Image

ദീര്‍ഘനിദ്ര (കവിത: ഡോ. ഈ.എം.പുമൊട്ടില്‍)

ഡോ. ഈ.എം.പുമൊട്ടില്‍ Published on 06 February, 2017
ദീര്‍ഘനിദ്ര (കവിത: ഡോ. ഈ.എം.പുമൊട്ടില്‍)
എന്തേ എന്‍ അമ്മയൊന്നുണരാത്തതെന്തേ
അമ്മ എന്തേ ചിരിക്കാത്തതെന്തേ?
ആ പിഞ്ചു പൈതലിന്‍ ചോദ്യത്തിനുത്തരം
നല്കുവാനാവാതവര്‍ വിതുമ്പി

ദു:ഖം നിറഞ്ഞു തുളുമ്പുമാ വീടതില്‍
പിന്നെയും ചോദ്യം പ്രതിധ്വനിച്ചു:
എന്തേ എന്‍ അമ്മയൊന്നുണരാത്തതെന്തേ
അമ്മ എന്തേ ചിരിക്കാത്തതെന്തേ?

ആളുകള്‍ വന്നുപോകുന്നൊരാ നേരത്തു
മാരിയായ് കണ്ണീര്‍ കണങ്ങള്‍ വീണു
അമ്മ ഉണരാത്തതിന്‍ പൊരുള്‍ കാണാതെ
പിന്നെയും പിന്നെയും പൈതല്‍ മൊഴിഞ്ഞു:
നന്നേ പുലര്‍ന്നിത്ര നേരമായില്ലേ
അമ്മ എന്നെ കുളിപ്പിക്കാത്തതെന്തേ;
അമ്മ എനിക്കുമ്മ നല്കാത്തതെന്തേ
താരാട്ടു പാട്ടു പാടാത്തതെന്തേ?

ഏറെയീ ചോദ്യങ്ങള്‍ കേട്ടു മനംപിട-
ഞ്ഞാരോ ആ പൈതലോടേവം ഓതി:
അമ്മയൊരു ദീര്‍ഘനിദ്രയിലാണ്ടുപോയ്
നാളുകള്‍ വേണം ഉണ്ണീ ഉണരാന്‍!

ഇത്രയും വാക്കുകള്‍ കേട്ടൊരാ മാത്രയില്‍
എല്ലാം ഗ്രഹിച്ചപോല്‍ കുഞ്ഞു ചൊല്ലി:
അമ്മ ഉറങ്ങട്ടെ, നന്നായുറങ്ങട്ടെ
ശബ്ദമിട്ടാരും ഉണര്‍ത്തീടല്ലേ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക