക് ഒക്കെ കഴിഞ്ഞു ക്ലാസിലെത്തിയപ്പോള്‍ ഉച്ചയായി. ക്ലാസ്സും അതിലെ പിള്ളാരെം കണ്ടപ്പോള്‍ തന്നെ പകുതി ജീവന്‍ പോയി. ക്ലാസ്സില്‍ മലയാളികള്‍ ഉണ്ടോയെന്ന് ചോദിച്ചറിയാന്‍ ആരെയും ഒട്ട് ഹോസ്റ്റലില്‍ മലയാളത്തില്‍ മിണ്ടാന്‍ കിട്ടിയതുമില്ല. (പൊതുവേ കുറച്ചു ജാഡ റ്റീം ആയിരുന്നു ക്ലാസിലുള്ള മലയാളികള്‍ എന്ന് വഴിയെ എനിക്കു മനസ്സിലായി).

ചുറ്റും ഒരിരുട്ട്. നടുവില്‍ നിന്നാരോ ഒരു വൃത്തികെട്ട ശബ്ധത്തില്‍ എന്തൊക്കെയോ പറയുന്നു. അതു കേട്ട് ആരൊക്കെയ്യൊ ചിരിക്കുന്നു. വര്‍ത്തമാനം പറയുന്നു. ഇതൊക്കെ എന്താ എന്നു ഒരു കുന്തവും അറിയാതെ മിഴുങ്ങസ്യാന്നു ഞാനും.

ഒരു വിധത്തില്‍ ശ്വാസം അടക്കി പിടിച്ചു ഇരുന്നും, തട്ടിമുട്ടി എന്തൊക്കെയ്യൊ പറഞ്ഞും ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങി.. വാതിലില്‍ നിന്നും വെളിയിലേക്ക് ഇറങ്ങിയതും പെട്ടെന്നു മുന്നില്‍ ഒരു ചെക്കന്‍. ഞാന്‍ അങ്ങ് പേടിച്ച് പോയി

.. ഈ റാഗിംഗ് എന്നൊക്കെ പത്രത്തിലും, റ്റീവിയിലും കണ്ട ഒരോര്‍മ്മ ഉള്ളതു കൊണ്ട് ഉള്ള് വിറയ്ക്കുന്നുണ്ടായിരുന്നു.. അന്നു ക്ലാസ്സില്‍ പരിചയപ്പെട്ട ഹോസ്‌റ്റെല്‍മേറ്റ്‌സ് ചന്ദ്രയും, പ്രഭാദേവിയും എന്റെ കൂടെ ഉണ്ടായിരുന്നു.

പെട്ടെന്നു ആ ചെക്കന്‍ എന്റെ വലതു കൈ പിടിച്ചിട്ട് ഒരു ചരടു കെട്ടി തന്നു. ഇതെന്താ തമിഴ്‌നാട്ടില്‍ ഇങ്ങനെ..ഒരു പരിചയവുമില്ലാത്ത പെണ്ണിന്റെ കൈക്കു ഇത്രയും സ്വാതന്ത്യത്തോട് കേറി പിടിക്കുന്നതു? ഇവനു വട്ടാണൊ ? ഇങ്ങനെ ഒരു നൂറുകൂട്ടം സംശയവുമായി നില്‍ക്കുമ്പോഴാണു ' ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ' എന്ന് പ്രകാശം എന്നോട് പറയുന്നതു.

പിന്നീടു അതെന്താണെന്നും മറ്റും കൂടെ ഉള്ളവര്‍ പറഞ്ഞു. അന്നാണു ഞാന്‍ ഇങ്ങനെ ഒരു ദിവസം ഉണ്ടെന്നു അറിയുന്ന യൗവനക്കാരിയാകുന്നത്. ഇത്രയും കാലം അറിയാതെ പോയ സുഹ്രുത്തുക്കള്‍ക്കും ഒരു ദിനം അന്നു മുതല്‍ എന്റെ തലച്ചോറില്‍ കയറിപറ്റി.

എന്റെ ആദ്യത്തെ ഫ്രണ്ട്ഷിപ് ബാന്‍ഡും ആ സുഹ്രുത്തും ഈ ദിനത്തിലെ എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ കോളെജില്‍ മറ്റൊരാള്‍ക്കും പ്രകാശം ബാന്‍ഡ് കെട്ടികൊടുത്തിട്ടില്ല എന്നതിന്റെ പേരില്‍ ഈ വിവരം കൈയോടെ ഹോസ്റ്റലില്‍ എത്തിച്ച എന്റെ കൂട്ടുകാരികളില്‍ നിന്നും ഞാന്‍ അനുഭവിക്കേണ്ടി വന്ന കളിയാക്കലുകളും അന്നു മുതല്‍ ആ സൗഹൃദ ദിനത്തില്‍ തുടങ്ങി.

സൗഹ്യദം അതൊരു അനുഗ്രഹമാണു. ഒറ്റപ്പെടലുകളില്‍ നിന്നും, ദുഖങ്ങളില്‍ നിന്നും നമ്മെ മനസ്സിലാക്കി നമ്മോടൊപ്പം ഇത്തിരി നേരം പങ്കിടാന്‍ സമയം കണ്ടെത്തുവാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ. തിരക്കിലും ഉത്തരവാദിത്യങ്ങളിലും പെട്ട് നാം ഉഴലുമ്പോള്‍ എവിടെയൊക്കെയോ ഇങ്ങനെയും ഒരു സുഹ്രുത്തു ഉണ്ടായിരുന്നു അല്ലെങ്കില്‍ ആ സൗഹ്യദം വേരറ്റ് പോയല്ലോ എന്ന് ഓര്‍മ്മിക്കാന്‍ ഒരു ദിവസം.

അങ്ങനെ ആവരുത് ഒരിക്കലും സൗഹ്യദങ്ങള്‍. സ്‌നേഹിച്ചും, സഹായിച്ചും, സന്തോഷങ്ങളും ദുഖങ്ങളും പങ്കു വെച്ച് റ്റെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും മനസ്സിനു ഇത്തിരി ആശ്വാസം നല്‍കാന്‍ സുഹ്രുത്തുക്കള്‍ വേണം.. ആ ബന്ധങ്ങളിലൂടെ ജീവിതത്തിനു ഒരു അര്‍ത്ഥം ഉണ്ടാകണം. ജീവിതം ഒന്നേയുള്ളൂ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും .. ആ ജീവിതം മുന്നോട്ട് നയിക്കാന്‍ ഒരു നല്ല ചങ്ങാതി മതിയാകും. ചങ്ങാതി നന്നായാല്‍ പിന്നെ കണ്ണാടി വേണോ ?

ചങ്ങാതിദിനം/ ഓര്‍മ്മകുറിപ്പ് (സോയ)
Join WhatsApp News
Sudhir Panikkaveetil 2015-08-02 05:37:23
കുറിപ്പ് നന്നായിരുന്നു. ഓരോ ദിവസവും ഓരോ ആഘോഷമാക്കി ജീവിതം മനോഹരമാക്കണം മനുഷ്യർ. ജിന്ദകി ഈക് സഫര് ഹേ സുഹാന... യെഹാം കൽ ക്യാ ഹോ കിസ്നെ ജാനാ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക