Image

`ലളിത സൗഹൃദം, മൗനനൊമ്പരം' (കവിത: ബിന്ദു ടിജി)

Published on 31 August, 2015
`ലളിത സൗഹൃദം, മൗനനൊമ്പരം' (കവിത: ബിന്ദു ടിജി)
പടികളടയുന്നു ഹൃദയ കോവിലിന്‍
മണിമുഴക്കവും പാടെ നിലയ്‌ക്കുന്നു
കൊഴിഞ്ഞു വീഴുന്നൊരു
ലളിത സൌഹൃദം കൂടി

തരള മധുരമാം വാര്‍ത്തമാനങ്ങളാല്‍
ഇരു കരളുകള്‍ പുണര്‍ന്ന കാലങ്ങള്‍
നിറം മങ്ങിയ പട്ടിന്റെ പാവാട ചാര്‍ത്തി
വിളറി വെളുത്ത നേത്രങ്ങളോടെ
ചിരി പിണങ്ങിയ ചുണ്ടില്‍ കവിതയും
പിന്നെ നിത്യജീവിത തിരുമുറിവിന്‍റെ
നീറുന്ന ഗാഥയും നിന്നോട്‌ മാത്രമായി
പങ്കുവെച്ചാശ്വാസ ദുഗ്‌ദ്ധം
നുകര്‍ന്നൂര്‍ജ്ജമേറിയ നാളുകള്‍.
ഇരു മിഴികളില്‍ വെറുതെ നോക്കുകില്‍
അറിയുമന്നു നീയെന്‍ ഹൃദയസ്‌പന്ദങ്ങളെ
`ഇന്നെന്തു ഖേദമെന്‍ തോഴി,
കലഹമോ, രോഗമോ
പുര നിറഞ്ഞു നീന്തി തുടിക്കും
അരവയറിന്‍റെ തീരാത്ത നോവോ'
നിന്‍ സ്‌നേഹതൂവലിന്‍ സാന്ത്വനമേല്‍ക്കവേ
വെന്തു വെണ്ണീറാകാന്‍ തുടങ്ങുമെന്‍
ചിന്തകള്‍ വീണ്ടുമുയിര്‍ത്തെണീറ്റുച്ചത്തില്‍
മറ്റൊരു പാട്ടിന്നീണം രചിക്കും
അന്ന്‌ ഞാന്‍ പൂമരം
നിന്നില്‍ ഒന്ന്‌ ചായവേ പെയ്യുന്നു തേന്‍മഴ
കലാലയത്തിന്‍റെ കറുത്ത കോണിലായ്‌
നിന്‍ മൃദുസ്‌പര്‍ശന സൌഖ്യത്തില്‍
കെട്ടി ചമച്ചിതെത്രയോ പാട്ടുകള്‍.

പെട്ടെന്നൊരു ദിനം
ഒട്ടും നിനക്കാതെയെത്തിയെന്നോ
മിന്നലില്ലാത്തോരിടിമുഴക്കം!
മിഴികളില്‍ ദു:ഖവും
മൊഴികളില്‍ ക്രോധവുമായി കൂട്ടുകാര്‍
പാഞ്ഞു പോയൊരാ വണ്ടിയ്‌ക്കു നേരേ
തീക്കനല്‍ കോരി നിറയൊഴിക്കുന്നു.

ഞാനോ
മണ്ണിലേയ്‌ക്ക്‌ നീ മടങ്ങവേ ചാര്‍ത്തുവാന്‍
നാമൊന്നിച്ചിരുന്നൊരാ കറുത്ത മൂലയില്‍
മിഴിനീര്‍ കനം വെച്ച്‌
ശോകകിതപ്പിന്‍റെയീണത്തില്‍
ഒറ്റക്കിരുന്നു പാട്ടുകള്‍ തീര്‍ത്തു
`കുതിച്ചു കിതക്കുന്ന വണ്ടികള്‍
തട്ടിയുടയുന്ന മുന്‍ജന്മബന്ധങ്ങള്‍'

ഇന്നുണ്ടെനിക്കൊരായിരം കൂട്ടുകാര്‍
മുഖ പുസ്‌തകത്തിന്റെ ആകാശ മേടയില്‍
കൈ വിരല്‍ തുമ്പില്‍ സൗഹൃദം കാക്കുവോര്‍
അവരേവരും വന്നെന്‍
പാട്ടിനോടിഷ്ടം ഇഷ്ടം എന്നോതവേ
നിന്‍ ഹൃദയ വീണയില്‍ നിന്നുതിരുന്നോരാ
ലളിത രാഗത്തിനായി മാത്രം കൊതിച്ചുകാക്കുന്നുവോ?
നീ വരും...വരും
ആരും കാണാതെയൊരുമ്മയും നല്‍കിയാ
നീരദമാലയില്‍ പോയ്‌ മറയും
വെറുതെ.... വെറുതെ
മിഴി നിറയ്‌ക്കുന്ന മൌന നൊമ്പരം.

ബിന്ദു ടിജി
`ലളിത സൗഹൃദം, മൗനനൊമ്പരം' (കവിത: ബിന്ദു ടിജി)
Join WhatsApp News
വിദ്യാധരൻ 2015-09-01 09:09:31
ശിഥിലമാകുന്നു സ്നേഹ ബന്ധങ്ങൾ ഭൂമിയിൽ 
കപട്യം പച്ച ചിരിയുമായി മുന്നിൽ നില്ക്കുന്നു 
കഴുത്തറക്കാൻ സൗഹൃദത്തിന്റെ കത്തിയുമായി.
ചവുട്ടിയാഴ്ത്തിയും പൊക്കിയും ആസ്ലേഷിച്ചും 
സ്വാർത്ഥരാം സുഹൃത്തുകൾ നില്ക്കുന്നു ചുറ്റിലും 
ഇന്ന് നൻറെ  സുഹൃത്ത് നാളെ നിൻറെ  ശത്രു മറ്റേനാൾ 
മുഖ പുസ്തകങ്ങളിൽ നോക്കി രസിച്ചുകൊണ്ട് 
നിന്റെ നെഞ്ചിൽ നിന്ന് കരള് കടിച്ചു തിന്നുന്നവർ  
  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക