Image

വമ്പുപറയാത്ത ഒരുവന്‍ (കവിത: ഡോ.ഈ.എം. പൂമൊട്ടില്‍)

ഡോ.ഈ.എം. പൂമൊട്ടില്‍) Published on 19 December, 2018
വമ്പുപറയാത്ത ഒരുവന്‍ (കവിത: ഡോ.ഈ.എം. പൂമൊട്ടില്‍)
ലേശം അഹന്തയില്ലാത്തൊരു വ്യക്തി ഞാന്‍
ദേശത്തിനെന്നും അഭിമാന പുത്രന്‍
മോശമാം ആത്മപ്രശംസയില്ലാത്തവന്‍
ലേശവും വമ്പുചൊല്ലാത്തവന്‍ ഞാന്‍!

വീഥികള്‍തോറും ഞാന്‍ ചെയ്തു പ്രഭാഷണം
ജാഥകള്‍ നാടിനായെത്ര നയിച്ചു
നാട്ടിന്‍പുറത്തെത്ര റോഡുകള്‍ നിര്‍മ്മിച്ചു,
ദാനമായ് ഓണത്തിനേകി വസ്ത്രങ്ങള്‍!

ഇന്നവയൊന്നുമേ കാണുന്നില്ലെങ്കിലും
അന്നു ഞാനെത്രയോ വൃക്ഷങ്ങള്‍ നട്ടു;
മേല്‍ക്കൂര പോയൊരാ വീടുകള്‍ക്കെല്ലാം
മേയുവാന്‍ തെങ്ങോലകള്‍ നല്‍കി ഞാന്‍
സൗജന്യ ഭക്ഷണം കുട്ടികള്‍ക്കേകി ഞാന്‍
സമ്മാനമായി നല്‍കി പെന്‍സിലും സ്ലേറ്റും!

കൈയിട്ടുവാരി ഞാന്‍ പൊതു ഫണ്ടില്‍ നിന്നും
കൈയും കണക്കുമില്ലാതെ പണം
അതു മൊത്തം പോക്കറ്റിലാക്കാതെ, ഒരു വീതം
പൊതു നന്മയ്ക്കായ് ചിലവാക്കിയില്ലേ!

കേള്‍ക്കട്ടെ ദോൈകദൃക്കുകള്‍, ഈ വിധം
സേവനം ചെയ്യുവോരില്ലനേകര്‍
വീണ്ടും ഞാന്‍ ചൊല്ലുന്നു, നാട്ടുകാര്‍ കേള്‍ക്കുവിന്‍
വീമ്പെന്ന വാക്കറിയാത്തവന്‍ ഞാന്‍!!

വമ്പുപറയാത്ത ഒരുവന്‍ (കവിത: ഡോ.ഈ.എം. പൂമൊട്ടില്‍)
Join WhatsApp News
truth and justice 2018-12-19 06:46:26
Excellent.
amerikkan mollakka 2018-12-19 14:29:12
അസ്സലാമു അലൈക്കും. പൂമൊട്ടിൽ സാഹിബിന്റെ കബിതകൾ 
ഞമ്മക്ക് പെരുത്ത് ഇഷ്ടമാണ്. തണുപ്പായപ്പോൾ 
വായനയോടും ബീവിമാരോടും ഞമ്മള് കൂടുതൽ 
അടുക്കുന്നു. പുറത്തിറങ്ങാൻ ബയ്യ , ഞമ്മളും ലേശം 
അഹന്തയില്ലാത്ത ആളാണ്. പൊതുഫണ്ട് കയ്യിട്ട് ബാരിയതിൽ 
നിന്ന് ഒരു വീതമാണ് പൊതു നന്മക്ക് ചെലവാക്കിയത്.
ആ സത്തിയം പറഞ്ഞത്കൊണ്ടാണോ ഓനു  അഹന്തയില്ലെന്ന് 
പറയുന്നത്. ബാക്കി ഓൻ പള്ളേലാക്കി കാണും.എന്നാലും ആളത്ര ശരിയല്ലെന്നാണോ? മനസ്സിലായി 
അതല്ലേ കബിതയുടെ പൊരുൾ . അഹന്തയില്ലാത്തവൻ 
വീഥി തോറും അയാൾ ചെയ്ത കാര്യങ്ങൾ 
വിളിച്ചുകൂവുന്നു. കൊള്ളാം സാഹിബ്. ഇങ്ങള്ക്ക് 
കൃസ്തുമസ് നവവത്സര ആശംസകൾ.
പഴി 2018-12-20 21:00:25
പാവം പൂമൊട്ടിൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിനുമേൽ പഴിചുമത്തല്ലേ സുധീരേ.
Easow Mathew 2018-12-20 11:02:50
അമേരിക്കന്‍ മൊല്ലാക്കയുടെ സ്നേഹനിര്‍ഭരമായ പ്രോത്സാഹന വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ സരസമായ ശൈലി പ്രതികരണ കോളത്തിനു  മികവു നല്‍കുന്നു. സിനിമാ സ്റ്റൈലില്‍ പറഞ്ഞാല്‍: "വാസ്തവത്തില്‍ ഈ കവിതയിലെ വമ്പുപറയാത്ത നേതാവിന് ഒരു പത്മശ്രീ ഒക്കെ കിട്ടേണ്ടതാണ്. എന്ത് ചെയ്യാം, എല്ലാത്തിനും ഒരു സമയമുണ്ടല്ലോ, കൂട്ടുകാരാ!"  മൊല്ലാക്കയ്കും ബീവിമാര്‍ക്കും മക്കള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ ! Dr. E.M. Poomottil 
Sudhir Panikkaveetil 2018-12-20 18:29:53
യാഥാർഥ്യങ്ങളെ ഇഴ കീറി പരിശോധിക്കുന്ന 
ഒരു രീതി ഡോക്ടർ പൂമൊട്ടിൽ പ്രകടിപ്പിക്കാറുണ്ട്.
പലപ്പോഴും യാഥാർഥ്യങ്ങൾ ചില വ്യക്തികൾ 
അവരുടെ ഭാഗം ന്യായീകരിക്കാനായി 
ചാർത്തികൊടുക്കുന്ന വർണ്ണപുടവയണിഞ്ഞു 
നിൽക്കാറുണ്ട്. പൊതുജന ശ്രദ്ധ ആ വര്ണാഭയിൽ 
മുങ്ങി പോകും. ഡോക്ടർ പൂമൊട്ടിൽ അത്തരം 
വർണ്ണങ്ങൾ  മാറ്റി തനി നിറം അനുവാ ചകർക്കായി  
കാട്ടി തരുന്നു. നന്നായിട്ടുണ്ട്. ഡോക്ടറിനും 
കുടുംബത്തിനും അനുഗ്രഹപ്രദമായ 
കൃസ്തുമസ്സും, ഐശ്വര്യപൂർണമായ പുതുവത്സരവും 
നേരുന്നു. 
Easow Mathew 2018-12-21 14:57:12
കവിത വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച ശ്രീ സുധീര്‍ പണിക്കവീട്ടിലിനു നന്ദി! സാഹിത്യ കൃതികളെ വിലയിരുത്തുമ്പോള്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിനെക്കള്‍ അവയിലെ നന്മകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍  ശ്രദ്ധിക്കുന്ന രീതി  ഇദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. നന്മനിറഞ്ഞ മനസ്സുള്ള വ്യക്തികള്‍ക്കു മാത്രമേ  ഇപ്രകാരം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. സന്തോഷകരമായ  ക്രിസ്തുമസും  പുതു വത്സരവും ആശംസിക്കുന്നു. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക