Image

പാഠം ഒന്ന്, ഒരു ഗ്യാസ് കവിത (നര്‍മ്മകഥ: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 07 December, 2017
പാഠം ഒന്ന്, ഒരു ഗ്യാസ് കവിത (നര്‍മ്മകഥ: ഡോ. ഇ.എം. പൂമൊട്ടില്‍)
പതിവുപോലെ ഭാര്യയുടെ ശകാരം കേട്ടാണ് അന്നും വറീതച്ചായന്‍ ഉണര്‍ന്നത്. ഹേ. മനുഷ്യാ, നിങ്ങളീ വയസ്സാംകാലത്ത് കുടിച്ചും ഉറങ്ങീം മാത്രം സമയംകളയാതെ ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്തു കൂടേ? എന്റെ SUNAMI അസോസിയേഷനിലെ കൂട്ടുകാരികളെ ഭര്‍ത്താക്കന്മാരെ നോക്കി പഠിക്ക്. അവര്‍ ഓരോരോ സംഘടനകളില്‍ ആക്ടീവാണെന്നു മാത്രമല്ല, കവിതയും കഥകളുമൊക്കെ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ കൈയ്യടി വാങ്ങിക്കുന്നു; പൊന്നാടയും ഫലകവുമൊക്കെ വാങ്ങിച്ചുകൂട്ടുന്നു. അവളുമാരുടെ മുന്നില്‍ എനിക്കും ഒന്നു തലയുയര്‍ത്തി നടക്കണം. ആ നൊണജാലകം ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവാ. അവളു മുഖേന ഞാന്‍ വേണ്ട റെക്കമെന്റേഷന്‍ ചെയ്യാം.

ഇതു പറഞ്ഞപ്പോള്‍ അച്ചായന്‍ ആകെ ഒന്നു ചൊടിച്ചു. ങ്‌ഹേ, ഭാര്യയുടെ ശുപാര്‍ശയില്‍ ഞാന്‍ കവിത പ്രസിദ്ധീകരിക്കാനോ? എടീ, എനിക്കതിന്റെ ആവശ്യമില്ല. നീ നോക്കിക്കോ; ഒരാഴ്ചയ്ക്കകം ഞാന്‍ ഒരു അടിപൊളി കവിത എഴുതി പത്രാധിപരെ എല്‍പിച്ചിരിക്കും- അച്ചായന്‍ പ്രതിജ്ഞയെടുത്തു.

ഒരാഴ്ച കഴിഞ്ഞു. അച്ചായന്‍ വാക്കു പാലിച്ചു. കവിത തയാറാക്കി. ആത്മാര്‍ത്ഥ സുഹൃത്തായ അപ്പുവിനേയും കൂട്ടി പത്രം ഓഫീസില്‍ ചെന്നു നേരിട്ടു കൊടുക്കുവാന്‍ പുറപ്പെട്ടു. കവിത കണ്ടമാത്രയില്‍ പത്രാധിപര്‍ അപ്പുവിനെ വിളിച്ച് മാറ്റിനിര്‍ത്തി പറഞ്ഞു: അച്ചായന്റെ മുഖത്തുനോക്കി ഇതു പറയുവാന്‍ പ്രയാസമുള്ളതുകൊണ്ടു പറയുകയാ. ഇതു തീരെ പോര. ആശയമില്ല, വൃത്തമോ അലങ്കാരമോ ഒന്നുംതന്നെയില്ല. ഇതു പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടാ. എങ്കിലും അച്ചായനെ നിരാശപ്പെടുത്താതിരിക്കാന്‍ വേണ്ടി പത്രാധിപര്‍ പറഞ്ഞു: അച്ചായാ, കവിത എഡിറ്റേഴ്‌സ് ഒന്നു നോക്കട്ടെ. പ്രസിദ്ധീകരിക്കാന്‍ നോക്കാം.

ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും കവിത പ്രസീദ്ധീകരിച്ചു വന്നില്ല. ഭാര്യയുടെ ശകാരം യാതൊരു കുറവുമില്ലാതെ തുടര്‍ന്നതിനാല്‍ അച്ചായന്റെ ഉറക്കമില്ലായ്മയും കൂടിക്കൊണ്ടിരുന്നു. ഇതിനിടെ അപ്പുവിനൊരു ബുദ്ധി ഉദിച്ചു. അച്ചായാ, അച്ചായനു സമ്മതമാണെങ്കില്‍ ഞാനീ കവിത അല്‍പം മാറ്റം വരുത്തി വീണ്ടും ഒന്നു കൊടുത്തുനോക്കട്ടെ? ഇതു കേട്ടയുടന്‍ അച്ചായന്‍ ചോദിച്ചു: എടാ, നീ എന്തു കുന്തം ചെയ്താലും വേണ്ടില്ല,. ഇതൊന്നു പ്രസിദ്ധീകരിച്ചുകണ്ടാല്‍ മതി. എനിക്ക് വീട്ടില്‍ അല്‍പം സ്വസ്ഥത വേണം. അച്ചായന്റെ സമ്മതം ലഭിച്ചതോടെ അപ്പു കവിതയില്‍ ചെറിയ തിരുത്തല്‍ വരുത്തി വീണ്ടും പത്രാധിപരെ ഏല്‍പിച്ചു. അത്ഭുതം എന്നു പറയട്ടെ, കവിതെ പിറ്റേ ആഴ്ചത്തെ പത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ആത്മാര്‍ത്ഥ സുഹൃത്ത് ചെയ്ത തിരുത്തല്‍ തന്റെ തൂലികാ നാമത്തില്‍ മാത്രമായിരുന്നെന്ന് അച്ചായന്‍ അതിശയത്തോടെ ശ്രദ്ധിച്ചു. ഇല്ലത്തു കിഴക്കേതില്‍ പുത്തന്‍വീട്ടില്‍ വറീത് കുര്യാന്‍ എന്ന അച്ചായന്റെ പേര് പി.വി,കെ കിഴക്കേതില്‍ ഇല്ലം എന്ന് യുക്തിപൂര്‍വ്വം പരിഷ്കരിച്ചിരിക്കുന്നു.

എതാനും ആഴ്ചകള്‍ കഴിഞ്ഞ് പത്രത്തില്‍ വന്ന വാര്‍ത്ത അച്ചായനേയും സുഹൃത്തിനേയും മാത്രമല്ല പൊതുജനങ്ങളേയും ഒരുപോലെ ഞെട്ടിച്ചു. അവറാച്ചായന്റെ കവിത അവാര്‍ഡിനു തെരഞ്ഞെടുത്തിരിക്കുന്നുവെന്ന്! കൂടാതെ Super Union of North American Malayalees Incorporated എന്ന SUNAMI അസോസിയേഷന്‍ ഈ കവിത മലയാളം പാഠപുസ്തകത്തിലേക്ക് റെക്കമെന്റ് ചെയ്തിരിക്കുന്നുപോലും! ഗ്യാസ് ട്രബിള്‍ എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട കവിത ഇതായിരുന്നു.

"റെസ്റ്റോറന്റില്‍ ഫുട് അടിച്ചു
സ്‌പൈസ് കൂടി ഗ്യാസ് കേറി
ങ്‌ഹേം, ങ്‌ഹേം, ങ്‌ഹേം...
കൂട്ടുകാരന്‍ പറഞ്ഞുതന്ന
മരുന്നു തിന്നു ഗ്യാസ് കൂടി
ങ്ങ്‌ഹേവൂം,ങ്ങ്‌ഹേവൂം,ങ്ങ്‌ഹേവൂം...

പെട്ടെന്നു മൂളേല്‍ ബുദ്ധിവന്നു
സ്‌പൈസ് കൂട്ടാന്‍ നിര്‍ത്തിവച്ചു
ഗ്യാസ് പോയി ഹാപ്പിയായി
ഹാ, ഹാ. ഹാ.....'

(* നര്‍മ്മത്തിനുവേണ്ടി എഴുതിയ ഈ കഥയിലെ കാഥാപാത്രങ്ങള്‍ സാങ്കല്‍പികം മാത്രമാണ്.)
Join WhatsApp News
Elsa 2017-12-09 08:33:21
Interesting story, with real fun; Congrats!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക