Image

കടംകഥപോലെയീ രക്തധാര! (കവിത: ബിന്ദു ടിജി)

Published on 11 August, 2015
കടംകഥപോലെയീ രക്തധാര! (കവിത: ബിന്ദു ടിജി)
എന്തിനെന്നമ്മ ചൂടിടുന്നു
മണമുള്ള പൂവുകള്‍ മുടിയില്‍ നീളെ
എന്തിവള്‍ തന്നുടെ മേനിയാകെ
അത്തറിന്‍ കുപ്പി ചൊരിഞ്ഞിടുന്നു
മായാത്ത കുങ്കുമം എന്തിനിവള്‍
വട്ടത്തില്‍ നെറ്റിയില്‍ചാര്‍ത്തിടുന്നു
എങ്ങുപോകുന്നിതെന്നമ്മ
ലോകം ഉറങ്ങാന്‍ തുടങ്ങീടവേ
എന്‍ നെറുകയില്‍ കുഞ്ഞുമ്മ നല്‍കി
സ്വന്തം വിധിയെയും പഴിച്ച്
കടംകഥ പോലെയീ രാത്രി യാത്ര!

അന്ധയാണെന്നുടെ മുത്തശ്ശി
കഥകളേറെയുണ്ടവര്‍ക്ക് ചൊല്ലാന്‍
കാഴ്ചയില്ലത്തോരാ കണ്ണുകളില്‍
കണ്ണീരിനില്ല തെല്ലു പഞ്ഞം
എന്നുമെന്നമ്മ പടിയിറങ്ങേ
സന്ധ്യക്ക് നാമജപത്തോടൊപ്പം
മുത്തശ്ശിക്കിറ്റു വെളിച്ചത്തിനായ്
ഞാന്‍ ദേവനോടാര്‍ത്തയായ് കേഴുമ്പോഴും
മുത്തശ്ശി ശാന്തയായ്
അന്ധമായ് ദേവനെ വാഴ്ത്തീടുന്നു
'എന്‍ കണ്ണങ്ങെടുത്തതേറെ നന്നായി
അല്ലെങ്കിലീ കാഴ്ചയെനിക്ക് വയ്യ'
കടംകഥ പോലെയീ പ്രാര്‍ത്ഥനകള്‍!

എന്തിനെത്തുന്നു ചിലരെന്‍ വീട്ടിലേക്കും
പാത്തും പതുങ്ങിയും മുരടനക്കി
ബന്ധുക്കളല്ലവര്‍ നിശ്ചയം
പെട്ടെന്നെന്നമ്മ തന്‍ മുഖം കറുക്കും
വടിയെടുക്കും ആട്ടിയോടിക്കുമെന്നെ
ദൂരെ നിന്നെന്‍ നിഴല്‍ കാണുന്നപാടെ
അയലത്തെയമ്മയും എന്നെയാട്ടും
കടംകഥ പോലെയീ സന്ദര്‍ശനം!

കുഞ്ഞൊരു പൂങ്കുയില്‍ മാത്രമെന്നെ
തേന്മാവിന്‍കൊമ്പത്ത് കാത്തിരിക്കും
എന്നെയുണര്‍ത്തുവാന്‍, എന്നെയുറക്കുവാന്‍
സുന്ദരഗാനം കരുതിവെക്കും
ഏകയായ് മെല്ലെ മരത്തണലില്‍
ചാഞ്ഞിരുന്നൊന്നു മയങ്ങും നേരം
മുത്തശ്ശി വന്നെന്നെ തൊട്ടുണര്‍ത്തും
കണ്ണിലിരുട്ടു പേറുകിലും
ഉള്ളിലനന്തപ്രഭ കാക്കുവോള്‍

ഒരു ദിനം പടി കടന്നെത്തീടവേ
കണ്ടു ഞാന്‍ മിന്നിമായുന്നു
പാതി പൊളിഞ്ഞ വാതിന്നിടയിലൂടൊരുമുഖം
അമ്മ തന്‍ കോപാര്‍ത്ത ജല്പനം അകമ്പടിയായ്
'ദുഷ്ടന്‍.....ആര്‍ത്തി പൂണ്ടെന്നെയും'
നെഞ്ചില്‍ നിന്നിറ്റ് വീഴുന്നു
ഈശ്വരാ രക്തധാര തന്നെ!
പൊട്ടിയ കോപ്പയിലിത്തിരി കഞ്ഞി
മുത്തശ്ശി എനിക്കായ് വിളമ്പി നീട്ടി
ഇരുതുള്ളി ചോരതന്‍ രുചിയതില്‍
ചാലിച്ച് ഞാനെന്‍ പശിയടക്കി
കടംകഥ പോലെയീ രക്തധാര!
*******************************************************
അതെ ആള്‍ഭേദമില്ലാത്ത
വലുപ്പ ചെറുപ്പങ്ങളില്ലാത്ത രക്തധാര!
കടംകഥ പോലെയീ മുന കൂര്‍ത്ത പല്ലും നഖങ്ങളും!
കടംകഥപോലെയീ രക്തധാര! (കവിത: ബിന്ദു ടിജി)
Join WhatsApp News
Mohan Parakovil 2015-08-11 11:02:02
പവിത്രന തീക്കുനി, എ അയ്യപ്പന തുടങ്ങി പലരും കൈകാര്യം ചെയ്ത ഒരു വിഷയമാണ്~. എന്തായാലും അമേരിക്കാൻ മലയാള കവികല്ക്ക് ഇങ്ങനെയൊക്കെ എഴുതാൻ ധൈര്യമുണ്ടെന്ന് കാണുന്നത് സന്തോഷം.
ranji 2015-08-13 08:15:08
"സാങ്കേതികതയുടേയും, പാശ്ചാത്യ സംസ്കാരിക തയുടേയും നിറവിൽ നിൽക്കുപോളും ദാരിദ്രത്തിൻ്റെയും, നിസ്സഹായ സ്ത്രീ ത്വത്തെയും ഓർക്കുന്ന നിങ്ങളെ ഞാനഭി നന്ദിക്കുന്നു ..."
saji varkey 2015-08-14 00:30:59
ചേച്ചിയുടെ ഇത് വരെയുള്ള  എഴുത്തില്‍ നിന്നും  വിഭിന്നമായ ഒരു തീം.. തീര്‍ത്തും റീയലിസ്ടിക്കായ , ഗ്രാമ പ്രാന്തപ്രദേശങ്ങളില്‍ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന ചില യാഥാര്‍ത്യങ്ങളിലേക്ക്  ഈ കവിത വിരല്‍ ചൂണ്ടുന്നു.. കാമ പൂര്‍ത്തീകരണത്തിനെത്തുന്ന  ഒരു വ്യക്തിയെ സംബത്തിച്ചു  മനുഷ്യനും ജീവനുമില്ല ..മുന്നില്‍ അവയവങ്ങള്‍ മാത്രമേ ഉള്ളൂ..കാമ വിശപ്പിനു വലുപ്പ ചെറുപ്പമില്ല.പ്രായ ഭേദമില്ല..പക്ഷെ  അത് ഭീകരമാവുന്നത് നിത്യ  അന്നത്തിനു ഇരയെ തേടുന്ന ഇത്തരം നിരാലംബരായ  അമ്മയു മകളും മുത്തശിയും മാത്രമുള്ള വീടുകളിലാണ്.. ഒരു മറക്കപ്പുറം നടക്കുന്ന ഈ സംഭവങ്ങളെ പ്രായത്തിലെക്കടുക്കുന്ന  ഒരു കുട്ടിയുടെ വീക്ഷണത്തിലൂടെ വളരെ യാദാര്‍ത്ഥ്യത്തോടെയുള്ള ഈ അവതരണം ചേച്ചിയുടെ എഴുത്തിന്റെ മിഴിവിനെ ഉയര്‍ത്തി കാട്ടുന്നു.. ഉറപ്പില്ലാത്ത ചുമരുകള്‍ക്കുള്ളിലെ ജീവിതശകലങ്ങള്‍ അക്ഷരങ്ങളിലൂടെ ഇനിയും അവതരിക്കട്ടെ.. എല്ലാ ആശംസകളും..
വിദ്യാധരൻ 2015-08-14 06:45:38
സമകാലിക വിഷയങ്ങളെ എടുത്തു മനോഹരമായ കവിത സൃഷ്ട്ടിക്കാനുള്ള ശ്രീമതി ബിന്ദു ടീജി യുടെ പാടവം അഭിനന്ദനീയം  തന്നെ.  ഇതിലെ കഥാപാത്രത്തിന്റെ ദുഖം വായനക്കാരിലേക്ക് അക്ഷരങ്ങളിലൂടെ പകരാൻ സാധിക്കുമ്പോൾ മാത്രമേ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ അവരുടെ ദൗത്യത്തിൽ വിജയം വരിക്കുന്നുള്ളു.  അക്കാര്യത്തിൽ ബിന്ദു വിജയം വരിചിരിക്കുന്നു.   ലൈംഗികമായി കൊച്ചു കുട്ടികളെയും, യുവതികളെയും, സ്ത്രീകളെയും പീഡിപ്പിച്ചു അള്ളായുടെ സന്നിധി പ്രാപിക്കാൻ ശ്രമിക്കുന്ന 'എസിസ് ' എന്ന മത സംഘടനയുടെ ലകഷ്യം, സ്വർഗ്ഗത്തിൽ ചെന്നാലും ഏഴു സുന്ദരിമാരെ പീഡിപ്പിച്ചു മോക്ഷം പ്രാപിക്കണം എന്നാണു. ചുരുക്കി പറഞ്ഞാൽ. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കണം എന്ന് ചുരുക്കം.  സാമൂഹ്യ പ്രാധാന്യവും സമകാലികമായ ഇത്തരം കാര്യങ്ങളിലേക്ക് എഴുത്തുകാർ വായനക്കാരെ കൂട്ടികൊണ്ട് പോകുമ്പോൾ മാത്രമേ അവരുടെ പ്രവർത്തിയിൽ അവർ ആനന്ദം കണ്ടെത്തുകയുള്ളൂ.  അല്ലാതെ വിദ്യാധരനെ പിടിക്കാൻ നടന്നു സമയം വൃഥാ കളയുന്നത്, നിങ്ങളുടെ ദൗർബല്യത്തിന്റെ ലക്ഷണമാണ്.  ശ്രീമതി ബിന്ദുവിനു അഭിനന്ദനം. നല്ല കവിതകൾ എഴുതുവാൻ നിങ്ങളിലെ ചൈതന്യം നിങ്ങളെ പ്രചോതിപ്പിക്കട്ടെ 

വിരസൻ 2015-08-14 08:05:04
വിദ്യാധരൻ ഇങ്ങനെ ബിന്ദുവിനേയും സുധീർപണിക്കവീട്ടിലിനേയും ഒക്കെ അഭിനന്ദിക്കുന്നത് ഞങ്ങൾക്ക് ഒട്ടും പിടിക്കുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക