Image

ആടുബിരിയാണിയും ആവണക്കെണ്ണയും (കഥ: സാം നിലമ്പള്ളില്‍)

Published on 26 July, 2019
ആടുബിരിയാണിയും ആവണക്കെണ്ണയും (കഥ: സാം നിലമ്പള്ളില്‍)
ശോധന ഉണ്ടോയെന്ന് വൈദ്യര്‍ ചോദിച്ചത് ബദറുദ്ദീന് മനസിലായില്ല.  പണ്ടൊരിക്കലും ഇതുപോലെയൊരു കുണഷ്ടുചോദ്യം ചോദിച്ച് വൈദ്യര്‍  വിഷമിപ്പിച്ചതാണ്. വിഷയകാര്യത്തില്‍ എങ്ങനെയാണെന്നാണ് അന്ന് ചോദിച്ചത്.  അതെന്താണന്ന് അറിയായ്കകൊണ്ട് പരിഭ്രമിച്ചപ്പോള്‍ വൈദ്യര്‍ വിശദീകരിക്കയായിരുന്നു. അതുപോലെ വല്ലതും ആയിരിക്കും ഇപ്പോഴും ചോദിച്ചതെന്ന് വിചാരിച്ച് ഇങ്ങനെപറഞ്ഞു.

“ശോതനയൊക്കെ വേണ്ടത്രയുണ്ട് വൈദ്യരെ. പക്ഷെ. ബീവി സമ്മതിക്കുന്നില്ല. ഓള്‍ക്ക് ശോതനയൊക്കെ പണ്ടേ നിന്നതാ.”

അതുകേട്ട് വൈദ്യര്‍ ചിരിച്ചു. ദിനകരന്‍ വൈദ്യര്‍ അങ്ങനെയാണ്. രോഗികള്‍ക്ക് മനസിലാകാത്ത ഭാഷയിലേ ചോദിക്കു. അതുപോലെതന്നെയാണ് നിര്‍ദ്ദേശങ്ങളും. “ഈ കഷായം മൂന്നുനേരവും, ഗുളിക കഞ്ഞിവെള്ളത്തില്‍ കലക്കി രണ്ടുനേരവും നസ്യം രാവിലെയും വൈകിട്ടും കിടക്കാന്‍നേരവും.”

അവിടെയാണ് രോഗികള്‍ കണ്‍ഫ്യൂനാകുന്നത്. രാത്രിയില്‍ കിടക്കുന്നത് എപ്പോഴാണന്ന് അവര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷേ, രാവിലെ എപ്പോഴാ?

സശയം ചോദിച്ചാല്‍ വൈദ്യര്‍ക്ക് ഇഷടപ്പെട്ടില്ലെങ്കിലോയെന്ന് ഭയന്ന് ചിലര്‍ രാവിലെ നസ്യംചെയ്തിട്ട് വെറുതെയൊന്ന് കിടക്കും. ഒരുപക്ഷേ, നസ്യം ശരീരത്തില്‍ പിടിക്കണമെങ്കില്‍  കുറെനേരം കിടക്കണമായിരിക്കും.

ബദറുദ്ദീന്റെ പരുങ്ങള്‍കണ്ടിപ്പോള്‍ വൈദ്യര്‍ക്ക് കാര്യം പിടികിട്ടി. ശോധന എന്താണന്ന് വിശദീകരിച്ചുകൊടുത്തു. അതിനൊന്നും യാതൊരു കുഴപ്പവും ഇല്ലെന്ന ബദറുദ്ദീന്റെ  മറുപടിയും. എന്നാലും രോഗികള്‍ക്കെല്ലാം ശോധനക്കുള്ള ആവണക്കെണ്ണ കൊടുക്കുന്നത് വൈദ്യരുടെ പതിവാണ്. ദിവസം രണ്ടുനേരമെങ്കിലും ശോധനവേണമെന്നാണ് അദ്ദേഹത്തിന്റെ വിദഗ്ധാഭിപ്രായം. മൂന്നുനേരമായാലും കുഴപ്പമില്ല.

കൈകാലുകള്‍ക്ക് പെരുപ്പുമായിവന്ന ബദറുദ്ദീനും ആവണക്കെണ്ണതന്നെയാണ് വൈദ്യര്‍ കൊടുത്തത്. “രാത്രി കിടക്കുന്നതിനുമുന്‍പ് കുപ്പിയിലുള്ളത് മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചിട്ട് കിടന്നോ. വെള്ളംകുടിക്കരുത്. രാവിലെ എണീക്കുമ്പോള്‍ എല്ലാം സുഹമായിക്കൊള്ളും.”

ഒരൊറ്റ രാത്രികൊണ്ട് അസുഹം ഭേദമാക്കുന്ന ദിനകരന്‍ വൈദ്യരുടെ അത്ഭുതമരുന്ന് നെഞ്ചോടുചേര്‍ത്തു പിടിച്ചുകൊണ്ടാണ് ബദറുദ്ദീന്‍ വീടുപൂകിയത്. പോയവിവരം അറിയാന്‍ ബീവി ഉമ്മറത്തുതന്നെ നില്‍പുണ്ടായിരുന്നു.

“നാളെ സലാമിന്റെ ചെക്കന്റെ സുന്നത്ത്കല്ല്യാണത്തിന് പോകേണ്ടേ?” അവള്‍ ചോദിച്ചു. “സുഹമില്ലാണ്ടെ നിങ്ങ എങ്ങനാ പോണെ?”
 
“നാളെ നേരംവെളുക്കുമ്പോഴേക്കും എല്ലാം ഭേദമാകുമെന്നാ വൈദ്യര് പറഞ്ഞെ.”

അസുഹം ഭേദമായാല്‍  നടന്നുപോകാവുന്നതേയുള്ളു സലാമിന്റെ വീട്ടിലേക്ക്. ആടുബിരിയാണയാണ് വിളമ്പുന്നതെന്ന് ബീവി പറഞ്ഞുള്ള അറിവാണ്. ചുറ്റുവട്ടത്തുള്ള വിശേഷങ്ങള്‍ മണത്തറിയാന്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേകകഴിവാണ് ബീവിയും പ്രയോഗിച്ചത്. പാവത്തുങ്ങളുടെ മുള്ളുവേലിയും ഗള്‍ഫ്മുതലാളിമാരുടെ വന്‍മതിലുകളുംകടന്ന് വാര്‍ത്ത ഗ്രാമംമൊത്തം പടര്‍ന്നത് സലാംപോലും അറിഞ്ഞില്ല. ബിരിയാണിതിന്നാന്‍ ഗ്രാമവാസികള്‍ ദിവസങ്ങളായി തയ്യാറെടുത്തുകൊണ്ടിരുന്നു.

 അടുത്തദിവസം ആടുബിരിയാണി കഴിക്കുന്നത് സ്വപ്നംകണ്ടുകൊണ്ട് കിടന്ന ബദറുദ്ദീന്‍ അതിരാവിലെ വയറിനുള്ളില്‍ ഉരുള്‍പൊട്ടുന്നതുപോലെയുള്ള ബഹളങ്ങള്‍ കേട്ടുകൊണ്ടാണ് ഉണര്‍ന്നത്. നേരെ ബാത്തുറൂമിലേക്ക് പായുകയായിരുന്നു. മൂപ്പര് ബാത്തുറൂമിലേക്കും തിരിച്ച് ബെഡ്ഡ്‌റൂമിലേക്കും ഷട്ടില്‍സര്‍വീസ് അടിക്കുന്നത് കുറെകഴിഞ്ഞാണ് ബീവി ശ്രദ്ധിച്ചത്. കാര്യംതിരക്കിയപ്പോള്‍ സാരമില്ലെന്ന് ബദറുദ്ദീന്‍ സമാധാനിപ്പിച്ചെങ്കിലും ഉച്ചക്ക് ആടുബിരിയാണി തിന്നാന്‍ പറ്റുമോ എന്നുള്ളകാര്യത്തില്‍ അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നു. ശോധനയൊന്ന് നിന്നിട്ടുവേണ്ടേ പുറത്തോട്ട് ഇറങ്ങാന്‍. എത്രപ്രാവശ്യം ബാത്തുറൂമില്‍ പോയെന്ന് ബദറുദ്ദീനുതന്നെ നശ്ചയമില്ല. ദിനകരന്‍ വൈദ്യര്‍ പറ്റിച്ച ഒരുപണിയെ. ഇനി അയാളുടെ വൈദ്യശാലവരെ ഒന്നുപോയെങ്കിലല്ലേ ചോദിക്കാന്‍ പറ്റു. അതിനുള്ള ശേഷിപോലും മലവെള്ളംപോലെ ഒഴുകിപ്പോയി. സന്ധ്യയായപ്പോളാണ് പ്രളയം നിന്നത്. അവശനായ  കെട്ടിയോനെ പരിചരിച്ച ബീവിക്കും ബിരിയാണിതിന്നാന്‍ പോകാന്‍ സാധിച്ചില്ല.

“നായിന്റെമോന്‍.”ബദറുദ്ദീന്‍ പ്രാകി.

“നിങ്ങ ആരെയാ ചീത്തവിളിക്കണെ?” ബീവി അടുക്കളയില്‍നിന്ന് വിളിച്ചുചോദിച്ചു.

“ആ നായിന്റെ മോന്‍ വൈദ്യരെ; അല്ലാണ്ടാരെയാ?” ബദറുദ്ദീന്‍ രോഷംകൊണ്ടു.  കാലിന്റെ പെരുപ്പിന് തൂറാനുള്ള മരുന്നാണോ പഹയന്‍  തരേണ്ടത്?”

“സാരമില്ലെന്നേ; വയറ്റിലുള്ള അഴുക്കെല്ലാം പോയിക്കിട്ടിയില്ലേ?”
 
ഇനി കുറെനാളത്തേക്ക രാത്രിയില്‍ മൂപ്പര് വെടിപൊട്ടിക്കുമ്പോള്‍ മൂക്കുപൊത്താതെ കൂടെക്കിടക്കാമല്ലോയെന്നാണ് ബീവി വിചാര്ച്ചത്.


സാം നിലമ്പള്ളില്‍.
samnilampallil@gmail.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക