Image

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല ! (കോരസണ്‍ ന്യൂയോര്‍ക്ക് )

Published on 28 April, 2018
മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല  ! (കോരസണ്‍  ന്യൂയോര്‍ക്ക് )
ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭയുടെ തര്‍ക്കങ്ങളില്‍ ഒരു നിര്‍ണായക സന്ദര്‍ഭമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സഹോദരന്മാര്‍ മല്ലിടുമ്പോളുള്ള തീവ്രത നിലനില്‍ക്കുമ്പോഴും, തമ്മില്‍ തല്ലി പിരിയാന്‍ ഓരോ കാരണങ്ങള്‍ വച്ച് നിരത്തുമ്പോഴും, എന്തേ ക്രിസ്തുഭാഷയില്‍ സംസാരിച്ചു തുടങ്ങിയാല്‍? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു ബാല്യമില്ല  എന്ന തിരിച്ചറിവില്‍, വാതിലുകള്‍ അടയ്ക്കുന്നതിന് മുന്‍പ് ഒരു അവസാന ഊഴത്തിന് ചിന്തിച്ചുകൂടേ? പന്തം ചുഴറ്റി ആളുകളെ തെരുവില്‍ ഇറക്കി സ്വയം ഇകഴ്ത്താന്‍ ശ്രമിക്കുന്നതിനു മുന്‍പ്, ഒന്നുകൂടി ചിന്തിക്കുക, ഇനിയും ഈ വിടക്കാക്കി തനിക്കാക്കി പ്രയോഗത്തിനു ബലിയാകണോ?

ക്രിസ്തു സംസാരിച്ച അറമേക്ക് ഭാഷ ഇന്ന് കൈവിട്ടു, പകരം സുറിയാനി, അറബി, ലത്തീന്‍ ഒക്കെ  ക്രിസ്ത്യാനികളുടെ ദേവഭാഷയായി മാറിയത് രാഷ്ട്രീയ മേധാവിത്വത്തിനു കീഴ്‌പെട്ടതിനാലാണ്. ഓരോ ഭാഷക്കും അതിന്റെതായ അടയാളങ്ങളും സത്വവും ആത്മാവും ഉണ്ട്. പിടിച്ചെടുക്കലും പടയോട്ടങ്ങളും അല്ല, സമാധാനം, പ്രതീക്ഷകള്‍, സംയമനം ഒക്കെയാണ് ക്രിസ്തുവിന്റെ സ്‌നേഹഭാഷ. സ്വാതന്ത്യവും ചെറുത്തു നില്‍പ്പുകളുമാണ് മലങ്കര നസ്രാണിയെ സങ്കീര്‍ണമായ ഒരു മനുഷ്യകൂട്ടമായി അടയാളപ്പെടുത്തുന്ന വസ്തുത. കാലമേറെ കഴിഞ്ഞെങ്കിലും, മലങ്കര നസ്രാണിക്കു തന്റെ ഉറവുകളിലേക്കു മടങ്ങാന്‍ ഒരു ഉള്‍വിളി മാത്രം മതി. അതിനുള്ള ഒരു അവസരംകൂടി വന്നു ചേരുകയാണിപ്പോള്‍.

സാദ്ധ്യതകള്‍ 
വ്യവഹാരത്തില്‍പ്പെടുകയും, അതില്‍ ജയിക്കുകയും തോല്‍ക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷെ തോറ്റു  എന്ന വാശിയില്‍ സ്വന്തം വീടിനു തീവച്ചു ഓടിനടക്കയല്ല അഭികാമ്യം. തോല്‍വികളില്‍ ക്രിയാത്മകരമായി പ്രതികരിക്കാനുള്ള കൃപയാണ് ലഭിക്കേണ്ടത്. യാതൊരു അപ്പോസ്‌തോലിക പാരമ്പര്യവും ഇല്ലാത്ത സ്വയം പ്രഖാപിത സഭയോട് ചേരുകയാണെങ്കില്‍, കടുത്ത അപമാനമാണ് സമുദായത്തിന് ഉണ്ടാകുന്നത്. പുനരൈക്യത്തിന്റെ പച്ചപ്പുകള്‍ കാട്ടി ഒരിക്കല്‍ വലിച്ചെറിഞ്ഞ നുകം പുണരാണെങ്കില്‍ അതും, ആത്മഹത്യാപരം എന്നേ പറയാനാവൂ. ഒരു പുതിയ സഭയായി നില്‍ക്കുന്നതിന് സാദ്ധ്യതകള്‍ തള്ളിക്കളയാനൊക്കില്ല. പക്ഷെ, ചില കടുത്ത നീക്കുപോക്കുകള്‍ അനിവാര്യമാണ്. തല്‍സ്ഥിതി തുടരാനോ, വീതംവച്ച് പിരിയാനോ  യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിക്ക്, പൂര്‍വികരുടെ കുഴിമാടങ്ങളില്‍ ധൂപം അര്‍പ്പിക്കുന്നതും, പ്രീയപ്പെട്ട പുണ്യസ്ഥലങ്ങളിലെ  മദ്ധ്യസ്ഥ പ്രാര്‍ഥനകളും ഒഴിവാക്കി ഒരു പക്ഷേ ,വിശ്വാസപരമായ ഒരു 'നവോഥാനത്തിനു' തയ്യാറായേ മതിയാവുകയുള്ളൂ. കുമ്പസാരവും മാറ്റി, അല്‍പ്പം സുവിശേഷീകരണവും  മേല്‍പ്പടി ചേര്‍ത്താല്‍ ക്ര്യത്യമായ മിശ്രിതം പുനഃനിര്‍മ്മിക്കാം. സ്വാതന്ത്ര്യത്തിന്റെയും സ്വയം ശീര്‍ഷകത്തിന്റെയും ജനാധിപത്യത്തിന്റെയും മാര്‍ഗത്തില്‍ സമാധാനപരമായ ഒരു ഒന്നുചേരലിനു ഇനിയും സമയം വൈകിയിട്ടില്ല.

വളരെയേറെ തെറ്റിദ്ധാരണകള്‍ കാലാകാലങ്ങളായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ധര്‍മ്മസങ്കടത്തില്‍  പൊരുളുകള്‍  തേടിയുള്ള  അന്വേഷണവും ചിന്തയും ചഞ്ചലചിത്തമായ മനസ്സുകളില്‍ സംശയനിവാരണത്തിനുവേണ്ടി ഉപകരിക്കും എന്ന ഉദ്ദേശ്യത്തില്‍, ചരിത്രത്തിന്റെ ചില നുറുങ്ങുകള്‍  ഇവിടെ വിടര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. ക്ഷമയോടെ ശ്രദ്ധിക്കുമല്ലോ. കൂടുതല്‍ വായനക്കും ചിന്തക്കുമായി താഴെ മലങ്കരനസ്രാണികളുടെ ഒരു ലഖുചരിത്രം നിക്ഷേപിച്ചിരിക്കുന്നു. ദയവായി വായിച്ചാലും.

നസ്രാണി സത്വം 
'റോമാവല്‍ക്കരണത്തേയും, അന്ത്യോഖ്യാവല്‍ക്കരണത്തേയും, പ്രൊട്ടസ്റ്റന്റ് വല്‍ക്കരണത്തേയും അതിജീവിച്ച് ദേശീയ സംസ്‌കാരത്തെ വിശ്വാസ ആചാരങ്ങളുടെ  ഭാഗമാക്കുകയും സ്വന്തം ഹ്ര്യദയത്തോട് ഒപ്പം ചേര്‍ത്തുവയ്ക്കുകയും ചെയ്യുന്ന' ഒരു വലിയകൂട്ടം ക്രിസ്താനികള്‍ക്കിടയിലുണ്ട്' (ക്രിസ്ത്യാനികള്‍ ബോബി തോമസ്). അതാണ് തനി സെന്റ് തോമസ് നസ്രാണികള്‍. അതാണ്  മലങ്കരനസ്രാണിയുടെ സത്വവും സങ്കല്‍പ്പവും ഭൂതവും ഭാവിയുമെല്ലാം.

സുറിയാനി ക്രിസ്ത്യാനികള്‍ എന്ന വിളിപ്പേര് 
നസ്രാണികളെ 'സുറിയാനി ക്രിസ്ത്യാനികള്‍' എന്ന് ആദ്യം വിളിച്ചത് ഡച്ചുകാരാണ്. കച്ചവടത്തില്‍ തങ്ങളുടെ ബദ്ധശത്രുക്കളായ സിറിയക്കാരോടുള്ള നീരസത്തില്‍, അവരോടു ചേര്‍ന്ന്‌ നിന്ന മലങ്കരനസ്രാണികളെ സിറിയന്‍ ജാര സന്തതികള്‍ എന്ന ചെല്ലപ്പേര് ചാര്‍ത്തിയത് നസ്രാണികളുടെ ജാതിയില്‍ ഡച്ചുകാര്‍ക്കു ഒരു താല്പര്യവും ഇല്ലാത്തതിനാലായിരുന്നു. മലങ്കരനസ്രാണി, 'സുറിയാനി ക്രിസ്ത്യാനി' എന്ന വിളിപ്പേരു ആഡംബരമായി ഏറ്റെടുത്തു ധരിച്ചത് തങ്ങളുടെ ജാതി കോംപ്ലക്‌സ് കൊണ്ടായിരുന്നു.

ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സഭാ വിശ്വാസങ്ങള്‍ക്ക് ഒരു ആമുഖം 
നിരവധി പോപ്പുമാരും പാത്രിയര്കീസന്മാരും കാതോലിക്കമാരും ഉള്ള സ്വതന്ത്ര ദേശീയ സഭകളാണ് ഓര്‍ത്തഡോക്സ് സഭകള്‍. ഇവര്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിസ്തീയ കൂട്ടമാണ്. ഇതില്‍ത്തന്നെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ്, ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്സ് തുടങ്ങിയ വിഭാഗങ്ങള്‍ ഒക്കെ നേരിയ ആചാര അനുഷ്ടാനങ്ങളുടെ വ്യത്യാസത്തില്‍ നില നില്‍ക്കുന്നു. അതാണ് ഈ സഭകളുടെ സൗന്ദര്യവും ഏകതയും. ശുദ്ധമുള്ള, തനിമയുള്ള വിശ്വാസം എന്നാണ് ഓര്‍ത്തഡോക്സ് വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.  ക്രിസ്തുമതത്തിന്റെ ആദികിരണങ്ങള്‍ കാലദേശങ്ങള്‍ക്കതീതമായി നിലനിര്‍ത്തുന്ന, ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും യഹൂദ പാരമ്പര്യങ്ങളും അപ്പോസ്‌തോലിക കീഴ്വഴക്കങ്ങളും തലമുറതലമുറയായി  കൈമാറ്റം ചെയ്യപ്പെട്ട ഒരു കൂട്ടം വിശ്വാസികളാണ് അവര്‍.  

ലോകത്തിലെ വിവിധ സംസ്‌കാരങ്ങള്‍ വിഭിന്നമായി നിലനില്‍ക്കുന്നതാണ് പ്രകൃതിയുടെ തന്നെ മാസ്മരികത. ഒന്ന് മറ്റൊന്നിനെ ആധിപത്യം സ്ഥാപിക്കാന്‍ പോകുമ്പോഴോ, എന്റേത് മാത്രം ശരി, മറ്റുള്ളതൊക്കെ തെറ്റ് എന്ന് വിധിക്കാന്‍ തുടങ്ങുപോളാണ് പ്രശനം ഉണ്ടാകുന്നത്.

ഇന്ന് ലോകത്തിലെ 77 ശതമാനം ഓര്‍ത്തഡോക്സ് വിശ്വാസികളും ജീവിക്കുന്നത് യൂറോപ്പിലാണ്. ബൈസാന്റിയന്‍ സാമ്രാജ്യം തുടക്കമിട്ടു തുര്‍ക്കിയില്‍ നിന്നും, കിഴക്കന്‍ യുറോപ്പിലൂടെ ബള്‍ഗേറിയ, സെര്‍ബിയ, റഷ്യ വരെ ഗിരിശൈത്യത്തില്‍ ഈ വിശ്വാസം നിലനില്‍ക്കുന്നു. ഒരു കാലത്തു ഇറാക്കിലും പേര്‍ഷ്യയിലും, സിറിയ, ലബനോന്‍ തുടങ്ങി മദ്ധ്യപൂര്‍വ ഏഷ്യയുടെ ഏറ്റവും സമ്പന്നവും ശക്തവും ആയിരുന്ന സമൂഹമായിരുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിഭാഗം, വിധി വൈപരീത്യത്തില്‍ തുടച്ചു നീക്കപ്പെട്ടു. യൂറോപ്പിന് പുറത്തായി ഏറ്റവും കൂടുതല്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഉള്ളത് എത്തിയോപ്പിയയിലാണ് (4.5 കോടി). ആഫ്രിക്കയില്‍ ഈജിപ്തിലും എറിത്രിയയിലും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ഇന്നും നിര്‍ണായക സ്വാധീനം നിലനിര്‍ത്തുന്നു. ഇന്ത്യയില്‍ 38 ലക്ഷം, സിറിയയില്‍ 18 ലക്ഷം. അമേരിക്കയില്‍ 52 ലക്ഷം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ഉണ്ട് എന്നാണ് കണക്ക്.  അര്‍മേനിയ, ബള്‍ഗേറിയ, ജോര്‍ജിയ, റൊമേനിയ, റഷ്യ, സെര്‍ബിയ, യുെ്രെകന്‍ തുടങ്ങിയ കിഴക്കന്‍ ഓര്‍ത്തഡോക്സ്  സഭകളുടെ തലവന്മാര്‍ പാത്രിയര്‍കീസ്  എന്ന നാമത്തിലാണ് വിളിക്കപ്പെടുന്നത്.
  
കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളിലെ പ്രമുഖ പാത്രിയര്കീസന്മാരായ കോണ്‍സ്റ്റാന്റിനോപ്പിലെ ഏക്കുമിനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലമോ ഒന്നാമന്‍, അലക്‌സാണ്ഡ്രിയയിലെയും എല്ലാ ആഫ്രിക്കയുടെയും പോപ്പ് തിയോഡോറോസ് രണ്ടാമന്‍, അന്ത്യോഖ്യായുടേയും കിഴക്കിന്റെ ഒക്കെയും പാത്രിയര്‍ക്കിസ് ജോണ്‍ പത്താമന്‍, റഷ്യന്‍ പാത്രിയര്‍ക്കിസ് കിറില്‍ ഒന്നാമന്‍, ഗ്രീസിലെ ആര്‍ച്ചുബിഷപ്പ് ലെറോനിമോസ് രണ്ടാമന്‍ തുടങ്ങിയ സഭാതലവന്മാര്‍ പരസ്പരം പൊതുവില്‍ മറ്റു െ്രെകസ്തവ വിഭാഗം എന്ന രീതിയില്‍ അംഗീകരിക്കുമെങ്കിലും, ഓരോ ദേശത്തിന്റെ പരിധിയില്‍ നിലനില്‍ക്കുകയാണ്. 
 
ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍
AD  451 ലെ കല്‍ക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കാത്ത കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്ന് അറിയപ്പെടുന്നു. അര്‍മേനിയന്‍ കാതോലിക്കോസ്, വിശുദ്ധ മാര്‍ക്കോസിന്റെ പിന്‍തലമുറയുള്ള ഈജിപ്തിലെ കോപ്റ്റിക്അലക്‌സാണ്ഡ്രിയ പോപ്പ്,  വിശുദ്ധ ബര്‍ത്തലോമായുടെ പിന്‍തലമുറയുള്ള അല്‍ബേനിയന്‍ സഭ (നിലവില്ല), എത്യോപ്യന്‍ സഭ, എറിത്രിയന്‍ സഭ, പത്രോസ് പൗലോസ് അപ്പോസ്‌തോലന്മാരാല്‍ സ്ഥാപിതമായ അന്ത്യോക്യന്‍ പാത്രിയര്‍കെറ്റ്, സെന്റ് തോമസ് പാരമ്പര്യമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭ, ഇവ ക്രിസ്തു സ്ഥാപിച്ച ആദിമ സഭയുടെ തുടര്‍ച്ചയായ  'കാതോലികം (സാര്‍വര്‍ത്തികം), അപ്പോസ്‌തോലികം, ഏകം,വിശുദ്ധം' എന്നീ സ്വഭാവങ്ങള്‍ കലര്‍പ്പില്ലാതെ തുടരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇവര്‍ അപ്പോസ്‌തോലിക പാരമ്പര്യം പിന്‍തുടര്ന്ന്, ഒരേ അപ്പത്തിന്റെ അവകാശികളായി നിലനില്‍ക്കുന്നു.

പാരമ്പര്യ ക്രിസ്തീയ സഭകള്‍
ദേശീയതയുടെ സത്വത്തില്‍, സ്വതന്ത്രമായി തീരുമാനങ്ങള്‍  എടുക്കാന്‍ പ്രാപ്തമാകുമ്പോള്‍  തനതായ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക എന്നതാണ് ഓര്‍ത്തഡോക്സ് ചിന്ത. കാലങ്ങളായി ഓരോ ഓര്‍ത്തഡോക്സ് സഭകളും അങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക ആയിരുന്നു എന്നതാണ് ചരിത്രം. മറ്റു സഭകളുടെ മേല്‍ക്കോയ്മ ഭാഷയുടെ പേരിലോ, ആചാരങ്ങളുടെ പേരിലോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് നീതിയല്ല. പാരമ്പര്യ ക്രിസ്തീയ സഭകള്‍ കേവലം ബൈബിള്‍ സഭകളല്ല. പാരമ്പര്യ അനുഷ്ടാനങ്ങള്‍ പരമപ്രധാനമാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായികൊണ്ടിരിക്കാം. എന്നാലും അടിസ്ഥാന പ്രമാണങ്ങളില്‍ മാറ്റമുണ്ടാകില്ല. ഇവര്‍ ഇന്നും ആരാധനയുടെ പ്രധാനക്രമമായി സൂക്ഷിക്കുന്നത് ഒന്നാം നൂറ്റാണ്ടില്‍ യെരുശലേമിലെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന യാക്കോബിന്റെ ക്രമമാണ്. 

മാര്‍ത്തോമന്‍ പൈതൃകം
ക്രിസ്തുവര്‍ഷം 52 ല്‍ തോമശ്ലീഹ കൊടുങ്ങല്ലൂര്‍ ഉള്ള ജൂതസങ്കേതത്തില്‍ എത്തിയെന്നും,സവര്‍ണരെ ക്രിസ്തു മാര്‍ഗത്തില്‍ ചേര്‍ത്ത് എന്നും, 7 പള്ളികള്‍ സ്ഥാപിച്ചു എന്നും പറയപ്പെടുന്നു. ഭാരതീയ ആചാരാനുഷ്ടാനങ്ങളുമായി ഇഴുകിചേര്‍ന്ന, നിലനിന്ന ജാതി വ്യവസ്ഥതിയില്‍ നിര്‍ണായകമായ സ്ഥാനം നിലനിര്‍ത്തിയ, മാര്‍ത്തോമയുടെ മാര്‍ഗത്തില്‍ സഞ്ചരിച്ച ഒരു കൂട്ടം നസ്രാണികളുടെ കഥ, പാശ്ചാത്യര്‍ ഇന്ത്യയുടെ മണ്ണില്‍ കാലുകുത്തുന്ന പതിനഞ്ചാം നൂറ്റാണ്ടുവരെ ഒന്നായിരുന്നു. പറങ്കികളും, ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും മലങ്കരനസ്രാണിയുടെ മതപരമായ ശാന്തതയെ കലക്കികളഞ്ഞു. അതുവരെ സിംഹാസങ്ങളോ, പാത്രിയര്‍ക്കിസോ മെത്രാനോ ഒന്നും അവനെ അലട്ടിയിരുന്നില്ല. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു വിന്യസിപ്പിച്ച സമാധാന ധ്വനി ആരാധനാ ക്രമങ്ങളില്‍ നിറഞ്ഞ സുഗന്ധം പരത്തി നിലനിന്നു. തമ്മില്‍ നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന, അസമാധാനങ്ങളുടെ  ഇസ്മായേല്യ പാരമ്പര്യമല്ല, മറിച്ചു, സമാധാനം എപ്പോഴും പരിലസിപ്പിക്കുന്ന ഇസ്രായേല്യ പാരമ്പര്യമാണ് മലങ്കരനസ്രാണിക്കുള്ളത്.    

നാലാം നൂറ്റാണ്ടില്‍ ക്‌നായിതൊമ്മന്റെ കുടിയേറ്റത്തോട് കിഴക്കന്‍ ക്രിസ്തീയത ഇവിടെ പറിച്ചുനട്ടപ്പോള്‍, അന്നും ഇന്നും രക്തം കലര്‍ത്താന്‍ ഇടം കൊടുക്കാത്ത ബാബിലോണിയന്‍ വംശജര്‍ നാട്ടു ക്രിസ്ത്യാനികളെ അവരുടെ കൂടെ കൂട്ടിയിരുന്നില്ല. കറുത്തവര്‍ക്കു മെത്രാന്‍ പദവികൊടുക്കാന്‍  സാമുദായിക വിലക്കുകള്‍ ഏറെഉണ്ടായിരുന്നു താനും. മറ്റു ജാതികള്‍ക്കുള്ളപോലെ 'നസ്രാണി ജാതിയും' അവര്‍ക്കൊരു ജാതിക്കു കര്‍ത്തവ്യനും ഉണ്ടായിരുന്നു. മലങ്കരനസ്രാണി മതത്തിന്റെ ആത്മീയ നേതൃത്വം പേര്‍ഷ്യയില്‍ നിന്നു വന്ന മെത്രാന്മാര്‍ക്കായിരുന്നെങ്കില്‍, 'ജാതിക്കു കര്‍ത്തവ്യന്‍' എന്ന പദവിയുള്ള കത്തനാരായിരുന്നു യഥാര്‍ത്ഥ സഭാതലവന്‍. റോമന്‍സഭ  നസ്രാണിയുടെ ജാതിക്കു കര്‍ത്തവ്യന്‍ സ്ഥാനം നിഷ്പ്രഭമാക്കി, അതിനാലായിരിക്കണം അതുവരെ ഇല്ലാത്ത നാട്ടുമെത്രാന്‍ എന്ന മോഹം സ്വാതന്ത്ര്യ ദാഹികളായ മലങ്കരനസ്രാണികളില്‍ ഉദിച്ചു തുടങ്ങിയത്. റോമാക്കാര്‍ വന്നപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് മലങ്കരനസ്രാണികള്‍ അവരെ നോക്കികണ്ടത്, അവരുടെ അവകാശമായി സൂക്ഷിച്ചിരുന്ന എല്ലാ പതക്കങ്ങളും അവര്‍ക്കു കാഴ്ചവച്ചു.   

മലങ്കരനസ്രാണിക്കു ഒന്‍പതാം നൂറ്റാണ്ടില്‍ ലഭിച്ച കൊല്ലം തരിസാപള്ളി ചെപ്പേടിനപ്പുറം വലിയ ചരിത്രങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ചരിത്രം ഇല്ലാതെവരില്ലല്ലോ. മാര്‍ത്തോമാ ഇന്ത്യയില്‍ വന്നിട്ടില്ല എന്ന് ഒരു മാര്‍ത്തോമന്‍ പാരമ്പര്യത്തില്‍ ജനിച്ചവന്‍ പറഞ്ഞാല്‍ അത് വെറും പിത്രുശൂന്യത  എന്നേ പറയാന്‍ സാധിക്കൂ. മാര്‍ത്തോമാ ഇന്ത്യയില്‍ വന്നിട്ടില്ല എന്നതിനും തെളിവ് കൊണ്ടുവരാത്ത സ്ഥിതിക്ക് മലങ്കരനസ്രാണി നൂറ്റാണ്ടുകളായി തലമുറകള്‍ക്കു പാടികൊടുത്ത മലങ്കരനസ്രാണിയുടെ സത്വബോധത്തെ നിരസിക്കാന്‍ ആര്‍ക്കും സാധ്യമല്ല.  ഒന്നാം നൂറ്റാണ്ടിലുള്ള റോമന്‍ നാണയങ്ങളും മറ്റും കൊടുങ്ങലൂരില്‍ നിന്നും ലഭിച്ചതിനാല്‍, സുഗന്ധ ദ്രവ്യങ്ങള്‍ക്കു വേണ്ടി കച്ചവടക്കാര്‍ എത്തിയവഴി, ഇന്ത്യയുടെ കരയില്‍ ക്രിസ്തീയ വിശ്വാസം എത്തിചേര്‍ന്നിരിക്കണം. അന്ന് കേരളത്തു നിലനിന്ന ജൈനബുദ്ധ രീതികളും തമ്മില്‍ ഇവര്‍ ഇടകലര്‍ന്നിരിക്കണം. പിന്നെ ജാതീയമായി വേര്‍തിരിഞ്ഞപ്പോള്‍ ആയിരിക്കാം മലങ്കരനസറാണി ജാതിയായി വേര്‍തിരിഞ്ഞത്. സുറിയാനിക്കാര്‍ എന്നത് സവര്‍ണ്ണ ജാതിയായി അഭിമാനത്തോടെ മലങ്കരനസ്രാണികള്‍ കൊണ്ടുനടന്നു. 

വെള്ളക്കാരുടെ അധീശ്വത്വം
പതിനഞ്ചാം നൂറ്റാണ്ടില്‍ വെള്ളക്കാരുടെ നായകനായ മാര്‍പ്പാപ്പ ലോകത്തെ, സ്‌പെയിനും പോര്‍ത്തുഗലിനുമായി വീതിച്ചു നല്‍കി. 1455 ല്‍ പോപ്പ് നിക്കോളാസ് അഞ്ചാമന്‍ ഇന്ത്യയെ കോളനിവല്‍ക്കരിക്കാനും ക്രിസ്തീയവല്‍ക്കരിക്കാനും നിയോഗിച്ചത് പോര്‍ത്തുഗീ സുകാരെയാണ്. 'ദൈവം വെള്ളക്കാരനോടൊപ്പമാണ്', ജീസസ് തിരികെ വരുമ്പോള്‍, നിറമുള്ളവരെയും യഹൂദന്മാരെയും ദൈവീകരക്കാനുള്ള ഭാരിച്ച ഉത്തരവാദം വെള്ളക്കാര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കാരുടെ കോളനികള്‍ ഉണ്ടാക്കണമെന്നും ലോകം അവര്‍ ഭരിക്കണമെന്നും ഉള്ള ചിന്ത പാശ്ചാത്യ ലോകത്തു നിലനിന്നിരുന്നു. മറ്റു വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒരു വിധത്തിലും അംഗീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. റോമാക്കാര്‍ ഇന്ത്യയില്‍ എത്തിയത് കച്ചവടവും മിഷന്‍ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച പദ്ധതി ആയിരുന്നു. മലങ്കരനസ്രാണിമതം ക്രിസ്തിയമായ മതമാണെന്നു അവര്‍ അംഗീകരിച്ചുമില്ല. അങ്ങനെ 1599 ല്‍ ഉദയംപേരൂര്‍ സുന്നഹദോസില്‍ വച്ച് മലങ്കരനസ്രാണി മതത്തിന്റെ കടക്കല്‍ കോടാലിവച്ചു. 

ഇന്ത്യയിലെ കത്തോലിക്കാ സഭ 
വാസ്‌കോഡ ഗാമക്ക് മുന്‍പ് ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ  രേഖപ്പെടുത്താവുന്ന ചരിത്രങ്ങള്‍ ഇല്ല എന്ന് പറയാം. ഗാമ വന്നപ്പോളും കുരിശുധാരികള്‍ ഇന്ത്യയില്‍ കാണാവുന്ന ഇടങ്ങളില്‍ ഉണ്ടായിരുന്നു എന്ന്  ചില രേഖകള്‍ ഉണ്ട്. പതിനാറാം നൂറ്റാണ്ടില്‍, ഇന്ത്യയില്‍ ലത്തീന്‍ ഭാഷ സുറിയാനിക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതാണ് പോര്‍ട്ടുഗീസ് ഭരണത്തെ അമ്പരപ്പിച്ചുകൊണ്ട് സുറിയാനിക്കാരുടെ കൂനന്‍ കുരിശു വിപ്ലവം (ജനുവരി 3, 1653) . റോമന്‍ ആര്‍ച്ചു ബിഷപ്പ് മെനെസിസ് തുടങ്ങിവച്ച സുറിയാനിക്കാരുടെ പാശ്ചാത്യവത്കരണം മലങ്കരനസറാണി പാരമ്പര്യത്തെയും, അതുവരെ തുടര്‍ന്നുവന്ന പേര്‍ഷ്യന്‍ ഓര്‍ത്തഡോക്ള്‍സ് അനുഷ്ടാങ്ങളെയും തുടച്ചുനീക്കി. കിഴക്കന്‍ സഭകളില്‍ തുടര്‍ന്നുവന്ന നെസ്‌തോറിയന്‍ ഉപദേശങ്ങള്‍ ദൈവനിഷേധമാണെന്ന കടുത്ത നിലപാടുകളാണ് റോമാക്കാരെ ചൊടിപ്പിച്ചത്. ദേശത്തു പട്ടക്കാരും പള്ളി പൊതുയോഗങ്ങളും അടങ്ങിയ അതുവരെ ഉണ്ടായിരുന്ന ജനാതിപത്യപ്രക്രിയകള്‍ നിര്‍ത്തല്‍ ചെയ്തു. കേന്ദ്ര അധികാരം മെത്രാനില്‍ നിഷിപ്തമാക്കി.  

നസ്രാണികളുടെ ചെറുത്തുനില്‍പ്പ്
നസ്രാണികളുടെ തലവനായ ആര്‍ച്ചു ഡീക്കന്‍ തോമയെ പന്ത്രണ്ടു വൈദീകര്‍ കൈവെപ്പു നല്‍കി ബിഷപ്പ് ആയി അവരോധിച്ചു. കലുഷിതമായ ആ കാലത്തു ബിഷോപ്പിന്റെ കൈവെപ്പിനു  അപ്പോസ്‌തോലിക  പിന്തുടര്‍ച്ചയും, നഷ്ട്ടപ്പെട്ട ആരാധനാക്രമങ്ങള്‍  പുനഃനിര്‍മിക്കാനുമായി സുറിയാനി ദേശത്തു എല്ലാം സഹായം അഭ്യര്‍ഥിച്ചു. 1665 ല്‍, ജറുസലേമിലെ, പാശ്ചാത്യസുറിയാനി സഭയില്‍ നിന്നും മോര്‍ ഗ്രീഗോറിയോസ് അബ്ദുല്‍ ജലീല്‍  മലങ്കരയില്‍ എത്തുകയും സെന്റ് തോമസ് ക്രിസ്ത്യാനികള്‍ക്ക് തുടര്‍ച്ച ലഭിക്കുകയും ചെയ്തു. ('ഠൃമ്മിരീൃല ടമേലേ ങമിൗമഹ' ഢീഹ കക ജമഴല 187). തിരികെ റോമസഭയിലേക്കു പോയ സുറിയാനിക്കാരാണ് പഴയകൂറ്റുകാര്‍ എന്ന പേരില്‍ അറിയപ്പെട്ട സീറോ മലബാര്‍ വിഭാഗം കത്തോലിക്കര്‍. മാര്‍ത്തോമന്‍ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന പുത്തന്‍ കൂറ്റുകാര്‍ പില്‍ക്കാലത്തു അന്ത്യോഖ്യന്‍ ബന്ധത്തില്‍ ആരാധന പരിശീലിപ്പിച്ചു.

അന്ത്യോഖ്യന്‍ ബന്ധം 
റോമാക്കാര്‍ ആരോപിച്ച അപ്പോസ്‌തോലിക കൈവെപ്പിന്റെ സമ്മര്‍ദ്ദത്തിലാണ് അന്ത്യോഖ്യയുമായുള്ള ബന്ധം ഉടലെടുത്തത്. അന്ന് വിവിധ സഭകളുമായി ബദ്ധപ്പെട്ടിരുന്നെകിലും 1665 ല്‍ ജറുസലേമിലെ അന്ത്യോഖ്യന്‍ പ്രതിനിധിയാണ് സഹായത്തിനു എത്തിയത്.അത് കാലക്രമേണ മറ്റൊരു കോളനിവാഴ്ചയായി മാറ്റപ്പെടുകയായിരുന്നു. സ്വന്തം ക്രിസ്തു സഹോദരര്‍ എന്ന് കരുതി സ്വീകരിച്ച പറങ്കികളുടെ അനുഭവത്തിന്റെ മറ്റൊരു പതിപ്പായി മാറി അന്ത്യോഖ്യന്‍ മലങ്കരനസ്രാണി ബന്ധം. കലഹങ്ങളുടെയും വ്യവഹാരങ്ങളുടെയും നിലക്കാത്ത ചരിത്ര ആവിഷ്‌കാരമായി മാറുകയായിരുന്നു പിന്നീട്. മലങ്കരനസ്രാണികളുടെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ നിലപാടുകളും അന്ത്യോഖ്യക്കാര്‍ക്കു യോജിക്കാനായില്ല. ആലോചനയോ പൊതു അംഗീകാരമോ കൂടാതെ,അവര്‍ തലങ്ങും വിലങ്ങും മെത്രാന്‍ വാഴ്ചകള്‍ നടത്തി മലങ്കരസഭയാകെ സമ്മര്‍ദം കൊടുത്തുകൊണ്ടിരുന്നു.

1836 ല്‍ അന്ത്യോഖ്യന്‍ ആരാധനാ ക്രമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. എങ്കിലും അന്ത്യോഖ്യന്‍ പാത്രിയര്‍ക്കിസിനു മലങ്കര സഭയുടെ ആത്മീയ അധികാരം മാത്രം നിലനിര്‍ത്തി സ്വത്തുക്കളില്‍ അധികാരം വിട്ടു കൊടുക്കാന്‍ മലങ്കരനസ്രാണികള്‍ തയ്യാറായില്ല .അധികാരത്തര്‍ക്കവും മുടക്കുകളും തുടര്‍ന്നുകൊണ്ടേയിരുന്നു. 1912 ല്‍ , തുര്‍ക്കി സുല്‍ത്താന്‍ പുറത്താക്കിയ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കിസ് അബ്ദുല്‍ മ്ശിഹാ, ഇന്ത്യയില്‍ എത്തി, മലങ്കരയിലെ സ്വതന്ത്ര കാതോലിക്ക സ്ഥാനം പ്രഖ്യാപിച്ചു.     

ബ്രിട്ടീഷുകാര്‍ക്കുവേണ്ടി നാം പഠിച്ച ഇംഗ്ലീഷും, അവരുടെ കച്ചവടത്തിന് അവര്‍ സ്ഥാപിച്ച റെയില്‍വേ സംവിധാനങ്ങളും വേഷവിധാനങ്ങളും നിരന്തരം ഉപയോഗിക്കുമ്പോള്‍ അവരുടെ അടിമകളായി തുടരാന്‍ നാം തീരുമാനിക്കുകയാണെങ്കില്‍ ഒരിക്കലും വളര്‍ച്ചയുള്ള ജനതയായി ഉയരാനാവില്ലല്ലോ. കാലപ്രവാഹത്തില്‍ അന്ത്യോഖ്യന്‍  സഭയുമായി മലങ്കരസഭ ചേര്‍ന്ന് പോയെങ്കിലും, സ്വന്തം കാലില്‍ നിന്ന് തീരുമാനം എടുക്കാന്‍ പ്രാപ്തി ഉണ്ടായി കഴിയുമ്പോള്‍ മാന്യമായി കൈ കൊടുത്തു മുന്നോട്ടു പോകയാണ് വേണ്ടത്. അതിനു പകരം ജനങ്ങള്‍ തലമുറയായി അറബികള്‍ക്കടിമയായി നിലനില്‍ക്കാമെന്നു ശഠിക്കുന്നത് ഒരു വലിയ ജനതയെ ചങ്ങലയില്‍ തളച്ചിടുകയാണ്.
  
1934 ലെ ഭരണഘടന
സ്വതന്ത്ര ഇന്ത്യക്കു ഒരു ഭരണഘടന എഴുതുന്നതിനു പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സ്വാതന്ത്ര്യ  ദാഹികളായ മലങ്കരനസ്രാണികള്‍ അവര്‍ക്കു വേണ്ട നിയമക്രമങ്ങള്‍ തയ്യാറാക്കി ജനപ്രാതിനിധ്യത്തോടെ അംഗീകരിച്ചു. ഇതിനെ പിന്നീട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്കീസും, ഇന്ത്യയുടെ പരമോന്നത ന്യായസന്നിധിയായ സുപ്രീം കോടതിയും അംഗീകരിച്ചു. ഇനിയും പുറകോട്ടു പോകാനല്ല, കാലക്രമത്തിലുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് ഉണ്ടാക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോരുത്തര്‍ക്കായി പടച്ചു കൂട്ടുന്ന വ്യവസ്ഥകളെ ഭരണഘടന എന്ന പേരില്‍ വിളിക്കാനാവില്ല. 

പള്ളിപ്രതിപുരുഷയോഗമായ മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുക്കുന്ന മലങ്കര മെത്രാപോലിത്തയും കൂട്ടുട്രസ്റ്റികളുമാണ് മലങ്കരട്രസ്റ്റിന്റെ അവകാശികള്‍. ആത്മീയ അധികാര നിര്‍വ്വഹണത്തിനായി നിയോഗിക്കപ്പെടുന്ന കാതോലിക്കയും ഒപ്പം പ്രവര്‍ത്തിക്കുന്ന മെത്രാപ്പോലീത്തന്മാരെയും വൈദീകരുടെയും അവൈദീകരുടെയും മതിയായ അംഗീകാരോത്തോടുകൂടി മാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവരാണെന്നു കൃത്യമായി നിര്‍ഷ്‌കര്‍ഷിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമല്ലാത്ത ഒരു നീക്കുപോക്കും നടക്കാത്ത സുതാര്യമായ ഇടപെടലുകളാണ് ഇവിടെ ഉണ്ടാക്കപ്പെടുന്നത്. മഹാ പ്രസ്ഥാനമായ മലങ്കര അസോസിയേഷന്‍ ക്രമങ്ങള്‍ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷന്‍ സെക്രട്ടറിയായ അവൈദീകന്‍ ആണ്. അങ്ങനെ താഴെതലത്തിലുള്ള വിശ്വാസികള്‍ വരെ ചേര്‍ന്ന് തീരുമാനങ്ങള്‍ ഏറ്റെടുക്കുന്ന ബ്രഹ്ത് സംവിധാനമാണ് 1934 ഭരണഘടന വിഭാവനം ചെയ്യുന്നത്.

നാഴികക്കല്ലുകള്‍ 
1912  ഇന്ത്യയിലെ സ്വതന്ത്ര കാതോലിക്കാ സ്ഥാപനം നടത്തപ്പെടുന്നു. 
1934  ഭരണഘടന നിലവില്‍ വരുന്നു. 
1958  ഒന്നാം സമുദായ കേസ് തീരുകയും പാത്രിയര്‍ക്കീസും,കാതോലിക്കയും പരസ്പരം അംഗീകരിച്ചു. 
1975  മാര്‍തോമക്കു പട്ടത്വം ഇല്ല എന്ന പാത്രിയര്‍ക്കിസിന്റെ വിവാദപ്രസ്താവനയില്‍ വീണ്ടും പിളരുന്നു. 
1995  രണ്ടാം സമുദായ കേസില്‍ സുപ്രീം കോര്‍ട്ടിന്റെ നേതൃത്വത്തില്‍  ഒന്നായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഉടലെടുക്കുന്നു. 
2002  സംയുക്ത സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സുപ്രീം കോര്‍ട്ടിന്റെ ഇടപെടലോടെ നടത്തപ്പെടുന്നു, യാക്കോബായ ഭാഗം അസോസിയേഷന്‍ യോഗം ബഹിഷ്‌കരിച്ചു പുതിയ ഭരണഘടനക്ക് രൂപം നല്‍കുന്നു. 
2017  മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് മാത്രം ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 2002ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പാരലല്‍ ഭരണ സംവിധാനവും പള്ളി വീതം വെയ്പ്പും നടക്കില്ല. 

ഏഴു പതിറ്റാണ്ടുകള്‍ നീണ്ട കൊടിയ ശത്രുത മറന്നു നോര്‍ത്ത് കൊറിയയും സൗത്ത് കൊറിയയും കൈകൊടുത്തു പുതിയ തുടക്കം കുറിക്കുന്ന ചിത്രമാണ് കണ്ടത്. ആരുടേയും മധ്യസ്ഥസ്ഥതക്കു കാത്തുനില്‍ക്കാതെ അവര്‍ സ്വയം അവരുടെ ഭാവിയില്‍ സാഹോദര്യത്തിന്റെ പുത്തന്‍ നാളം തെളിയിച്ചു. വീണ്ടും ഒരു കപടസമാധാനത്തിനു നിന്നു കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു; അതിനാല്‍ വ്യക്തമായ, കൃത്യമായ ധാരണകള്‍ ഉണ്ടാക്കികൊണ്ടു തന്നെ ഒരു പൊന്‍പുലരി മുന്നില്‍ തെളിയുന്നില്ലേ ?

വിജയത്തിന്റെ അഹങ്കാരവും പരാജയത്തിന്റെ ദുര്‍വാശികളും സാദോഹര സ്‌നേഹത്തിന്റെ പാതയില്‍ മുള്ളുകള്‍ നിറക്കാതെ ഇരിക്കട്ടെ.  അശാന്തിയുടെ വേലിയിറക്കത്തില്‍,സമന്വയത്തിന്റെ പാതകള്‍ തെളിഞ്ഞുവരാതെയിരിക്കില്ല. 

'ഞങ്ങളുടെ പിതാക്കന്മാര്‍ ആളിക്കത്തും അഗ്‌നിയോയോടും, 
മൂര്‍ച്ചയുള്ള വാളിനോടും പോരുതോരത്രെ. 
ആകയാല്‍ അല്‍പ്പം മാത്രം, ഇപ്പോഴുള്ള വഴക്കും കേസും...'

 കോരസണ്‍ 
ഏപ്രില്‍ 27 , 2018., ന്യൂ യോര്‍ക്ക് 

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല  ! (കോരസണ്‍  ന്യൂയോര്‍ക്ക് )മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല  ! (കോരസണ്‍  ന്യൂയോര്‍ക്ക് )മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്‌കാരമല്ല  ! (കോരസണ്‍  ന്യൂയോര്‍ക്ക് )
Join WhatsApp News
Yacob Parayil FB POST 2018-04-28 05:39:34
മതം അധികാരത്തിന്റെ ഭാഗമല്ലാതായിരുന്ന ഒരു കാലഘട്ടം എന്നെങ്കിലും ഉണ്ടായിരുന്നോ... സംശയമാണ്.അത് എക്കാലവും അധികാരത്തിന്റെയും ചൂഷണത്തിന്റെയും ഭാഗമായിരുന്നു..
അധികാരത്തോട് ചേർന്നു നിന്നുകൊണ്ടാണ് അഥവാ അതിന്റെ ഭാഗമായിത്തന്നെയാണ് എക്കാലവും മതങ്ങൾ നിലനിന്നിട്ടുള്ളത്...
ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് മാത്രമല്ല,എല്ലാ മതസ്ഥർക്കും എന്ന മുദ്രാവാക്യമല്ല ഉയരേണ്ടത്.ചർച്ച് ക്രിസ്ത്യാനികൾക്ക് മാത്രമല്ല, എല്ലാ മതസ്ഥർക്കും എന്ന മുദ്രാവാക്യമല്ല ഉയരേണ്ടത്.പള്ളികൾ മുസ്ലീംങ്ങൾക്ക് മാത്രമല്ല, എല്ലാ മതസ്ഥർക്കും എന്ന മുദ്രാവാക്യവും അല്ല ഉയരേണ്ടത്.. ഇവയൊന്നും മനുഷ്യരായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമില്ല എന്ന മുദ്രാവാക്യമായിരിക്കണം ഇനി ഉയർന്നു വരേണ്ടത്.അങ്ങനെ ഉയർന്നുവരുന്ന ഒരു കാലത്തായിരിക്കും നാം മനുഷ്യരായി ചിന്തിക്കാൻ ആരംഭിക്കുന്നത്...
Boby Varghese 2018-04-28 09:37:15
Korason, a great article.

Jesus Christ is the largest employer in the whole wide world. Orthodox Church [ including the Syriac Orthodox Church ] is the source of income and a source of authority for a large number people. Don't expect them to loosen their grip for the sake of Jesus or for the sake of unity.
Alex Koratty 2018-04-29 13:55:42
Very good information.  Sad to say majority of these problems for money & power.   We the laymen have to think like corporation. Consolidate it & cut down size clergys , Bishops  & Administration cost. Use the the funds for  Humanitarian cause.   I am sure not going to happend but as individual do not support anymore these fake charitties help within family,neighbours, tribes etc. Our Bishops / Thirumanees enjoying Luxury life with our money. I don`t think we can stop it but we can control it defferent ways
SchCast 2018-04-30 13:10:54
A very good article with vital historical information. Hope it will shed some light on the path to unity that everyone is talking about. It is not the time for talk but let us take some action now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക