Image

മറവി ഒരു വശം (മിനിക്കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 20 February, 2018
മറവി ഒരു വശം (മിനിക്കഥ:  ഡോ.ഈ.എം.പൂമൊട്ടില്‍)
മറവി രോഗത്തിനു ചികിത്സ തേടി അയാള്‍ പ്രകൃതി ചികിത്സാ വിദഗ്ദ്ധനായ സന്യാസിയുടെ അടുത്തെത്തി. സ്വാമീ, പഴയകാല സംഭവങ്ങള്‍, ആളുകളുടെ പേരുകള്‍ ഇതൊക്കെ മറക്കുന്ന എന്നതാണ് എന്റെ പ്രശ്‌നം. 

എന്തെങ്കിലും പ്രതിവിധി ഉപദേശിച്ചു തരണം. സന്യാസിയുടെ നിര്‍ദേശപ്രകാരം അയാള്‍ വിശദീകരണം തുടര്‍ന്നു: ആളുകളുടെ പേരിന്റെ ആദ്യത്തെ അക്ഷരം മാത്രം ഓര്‍മ്മയില്‍ വരും. ബാക്കി ഭാഗം മറന്നുപോകും. ഉദാഹരണത്തിന് എന്റെ ഭാര്യ സുഷ്മയുടെ പേരിന്റെ 'സു' മാത്രം നാവില്‍ വരും; മറ്റു രണ്ടക്ഷരങ്ങളും ഓര്‍മ്മയില്‍ കിട്ടുകയില്ല. 

ഇതു കേട്ട മാത്രയില്‍ സ്വാമി പ്രതികരിച്ചു: ഇതിപ്പോള്‍ അത്ര പ്രശ്‌നം ഒന്നുമല്ലല്ലോ. പേരു ചുരുക്കി വിളിക്കുമ്പോള്‍ അതു കൂടുതല്‍ സ്‌നേഹത്തോടുള്ള വിളിയായി കരുതപ്പെടുന്നതിനാല്‍ ഇത് ഏറെ ഉത്തമമല്ലേ സുഹൃത്തേ! ഇനിയും വേറെ അനുഭവങ്ങള്‍ പറഞ്ഞാട്ടെ; സ്വാമി അയാളെ ഉത്സാഹിപ്പിച്ചു. 

അത് ഞങ്ങളുടെ ഫാമിലി ഒരു ബിസിനസ് ഫാമിലിയാണ്. ധാരാളം മിത്രങ്ങളും ശത്രുക്കളും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ അടുത്തിടെയായി മുടിഞ്ഞ ഈ മറവി കാരണം എനിക്കീ രണ്ടു കൂട്ടരെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അതായത് നന്മ ചെയ്തവരെയും ദോഷം ചെയ്തവരെയും എല്ലാം ഒരു പോലെയാണ് ഞാനിപ്പോള്‍ കാണുന്നത്. ഇതു കേട്ടയുടന്‍ 'അതു നന്നായി' എന്നായിരുന്നു സ്വാമിയുടെ പ്രതികരണം. അദ്ദേഹം തുടര്‍ന്നു: എടോ ഈ പറഞ്ഞ വരം ലഭിക്കുന്നതിനുവേണ്ടിയാണ് കുറെ വര്‍ഷങ്ങളായി ഞാന്‍ തപസും ധ്യാനവും ഒക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. 

പക്ഷെ ഇതുവരെ അതു കിട്ടിയിട്ടില്ല. എന്നാല്‍ ഒരു ധ്യാനവും കൂടാതെ തനിക്കിതു ലഭിച്ചിരിക്കുകയല്ലേ; അതിനാല്‍ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങുക!

മറവി ഒരു വശം (മിനിക്കഥ:  ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക