Image

ഇതാണോ ക്രിസ്മസ്?(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 22 December, 2017
ഇതാണോ ക്രിസ്മസ്?(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞീടും വിളക്കുകള്‍
എണ്ണങ്ങളേറെ തെളിഞ്ഞൊരാ രാവില്‍
ചെമ്മെ അലങ്കൃതമാം മരക്കൊമ്പതില്‍
മിന്നുന്ന താരക ശോഭയോ ക്രിസ്മസ്?

രാവിനെ ആഘോഷമാക്കുന്ന വേളയില്‍
ഗായകര്‍ മത്സരിച്ചാലപിക്കുമ്പോള്‍
സ്വരരാഗതാളലയം നിറഞ്ഞീടും
ഗംഭീര നാദ പ്രവാഹമോ ക്രിസ്മസ്?

ബന്ധുജനങ്ങളാവേശമായ് നാളതില്‍
സന്തുഷ്ടരായൊത്തുകൂടുന്ന നേരം
പ്രാഗത്ഭ്യമോടവര്‍ നിര്‍മ്മിച്ചൊരുക്കിയ
സ്വാദുള്ള മുന്തിരി കേയ്ക്കിനോ ക്രിസ്മസ്?

സാന്റയപ്പൂപ്പന്‍ രഥം തുറന്നീടവെ
ശാന്തമായാശംസകള്‍ ചൊല്ലീടുമ്പോള്‍
മിത്രങ്ങള്‍ക്കേകുമാ സമ്മാന പൊതികളില്‍
നിറയുന്ന സൗഹൃദ ഭാവമോ ക്രിസ്മസ്?

ചിന്തിച്ചിടേണം, ഇവയൊന്നുമേയല്ല;
ചൊല്ലാം ഞാന്‍ ക്രിസ്മസതില്‍ അന്തര്‍ഭാവം;
ശാന്തതയില്ലാതലയുന്ന മര്‍ത്ത്യരില്‍
സാന്ത്വന ഭാവമതേകുന്നൊരീശന്‍,
നന്മയാല്‍ തിന്മയെ നിഷ്പ്രഭമാക്കിയോന്‍
നന്മസ്വരൂപനാം യേശു മഹേശന്‍
ദാനമായ് മാനവര്‍ക്കേകും സനാതന
ശാശ്വത സ്‌നേഹമതാകുന്നു ക്രിസ്മസ്!

ഇതാണോ ക്രിസ്മസ്?(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക