Image

എഴുത്തിലെ സൗന്ദര്യമോ, എഴുത്തുകാരിയുടെ സൗന്ദര്യമോ?(എഴുതാപ്പുറങ്ങള്‍ 39: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 12 June, 2019
എഴുത്തിലെ സൗന്ദര്യമോ, എഴുത്തുകാരിയുടെ സൗന്ദര്യമോ?(എഴുതാപ്പുറങ്ങള്‍ 39: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഇത് സാഹിത്യത്തോടുള്ള പ്രതികരണമോ, അതോ പെണ്‍എഴുത്തുകാരോടുള്ള പ്രതികരണമോ?
'എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടും' ഏതു സാഹചര്യത്തിലാണ് പ്രശസ്ത സാഹിത്യകാരന്‍ ശ്രി മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതെന്നനുസരിച്ച് ഈ പ്രസ്താവനയെ വിലയിരുത്തേണ്ടതുണ്ട്. 

എഴുത്തുകാരുടെ സൗന്ദര്യം നോക്കി പുസ്തകങ്ങള്‍ വാങ്ങി വായിയ്ക്കുന്ന ഒരു സാഹിത്യ ആസ്വാദനം എന്ന നിലവാരത്തില്‍ എത്തി നില്‍ക്കുന്ന സാഹിത്യലോകത്തെക്കുറിച്ച് ചിന്തിയ്‌ക്കേണ്ടതുണ്ട്. കൗമാര മനസ്സുകളില്‍ കുളിര്‍ കോരിയിടുന്ന പുറംചട്ടയോടുകൂടിയുള്ള കൊച്ചുപുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് പുസ്തക കച്ചവടമാണ്, കച്ചവട തന്ത്രമാണ്. ഇതിനെ സാഹിത്യലോകവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല.. ഒരു എഴുത്തുകാരി അവരുടെ പുസ്തകം പ്രിന്റ് ചെയ്തു പ്രകാശനം ചെയ്തിട്ടുണ്ടെങ്കില്‍ അത് സമര്‍പ്പിയ്ക്കാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നത്  രചനകള്‍ ആസ്വദിയ്ക്കാന്‍ കഴിവുള്ളവര്‍ക്കായിരിയ്ക്കുമല്ലോ! അല്ലാതെ എഴുത്തുകാരി തന്റെ രൂപഭംഗി പുസ്തകത്തിലൂടെ പ്രദര്‍ശിപ്പിച്ച് വായനക്കാരെ ആകര്ഷിയ്ക്കുന്ന തലത്തില്‍ വനിതാ എഴുത്തുകാര്‍ അധഃപതിച്ചിട്ടുണ്ടോ?  
സൗന്ദര്യവും അത് ആസ്വദിയ്ക്കാനുള്ള കഴിവും മനുഷ്യന്റെ ഒരു അനുഗ്രഹമാണ്.     എന്നാല്‍ ഇത് പല സന്ദര്ഭങ്ങളിലും വിഷയമാകാറുണ്ട് എന്നത് നഗ്‌നമായ സത്യം തന്നെ. സൗന്ദര്യവും വൈരൂപ്യവും എന്നുള്ള തരംതിരിവില്‍ പലരിലെയും അന്തര്‍ലീനമായ കഴിവുകളും, സല്‍സ്വഭാവവും ആരും ശ്രദ്ധിയ്ക്കപ്പെടാതെ ആവരണം ചെയ്യപ്പെടാറുണ്ട്.  ഇത് ഒരു കുഞ്ഞു ജനിച്ച് ബന്ധുക്കളില്‍ നിന്നും, സ്‌കൂള്‍ തലത്തില്‍ അദ്ധ്യാപകരില്‍നിന്നും തുടങ്ങി ജീവിതത്തില്‍  പല തുറകളിലും പ്രത്യക്ഷമാകുന്ന ഒരു അനുഭവമാണ്. എന്നാല്‍ സാഹിത്യലോകത്ത് അത്തരത്തില്‍ ഒരു പരിഗണന ഉണ്ടോ എന്ന് സംശയിയ്ക്കുന്നു. 'കൃതി ആരുടേതാണ്' എന്ന ചോദ്യത്തിന് സാഹിത്യത്തില്‍ പ്രസക്തിയുണ്ട്.  കാരണം പ്രശസ്തരായ എഴുത്തുകാരുടെ രചനകളില്‍ ആസ്വാദകര്‍ കൂടുതല്‍ തല്പരരാണ്. അതുകൊണ്ട് പ്രശസ്തരായ എഴുത്തുകാരുടെ രചനകള്‍ പ്രതീക്ഷിച്ച അത്രതന്നെ നിലവാരം പുലര്‍ത്തുന്നില്ല എങ്കില്‍പ്പോലും  വിറ്റുപോകാറുണ്ട്. എന്നാല്‍ സാക്ഷരകേരളവും, ബുദ്ധിമാന്മാരായ മലയാളിയും കൃതജ്ഞാതാവിന്റെ  സൗന്ദര്യത്തെ വിലയിരുത്തി കൃതികളില്‍ ആകര്‍ഷിതരാകുന്നു എന്ന ആശയത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. സൗന്ദര്യം എന്ന ഘടകം ദൃശ്യ മാധ്യമങ്ങളില്‍ ആണെങ്കില്‍ തീര്‍ച്ചയായും ഇത് വളരെയേറെ പ്രാധാന്യമര്ഹിയ്ക്കുന്നു.     

 എന്തായിരുന്നാലും സാഹിത്യത്തിന്റെ സൗകുമാര്യത്തെ സ്ത്രീ സൗന്ദര്യത്തിലൂടെ ഒരു പ്രശസ്ത സാഹിത്യകാരന്‍ വിലയിരുത്തുന്നുവെങ്കില്‍ അത് സാഹിത്യത്തിനുള്ള അപമാനം എന്ന് വേണമെങ്കില്‍ പറയാം. അതോടൊപ്പം തന്നെ ഈ പ്രസ്താവന എഴുത്തുകാരായ സ്ത്രീകളുടെ സാഹിത്യ അഭിരുചിയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്നതായും വിശദീകരിയ്ക്കാം.

സൗന്ദര്യവും, രൂപഭംഗിയും പല സന്ദര്‍്ഭങ്ങളിലും ആനുഗ്രഹമായും, അനുകൂലമായി മാറുന്നതും, സൗന്ദര്യമില്ലായ്മ തന്നിലുള്ള കഴിവുകള്‍ക്ക് ഒരു ശാപമായി മാറുന്നതും സ്ത്രീയുടെ മാത്രം അനുഭവമാണോ? ആണെങ്കില്‍ അതില്‍ പുരുഷന്മാര്‍ക്കുള്ള പങ്കെന്തായിരിയ്ക്കും? 
സൗന്ദര്യത്തെ ആസ്വദിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യാനുള്ള ഒരു മനസ്സ് എല്ലാവരിലും, പ്രത്യേകിച്ചും കലാകാരിലുണ്ട്. ആ സൗന്ദര്യം ഒരു പക്ഷെ പ്രകൃതി സൗന്ദര്യമാകാം, മനുഷ്യന്റെ രൂപ സൗന്ദര്യമാകാം, സ്വഭാവ സൗന്ദര്യമാകാം. ഓരോ ചരാചരങ്ങളിലും ഉള്ള സൗന്ദര്യം ആസ്വദിയ്ക്കാനുള്ള കഴിവും ഒരു കല തന്നെ. നൈസര്‍ഗ്ഗികമായ എല്ലാ സൗന്ദര്യങ്ങളില്‍ നിന്നും സ്ത്രീ സൗന്ദര്യത്തെ മാത്രം പല സന്ദര്ഭങ്ങളിലും എടുത്ത് പറയപ്പെടുന്നു എന്നത് മനുഷ്യനിലെ ദൗര്‍ബ്ബല്യമായി കണക്കാക്കാം.  

പെണ്‍സൗന്ദര്യത്തെ പുരുഷന്മാര്‍ ശ്രദ്ധിയ്ക്കുന്നതുപോലെ തന്നെ പുരുഷന്റെ വ്യക്തിത്വവും രൂപവും സ്ത്രീയും ശ്രദ്ധിയ്ക്കുന്നു. ഇത് പ്രകൃതിയുടെ നിയമമാകാം. അങ്ങിനെയാണെങ്കില്‍ സൗന്ദര്യമുള്ള സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ശ്രദ്ധേയമാകുമ്പോള്‍, ആരോഗ്യവും, തനതായ വ്യക്തിത്വവും ഉള്ള പുരുഷന്മാരുടെ പുസ്തകങ്ങള്‍ സ്ത്രീകളാലും ശ്രദ്ധിയ്ക്കപ്പെട്ടുകൂടെ! അതിനാല്‍ എഴുത്തുകാരിയുടെ സൗന്ദര്യവും വായനക്കാരുടെ ശ്രദ്ധയും തമ്മിലുള്ള ബന്ധം തീര്‍ത്തും അപ്രസക്തം തന്നെ.
സാഹിത്യ ലോകത്തെ സൗന്ദര്യം പുരുഷനിലോ സ്ത്രീയിലോ നിക്ഷിപ്തമല്ല. 

സാഹിത്യസ്‌നേഹികള്‍ ആരാധിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും, വായനാസുഖവും സൗന്ദര്യവും ഉളവാക്കുന്ന ശക്തമായ സൃഷ്ടികള്‍ തന്നെ. ഒരുപക്ഷെ ഈ അടുത്ത കാലത്തായി ഉരുത്തിരിഞ്ഞ പെണ്ണെഴുത്ത്, പെണ്‍ എഴുത്തുകാര്‍ എന്ന ആശയം തന്നെയാകാം ഇത്തരം ഒരു പ്രസ്താവനയില്‍ എത്തിച്ചത് ചുരുക്കത്തില്‍ ശ്രീ മുകുന്ദന്റെ പ്രസ്താവന തെറ്റോ, ശരിയോ എന്നത് സാഹചര്യത്തെ അനുബന്ധിച്ചാണെങ്കിലും, ഈ പ്രസ്താവന സാഹിത്യ ലോകത്തിന്റെ അധഃപതനം എന്ന് വേണമെങ്കില്‍ നോക്കി കാണാം. മറ്റൊരു തരത്തില്‍ വ്യാഖ്യാനിയ്ക്കുകയാണെങ്കില്‍ സ്ത്രീകള്‍ എല്ലാ തലത്തിലും തുല്യത അവകാശപ്പെടുന്ന ഈ കാലഘട്ടത്തില്‍ പെണ്‍ എഴുത്തുകാരെ വേര്‍പ്പെടുത്തി നിര്‍ത്തുന്ന ഒരു പ്രവണതയും ഇതില്‍ ഉണ്ടെന്നു പറയാം 
സാഹിത്യത്തിന്റെ വിലയിരുത്തല്‍ ശക്തമായ തൂലികയില്‍ തന്നെയാണെന്ന് നമുക്കെല്ലാവര്‍ക്കും വിശ്വസിയ്ക്കാം. അതിനപ്പുറം മറ്റൊരു തലത്തില്‍ സാഹിത്യത്തെ ഉറ്റുനോക്കാന്‍ കഴിയുന്നുവെങ്കില്‍ അത് ഇന്ന് നിലനില്‍ക്കുന്ന കച്ചവട മനോഭാവം തന്നെയാണ്. സാഹിത്യത്തിന്റെ സൗകുമാര്യം നിലനിര്‍ത്തി കച്ചവട മനോഭാവത്തെ അകറ്റിനിര്‍ത്തി സാഹിത്യത്തെ മൂല്യച്ച്യുതിയില്‍ നിന്നും രക്ഷിയ്ക്കാന്‍ സാഹിത്യകാരന്മാരും സാഹിത്യ ആസ്വാദകരുമല്ലേ കടപ്പെട്ടിരിയ്ക്കുന്നത്?  

എഴുത്തിലെ സൗന്ദര്യമോ, എഴുത്തുകാരിയുടെ സൗന്ദര്യമോ?(എഴുതാപ്പുറങ്ങള്‍ 39: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
Easow Mathew 2019-06-12 09:15:13
Jyothylakshmy has boldly expressed a bitter truth. Also, is it true that there prevails a certain discriminative attitude about familiar writers versus unfamiliar writers in certain  literary communities!?  
Mathew V. Zacharia, New Yorker 2019-06-12 10:02:36
JoythiLakshmi Nambiar: Image and perception initiate the first reading. Just the name and place may not have prompted me to read several articles. I am glad to read your articles. Keep writing. Mathew V. Zacharia, New Yorker
രമേഷ് മേനോൻ 2019-06-12 11:31:13
താങ്കൾ പറഞ്ഞത് ശരിയാണ്. ശ്രീ മുകുന്ദന്റെ വാക്കുകളോട് ശക്തമായി പ്രതികരിച്ചിരിക്കുന്നു. വായനാ സുഖമുള്ള സൃഷ്ടികൾ അരെഴുതിയാലും വായിക്കപ്പെടും.
P R Girish Nair 2019-06-12 11:45:40
ഏതു സാഹചര്യത്തിലാണ് ശ്രീ മുകുന്ദൻ ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല. എളുപ്പത്തിൽ വിറ്റഴിക്കാൻ വേണ്ടി എഴുതുന്ന സാഹിത്യത്തെക്കുറിച്ചാകാം.

എഴുത്തുകാരുടെ ഓരോ കൃതികളും പല രീതിയിലാണ് സാഹിത്യ ആസ്വാദകർ നിരീക്ഷിക്കുക. എൻറെ അഭിപ്രായത്തിൽ സാഹിത്യ സൗന്ദര്യം തൊട്ടു തീണ്ടാത്ത കൃതികൾ ആരുടേതായാലും വായനക്കാർ അംഗീകരിക്കില്ല. എഴുത്തുകാരുടെ എഴുതുന്നതിലുള്ള സൗന്ദര്യബോധത്തെ ആണ് വായനക്കാർ എപ്പോഴും ശ്രദ്ധിക്കുന്നത്. അവരുടെ മനസ്സ് സുന്ദരമെങ്കിൽ എഴുത്തും സുന്ദരം.  പുസ്തകം കൂടുതൽ ശ്രദ്ധ നേടും. ഒരുകവർ ചിത്രത്തിന്റെയും ആവശ്യം ഇല്ല. ശരീരസൗന്ദര്യം കൊണ്ടുമാത്രം വിറ്റഴിക്കാൻ പറ്റുന്ന ഒന്നല്ല സാഹിത്യ കൃതികൾ.

ശ്രീമതി ജ്യോതിലക്ഷ്മിയുടെ കാഴ്ചപ്പാടുകൾ വളരെ ഗംഭീരം. അഭിനന്ദനം.
Thomas Vadakkel 2019-06-12 13:53:14
ഒരു പുരുഷന്റെ സാഹിത്യ വളർച്ചയ്ക്ക് ഒരു സ്ത്രീയുടെ സഹായം ആവശ്യമാണ്. അല്ലെങ്കിൽ ഇടപ്പള്ളി രാഘവൻപിള്ളയെപ്പോലെ പ്രേമത്തിൽ പരാജയപ്പെട്ടു വിഷാദ കവികളാകണം. 

സോക്രട്ടീസ് പറഞ്ഞതാണ് ഇവിടെ ഓർമ്മ വരുന്നത്. "വിവാഹം കഴിക്കൂ. നിനക്കൊരു നല്ല ഭാര്യയെ ലഭിക്കുമെങ്കിൽ നീ ഭാഗ്യവാൻ, സന്തോഷവാനായിരിക്കും.! അവൾ നല്ലവളല്ലെങ്കിൽ, ശല്യക്കാരിയെങ്കിൽ നിനക്കൊരു തത്ത്വചിന്തകനാകാം!" സ്ത്രീകളെപ്പറ്റി സോക്രട്ടീസ് ഒന്നും പറഞ്ഞതായി അറിവില്ല. 

(By all means, marry. If you get a good wife, you'll become happy; if you get a bad one, you'll become a philosopher) 

ബെർണാർഡ്ഷാ തന്റെ ഭാര്യയുടെ ശല്യം സഹിക്കാൻ സാധിക്കാതെ തെരുവ് വിളക്കിന്റെ മുമ്പിലിരുന്ന് എഴുതിയിരുന്നു. 

ഇത്രമാത്രം പുരുഷന്മാർ തോന്ന്യാസ ജീവിതവുമായി നടന്നിട്ടും സ്ത്രീകളുടെയിടയിൽ തത്ത്വചിന്തകരും കവയത്രികളും കുറവായ കാരണവും മനസിലാകുന്നില്ല. 

amerikkan mollakka 2019-06-12 15:53:43
നമ്പ്യാർ സാഹിബ  നിങ്ങളൊരു കിത്താബ് 
പ്രസിദ്ധീകരിക്കു. നിങ്ങൾക്ക് മൊഞ്ചുള്ളതുകൊണ്ട് 
മുകുന്ദൻ പറഞ്ഞപോലെ പുസ്തകം എല്ലാവരും 
വാങ്ങിക്കും. ഇങ്ങള് പുസ്തകം അമേരിക്കയിലേക്ക് 
കൊണ്ടുവരരുത്. ഇവിടെ ബായാനാകാരില്ലെന്ന 
പരാതി ഇളമത സാഹിബിന്റെ അഭിമുഖത്തിൽ വരെയുണ്ട്.
നമ്പ്യാർ സാഹിബ  അപ്പൊ അസ്സാലാമു അലൈക്കും 
പടച്ചോന്റെ കൃപകൊണ്ട് എത്രയും പെട്ടെന്ന് 
ഇങ്ങളും ഒരു പുസ്തകം അച്ചടിപ്പിക്കു, ഇങ്ങടെ  
ലേഖനം പതിവുപോലെ നന്നായിരുന്നു. 
Mallu 2019-06-12 19:51:06
കെ ആർ  മീരയുടെ വലിയ ചിത്രങ്ങൾ അവരുടെ പുസ്തക കവറിൽ കാണുന്നു.  മുകുന്ദൻ അതാകാം ഉദ്ദേശിച്ചത് 
എഴുത്തുകാരികൾ മിക്കരും തൈക്കിളവിമാരല്ലേ 
അമേരിക്കൻ മുക്രി 2019-06-12 20:06:06
സംശയോണ്ടെങ്കി ങ്ങള് ഒരു പരീക്ഷണം നടത്തി നോക്ക് ന‌മ്പ്യാരുട്ടീ. പേരും പടോം മാറ്റി എഴുത്. ന്നിട്ട് മൊല്ലാക്ക്യേം ഈശോയും നായരും പോറ്റിയുമൊക്കെ തിരിഞ്ഞു നോക്ക്യോന്ന് ങ്ങളെ അറീക്ക്. അപ്പ അന്ന് കാണാം.
സുന്ദരി 2019-06-12 23:57:15
കച്ചവട തന്ത്ര മായി പല വാരികകളും ഈ വിദ്യ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് .. അത്തരം അധഃപതനം 
കണ്ടിട്ടുള്ള മടുപ്പ് ആയിരിക്കും അദ്ദേഹം 
ഇത്തരം പ്രസ്‌താവന ചെയ്യാനുള്ള കാരണം . എനിക്കും വിളിച്ചു പറയണം എന്ന് തോന്നിയിരുന്നു 
 ഞാൻ മുകുന്ദനോടൊപ്പം  മൂല്യമില്ലാത്ത രചനകൾ
വീണ്ടും വീണ്ടും സ്വയം പ്രദർശിപ്പിച്ച് മാർക്കറ്റ് ചെയ്യുന്ന 
കൂട്ടരെ യായിരിക്കണം മുകുന്ദൻ പറഞ്ഞത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക