Image

പിതൃതര്‍പ്പണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 17 June, 2018
പിതൃതര്‍പ്പണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ജൂണ്‍ പതിനേഴിന്‍ ലോകൈക പിതൃദിനേ

മല്‍ പ്രിയ താതനെയോര്‍പ്പൂ ഞാനാദരാല്‍,

ഇന്നീ വിശാലമാം താരാപഥത്തിന്‍ കീഴ്

എന്‍ തായ്‌വഴിക്രമ പ്രസ്പന്ദനമായി

ഈ പ്രപഞ്ചത്തിന്റെ സൗഭഗവീഥിയില്‍

എന്നെ സംസൃഷ്ടിച്ച വന്ദ്യ ജനിത്വരെ

ജന്മജന്മാന്തര സുകൃതമായ് കാണ്‍മേന്‍ !

ഗര്‍ഭാഗാരത്തില്‍ നിഗൂഢമാം വേളയില്‍ ്

അദൃഷ്ട മവര്‍ണ്യ മനര്‍ഘ സൃഷ്ടിയായ്

യൗവ്വന സ്വപ്ന സാക്ഷാത്ക്കാരമായ് വംശ

വൃക്ഷത്തിന്‍ നാരായ വേരിന്‍ തുടര്‍ച്ചയായ്്

അത്ഭുതം, ഏറെ ഭയങ്കരമായഹോ

ആദിപരനെന്നെ മെനഞ്ഞെന്നോര്‍പ്പൂ ഞാന്‍ !

അര്‍ത്ഥം ഗ്രഹിക്കാത്ത പ്രായത്തില്‍ ദൈവത്തെ

ചിത്തത്തിലേറ്റാന്‍ പഠിപ്പിച്ചും, സത്യത്തിന്‍

പാതയില്‍ നീങ്ങണമെന്നുപദേശിച്ചും

ചൊല്ലിപ്പഠിപ്പിച്ച പ്രാര്‍ത്ഥനാഗീതികള്‍

ചൊല്ലുന്നതാണിന്നെന്‍ പ്രാതസാന്ധ്യാര്‍ത്ഥനം;

വിദ്യയാം വിത്തത്തെ ആവതിലപ്പുറം

ത്യാഗം സഹിച്ചഛന്‍ മക്കള്‍ക്കു നല്‍കിയും

മുഖ്യോപാദ്ധ്യയനാം തന്‍ തുഛവേതനം

അഷ്ഠതനൂജര്‍ക്കു വിദ്യാര്‍ത്ഥമാക്കിയെന്‍

താതനെയോര്‍മ്മിപ്പേനാനന്ദാശ്രുക്കളാല്‍

മല്‍താതനാണെന്റെയാരാദ്ധ്യ മൂര്‍ത്തിയും

ഓതുവാനാവതില്ലെന്‍ ചിത്തവീചികള്‍,

മെല്ലിച്ച തന്‍കരവല്ലി വിരിച്ചെന്റെ

ശീര്‍ഷത്തിലര്‍പ്പിച്ചനുഗ്രഹ വര്‍ഷമാ

ണെന്നുമെന്‍ ജീവിതസാന്ത്വനമറിയുന്നേന്‍ !

നല്‍കുവാനായില്ലെനിക്കൊന്നുമങ്ങേയ്ക്ക്

നല്‍കുന്നിന്നര്‍ഘ്യമായീ പിതൃതര്‍പ്പണം !

ജൂണ്‍ 17 പിതൃദിനം. ഇന്നു് എന്റെ വന്ദ്യപിതാവിനെ ഭക്ത്യാദരങ്ങളോടെ സ്മരിക്കുന്നു. 1909 മുതല്‍ 2002 വരെ 93 വര്‍ഷക്കാലം സന്തോഷ സന്താപ സമ്മിശ്രമായ ജീവിതം നയിച്ച, പ്രഗത്ഭനായ ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായ, കവിപുംഗവനായ കഠിനാദ്ധ്വാനി. എട്ടുമക്കളെ നല്ല ശിക്ഷണത്തില്‍ കഴിവിനപ്പുറം വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി, സത്യം, നീതി, ദൈവാശ്രയം എന്നിവ മുറുകെപ്പിടിച്ചു് ശ്രേഷ്ഠമായ ജീവിതം നയിച്ച എന്റെ വന്ദ്യപിതാവിനെ (റ്റി.ജി. തോമസ്, താഴേതില്‍, കടമ്പനാട്) ഈ പിതൃദിനത്തില്‍ സ്‌നേഹാദരങ്ങളോടെ ഹൃദയകോവിലില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്നു !! 
പിതൃതര്‍പ്പണം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക