Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 16: ജയന്‍ വര്‍ഗീസ്)

Published on 01 July, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  16: ജയന്‍ വര്‍ഗീസ്)
വീണ്ടും ജോലിയില്ലാതെ പെരുവഴിയില്‍. വണ്ടിക്കൂലിക്കും, വട്ടചിലവിനുമുള്ള പൈസ ഭാര്യയില്‍ നിന്ന് കൈപ്പറ്റിക്കൊണ്ട് വീണ്ടും ജോലി അന്വേഷണം. ചിലയിടങ്ങളില്‍ ജോലി തരാമെന്നു പറഞ്ഞെങ്കിലും, മെഷീന്‍ കൊണ്ട് വരണം. അതൊഴിവാക്കിക്കൊണ്ടുള്ള ഒരിടമാണ് ഞാന്‍ അന്വേഷിക്കുന്നത്. ഒരാഴ്ച കഴിഞ്ഞു. വണ്ണപ്പുറത്തു തന്നെ മൂത്താപ്ലയുടെ കക്കാട്ട് സ്‌റ്റോഴ്‌സില്‍ നിന്നും അര മൈല്‍ അകലെ റഷീദ് മാമായുടെ ഒരു കടയുണ്ട്. സൗമ്യനും, സുന്ദരനും, ചെറുപ്പക്കാരനുമായ  മാമ ഏതോ വലിയ വീട്ടിലെ അംഗമാണ്. മാമായ്ക്ക് പല ബിസ്സിനസ്സുകളുമുണ്ട്. ഓരോന്നും നോക്കി നടത്താന്‍ വിശ്വസ്തന്മാരായ ആശ്രിതന്മാരെയാണ് മാമ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു രസത്തിന് വല്ലപ്പോഴും  കടയില്‍ വന്നെങ്കിലായി. തുണിക്കടയുടെ ചാര്‍ജ് എല്ലാവരും ' അണ്ണന്‍ ' എന്ന് വിളിക്കുന്ന നാല്പതു വയസ്സില്‍ താഴെയുള്ള ഒരാള്‍ക്കാണ്. മാമക്കും നാല്പത്തിന് മുകളില്‍ പ്രായം ഉണ്ടാവണം. കണ്ടാല്‍ അത്ര തോന്നുകയില്ല. മാമയുടെ മൂത്ത പെണ്‍കുട്ടിയുടെ വിവാഹം ആയിടെ നടന്നുവെന്നും, മമ്മൂട്ടിയുടെ അനുജനാണ് പുതിയാപ്ല എന്ന് അറിഞ്ഞതിനാലുമാണ് ഇത്രയും പ്രായം അദ്ദേഹത്തിന് ഉണ്ടാവും എന്ന് ഞാന്‍ കണക്കു കൂട്ടുന്നത്.

ജോലി അന്വേഷിച്ചു ഞാന്‍ അവിടെയും ചെന്നിരുന്നു. മേരിക്കുട്ടിയുടെ ഭര്‍ത്താവാണ് എന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വലിയ സ്‌നേഹം. അവിടെ ഒരാള്‍ക്ക് കൂടിയുള്ള ജോലിയുണ്ട്; പക്ഷെ മെഷീനില്ല. മുളന്തുരുത്തിയില്‍ നിന്ന് വന്നു കുടുംബമായി താമസിക്കുന്ന പുരുഷന്‍ എന്ന മുപ്പത്തഞ്ചു കാരനാണ് തയ്യല്‍ക്കാരന്‍. കൂടെ വിജയന്‍ എന്ന പതിനഞ്ചുകാരന്‍ ശിഷ്യനായി തയ്യല്‍ പഠിക്കുന്നുമുണ്ട്. ആരോടും അധികം മിണ്ടുകയില്ലാത്ത പുരുഷന്‍ തയ്യല്‍ കൊണ്ട് കുറെ സ്ഥലം വാങ്ങി അവിടെ വീട് വച്ച് ഭാര്യയും, കുട്ടികളുമൊത്ത് മാന്യമായ ജീവിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം കണ്ടപ്പോള്‍ പുരുഷന്‍ എന്നോട് മിണ്ടിയതേയില്ല. തന്റെ ലാവണത്തില്‍ മറ്റൊരാള്‍ കടന്നു കയറുന്നതിലുള്ള അലോസരം ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജോലിയന്വേഷണത്തിന്റെ ഭാഗമായി കാളിയാറിലേക്കു പോകാനായി ഞാന്‍ മാമയുടെ കടയുടെ മുന്നിലൂടെ നടന്നു പോവുകയാണ്. കടയിലേക്ക് നോക്കുക പോലും ചെയ്യാതെയാണ് എന്റെ നടപ്പ്.  " ഹേയ് ജോര്‍ജ്." പിന്നില്‍ നിന്നും ഉച്ചത്തിലുള്ള ഒരു വിളി. ഞാന്‍ ഒരു നിമിഷം നിന്ന് പോയെങ്കിലും, ജോര്‍ജ് മറ്റാരോ ആയിരിക്കും എന്ന് കരുതി വീണ്ടും നടന്നു. " ഹേയ് ജോര്‍ജ്, നിങ്ങളെത്തന്നെയാണ്." വീണ്ടും ഉച്ചത്തിലുള്ള വിളി. തിരിഞ്ഞു നോക്കിയപ്പോള്‍ അണ്ണനാണ്. കൂടെ പുരുഷനുമുണ്ട്. രണ്ടു പേരും ചിരിക്കുന്നുണ്ട്. അടുത്തു ചെന്ന എന്നെ അണ്ണന്‍ ഒരു സ്റ്റൂളില്‍ പിടിച്ചിരുത്തി. എന്നിട്ട് കാര്യം പറഞ്ഞു:

അവിടെ ജോലി തരാം.  പുരുഷന്റെ ഒരു മെഷീന്‍ വെറുതെ കിടക്കുന്നുണ്ട്. ഒരു കുറഞ്ഞ വില വച്ച് അത് എനിക്ക് തരാം. ഇവിടെ ജോലി ചെയ്തു പണമുണ്ടാവുന്‌പോള്‍ സൗകര്യം പോലെ കുറേശ്ശെ എത്ര കാലം കൊണ്ടെങ്കിലും പുരുഷന് പൈസ കൊടുത്താല്‍ മതി. നാളെത്തന്നെ ജോലി ആരംഭിക്കാം.

വാക്കുകള്‍ എന്റെ തൊണ്ടയില്‍ തടഞ്ഞു നിന്നു. കണ്‍പീലികളില്‍ വിതുന്പി വന്ന തുള്ളികളെ ആരും കാണാതെ ഞാന്‍ അടക്കി നിര്‍ത്തി. അങ്ങിനെ മാമയുടെ കടയില്‍ ജോര്‍ജ് എന്ന തയ്യല്‍ക്കാരന്‍ ജോലിയാരംഭിച്ചു .( എന്റെ പേര് ജോര്‍ജ് എന്നല്ലെന്ന് അവിടെ ആരോടും ഞാന്‍ പറഞ്ഞില്ല എന്നത് കൊണ്ട് അവിടെയുള്ള എല്ലാവരും എന്നെ ആ പേരാണ് വിളിച്ചിരുന്നത്.)  വിജയന്‍റെ ആശാനായ പുരുഷനെ ഞാനുള്‍പ്പടെ എല്ലാവരും ആശാന്‍ എന്നാണു വിളിച്ചിരുന്നത്. ഈ ജോലി എനിക്കൊരു അനുഗ്രഹമായിരുന്നു. ക്രമേണ പുരുഷന്റെ കൂടി സഹായത്താല്‍ എനിക്ക് ആവശ്യത്തിന് വര്‍ക്ക് ഒക്കെ കിട്ടിത്തുടങ്ങി. ഒരു ഉത്സവ സ്ഥലം പോലെയായിരുന്നു അന്തരീക്ഷം. മാമയുടെ ആശ്രിതന്മാരും, ജോലിക്കാരും, അടുത്തള്ള കച്ചവടക്കാരും, നാട്ടുകാരും, എല്ലാംകൂടി ഒരു കുടുംബം പോലെ ഒരുമയോടെ സ്‌നേഹിച്ച്, സഹകരിച്ച് പെരുമാറിയിരുന്ന ഒരിടം ജീവിതത്തിലെ മറ്റെങ്ങും എനിക്ക് കണ്ടെത്താനായിട്ടില്ല.

ഉച്ചക്ക് ഒരു ഭാരതിച്ചേച്ചി നടത്തിയിരുന്ന ഹോട്ടലില്‍ നിന്നായിരുന്നു ഊണ്. ഈ ഹോട്ടലിലേക്ക് ഞങ്ങളുടെ ജോലിസ്ഥലങ്ങളില്‍ നിന്നും തുല്യ ദൂരമായിരുന്നു. കൃത്യം ഒരു മണിക്ക് ഞാനും മേരിക്കുട്ടിയും അവിടെയെത്തും. മേരിക്കുട്ടിയുടെ മുന്‍  പരിചയക്കാരിയും,  കസ്റ്റമറും ആയിരുന്നത് കൊണ്ടാവാം, ഒരു കുറഞ്ഞ വിലക്കാണ് ചേച്ചി ഞങ്ങള്‍ക്ക് ഊണ് തന്നിരുന്നത്. അവിടെ പതിവായി അരിയിടിക്കാന്‍ ( ഉരലിലിട്ടു ഉലക്ക കൊണ്ട് ) വരുന്ന മൈഥിലി എന്ന സുന്ദരിയായ പെണ്‍കുട്ടിയും ഞങ്ങളും അകത്തെ മുറിയിലിരുന്ന് സ്വകാര്യമായിട്ടാണ് ഊണ് കഴിച്ചിരുന്നത്. തൈരില്‍ തക്കാളി ചേര്‍ത്തു കടുക് വറുത്തു ചേച്ചി തയ്യാറാക്കുന്ന ഒരു കറി എന്നുമുണ്ടാവും. ആ ഒരു കറിയുടെ രുചി പില്‍ക്കാലത്ത് എത്രയോ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ള എനിക്ക് ഇന്ന് വരെയും അനുഭവിക്കാനായിട്ടില്ല.

സ്വര്‍ണ്ണത്തോടോ, ആഭരണങ്ങളോടോ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. അത് ധരിക്കുന്നതു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒരു പ്രയോജനം ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്റെ അമ്മയുടെ അപ്പന്‍ തന്റെ ഓമനമകളുടെ മൂത്ത കുട്ടിയായ എനിക്ക് വാങ്ങിത്തന്ന ഒരു മാലയായിരുന്നു ആദ്യമായി ഞാന്‍ ധരിച്ച സ്വര്‍ണ്ണാഭരണം. പല തവണയും പണയപ്പുരകളില്‍ കയറിയിറങ്ങിയ അത് ധരിപ്പിച്ചു കൊണ്ടാണ് പള്ളിയിലും, ആള്‍ക്കൂട്ടങ്ങളിലും 'അമ്മ എന്നെ പ്രദര്‍ശിപ്പിച്ചിരുന്നത്. എനിക്ക് പത്തു വയസുള്ളപ്പോള്‍ എന്തുകൊണ്ടോ ഈ മാലയും ധരിച്ചുള്ള നടപ്പ് ഒരു കുറച്ചിലായി എനിക്ക് തോന്നി. ഒരു ദിവസം 'അമ്മ നിധി പോലെ കരുതിയ ആ മാലയൂരി അമ്മയെത്തന്നെ ഏല്‍പ്പിച്ചു കൊണ്ട് ഞാന്‍ ആഭരണങ്ങളോട് വിട പറഞ്ഞു. പള്ളിയില്‍ വച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മോതിരം ഒരു അനിവാര്യ ഘടകമായതു കൊണ്ടാണ്  വിവാഹ ദിവസം മോതിരം അണിഞ്ഞത്. പിറ്റേ ദിവസം തന്നെ അതൂരി ഭാര്യയെ ഏല്‍പ്പിച്ചുവെങ്കിലും, ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എന്റെ ഒരു സുഹൃത്തിനു പണയം വയ്ക്കാനായി ഞങ്ങളുടെ വിവാഹ മോതിരങ്ങള്‍ രണ്ടും കൊടുക്കുകയും ക്രമേണ അത് നഷ്ടപ്പെടുകയും ചെയ്തു. അന്ന് മുതല്‍ ഇന്ന് വരെയും അതിന്റെ പേരിലുള്ള പഴി ഭാര്യയില്‍ നിന്നും ഞാന്‍ കേട്ടു കൊണ്ടേയിരിക്കുന്നു.

( എന്നെപ്പോലെ ഉണക്ക ആദര്‍ശം പറഞ്ഞു നടന്നവരായിരുന്നില്ലാ മേരിക്കുട്ടിയുടെ സഹോദരങ്ങള്‍. അവരെല്ലാം ആവും വിധത്തില്‍ സ്ത്രീധനവും, സ്വര്‍ണ്ണവും കണക്കു പറഞ്ഞു വാങ്ങുകയും, അതണിഞ്ഞു തലയുയര്‍ത്തി നടക്കുകയും ചെയ്തപ്പോള്‍, ഒരു ചെറിയ മാലയും, നാല് ചെറു വളകളുമണിഞ് അവരോടൊപ്പം നടക്കേണ്ടി വന്ന എന്റെ ഭാര്യയുടെ മനോനില വായിച്ചെടുക്കാന്‍ അന്നൊന്നും എനിക്ക് സാധിച്ചില്ല. അത് കൊണ്ടാവണം, പില്‍ക്കാലത്ത് പണത്തിന്റെ ലഭ്യത കൂടിയപ്പോള്‍ എന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ട് മേരിക്കുട്ടി കുറെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടിയതും, കുട്ടികളെ നിര്‍ബന്ധിച് അത്താണിയിപ്പിച്ചു കൊണ്ട് നടന്നതും.

അമ്മയെപ്പോലെ തന്നെ എന്റെ മകള്‍ സ്വര്‍ണ്ണത്തിന്റെ ഒരു ആരാധികയാണ്.  മകനാവട്ടെ, ആരും പറയാതെ തന്നെ  ഒരു വിവാഹ മോതിരം പോലും ഉപയോഗിക്കാതെയാണ് നടപ്പ്. സ്ത്രീധനമോ, സ്വര്‍ണ്ണമോ ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ കണ്ടെത്തിയ അവന്റെ വധുവായ ഞങ്ങളുടെ മരുമകള്‍ ആന്‍സിക്കും ആഭരണങ്ങളോട് തീരെ കന്പമില്ല. ഞങ്ങളുടെ കൊച്ചുമകന്‍ നാല് വയസുകാരന്‍ ഡിലന്‍ തന്റെ കഴുത്തില്‍ വല്യമ്മച്ചി ചാര്‍ത്തിച്ചു കൊടുത്ത സ്വര്‍ണ്ണമാല ഊരി വല്യമ്മച്ചിയായ എന്റെ ഭാര്യയെ തിരിച്ചേല്‍പ്പിച്ചു കൊണ്ട് ഈയിടെ പറയുകയുണ്ടായി : " ഐ ആം നോട്ട് എ ഗേള്‍. " )

വളരെ പ്രതീക്ഷകളോടെ നട്ടു വളര്‍ത്തിയ നനവാഴ കൃഷിക്ക് സംഭവിച്ച ദുരന്തം കൂടി വിവരിച്ചു കൊണ്ടല്ലാതെ ഈ ചാപ്റ്റര്‍ പൂര്‍ത്തിയാവില്ല. ഒരു തോടിന്റെ കരയിലുള്ള ഉയര്‍ന്ന സ്ഥലത്താണ് ഞങ്ങള്‍ കൃഷി ചെയ്തിരുന്നത്. തോടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്ന് തേവി നനക്കാനുള്ള ജല സമൃദ്ധി കൂടി കണക്കിലെടുത്താണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. ഞങ്ങളുടെ അദ്ധ്വാനത്തിനും, പ്രതീക്ഷകള്‍ക്കും ഒപ്പം വളര്‍ന്നു മുറ്റി  നിന്ന ഈ വാഴത്തോട്ടം കണ്ടിട്ടായിരിക്കണം, മേരിക്കുട്ടിയുടെ അപ്പന് എന്നെക്കുറിച്ചുള്ള അഭിപ്രായം ഉയര്‍ന്നതും, വിവാഹത്തിന് സമ്മതിച്ചതും.

മുള്ളരിങ്ങാടന്‍ മല നിരകളില്‍ പെയ്‌തൊഴിയുന്ന മുഴുവന്‍ മഴവെള്ളവും ഒഴുകിപ്പോയി മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൊന്നായ കാളിയാറില്‍ എത്തിച്ചേരുന്നത് ഈ തോട്ടിലൂടെയാണ്. ഒരിടത്തും വെള്ളം കെട്ടി നില്‍ക്കാതെ സൗമ്യമായി ഒഴുകിപ്പോകുന്ന ഈ തോടിന്റെ അടിത്തട്ട് നല്ല പഞ്ചാര മണലാണ്. ജനങ്ങള്‍ അലക്കാനും, കുളിക്കാനും, ചിലയിടങ്ങളില്‍ കുടിക്കാനും ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വേനലിന്റെ തുടക്കം മുതല്‍ തോട് ഒരു ജനവാസ മേഖലയാണ്. അതില്‍ അലക്കാനും, കുളിക്കാനും വന്ന സ്ത്രീകളുണ്ടാവും, നീന്തിത്തുടിക്കാന്‍ വന്ന കുട്ടികളുണ്ടാവും, കുത്തുവലയും കോലുമായി മീന്‍ പിടിക്കാന്‍ ഇറങ്ങിയവരുണ്ടാകും, നാടന്‍ തോട്ടകള്‍ പൊട്ടിച്ചു മീനുകളെ കൊന്നു പിടിക്കുന്ന യുവാക്കളുണ്ടാവും, അവര്‍ കാണാതെ ഒഴുകിപ്പോകുന്ന മീനുകളെ കൈക്കലാക്കാന്‍ അവിടവിടെ കാത്തു നില്‍ക്കുന്ന കുട്ടികളുണ്ടാവും, തോടിന്റെ ഇറന്പിലൂടെയുള്ള നടപ്പു വഴിയിലൂടെ തണല്‍ പറ്റി കള്ളുഷാപ്പുകളിലേക്ക് നീങ്ങുന്ന നാടന്‍ കുടിയന്മാരുണ്ടാവും, ആകപ്പാടെ എല്ലായിടത്തും മനുഷ്യര്‍, അവരുടെ ആരവം, ഇളം കാറ്റിന്റെ സംഗീതം, അലഞൊറിവുകളുടെ താളം, സര്‍വോപരി ജീവിതം!

സാധാരണയായി ഈ തോട്ടില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാവാറില്ല. ഉണ്ടായാല്‍ത്തന്നെ അതുള്‍ക്കൊള്ളുവാനുള്ള വിസ്തൃതി തോടിന് ഉണ്ടുതാനും. തോടില്‍ നിന്നും മൂന്നു മീറ്ററിലധികം ഉയര്‍ന്ന ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ വാഴകൃഷി. അവിടെ വെള്ളം കയറിയതായി ആരും പറഞ്ഞു കേട്ടിട്ടുമില്ല. ഞങ്ങളുടെ നിര്‍ഭാഗ്യം എന്ന് തന്നെ പറയട്ടെ, പകുതിയിലധികവും കുലച്ചു നിന്ന വാഴത്തോട്ടത്തിലേക്ക് ഒരു ദിവസം മലവെള്ളം ഇരച്ചു കയറി. മൂലമറ്റം പവര്‍ ഹവ്‌സില്‍ നിന്ന് തുറന്നു വിട്ട ജലം തൊടുപുഴയാറിലൂടെ വന്ന് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ത്തിയെന്നും, ഈ ജലനിരപ്പ് കാളിയാറിലൂടെ വന്ന് ഞങ്ങളുടെ ചാത്തമറ്റം തോട്ടിലും ഒഴുക്ക് തടഞ്ഞുവെന്നും, അതുകൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നും ചില നാടന്‍ വിദഗ്ദ്ധന്‍മാര്‍ പറഞ്ഞു കേട്ടു. എന്തായാലും മൂന്ന് ദിവസത്തോളം വാഴത്തോട്ടത്തില്‍ വെള്ളം കെട്ടി നിന്നതിന്റെ ഫലമായി വാഴകള്‍ക്ക് പഴുപ്പ് ബാധിച്ചു കുലകള്‍ ഒടിഞ്ഞും, കുലക്കാത്ത വാഴകള്‍ ചുവടേ മറിഞ്ഞും, ആ വാഴകൃഷി മുഴുവനുമായി നശിച്ചു പോയി. വിവാഹ ശേഷം ഭാര്യയോടൊപ്പം ഞാന്‍ വണ്ണപ്പുറത്തേക്ക് തോഴില്‍ തേടി പോയതിനാല്‍ ഒരു പൈസ പോലും ആ കൃഷിയില്‍ നിന്ന് എനിക്ക് കിട്ടിയില്ല. വെള്ളം ഇറങ്ങിയപ്പോള്‍ വാഴക്കന്നുകള്‍ ( വാഴവിത്ത് ) പിരിച്ചു വിറ്റ് മത്തായിക്ക് കുറച്ചു പൈസയൊക്കെ കിട്ടിയെന്നു കേട്ടു. കടവൂര്‍ സഹകരണ സംഘത്തില്‍ നിന്ന് വാഴകൃഷിക്കായി കടമെടുത്തതും, മറ്റു കൈ വായ്!പകളും ഒക്കെക്കൂടി ആയിരത്തി അറുന്നൂറ്റി മുപ്പത്തഞ്ചു രൂപായുടെ കട ബാധ്യതയുമായിട്ടാണ് ഞങ്ങളുടെ വിവാഹ ജീവിതം ആരംഭിക്കുന്നത്. ( ഇന്നത്തെ മൂല്യത്തിലാണെങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത. )

( ഓരോ തവണയും നാട്ടിലെത്തുന്‌പോള്‍ ഒന്ന് മുങ്ങിക്കുളിക്കാനുള്ള ആവേശത്തോടെ ഞാനീ തോട്ടിലെത്താറുണ്ട്. പളുങ്കു പോലുള്ള അന്നത്തെ ആ വെള്ളം ഇന്ന് കാണാനേയില്ല. ഒരു പഴുപ്പ് നിറമാണ് വെള്ളത്തിന്. അടിയിലെ പഞ്ചാര മണലില്ല, ചളിയാണ്. തോട്ടിലേക്ക് കാല്‍ വയ്ക്കുന്നത് ആരെങ്കിലും കണ്ടാല്‍ ' ആളകലം പാറവെടി ' എന്ന ധ്വനിയില്‍ അവര്‍ വിളിച്ചു പറയും : " ഇറങ്ങല്ലേ, ചൊറിയും." എന്റെ അന്വേഷണത്തില്‍ സംഭവിച്ചത് രണ്ടു കാര്യങ്ങളാണ്. നെല്‍ കൃഷി നഷ്ടമായപ്പോള്‍ ചില കൃഷിക്കാര്‍ നിലങ്ങളില്‍ എണ്ണപ്പന നട്ടു. അതിന്റെ പരിചരണം  നെല്‍കൃഷിയുടേതിനേക്കാള്‍  ഇരട്ടി നഷ്ടമാണെന്ന് കണ്ടപ്പോള്‍ അത് വെട്ടിക്കളഞ്ഞു. സമൂലം കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ ഈ വിദേശി വൃക്ഷത്തിന്റെ ഭാഗങ്ങള്‍ മല വെള്ളത്തില്‍ ഒഴുകി വന്ന് തോടിന്റെ പല ഭാഗങ്ങളിലും തങ്ങി. വെള്ളത്തില്‍ ആണ്ടു കിടക്കുന്ന മുള്ളിനെ പേടിച്ചിട്ട് ഒരു മനുഷ്യനും തോട്ടിലേക്കിറങ്ങാതായി. രണ്ടാമത്തെ കാര്യം തോടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില പന്നി ഫാമുകളാണ്. റബ്ബര്‍ പാല്‍ മൊത്തമായി വാങ്ങി ഹൈ ഗ്രേഡ് ഷീറ്റുകളാക്കുന്ന ഒരു ചെറുകിട വ്യവസായവുമുണ്ട്. ഞങ്ങളുടെ ജ്വാലാ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്തു  വായിക്കുകയും, നാട്ടിലെ കലാ  സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ എന്നോടൊപ്പം സജീവമായി ഇടപെടുകയും ചെയ്തിരുന്ന ചില കുട്ടികളാണ് ഇതിന്റെയൊക്കെ ഉടമകള്‍. ഇന്നും എന്നോട് സ്‌നേഹവും, ബഹുമാനവും ഉള്ളവരാണ് ഈ യുവാക്കള്‍ എങ്കിലും, ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ തോട്ടിലേക്കൊഴുക്കല്ലേ എന്ന് ഇവരോട് ആര് പറയും? അവരുടെ വിലപ്പെട്ട സൗഹൃദവും, അവരെയും ഉപേക്ഷിച്ചു കടല്‍ കടന്നു പോന്ന എനിക്ക് ഇന്ന് അതിനുള്ള യോഗ്യതയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക