Image

ഊഞ്ഞാല്‍ (കവിത- ഡോ. ഈ. എം. പൂമൊട്ടില്‍)

ഡോ. ഈ. എം. പൂമൊട്ടില്‍ Published on 11 March, 2017
ഊഞ്ഞാല്‍ (കവിത- ഡോ. ഈ. എം. പൂമൊട്ടില്‍)
ഒരിടത്തൊരു ചെറു വീടിന്റെ മുറ്റത്തായ്
ഒരു കൊച്ചു പൂമരം നിന്നിരുന്ന
പൂമരത്തില്‍ ബഹു ശിഖരങ്ങളൊന്നില്‍
ഉണ്ടായിരുന്നൊരു കൂട്ടി ഊഞ്ഞാല്‍
വീട്ടിലെ പുത്രനാം ബാലന്‍ ഊഞ്ഞാലതില്‍
നിത്യവും ആടിക്കളിച്ചിരുന്നു!

പഠനത്തില്‍ പുത്രന്റെ സ്ഥാനം കുറയുവാന്‍
കാരണം മറ്റൊന്നുമല്ലെന്നതോര്‍ത്ത്
കുപിതനായ് ബാലന്റെ താതനാ ഊഞ്ഞാല്‍
വാളുകൊണ്ടൊരുനാളറത്തു മാറ്റി;
ഉച്ചത്തിലന്നൊന്നു കേഴാതെ ബാലകന്‍
ദുഃഖം കടിച്ചമര്‍ത്തി വിതുമ്പി!

ഏറെ നാള്‍ പോയില്ല, കഷ്ടകാലം വന്നു
പാവമാ പൈതല്‍ കിടപ്പിലായി; 
കാല്‍കള്‍ തളര്‍ന്നുപോയ്, കേളികള്‍ നിന്നുപോയ്
വീടതിന്‍ മോദം മറഞ്ഞുപോയി!

ഒരു ദിനം ഞാന്‍ യാത്രചെയ്തു മടങ്ങവെ 
ബാലന്റെ താതനെ മുറ്റത്തു കണ്ടു
ഒന്നല്ല, രണ്ടല്ലനേകം ഊഞ്ഞാലുകള്‍
മുറ്റത്തു പ്രത്യക്ഷമായതും കണ്ടു!

ആകാംക്ഷയോടെ ഇതെന്തെന്നറിയുവാന്‍
മെല്ലെ ഞാന്‍ വീടിന്റെ മുമ്പിലെത്തി
തപ്തനാ താതന്റെ കണ്ണില്‍ നിറഞ്ഞൊരാ
കണ്ണീര്‍ കണങ്ങള്‍ വാചാലമായ്: 

നീളേ ഈ മുറ്റത്തൊരായിരം ഊഞ്ഞാല്‍
തീര്‍ക്കുന്നു കുഞ്ഞേ നിനക്കായി ഞാന്‍
ഓമലേ ഇതിലൊന്നിലേറിയൊന്നാടുവാന്‍
ഒരിക്കലൂടൊന്നെഴുന്നേല്‍ക്കുകില്ലേ!


ഡോ. ഈ. എം. പൂമൊട്ടില്‍
Join WhatsApp News
Elizabeth Mathew 2017-03-13 08:36:52
The poem is simple, fluent, and touching. Congratulations!
വിദ്യാധരൻ 2017-03-13 10:11:49

ഈ നല്ല കവിത ഞാൻ വായിച്ച നേരത്ത്
അറിയാതെ 'മാമ്പഴം' പൊന്തിവന്നു
ബാല്യങ്ങൾ പലരുടേം നഷ്ടമായിപോകുന്നു
സാമൂഹ്യസമ്മർദ്ദം ഏറിയിട്ട്
ഒരു സഞ്ചി പുസ്തകം തോളിന്മേൽ തൂക്കീട്ട്
കുട്ടികൾ പോകുന്ന കാഴ്‌ചയെങ്ങും
ആക്കണം കുട്ടിയെ ഡോക്‌ടറും എഞ്ചിനിയറും
അതിൽ കുറഞ്ഞാർക്കും ചിന്തയില്ല
ചിലനാളിൽ ചിലകാര്യം തലമണ്ടേൽ കെറുവാൻ
അടിയൊന്നു കിട്ടിടേണം
അതിനായി നൽകുന്ന വിലയോർത്താൽ നാമൊക്കെ
അറിയാതെ കണ്ണുന്നീർ തൂകിപ്പോകും     

"അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതൻ നേതൃത്തിൽ നിന്നുതിർന്നു ചുടകണ്ണീർ
നാലുമാസത്തിൻ മുമ്പിലേറെനാൾ കൊതിച്ചിട്ടി
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ,
അമ്മതൻ മണികുട്ടൻ പൂത്തിരി കത്തിച്ചപോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി
ചോദിച്ചു മാതാവപ്പോൾ "ഉണ്ണികൾ വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നെ നീ ?'
'മാങ്കനി, വീഴുന്നേരമോടിച്ചെന്നെടുക്കെണ്ടോൻ
പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ ?'
പൈതലിൽ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണാക്കണ്ണു കണ്ണുനീർ തടാകമായി
'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലന്ന'വൻ
മാണ്പെഴും മലർക്കുലയെറിഞ്ഞു വെറുംമണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ '
തുംഗമാം മീനച്ചൂടാൽ ത്തൈമാവിൻ മരതക -
ക്കിങ്ങിണി സൗഗാന്ധിക സ്വർണ്ണമായിത്തീരുംമുമ്പേ
മാങ്കനിവീഴുന്നത് കാത്തു നില്ക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടുവിട്ടു പരലോകത്തേക്കു പൂകി" (വൈലോപ്പള്ളി)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക