Image

മറക്കാനാവാത്തവര്‍ (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 08 March, 2018
മറക്കാനാവാത്തവര്‍ (ജി. പുത്തന്‍കുരിശ്)
(ചെകുത്താന്‍ മാതൃത്വത്തിന്റെമേല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.  തൊട്ടിലാട്ടുന്ന കരങ്ങള്‍ക്ക് സാമ്രാജ്യധിപത്യങ്ങളെ ഇളക്കാന്‍ കഴിയുമെന്നും ചെകുത്താനറിയാം. അതുപോലെതന്നെ അടുത്ത തലമുറകളെ സ്‌നേഹിക്കുകയും നയിക്കുകയും ചെയ്യുന്ന ധര്‍മ്മാനുസാരികളായ അമ്മമാരില്ലാതെ സ്വര്‍ഗ്ഗരാജ്യം പരാജയപ്പെടുമെന്നും ചെകുത്താനറിയാം. ഷെറി എല്‍ ഡ്യുവിന്റെ മനോഹരമായ ഈ ഉദ്ധരണി അന്തരാഷ്ട്ര സ്ത്രീ ദിനംമാഘോഷിക്കുന്ന മാര്‍ച്ച് മാസത്തില്‍ നമ്മളുടെയെല്ലാം ചിന്തയ്ക്ക് വിഷയമാക്കാവുന്നതാണ്.  ഇതിലെ ചില ചിന്തകള്‍ ഇരുപത്തയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാര്‍ച്ചു മാസം മണ്‍മറഞ്ഞുപോയ എന്റെ മാതാവിന്റെ ചില ചിന്തകളുമായി സമാനത പുലര്‍ത്തുന്നതായി തോന്നി. മറക്കാനാവത്തവര്‍ എന്ന ഈ അല്പവിഷയമായ കവിത മാതൃത്വത്തിന്റെ സൂക്ഷിപ്പുക്കാരായ എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നു)

മറക്കാനാവാത്തവര്‍
            (ജി. പുത്തന്‍കുരിശ്)

അമ്മതന്‍ ഓര്‍മ്മകളെ പുല്‍കി ഞാനിരിക്കുമ്പോള്‍
എ•നം പോയി ഭൂതകാലത്തിലറിയാതെ

പോകുന്നു അതിവേഗം വര്‍ഷങ്ങള്‍ മൃതമായി
പോകുന്നു നമ്മെ വിട്ട് ബന്ധുമിത്രാദികളും

ഇല്ലിനിയവരുടെ സാമീപ്യമില്ലെങ്കിലും
ഫുല്ലമാണവരുടെ ഓര്‍മ്മകള്‍ അകതാരില്‍

ഉണ്ണുവാന്‍ ഉടുക്കുവാന്‍ ഇല്ലെങ്കില്‍തന്നെയവര്‍
ദണ്ണങ്ങളറിയാതെ വളര്‍ത്തി പൈതങ്ങളെ

അറിവിന്‍ പരിധികള്‍ക്കുള്ളില്‍ നിന്നവര്‍ നല്‍കി
അറിവിന്‍ ലോകത്തിന്റെ സുവര്‍ണ്ണോജ്ജ്വല താക്കോല്‍

ഓര്‍ക്കുന്നെന്‍ മാതാവിന്റെ ബോധന രീതിയിന്ന്
ഓര്‍ക്കുമ്പോള്‍ മനമിന്ന് രോമാഞ്ചമണിയിന്നു

കുട്ടികളോടൊത്ത് പഠിക്കും വിഷയങ്ങള്‍
ഒട്ട് ചോദ്യങ്ങളാലെ തിട്ടമാക്കിതരും പൊരുള്‍

കുഴഞ്ഞുമറിഞ്ഞോരീ ജീവിതം നേരിടാനായ് 
കഴിവുള്ളവരാക്കി തീര്‍ക്കുവാനെന്നപോലെ 

മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളേറെയുണ്ട്
മരിക്കാതവയെന്റെ ഉള്ളിലുണ്ടവര്‍ക്കൊപ്പം

മൃത്ത്യുവില്ലൊരിക്കലും സ്‌നേഹ ബന്ധിതര്‍ക്കാര്‍ക്കും
ഹൃത്തില്‍ ജ്വലിക്കുമവര്‍ ജ്യോതിസ്സായെന്നുമെന്നും

മറക്കാനാവാത്തവര്‍ (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Sudhir Panikkaveetil 2018-03-08 11:57:10
പുത്തൻ കുരിശ്ശിന്റെ  കവിതകൾ വായിക്കുന്നവർ അത് വീണ്ടും വായിച്ചിരിക്കും. സരള സുന്ദരം.  വനിതാ ദിനാഘോഷത്തിൽ കവി തന്റെ അമ്മയെ ഓർക്കുന്നു. സ്ത്രീയുടെ ഏറ്റവും മഹനീയ ഭാവങ്ങളിൽ ഒന്നാണ് മാതൃത്വം. സ്വർഗം അമ്മയുടെ കാൽകീഴിലാണെന്നു നബി തിരുമേനി പറഞ്ഞിരിക്കുന്നു. എന്നിട്ടും "വ്യഭിചാര തെരുവിൽ മനുഷ്യർ ആ മുത്തുക്കൾ വില പേശി വിൽക്കുന്നു". ഈ വനിതാ ദിനത്തിൽ സ്ത്രീ എന്ന ദേവതയെ പൂജിക്കാൻ എല്ലാ മനസ്സുകളിലും അമ്പലങ്ങൾ ഉയരട്ടെ. കവിക്ക് അഭിവാദനങ്ങൾ. 
ഡോ.ശശിധരൻ 2018-03-08 12:40:21

ലോക വനിതാ ദിനത്തിൽ അമ്മയുടെ കവിതക്ക് എന്ത് പ്രസക്തി .ലോക വനിതാ ദിനവും മാതൃ ദിനവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ് !നൊന്തു പെറ്റു പോറ്റി വളർത്തിയ മാതാവിനെ ,അമ്മയെ ഒരിക്കലും വനിതയായി കാണരുതേ!

(ഡോ.ശശിധരൻ)

വായനക്കാരൻ 2018-03-08 12:58:36
ഞാൻ  Dr  ശശിധരനോട്  യോജിക്കുന്നു. അല്ലേലും   ഇതൊക്കെ എന്നാ  കവിതയാ. 
ഒരു വനിത 2018-03-08 13:11:02
അമ്മയേയും വനിതയെയും ബന്ധിപ്പിക്കുന്നതിൽ എന്താണ് തെറ്റ് ഡോക്ടറെ ? വനിതകളെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന പുരുഷന്മാർ തന്റെ അമ്മയും ഒരു വനിതയായിരുന്നു എന്ന് ഓർക്കുന്നത് അവരുടെ പുരുഷ മേധാവിത്വ ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കും. കവി അതാണ് ഇവിടെ ചെയിതിരിക്കുന്നത് . കവിക്ക് അഭിനന്ദനം 
Amerikkan Mollaakka 2018-03-08 14:02:05
സുധീർ സാഹേബ് ഇങ്ങടെ രചനകൾക്കും കമന്റിനും ഒരു ചേലുണ്ട്.  ആരെയും ഭാവഗായകനാക്കുന്നു നിങ്ങൾ. ഇങ്ങടെ കമന്റ് വായിച്ച് ഞമ്മളും പാടുന്നു "കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ".  'അമ്മ ഒരു സ്ത്രീയാണെങ്കിൽ വനിതാ ദിനത്തിൽ അവരെ ഓർക്കുന്നത് തെറ്റാണെന്നു തെളിയിക്കുന്ന ഒരു പി.എച്. ഡി ഞമ്മള് ഉടനെ നേടും. എല്ലാവര്ക്കും അസാലാമു അലൈക്കും .
ഞമ്മള് ഉടനെ ഡോക്ടർ മൊല്ലാക്കയാകും. ഞമ്മടെ കമന്റ്കൾക്ക് അമേരിക്ക മലയാളി വിലമതിക്കും.ഹാ.ഹാ. പി.എച് . ഡി യുടെ ഒരു വില.
പുരുഷോത്തമൻ 2018-03-08 15:48:45
മൊല്ലാക്ക got a point! വനിത അമ്മയാകുമ്പോൾ ലിംഗ ഭേദം സംഭവിക്കുന്നില്ലല്ലോ ?

ദിനസൃഷ്ടി 2018-03-08 16:20:49
അമേരിക്കൻ ‘സാഹിത്യകാരൻ’സ് എന്തെങ്കിലും ‘ദിന’വും നോക്കിയിരിക്കും ഒരു കവിതയോ ലേഖനവുമോ പടച്ചുവിടാൻ. ഞങ്ങൾ ഇതും നോക്കിയിരിക്കയാണെന്ന ധാരണ വേണ്ട സാറമ്മാരേ.
വ്യാജേന്ദ്രൻ, പ്രസിഡണ്ട് 2018-03-08 17:55:52
വനിതയും അമ്മയും സ്ത്രീയാണെന്ന് കണ്ടുപിടിച്ച പുരുഷോത്തമന് വ്യാജ യൂണിവേഴ്സിറ്റിയുടെ പി എ ച്ച് ഡി .  ചില പി എ ച്ച് ഡി കൾ പാരാജയപ്പെട്ടടത്താണ് ഈ വലിയ കണ്ടുപിടിത്തം അദ്ദേഹം നടത്തിയിരിക്കുന്നത്

sunu 2018-03-08 21:11:34
എനിക്ക് അമ്മയുണ്ട്, പെങ്ങമാരുണ്ട്, ഭാര്യ ഉണ്ട് മകളുണ്ട്, മരുമകളുണ്ട് . ഇവരാരും വനിതകളല്ല. ഭർത്താക്കന്മാർ ഉള്ളവർ കുടുംബിനികളാണ്. കുഞ്ഞുങ്ങൾ ഉള്ളവർ അമ്മമാരാണ്. ഇതൊന്നും ഇല്ലാത്തവർക്കൊരു പേരുണ്ട്. തെരുവ് വനിതകൾ.
വിദ്യാധരൻ 2018-03-08 22:14:58
എന്നമ്മ പെൺകുട്ടി ആയിരുന്നു
പിന്നമ്മ ബാലികയായി മാറി
ബാലിക യൗവനക്കാരിയായി
യൗവനക്കാരി ഭാര്യയായി
ഭാര്യപിന്നമ്മയായി
'അമ്മ പിന്നമ്മൂമ്മയായി
ഇവരെല്ലാം സ്ത്രീകളുമായിരുന്നു
വനിതക്കർത്ഥം പലതുമുണ്ട്
സ്ത്രീയാകാം ഭാര്യയാകാം
അമ്മയാകാം അമ്മൂമ്മയാകാം
ഇവരുടെ പുണ്യ കർമ്മങ്ങളെ നാം
അവഹേളിക്കുന്നതൊട്ടും നല്ലതല്ല
ഇവരുടെ സേവനം കിട്ടിടാത്ത
പുരുഷന്മാർ ഉലകത്തിൽ ആരുമില്ല
അതിനാൽ അവരെ കൈകൂപ്പി നമ്മൾ
ശണ്ഠ ഒഴിവാക്കിയാൽ നന്നു തന്നെ
മരിച്ചവരോ ജീവിച്ചിരിക്കുന്നോരോ
ഈ ദിനം അവരെ ഓർക്കുന്നത് തെറ്റുമല്ല
എല്ലാ വനിതകൾക്കുമെൻ അഭിവാദനങ്ങൾ 

G. Puthenkurish 2018-03-10 19:58:14
മാതൃ ദിനവും വനിത ദിനവും നമ്മുളുടെ സൃഷ്ടിയാണ് . ഒരു അമ്മയെ ഓർക്കുന്നതിന് മക്കൾക്ക് ഇന്ന ദിവസം ആയിരിക്കണം എന്ന് നിർബന്ധമില്ല . ഞാൻ വനിത ദിനത്തോട് അനുബന്ധിച്ചുള്ള ദിവസം ആയതുകൊണ്ട് (മാർച്ച് 8 വനിതാ ദിനം , മാർച്ച് 9 എന്റെ മാതാവിന്റെ മരണ ദിനം )എന്റെ മാതാവിന്റെ മരണ ദിനം  ഓർത്തുവെന്നെയുള്ളു. അതിൽ എനിക്ക് യാതൊരു തെറ്റും തോന്നുന്നില്ല .  എല്ലാ വിമർശനങ്ങൾക്കും നല്ല വാക്കുകൾക്കും നന്ദി .

“I would rather be attacked than unnoticed. For the worst thing you can do to an author is to be silent as to his works.” 
― Samuel Johnson

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക