Image

ലാഹോറിന്റെ പിന്നാലെ പഠാന്‍കോട്ട് (ഡല്‍ഹികത്ത് : പി.വി തോമസ്)

പി.വി തോമസ് Published on 09 January, 2016
ലാഹോറിന്റെ പിന്നാലെ പഠാന്‍കോട്ട് (ഡല്‍ഹികത്ത് : പി.വി തോമസ്)
നരേന്ദ്രമോഡിയുടെ വഴിവിട്ട വിദേശയാത്രക്കും നമോ-നവാസ് ജന്മദിന നയതന്ത്രത്തിനും തുടര്‍ച്ചയായിരുന്നു പഠാന്‍കോട്ടിലെ(പഞ്ചാബ്) ഇന്‍ഡ്യന്‍ വായുസേനയുടെ ആസ്ഥാനത്തിനുനേരെ ജയിഷ്-ഇ-മൊഹമ്മദ് എന്ന പാക്കിസ്ഥാന്‍ ആര്‍മിയുടെയും ഐ.എസ്.ഐ.യുടെയും ജാരസന്തതി നടത്തിയ ചാവേര്‍ ആക്രമണം.

ഇത് പ്രതീക്ഷിച്ചതായിരുന്നു ഞാന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നിരീക്ഷകര്‍. ഞാന്‍ എന്റെ കഴിഞ്ഞ കോളത്തില്‍(ഡിസംബര്‍ 29, 2015) ഉന്നയിച്ചിരുന്നു: ഇവിടെ ചോദ്യം ഷെരീഫ് ആര്‍മിയെയും ഐ.എസ്.ഐ.യും മുള്ളമാരെയും വിശ്വാസത്തില്‍ എടുത്തിരുന്നോ? അതല്ലെങ്കില്‍ ഈ സന്ദര്‍ശനത്തിന്(ലാഹോര്‍ സന്ദര്‍ശനം) വിപരീതഗുണേ ചെയ്യുകയുള്ളൂ.' അതാണ് പഠാന്‍കോട്ട് ചാവേര്‍ ആക്രമണം.

ഇന്‍ഡ്യയുടെ സേനക്ക് ഏഴ് വീരജവാന്മാരെ നഷ്ടപ്പെട്ടു. അതില്‍ ഒരു മലയാളിയും. ആറ് ചാവേറുകളും കൊല്ലപ്പെട്ടു. ഈ അനിഷ്ടസംഭവം ഉണ്ടാകരുതായിരുന്നു. ഇത് വലിയ ഒരു രാഷ്ട്രീയ-നയതന്ത്ര-സുരക്ഷാ വീഴ്ച ആയിരുന്നു.

ആദ്യം രാഷ്ട്രീയ വീഴ്ച. ഇത് ഞാന്‍ കഴിഞ്ഞ പംക്തിയില്‍ വിശകലനം ചെയ്തതാണ്. എങ്കിലും ഒരിക്കല്‍ കൂടെ ഓര്‍മ്മപ്പെടുത്താം. മോഡിക്ക് ഇതൊന്നും അറിയുവാന്‍ പാടില്ലാഞ്ഞിട്ടല്ല. അദ്ദേഹം ഒരു കാരണവശാലും രാഷ്ട്രീയ നിഷ്‌കളങ്കനും അല്ല. അദ്ദേഹം ഒരു നയതന്ത്ര അതിസാഹസികത പ്രകടിപ്പിക്കുകയായിരുന്നു. ഒരു നയതന്ത്ര ഒറ്റയാള്‍ പ്രദര്‍ശനം. അതായിരുന്നു ലാഹോര്‍ സന്ദര്‍ശനം. അത് അമ്പേ പരാജയപ്പെട്ടു. അതാണ് പഠാന്‍കോട്ട് നല്‍കുന്ന പാഠം. ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം ഇത് പോലുള്ള പിള്ളകളി അല്ല. അതിന് തീവ്രമായ ഒരു മത-രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. വിഭജനത്തിന്റെ നോവും കൂട്ടക്കൊലയുടെ ചോരയുടെ ചൂടും ഉണ്ട്. 1949-ലെ യുദ്ധം. 1965-ലെ യുദ്ധം സന്ധി സംഭാഷണത്തിനിടെ ഒരു പ്രധാനമന്ത്രിയുടെ മരണം. 1971-ലെ യുദ്ധം. 1999-ലെ കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും ഏറ്റുമുട്ടലും ഒഴിപ്പിക്കലും. 2001-ലെ പാര്‍ലിമെന്റ് ആക്രമണം. 2008-ലെ മുംബൈ ആക്രമണം. ഇതിനിടക്കൊക്കെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍, കാശ്മീരിലും ഇന്‍ഡ്യയുടെ ഇതരഭാഗങ്ങളിലും. അനുദിനമെന്നവണ്ണം. അതിനിടയ്ക്കാണ് മോഡിയുടെ ജന്മദിന നയതന്ത്രവും പഠാന്‍ കോട്ടിലെ ചാവേര്‍ ആക്രമണവും. മോഡിക്ക് ചരിത്രവും യാഥാര്‍ത്ഥ്യവും വര്‍ത്തമാനവും ഒന്നും അറിയാഞ്ഞിട്ടല്ല ഈ പുറം മോഡിക്ക് ലാഹോറില്‍ ഇറങ്ങി പുറപ്പെട്ടത് എന്ന് നിശ്ചയം.

ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മില്‍ എപ്പോഴെല്ലാം നയതന്ത്രബന്ധം പുനര്‍സ്ഥാപിക്കുവാനും സമാധാന സംഭാഷണങ്ങള്‍ ആരംഭിക്കുവാനും ശ്രമിക്കുമ്പോള്‍ ഈ വക ഭീകരാക്രമണങ്ങള്‍ നിത്യസംഭവങ്ങള്‍ ആണ്. കാരണം പാക്കിസ്ഥാന്‍ പട്ടാളവും ഐ.എസ്.ഐ.യും. പാക്കിസ്ഥാനിലെ, മതമൗലീകവാദികളും സമാധാനപരവും സൗഹാര്‍ദ്ദവും ആയ ഒരു ഇന്‍ഡോ-പാക്ക് ബന്ധം ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാന്റെയും അതിന്റെ പട്ടാളത്തിന്റെയും ഐ.എസ്.ഐ.യുടെയും നയം ഇന്‍ഡ്യാ കേന്ദ്രീകൃതമാണ്. പ്രത്യേകിച്ചും കാശ്മീര്‍. ഇത് ഒരു ചരിത്രയാഥാര്‍ത്ഥ്യം ആണ്.

വാജ്‌പേയിയുടെ കാലത്ത് അദ്ദേഹം നല്ല ഒരു ഇന്‍ഡോ-പാക്ക് ബന്ധത്തിന് ശ്രമിച്ചതാണ്. സംയോജാ തീവണ്ടി സര്‍വ്വീസും ദല്‍ഹി-ലാഹോര്‍ ബസ് ഗതാഗതവും എല്ലാം ഇതിന്റെ ഭാഗം ആയിരുന്നു. അപ്പോഴാണ് പാര്‍ലിമെന്റ് ആക്രമണവും കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും സംഭവിക്കുന്നത്. ആഗ്രാ ഉച്ചകോടിയുടെ പരാജയം മറ്റൊന്ന്. ഇതൊക്കെയാണ് ചരിത്രം നല്‍കുന്ന പാഠങ്ങള്‍. പക്ഷേ, മോഡിക്ക് അപ്പോഴും 'ഹാപ്പി ബര്‍ത്ത്‌ഡേ' യുടെ നയതന്ത്രം ആണ്. നന്നെങ്കില്‍ നന്ന്. പക്ഷേ, പഠാന്‍കോട്ടില്‍ നിന്നും ത്രിവര്‍ണ്ണപതാകയില്‍ പൊതിഞ്ഞ ഏഴ് ശവപ്പെട്ടികള്‍ ആണ് രാജ്യത്തിന്റെ നാനാഭാഗത്തേക്കും പോയത്. എന്ത് ജന്മദിനാഘോഷം മോഡിജി? എന്ത് നയതന്ത്രം?
മോഡിക്ക് അറിയാവുന്നതാണ് പാക്കിസ്ഥാന്റെ ഇന്‍ഡ്യ പോളിസി. കാര്‍ഗിലും മുംബൈ ആക്രമണവും  ഗുരുദാസ്പൂരും മറ്റും മറ്റും പഠാന്‍കോട്ടിനുമുമ്പുള്ള പടയോട്ടങ്ങള്‍ ആയിരുന്നു. എന്നിട്ടും മോഡി പാക്കിസ്ഥാനെ പിള്ള കയ്യുറകൊണ്ട് നേരിടുവാന്‍ ശ്രമിച്ചത് ആശ്ചര്യം തന്നെ. അമേരിക്കയുടെ കഥനമുക്ക് അറിയാം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ വേട്ടയായിരുന്നു 9/11 സൂത്രധാരകന്‍ ഒബാമാ ബിന്‍ ലാന്‍ഡനുവേണ്ടി നടത്തിയത്. ആ ബിന്‍ലാഡനെ പാക്കിസ്ഥാന്‍ മിലിട്ടറി അക്കാഡമിയുടെ ആസ്ഥാനമായ അബോട്ടാബാദില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിട്ട് അമേരിക്കയുമായി ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രാജ്യം ആണ് പാക്കിസ്ഥാന്‍. അവസാനം അമേരിക്ക അബോട്ടാബാദില്‍ എത്തുകയും ഒരു പാതിരാ കൊലപാതകത്തിലൂടെ ബിന്‍ലാഡനെ ഇല്ലാതാക്കിയതും കൊണ്ട് കടലില്‍ എറിഞ്ഞതും മറ്റൊരു അമേരിക്കന്‍ വീരഗാഥ. പക്ഷേ, ദാവൂദ് ഇബ്രാഹിമിനായി മറ്റൊരു ഇന്‍ഡ്യന്‍ വീരഗാഥ കറാച്ചിയില്‍ രചിക്കുവാന്‍ മോഡിക്ക് സാധിക്കുമോ? സംശയമാണ്.

സുള്‍ഫിക്കര്‍ അലിഭൂട്ടോക്ക് ശേഷം പാക്കിസ്ഥാനില്‍ ശക്തനായ ഒരു സിവിലിയന്‍ പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ല. ഭൂട്ടോക്ക് അദ്ദേഹത്തിന്റേതായ സ്വാധീനവും വ്യക്തിപ്രഭാവവും ജ്വാലാസദൃശമായ വശീകരണ തന്ത്രങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം ഇന്‍ഡ്യയില്‍ വന്ന് സിംല കരാര്‍ ഒപ്പിട്ട് പോയി. അതിനെതിരെ പാക്കിസ്ഥാന്‍ പട്ടാളത്തിനോ ഐ.എസ്.ഐ.ക്കോ ഒന്നും ചെയ്യുവാന്‍ ആയില്ല. ഭൂട്ടോ അല്ല നവാസ് ഷെരീഫ്. ഇന്ദിരഗാന്ധി അല്ല മോഡി. മനസിലാക്കണം.

പഠാന്‍കോട്ട് വായുസേന ആസ്ഥാനം വളരെ തന്ത്രപ്രധാനമായ ഒരു വ്യോമാക്രണ കേന്ദ്രം ആണ് ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം. ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ നിന്നും വെറും നാല്പത് കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന ഈ വ്യോമകേന്ദ്രം 1600 ഏര്‍ക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഒരു യുദ്ധം ഉണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഇന്‍ഡ്യയുടെ പോര്‍ വിമാനങ്ങള്‍ക്ക് ഇവിടെ നിന്നും പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പാക്ക് നഗരങ്ങളെ നശിപ്പിക്കുവാന്‍ ആകും. അത് ബാംഗ്ലൂരീല്‍ നിന്നോ ഹൈദ്രാബാദില്‍ നിന്നോ ഉള്ള വ്യോമതാവളങ്ങളില്‍ നിന്നും ആണെങ്കില്‍ അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ ആകും. അതുകൊണ്ട് ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ ഒരു മുന്‍നിര വ്യോമതാവളം ആണ് പഠാന്‍കോട്ട്. ഇതിന്റെ വിമാനശാലയിലാണ് ഇന്‍ഡ്യയുടെ അത്യാധുനിക പോര്‍വിമാനങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരു യുദ്ധം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ ആദ്യം ഉന്നം വയ്ക്കുന്നതും പഠാന്‍കോട്ട് വ്യോമകേന്ദ്രം ആയിരിക്കുമെന്നതില്‍ സംശയം ഇല്ല. ഈ മര്‍മ്മകേന്ദ്രെത്തോളം. ഇന്‍ഡോ-പാക്ക് അതിര്‍ത്തിയില്‍ നിന്നും വെറും നാല്‍പത് കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന ഈ വ്യോമകേന്ദ്രം 1600 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ഒരു യുദ്ധം ഉണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഇന്‍ഡ്യയുടെ  പോര്‍ വിമാനങ്ങള്‍ക്ക് ഇവിടെ നിന്നും പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള പാക്ക് നഗരങ്ങളെ നശിപ്പിക്കുവാന്‍ ആകും. അത് ബാഗ്ലൂരില്‍ നിന്നോ ഹൈദ്രാബാദില്‍ നിന്നോ ഉള്ള വ്യോമതാവളങ്ങളില്‍ നിന്നും ആണെങ്കിള്‍ അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ ആകും. അതുകൊണ്ട് ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ ഒരു മുന്‍നിര വ്യോമതാവളം ആണ് പഠാന്‍കോട്ട്. ഇതിന്റെ വിമാനശാലയിലാണ് ഇന്‍ഡ്യയുടെ അത്യാധുനിക പോര്‍വിമാനങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരു യുദ്ധം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ ആദ്യം ഉന്നം വയ്ക്കുന്നതും പഠാന്‍കോട്ട് വ്യോമകേന്ദ്രം ആയിരിക്കുമെന്നതില്‍ സംശയം ഇല്ല. ഈ മര്‍മ്മകേന്ദ്രത്തെയാണ് സമാധാനകാലത്തും പാക്കിസ്ഥാന്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചത്. പോര്‍ വിമാനങ്ങളെ അവയുടെ ഹാങ്ങറില്‍ ഇട്ട് പൊട്ടിച്ച് കളയുകയെന്നതായിരുന്നു പാക്ക് ചാവേറുകളുടെ ലക്ഷ്യം. പക്ഷേ, പരിപൂര്‍ണ്ണമായും വിജയിച്ചില്ല.

ഈ പാക്ക്ചാവേറുകള്‍ എങ്ങനെ പഠാന്‍ കോട്ടില്‍ എത്തി? അവര്‍ എങ്ങനെ അത്യധിക സുരക്ഷയുള്ള വ്യോമകേന്ദ്രത്തിനുള്ളില്‍ നുഴഞ്ഞു കയറി?  അന്വേഷണം നടക്കുകയാണ്. ജനുവരി ഒന്നാം തീയ്യതി ഭീകരനുഴഞ്ഞുകയറ്റത്തെക്കുറിച്ച് രഹസ്യാന്വേഷണ അറിയിപ്പുണ്ടായെങ്കില്‍ ജനുവരി രണ്ടിന് വെളുപ്പിന് മൂന്നുമണിക്ക് ആക്രമണം തുടരുന്നതിന് മുമ്പ് ഇവരെ എന്ത് കൊണ്ട് തടയുവാനായില്ല? പഠാന്‍കോട്ടിലെ ഒരു ഉന്നത പോലീസ് അധികാരിയുടെ നീലവെട്ടമുള്ള ഔദ്യോഗിക വാഹനം തട്ടിയെടുത്തിട്ട് അദ്ദേഹത്തെ ബന്ദിയാക്കിയിട്ടാണ് ചാവേറുകള്‍ വ്യോമകേന്ദ്രത്തിലേക്ക് പോയത്? എന്താണ് ഇതിന്റെ പിറകിലുള്ള നിഗൂഢത? എന്തുകൊണ്ടാണ് ആ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചാവേറുകള്‍ വെറുതെവിട്ടത്? എന്താണ് പഞ്ചാബിലെ കുപ്രസിദ്ധമായ അഫ്ഘാനിസ്ഥാന്‍- പാക്കിസ്ഥാന്‍ മയക്കുമരുന്നു മാഫിയയും ഈ ഭീകരാക്രമണവും ആയുള്ള ബന്ധം? അന്വേഷണം തുടരുകയാണ്. തുടരട്ടെ. അതൊരു തുടര്‍ക്കഥയായി നിലകൊള്ളട്ടെ!

ഇതിനിടക്കുള്ള ഏക ആശ്വാസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മോഡിയെ ടെലിഫോണില്‍ വിളിച്ച് ഭീകരകുശലാന്വേഷണം നടത്തിയെന്നതാണ്. തക്കതായതെളിവുകള്‍ ഹാജരാക്കിയാല്‍ ചാവേറുകള്‍ക്കെതിരായി നടപടി എടുക്കുമെന്ന് അദ്ദേഹം മോഡിക്ക് ഉറപ്പ് നല്‍കിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് കൊട്ടിഘോഷിച്ചു. ബലേഭേഷ്. ഷെരീഫ് മോഡിയെ വിളിക്കുകയും അങ്ങനെ ഒരു ഉറപ്പ് നല്‍കുകയും ചെയ്തല്ലോ? അത് ചില്ലറ കാര്യം ആണോ? എന്നിട്ടെന്തായി മുംബൈ ആക്രമണകാരികളെകുറിച്ചുള്ള ഉറപ്പ്? ദാവൂദ് ഇബ്രാഹിമിനെകുറിച്ചുള്ള ഉറപ്പ്? അങ്ങനെ മറ്റും മറ്റും.

പഠാന്‍ വ്യോമ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ പാക്ക് പട്ടാളവും ഐ.എസ്.ഐ.യുെ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. ഇത് ഷെരീഫിന്റെ അറിവോടെയാണെന്ന കാര്യത്തിലും സംശയം ഇല്ല. പഠാന്‍കോട്ട് ആക്രമണത്തില്‍ ഐ.എസ്.ഐ.ക്കുള്ള പങ്ക് അമേരിക്കയുടെ സുരക്ഷാ വിദഗ്ദ്ധന്‍ ബ്രൂസ് റൈഡല്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം ഇവിടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. പഠാന്‍കോട്ട് ആക്രമണം ഇന്‍ഡ്യ-പാക്ക് ഉഭയകക്ഷി സംഭാഷണത്തെ അട്ടിമറിക്കുവാനുള്ള തന്ത്രമാണെന്നും വ്യക്തമാണ്. പക്ഷേ, സംഭാഷണം തുടരണം. ഇതിനെക്കുറിച്ച് ഗവണ്‍മെന്റ് തലത്തില്‍ ഒരു തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാകും. സംഭാഷണം മുടങ്ങിയാല്‍ പട്ടാളവും ഐ.എസ്.ഐ.യും ഭീകരരും വിജയിക്കും. കാരണം അതാണല്ലൊ അവരുടെ ലക്ഷ്യവും. സംഭാഷണം മാത്രം ആണ് പ്രതിവിധി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ കെന്നഡി ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പറഞ്ഞതുപോലെ സംഭാഷണം നടത്തുവാന്‍ ഭയക്കരുത്. പക്ഷേ, ഭയത്തോടെ സംഭാഷണം നടത്തുകയും അരുത്. ഇന്‍ഡ്യ പാക്കിസ്ഥാനുമായിട്ടുള്ള സമാധാന സംഭാഷണ പ്രക്രിയ തുടരുകതന്നെ വേണം. പഠാന്‍കോട്ടുകളെ നേരിടുവാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഇത് മാത്രം ആണ്. ഒപ്പം സ്വസുരക്ഷ-പ്രതിവിധികളും. അതിന് യാതൊരു ഒത്തുതീര്‍പ്പും അരുത്.

എന്ത് പറ്റി യു.പി.എ. ഭരണകാലത്ത് പി.ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ നിര്‍ദ്ദേശിച്ച നാഷ്ണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്? അന്ന് നിര്‍ദ്ദേശിച്ചപ്പകാരം ഒരു ഫെഡറല്‍ ഏജന്‍സിയെ കൗണ്ടര്‍ ടെററിസത്തിനായി രൂപീകരിക്കണമായിരുന്നു. അങ്ങനെ ആയാല്‍ പഠാന്‍കോട്ട് സംഭവിച്ചതുപോലെ പോലീസും പട്ടാളവും നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡും പാരാമിലിട്ടറിയും എല്ലാംകൂടികലര്‍ന്ന് ഒരു കിച്ചടി ഓപ്പറേഷന്‍ നടക്കുകയില്ല. പക്ഷേ ചിദംബരത്തിന്റെ ആ നിര്‍ദ്ദേശം മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി.യും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളും തള്ളികളഞ്ഞു. അതിനുശേഷം ചിദംബരം ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും ധനകാര്യന്ത്രാലയത്തിലേക്ക് പോയി. അതോടെ അതും തീര്‍ന്നു.

പഠാന്‍കോട്ട് ഒരു പാഠം ആണ്. പഠിക്കേണ്ടപാഠം. പക്ഷേ, പഠിക്കുമോ? പാര്‍ലിമെന്റ് ആക്രമണവും മുംബൈ ആക്രമണവും ഒന്നും പഠിപ്പിച്ചിട്ടില്ല. ഇനിയുള്ളതോ? സംശയം ആണ്.
ഇന്‍ഡോ- പാക്ക്ബന്ധത്തില്‍ ശാശ്വതമായ ഒരു സമാധാനം അത്ര എളുപ്പം അല്ല. കാശ്മീര്‍ പ്രശ്‌നത്തിനും ഒരു പ്രതിവിധി ബുദ്ധിമുട്ടാണ്. എന്നാല്‍ സുരക്ഷാസേനാംഗങ്ങളുടെയും സാധാരണ ജനത്തിന്റെയും ജീവന്‍ രക്ഷിക്കുവാനുള്ള കടമ സര്‍ക്കാരിനുണ്ട്. മറക്കരുത്.

ലാഹോറിന്റെ പിന്നാലെ പഠാന്‍കോട്ട് (ഡല്‍ഹികത്ത് : പി.വി തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക