Image

ബലിമൃഗങ്ങള്‍ (ചെറുകഥ- റീനി മമ്പലം)

Published on 12 February, 2018
ബലിമൃഗങ്ങള്‍ (ചെറുകഥ- റീനി മമ്പലം)

'ഡോക്ടര്‍''

വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടര്‍ കൃഷ്ണമേനോന്‍ ആരതിയെ കണ്ടു.

ആരതി ആറുമാസം മുമ്പ് ഹോസ്പിറ്റലില്‍ ചേര്‍ന്ന നേഴ്‌സാണ്. പൊതുവെ മലയാളികള്‍ കുറവായ പട്ടണത്തില്‍ പുതിയതായി വന്നയാളെ പരിചയപ്പെടുവാന്‍ തിടുക്കമായിരുന്നു. അപ്പോളാണറിയുന്നത് നാട്ടില്‍ അഛന്റെ വീടിനടുത്താണ് ആരതിയുടെ അമ്മയുടെ വീടെന്ന്.

''മേലേത്ത് വീട്ടിലെ?''

''രാധയുടെ മകളാണ്`.'

'രാധയെ അറിയാം. കണ്ടിട്ടുണ്ട്'' ഡോക്ടര്‍ കൃഷ്ണമേനോന്‍ പറഞ്ഞു.


''പോയിട്ടല്‍പ്പം തിരക്കുണ്ട്. പരിചയപ്പെട്ടതില്‍ സന്തോഷം. അന്ന് തിരക്കു ഭാവിച്ചുകൊണ്ടയാള്‍ പറഞ്ഞു.


''ഡോക്ടര്‍, ശനിയാഴ്ച ഊണ് എന്റെ വീട്ടിലാവാം'' ആരതി ഇപ്പോള്‍ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നു.


ഡോക്ടര്‍ മേനോന്‍ തന്റെ മുഖത്ത് തടിച്ചുനില്‍ക്കുന്ന മറുകില്‍ തലോടി ഒരു നിമിഷം ചിന്തിച്ചു. പെട്ടന്നാണ് ആയാളുടെ കണ്ണുകള്‍ ആരതിയുടെ മുഖത്തെ മറുകില്‍ ഉടക്കിയത്.


''എന്താണ് ഡോക്ടര്‍ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നത്'' ആരതി സംശയിച്ച് ചോദിച്ചു.


''മുഖത്തെ മറുകില്‍''.


''നമുക്ക് രണ്ടാള്‍ക്കും മുഖത്ത് ഒരേസ്ഥാനത്താണല്ലോ മറുക്.'' ആരതി ചിരിച്ചു. ചിരിച്ചപ്പോള്‍ വിടര്‍ന്ന അവളുടെ നുണക്കുഴികള്‍! തന്റെ അമ്മക്കും ഉണ്ടായിരുന്നു ഇതുപോലെ നുണക്കുഴികള്‍ എന്ന് അയാളോര്‍ത്തു.

''എന്നാല്‍ ശരി ഡോക്ടര്‍ ശനിയാഴ്ച ഊണിന് കാണാം.'' അവള്‍ നടന്നകന്നു.

ശനിയാഴ്ച വന്നു. ഡോക്ടര്‍ കൃഷ്ണമേനോന്‍ ആരതിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ നിന്നു. ഡോര്‍ ബെല്‍ അടിച്ചപ്പോള്‍ കയ്യിലിരുന്ന പൂക്കള്‍ വിറച്ചു. ആരതി കതക് തുറന്നു.


''അമ്മേ, ആരാണ് വന്നിരിക്കുന്നതെന്നു നോക്കു'' ആരതി വിളിച്ചുകൂവി. രാധ മുറിയില്‍ നിന്നിറങ്ങി വന്നു. രാധയില്‍ വര്‍ഷങ്ങളുടെ മാറ്റം. തലയില്‍ വെള്ളിക്കമ്പികള്‍. രാധയുടെ ചുണ്ടുകളനങ്ങി, എന്തോ പറയും പോലെ. ''അമ്മ വന്ന കാര്യം ഡോക്ടര്‍ക്ക് ഒരു സര്‍പ്രൈസ് ആവട്ടെ എന്നു കരുതി. അതുകൊണ്ട് പറഞില്ല. നിങ്ങള്‍ ഒരു നാട്ടുകാര്‍ അല്ലേ?'' ആരതി ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.

കൃഷ്ണമേനോന്‍ ചുറ്റും നോക്കി. അവളുടെ സുഹൃത്തുക്കളെ ആരെയും ഊണിന് വിളിച്ചിട്ടില്ല. അയാള്‍ക്കു ശ്വാസം നിലക്കുന്നതുപോലെ തോന്നി.

എന്തുപറയണമെന്നറിയാതെ കൃഷ്ണമേനോന്‍ കുഴങ്ങി. രാധയെ ഇത്രവേഗം നേരിടേണ്ടിവരുമെന്ന് വിചാരിച്ചില്ല. ആരതി ആശുപത്രിയില്‍ ജോലിചെയ്യുന്നിടത്തോളം കാലം എന്നെങ്കിലും കാണേണ്ടിവരുമെന്ന് അറിയാമായിരുന്നു.

ആകെ സ്തംഭിച്ചുനിന്ന അയാളെ കഴിഞ്ഞുപോയ കുറെ വര്‍ഷങ്ങള്‍ കൃഷ്ണന്റെയും രാധയുടെയും കഥ ഓര്‍പ്പിച്ചു.

മെഡിക്കല്‍ കോളജില്‍ ചേരും മുമ്പുള്ള അവധിക്കാലം കുറച്ചുദിവസമെങ്കിലും മുത്തശ്ശിയോടപ്പം ചെലവഴിക്കണമെന്ന് കൃഷ്ണന്റെ അഛന് നിര്‍ബന്ധമായിരുന്നു. നാട്ടിന്‍പുറത്ത് സമയം നീങ്ങില്ല എന്ന് മുംബയില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍ വിശ്വസിച്ചു. അന്ന് രാധയുടെ അമ്മ മുത്തശ്ശിയുടെ അടിച്ചുതളിക്കാരി ആയിരുന്നു. അവര്‍ക്ക് സുഖമില്ലാതിരുന്നപ്പോള്‍ കുറച്ചുദിവസം രാധ മുത്തശ്ശിയുടെ സഹായത്തിനെത്തി. രാധയെ എങ്ങനെ വളയ്ക്കണമെന്നായി കൃഷ്ണന്റെ ചിന്ത. ഇതൊക്കെ അയാള്‍ ഒരു തമാശയായി കാണുകയും ചെയ്തു. അടുക്കളയില്‍, കിണറ്റിന്‍കരയില്‍, തൊഴുത്തിന്നരുകില്‍, മാത്രമല്ല രാധ ചെല്ലുന്നിടത്തെല്ലാം കൃഷ്ണനും പ്രത്യക്ഷപ്പെട്ടു. മുറി വൃത്തിയായില്ല, വീണ്ടും അടിച്ചുവാരണമെന്ന പരാതിയുമായി മുത്തശ്ശിയെ സമീപിച്ചു. രാധയെ തനിച്ചു കാണുമ്പോഴൊക്കെ സിനിമയിലെ പ്രണയഗനങ്ങള്‍ പാടി. അവള്‍ അവന് പുഞ്ചിരി നല്‍കുമെന്ന അവസ്ഥയായപ്പോള്‍ അവളുടെ ചെവിയില്‍ മധുരവാക്കുകള്‍ ചൊരിഞ്ഞു. അവരെ രാമായണത്തിലെ രാധയോടും കൃഷ്ണനോടും അവരുടെ പ്രേമത്തോടും ഉപമിച്ചു. യുവത്വത്തിന്റെ ചാപല്യങ്ങള്‍ കാട്ടി. രാധ അതെല്ലാം വിശ്വസിച്ചു.

അമ്മയുടെ അസുഖം ഭേതമായിട്ടും സ്‌കൂള്‍ തുറക്കുന്നവരെ താന്‍ ഇവിടെത്തന്നെ തുടര്‍ന്നോളാമെന്ന് രാധ അമ്മയോട് പറഞ്ഞു.

ഗ്രാമത്തിന് ഉണര്‍വ്വ് നല്‍കി ഉത്സവം വന്നു. അന്ന് രാത്രി കഥകളിയായിരുന്നു. താന്‍ വരുന്നില്ലെന്ന് കൃഷ്ണന്‍ ഒഴിവുകഴിവു പറഞ്ഞപ്പോള്‍ മുത്തശ്ശി രാധയുടെ അമ്മയോട് കൂടെവരാമോ എന്നു ചോദിച്ചു. പെണ്ണുങ്ങളെ തനിയെ എങ്ങനെ ഉത്സവപ്പറമ്പിലേക്ക് വിടുമെന്നാലോചിച്ച് രാധയുടെ അഛനും അവര്‍ക്ക് കൂട്ടുപോവാന്‍ നിശ്ചയിച്ചു. ഇതെല്ലാം നേരത്തെ അറിഞ്ഞ കൃഷ്ണന്‍ രാധയുമായി ഒരു കൂടിക്കാഴ്ചക്ക് പരിപാടി ഇട്ടു. ഉറക്കമിളച്ചാല്‍ പിറ്റെ ദിവസം തന്റെ പണിയൊന്നും നടക്കില്ല എന്ന് രാധ അമ്മയോട് പറഞ്ഞു.


ഉത്സവപ്പറമ്പിലേക്കുള്ള ജനപ്രവാഹം നിലച്ചിരുന്നു. അവിടെ നിന്ന് കേളികൊട്ട് കേട്ടുതുടങ്ങി.

രാധ കൃഷ്ണനെത്തേടിച്ചെന്നു. അവളുടെ ഹൃദയം മിടിച്ചു, ഉള്ളം കൈ വിയര്‍ത്തു. അവന്റെ നിശ്വാസങ്ങള്‍ അവളുടെ മുഖത്തു വീണു. അവന്റെ ചൂട് അവളറിഞ്ഞു. അവള്‍ ആദ്യമായി ഒരുവന് കീഴടങ്ങി.താമസിയാതെ എഴുത്തയക്കാമെന്നു പറഞ്ഞ് കൃഷ്ണന്‍ മുംബക്ക് മടങ്ങി. മുംബയില്‍ നിന്ന് എഴുത്തുകളൊന്നും രാധയെ തേടിച്ചെന്നില്ല.


അധികം താമസിയാതെ കൃഷ്ണന്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

മെഡിക്കല്‍കോളജില്‍ ചെലവഴിച്ച വര്‍ഷങ്ങള്‍ അയാളെ ഒരു ഡോക്ടറാക്കി. ഉപരിപഠനത്തിനായി അമേരിക്കക്ക് പോകുവാന്‍ തീരുമാനിച്ചു. പഠനം കഴിഞ്ഞ് അവിടെത്തന്നെ ജോലിയെടുത്തു. മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി സഹപ്രവത്തകയായ ഡോക്ടര്‍ ഐലീനെ വിവാഹം ചെയ്തു . ഐലീനാണ് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്. ന്യൂയോര്‍ക്കിലെ പാലത്തിന്റെ എട്ടാമത്തെ ബീമിനടുത്തുവച്ചായിരിരുന്നു വിവാഹം. എട്ട് അവളുടെ ഭാഗ്യ നമ്പരായിരുന്നു. അവരുടെ സ്‌നേഹത്തെ അന്യോന്യം ഹൃദയത്തില്‍വെച്ച് പൂട്ടി താക്കാല്‍ അവര്‍ വെള്ളത്തിലെറിഞ്ഞു. ആ താക്കോല്‍ ഇപ്പോള്‍ വെള്ളത്തില്‍ തുരുമ്പിച്ച് കിടക്കുന്നുണ്ടാവും. നിര്‍ഭാഗ്യവശാല്‍ ആ ദാമ്പത്യം വിജയിച്ചില്ല.''ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞ നാവുതന്നെ ''നമുക്ക് പിരിയാം'' എന്നുപറഞ്ഞു. അവരുടെ ബന്ധത്തില്‍ അവള്‍ക്ക് തുല്യസ്ഥാനം കിട്ടിയില്ലപോലും. ബന്ധംപിരിഞ്ഞ്, സ്വാതന്ത്ര്യമാഘോഷിച്ച് പോകുമ്പോള്‍ അവള്‍ പറഞ്ഞു ' നിങ്ങളെ അടുത്തറിഞ്ഞതില്‍ സന്തോഷമുണ്ട്.'' ഉടുപ്പ് മാറുന്ന ലാഘവത്തോടെ അവള്‍ക്ക് വിവാഹമോചനം നടത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല.


മുത്തശ്ശി മരിച്ചുവെന്ന് വാര്‍ത്ത കിട്ടി. ഗ്രാമത്തിലേക്ക് മടങ്ങിപ്പോകുവാന്‍ മടികാണിച്ച അഛന്‍ മുംബയില്‍ സ്ഥിര താമസമായി. അഛന്‍ തറവാട്ടു സ്വത്ത് വിറ്റു. ഗ്രാമത്തിലേക്കുള്ള പോക്കും അവസാനിച്ചു. അതോടെ രാധയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ മങ്ങിക്കിടന്ന കനലുകളും ഇല്ലാതെയായി. തീ ഊതിയെങ്കിലല്ലേ ആളിക്കത്തുകയുള്ളു.

കഴിഞ്ഞ കുറേവര്‍ഷങ്ങള്‍ ഓര്‍മ്മകളും പേറി രാധയുടെ മുന്നിലൂടെയും പോയി.

കൃഷ്ണനുമായിട്ടുള്ള കൂടിക്കാഴ്ചക്കുശേഷം ജോലിക്ക് ചെന്നപ്പോള്‍ തലേദിവസ്സം രാത്രിയില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് രാധയുടെ മുഖത്തൊരുചിരി മിന്നിമറഞ്ഞു. അടുക്കളവശത്തെ അമ്പഴച്ചുവട്ടില്‍ സ്വപ്നം കണ്ടുനിന്നു. സ്വപ്നങ്ങള്‍ അവള്‍ക്ക് താരാട്ട് പാടി.

വീട്ടിലും മുറ്റത്തുമാകെ ശലഭമായി പറന്നുനടന്ന രാധ, കൃഷ്ണന്‍ മുംബൈക്ക് തിരികെപോകുവാന്‍ പാക്ക്‌ചെയ്ത് തുടങ്ങിയപ്പോള്‍ ചിറകൊടിഞ്ഞ ശലഭമായി. കണ്ണു നിറഞ്ഞത് കണ്ണില്‍ പുക അടിച്ചതുകാരണമാണന്നു കളവുപറഞ്ഞു.

''ഈ പെണ്ണിനിതെന്തു പറ്റി?'' മുത്തശ്ശി മൂക്കത്ത് വിരല്‍വെച്ചു.


മുംബയില്‍ തിരികെയെത്തുമ്പോള്‍ വിവരം അറിയിക്കാമെന്ന് പറഞ്ഞ് അവന്‍ മടങ്ങി. ദിവസങ്ങള്‍ കടന്നു പോയി. രാധയെ തേടി മുംബയില്‍ നിന്ന് കത്തുകള്‍ വന്നില്ല.

രാധ ക്ഷീണിതയായിക്കണ്ടു. . അവള്‍ക്ക് അത്താഴം കഴിച്ചപ്പോള്‍ ശര്‍ദ്ദിക്കാന്‍ വന്നു. ആകെയൊരു പ്രസരിപ്പ് ഇല്ലാത്തതു പോലെ. അമ്മ അപകടം മണത്തറിഞ്ഞു, ഒരു രഹസ്യാന്വേഷകന്റെ ജാഗ്രത?യോടെ അമ്മ അവളെ ചോദ്യം ചെയ്തു. അടുത്തകുറെദിവസത്തിനുള്ളില്‍ വീട്ടുമുറ്റത്തൊരു പന്തലുയര്‍ന്നു.

വിവാഹച്ചിലവിനുവേണ്ടി കൃഷ്ണന്റെ മുത്തശ്ശിയോട് കുറച്ചു പൈസ കടമെടുക്കേണ്ടി വന്നു.

''അവള്‍ സ്‌കൂളില്‍പഠിക്കുന്ന കൊച്ചുപെണ്ണല്ലെ, ഇപ്പോഴേ കെട്ടിച്ചുവിടേണ്ട കാര്യമില്ലായിരുന്നു'' എന്ന് മുത്തശ്ശി പറഞ്ഞു.

രാധ നിറമിഴികളോടെ കല്യാണപ്പന്തലില്‍ ഇരുന്നു. കൃഷ്ണന്‍ അവളെ രക്ഷിക്കാന്‍ വന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. അവള്‍ വാസുവിന്റെ ഭാര്യയായി. താന്‍ മറ്റൊരുവനാല്‍ ഗര്‍ഭിണിയാണന്ന് ആദ്യരാത്രിയില്‍ത്തന്നെ അയാളെ അറിയിച്ചു.

''അതു നന്നായി. ഞാനവര്‍ക്കൊരു കൊച്ചുമകനെയോ കൊച്ചുമകളെയോ നല്‍കുമെന്നാണവരുടെ പ്രതീക്ഷ. അതു സാധിക്കില്ല, കാരണം ഞാനൊരു സ്വവര്‍ഗ്ഗസ്‌നേഹിയാണ്. അവര്‍ക്കതറിയില്ല. അവരെ സന്തോഷിപ്പിക്കുവാനൊരു വിവാഹത്തിനു സമ്മതിച്ചു . നിന്റെ കുട്ടിയെ സ്വന്തം കൊച്ചുമോനോ, കൊച്ചുമോളോ ആയി അവര്‍ വളര്‍ത്തിക്കോട്ടെ.''


അയാളുടെ സംസാരത്തിന്റെ പൊരുളറിയാതെ അവള്‍ വിഷമിച്ചപ്പോള്‍ അയാള്‍ വിശദീകരിച്ചു. അയാളുടെ പ്രതീകരണത്തില്‍ അവള്‍ അല്‍ഭുതപ്പെട്ടു.

രാധയുടെ ഗര്‍ഭത്തിലുള്ള കുട്ടി സമയമായപ്പോള്‍ വെളിയില്‍ വന്ന് ലോകം കണ്ട് അമ്പരന്ന് നിലവിളിച്ചു. വാസു സ്വന്തം കുഞ്ഞിനെന്നപോല്‍ ഉണ്ണാനും ഉടുക്കാനും നല്‍കി, സ്‌നേഹപൂര്‍വം പെരുമാറി. അവള്‍ക്ക് എന്നും വാസുവിനോട് കടപ്പാട് തോന്നിയിരുന്നു. താന്‍ അയാളോട് ചെയ്ത ചതിയെക്കുറിച്ച് അവള്‍ പലപ്പോഴും ഓര്‍ത്തു. അവര്‍ പരസ്പരം ചതിക്കുകയായിരുന്നുവെന്ന് ഓര്‍ത്തു സമാധാനിച്ചു. ഒരുവന്‍ അയാളെ അനേഷിച്ചു വരുന്നത് കണ്ടില്ലെന്ന് നടിച്ചു. അയാളുടെ കൂടെ ജോലിചെയ്യുന്നയാള്‍ എന്ന് അയാളുടെ അമ്മയോടവള്‍ കളവു പറഞ്ഞു.

കാര്യങ്ങള്‍ കുഴപ്പമില്ലാതെ നടന്നുപോകുന്നതില്‍ രാധയുടെ മാതാപിതാക്കള്‍ സന്തോഷിച്ചിരിക്കവെയാണ് വാസു മരത്തില്‍നിന്ന് വീണ് മരണമടഞ്ഞത്. അവള്‍ കുട്ടിയെവളര്‍ത്തി. മകള്‍ക്ക് തനിയെ ജീവിക്കാനാവണം. മറ്റുള്ളവരുടെ കാരുണ്യത്തിനായൊരിക്കലും കൈനീട്ടാനിടവരരുത്. സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ കുറച്ചു സ്ഥലം വിറ്റ് ആരതിയെ നേഴ്‌സിങ്ങിനയച്ചു. അമേരിക്കയില്‍ പോകുവാന്‍ സാധ്യത വന്നപ്പോള്‍ ആരതി അതിന് ശ്രമിച്ചു.

രാധ കൃഷ്ണനോട് നാട്ടു വിശേഷങ്ങള്‍ പലതും സംസാരിച്ചുവെന്നുവരുത്തി. ആരതിക്ക് സംശയമൊന്നും തോന്നരുതല്ലോ! ആരതി തന്റെ മകളാണെന്നു കൃഷ്ണമേനോന് ബലമായ സംശയം തോന്നി. വാസുവിന്റെ മരണശേഷമെങ്കിലും ആ രഹസ്യം പറയാമായിരുന്നു. അവളെ മോളായി സ്വീകരിക്കുവാന്‍ സന്തോഷമേയുള്ളു. ഫോണടി ച്ചപ്പോള്‍ അതെടുക്കാനായി ആരതി അടുത്തമുറിയിലേക്ക് പോയി. രാധ ഏതു നിമിഷം വേണമെങ്കിലും അവളുടെ രഹസ്യം പറയുമെന്ന് കൃഷ്ണമേനോന്‍ വിചാരിച്ചു. ഒരുപക്ഷെ ആരതി അവിടെ ഉണ്ടായിരുന്നതുകൊണ്ടാവാം നേരത്തെ പറയാതിരുന്നത്.


പുറത്തുമഞ്ഞു പെയ്യുവാന്‍ തുടങ്ങിയിരുന്നു. മരവിച്ചിരുന്ന നിമിഷങ്ങള്‍ ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞുനീങ്ങി. രാധ ഒന്നും സംസാരിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.


''ഭര്‍ത്താവു മരിച്ചപ്പോള്‍ മകളെ പഠിപ്പിക്കാന്‍ രാധ വളരെ കഷ്ടപ്പെട്ടു കാണും, അല്ലേ? അവസാനം നിശ്ശബ്ദത ഭേദിച്ച് കൃഷ്ണമേനോന്‍ ചോദിച്ചു.

''പുരയിടത്തില്‍ നിന്നുള്ള ആദായം കൊണ്ട് ആരതിയെ പഠിപ്പിച്ചു. ആ സ്ഥലം വിറ്റിട്ടാണ് നേഴ്‌സിങ്ങിന് പഠിച്ചതും ഇങ്ങോട്ടുള്ള യാത്രച്ചിലവ് എടുത്തതതും. അഛനുള്ള സ്വത്തൊക്കെ മകള്‍ക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്? രാധ പറഞ്ഞു. അവളുടെ പേരില്‍ കുറച്ചു കാശും വാസ്വേട്ടന്‍ കരുതിയിരുന്നു.'' രാധ കുറച്ചു സമയത്തേക്ക് നിശ്ശബ്ദയായിരുന്നു. ''ജന്മം കൊടുത്തതുകൊണ്ടുമാത്രം ഒരാള്‍ അഛനാകില്ലല്ലൊ, വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും കൂടെയല്ലേ?''. അവളുടെ കണ്ണുകള്‍ നനഞ്ഞുവോ?


ആരതി തിരികെയെത്തി.


''രണ്ടാളും നാട്ടുവിശേഷങ്ങള്‍ പറഞ്ഞു തീര്‍ത്തോ'' ആരതി കുശൃതിച്ചിരി ചിരിച്ചു. അവളുടെ നുണക്കുഴികള്‍ വിടര്‍ന്നു. തന്റെ അമ്മയുടെ നുണക്കുഴികള്‍. അമ്മയുടെ മുഖഛായ. ഡോക്ടര്‍ കൃഷ്ണമേനോന്‍ ആരതിയെ ഉറ്റുനോക്കി. ഇവള്‍ തന്റെ മകളാണെനുള്ളതില്‍ സംശയമില്ല. അയാള്‍ക്ക് ആരതിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാന്‍ തോന്നി.

''എന്തെങ്കിലും സഹായം വേണ്ടി വന്നാല്‍ ചോദിക്കാന്‍ മടിക്കരുത്'' കൃഷ്ണമേനോന്‍ ആരതിയോടായി പറഞ്ഞു.

''ഈശ്വരന്‍ സഹായിച്ച് ആരതിക്ക് കുറച്ചുകൂട്ടുകാര്‍ ഇവിടെയുണ്ടല്ലോ. എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ അവര്‍ സഹായത്തിനെത്തും. രാധയാണ് മറുപടി നല്‍കിയത്.


അവള്‍ക്ക് തന്റെ സഹായം പോലും ആവശ്യമില്ല. താന്‍ അന്യനാണ്.

കിട്ടാത്ത സ്‌നേഹം ദരിദ്രന്റെ പണ സമ്പാദ്യം പോലെയാണ്. പണസമ്പാദ്യമെന്തെന്ന് ദരിദ്രനറിയില്ലല്ലോ!

രാധ നിശ്ശബ്ദയായി നിന്നു.

അടുക്കിവെച്ചിരിക്കുന്ന പഴങ്ങള്‍ കുട്ടയ്ക്കകത്ത് അങ്ങനെ തന്നെ ഇരിക്കട്ടെ. താനായിക്കൊണ്ട് ഒന്നും മറിച്ചിടേണ്ട.

അയാള്‍ യാത്ര പറഞ്ഞിറങ്ങി.

വീടിന്റെ പടികള്‍ കയറുമ്പോള്‍ മഞ്ഞ് കാഴ്ചയെ മറച്ചിരുന്നു. ''അഛാ'' എന്നു വിളിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി മഞ്ഞിലൂടെ ഓടിവരുന്നു എന്നയാള്‍ക്ക് തോന്നി. അവള്‍ക്ക് ആരതിയുടെ ഛായ ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക