Image

ചേലൊത്ത യാമിനി (കവിത: ബിന്ദു ടിജി)

Published on 08 September, 2015
ചേലൊത്ത യാമിനി (കവിത: ബിന്ദു ടിജി)
ഈ രാവിനിന്നെന്തൊരു ചേല്‌
കാരിരുമ്പിന്റെ കമ്പിളി മൂടി
മാറില്‍ നക്ഷത്ര രത്‌നവും ചാര്‍ത്തി
നെറ്റിയില്‍ ചന്ദനലേപവും പൂശി
തപ്‌ത ചിത്രങ്ങളെ ഗാഢം പുണര്‍ന്നി
ട്ടലസയായ്‌ രാഗലോലയായ്‌ മേവുന്ന യാമിനി
'ഈ ചേലൊത്ത ഞാനും നീയുമൊന്നല്ലേ'
എന്നു മെല്ലെ മൊഴിഞ്ഞു തലോടുന്നു ശാലിനി

ഈ രാവിനിന്നെന്തൊരു ചേല്‌
ഇടയ്‌ക്കിടെ നിലാവൊന്നിളിച്ചു കാട്ടും
അങ്ങകലെയൊരാമ്പലിന്‍ പൊയ്‌കയുണ്ടെന്നോതി
കൊതിപ്പിച്ചു കൈപിടിച്ചേറെ ദൂരമോടിക്കും
പാതി വഴിയില്‍ പൊടുന്നനെ
കൈവിട്ടങ്ങുച്ചത്തില്‍ പൊട്ടിച്ചിരിക്കും
വീണ്ടും നാമിരുവരും മാത്രം ഓടി തളര്‍ന്നു
കെട്ടിപിടിച്ചിണ ചേര്‍ന്നു മയങ്ങും
'ഈ ചേലൊത്ത ഞാനും നീയുമൊന്നല്ലേ'
എന്നു മെല്ലെ മൊഴിഞ്ഞു തലോടുന്നു ശാലിനി

ഈ രാവിനിന്നെന്തൊരു ചേല്‌
വെണ്മ തീണ്ടാത്ത നീണ്ട നിരാശയെ
പഴുത്തുണങ്ങി വീഴുന്ന ജീവിത പത്രങ്ങളെ
എന്നുവേണ്ടയീ താഴ്വാരമാകെ മൂടുന്നൊരീ
സംസാരതാപ മേഘത്തെ
ഒക്കെയും ചേര്‍ത്തിണക്കീയരങ്ങത്തു
നാട്യമാടി തിമിര്‍ക്കുന്ന
ത്യാഗദേവതയാണു നീ യാമിനീ
'ഈ ചേലൊത്ത ഞാനും നീയുമൊന്നല്ലേ'
എന്നുമെല്ലെ മൊഴിഞ്ഞു തലോടുന്നു ശാലിനി
ചേലൊത്ത യാമിനി (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക