Image

വാല്മീകി രാമായണം പത്തൊമ്പതാം ദിനം (ദുര്‍ഗ മനോജ്)

Published on 04 August, 2019
വാല്മീകി രാമായണം പത്തൊമ്പതാം ദിനം (ദുര്‍ഗ മനോജ്)
സുന്ദരകാണ്ഡം
നാല്‍പ്പത്തിയെട്ടാം സര്‍ഗ്ഗം മുതല്‍ അറുപത്തിയെട്ടുവരെ

രാവണപുത്രനായ അക്ഷകുമാരനും കൊല്ലപ്പെട്ടതുകണ്ട് പരിഭ്രാന്തനായ രാവണന്‍, പ്രതാപിയും വിക്രമനുമായ പുത്രന്‍ ഇന്ദ്രജിത്തിനെ ഹനുമാനെ എതിരിടാനായി അയച്ചു. രണ്ടുപേരും തികഞ്ഞ യോദ്ധാക്കള്‍. ആരാര്‍ക്കു മേലെ എന്ന് നിശ്ചയിക്കാനാകാത്തവിധം ഗംഭീരമായ യുദ്ധം ആരംഭിച്ചു. ഒടുവില്‍ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം തന്നെ മാരുതിക്ക് നേരെ പ്രയോഗിച്ചു. മാരുതി ബ്രഹ്മാസ്ത്രബന്ധിതനായി നിലത്ത് വീണു. വേഗം മറ്റ് അസുരന്മാര്‍ ഓടിക്കൂടി, കയറെടുക്കിന്‍, വാനരനെ പിടിച്ചുകെട്ടിന്‍ എന്ന് പറഞ്ഞു കൊണ്ട് പാശത്താല്‍ മാരുതിയെ ബന്ധനം ചെയ്തു. ബ്രഹ്മാസ്ത്രത്തിന് മുകളില്‍ മറ്റൊരു ബന്ധനം ബ്രഹ്മാസ്ത്രം സഹിക്കില്ല. അതോടെ മാരുതിക്ക് മേലുള്ള ബ്രഹ്മാസ്ത്രബന്ധനം ഒഴിവായി. അതുകണ്ട് ഇന്ദ്രജിത്തിന് അസുരന്മാരുടെ പ്രവര്‍ത്തിയിലെ അബദ്ധം പിടികിട്ടി. പക്ഷേ ബന്ധിതനായി നിന്നാല്‍ മാത്രമേ രാവണനെ നേരിട്ട് കാണാനാകൂ എന്നതിനാല്‍ മാരുതി ബന്ധനസ്ഥനായി തന്നെ തുടര്‍ന്നു.

കൊട്ടാരത്തിലെത്തിച്ച ഹനുമാന്‍ രാവണനെ കണ്ടു. പത്തു തലയുള്ളവനും രക്തചന്ദനം പൂശിയവനും മുഖത്ത് പല വിചിത്ര കുറികള്‍ അണിഞ്ഞവനും ത്രിലോക വിക്രമനും ഇന്ദ്രനു പോലും പേടി സ്വപ്‌നവുമായ രാവണനെ നേരില്‍ക്കണ്ടു മാരുതി.

രാവണന്‍, ഈ കപി ആരെന്നും എന്തെന്നും അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടു.
മാരുതി താനാരെന്നും എന്തിനു വന്നുവെന്നും അറിയിച്ചു. സീതയെ കണ്ടെത്തുവാന്‍ വന്നതാണെന്നും രാവണന്റെയും ലങ്കയുടേയും സര്‍വ്വനാശം ആരംഭിച്ചു കഴിഞ്ഞുവെന്നും മാരുതി അറിയിച്ചു.

ക്രുദ്ധനായ രാവണന്‍ ഹനുമാനെ കൊല്ലാന്‍ തീരുമാനിച്ചു, എന്നാല്‍ അത് വിഭീഷണന്‍ തടഞ്ഞു. ദൂതനെ വധിക്കരുത് എന്ന് ജ്യേഷ്ഠനെ ഉപദേശിച്ചു. ഒടുവില്‍ ഹനുമാന്റെ വാലില്‍ തീ കൊളുത്തി നഗരപ്രദക്ഷിണം നടത്തി വിരൂപനാക്കുവാന്‍ കല്പനയായി.
അതിന്‍പ്രകാരം വാലിന്‍മേല്‍ തുണി ചുറ്റി തീകൊളുത്തി രാജപാതകളിലൂടെ നടത്തിച്ചു തുടങ്ങി. അപ്പോള്‍ മാരുതി പെട്ടെന്ന് ശരീരം ചുരുക്കി ബന്ധനത്തില്‍ നിന്ന് മുക്തനായി, പിന്നെ തീ പിടിച്ച വാലുമായി രാജമന്ദിരങ്ങള്‍ ഓരോന്നോരോന്നായി അഗ്‌നിക്ക് നല്‍കിക്കൊണ്ട് ലങ്ക ചുട്ടെരിച്ചു തുടങ്ങി.

ലങ്കയില്‍ കപി ബന്ധനസ്ഥനായ വിവരം അരക്കത്തിമാര്‍ സീതയെ അറിയിച്ചു. അതോടെ സീത പരിഭ്രമിച്ച് അഗ്‌നിദേവനോട് മാരുതിയെ അപായപ്പെടുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ചു. തന്റെ പാതിവ്രത്യം സത്യമാണെങ്കില്‍ തീയുടെ ചൂട് മഞ്ഞുപോലെ അനുഭവപ്പെടുത്താന്‍ അഗ്‌നിദേവനോട് അപേക്ഷിച്ചു. അഗ്‌നി അത് അനുസരിച്ചു. വാലില്‍ ആളിക്കത്തിയ തീ ഹനുമാനെ തരിമ്പും ചൂട് പിടിപ്പിച്ചില്ല.

ലങ്കാദഹനത്തിനിടയില്‍ ഹനുമാന്‍ പെട്ടെന്ന് അശോകവനിയിലെ സീതയെ ഓര്‍ത്തു. ലങ്കയില്‍ അഗ്‌നി പടര്‍ന്നപ്പോള്‍ സീതക്ക് അപായം സംഭവിച്ചിരിക്കുമോ എന്നുഭയന്ന് വേഗം അശോകവനിയിലെത്തി. ആപത്തൊന്നും കൂടാതെ സീതയെ കണ്ട് ആശ്വസിച്ച്, സീതയോട് വിട പറഞ്ഞ് അവിടെ നിന്നും സമുദ്രം താണ്ടി തിരികെ അംഗദസമക്ഷം എത്തി. പിന്നെ ഏവരും സന്തോഷത്തോടെ സുഗ്രീവനും രാമലക്ഷ്മണന്മാരുടേയും അടുത്തെത്തി, സീതാവൃത്താന്തം ധരിപ്പിച്ച് ചൂഡാമണിയും നല്‍കി ആശ്വസിപ്പിച്ചു.

സുന്ദരകാണ്ഡം സമാപ്തം

സുന്ദരകാണ്ഡം സമാപിക്കുമ്പോള്‍ രാവണന്‍, രാമന്‍ എന്ന പ്രതിയോഗിയെക്കുറിച്ച് അറിയുവാന്‍ തുടങ്ങുകയായിരുന്നു. ബ്രഹ്മാസ്ത്ര ബന്ധനത്തില്‍ നിന്നും മോചിതനായ ഹനുമാന്‍ രാവണന്റെ ഉള്ളില്‍ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ തന്റെ ഗര്‍വ്വ് അത് അംഗീകരിക്കാന്‍ കൂട്ടാക്കില്ല എന്ന് മാത്രം. നമ്മുടെ ഉള്ളിലും ഉണ്ട് ഒരു രാവണന്‍. അത് നമ്മിലെ രാമനെ പലപ്പോഴും കണ്ടതായി ഭാവിക്കില്ല. അതിന്റെ ദുരനുഭവങ്ങളാണ് ഓരോ ജീവിതവും. രാമായണം ഓരോ മനുഷ്യന്റേയും കഥയാകുന്നത് അങ്ങനെയാണ്.
Join WhatsApp News
വിദ്യാധരൻ 2019-08-05 00:13:44
രാമായണത്തിലെ ഏറ്റവും പ്രധാനമായ ഭാഗങ്ങളിൽ ഒന്നാണ് . ലക്ഷമാണോപദേശം, അതിൽ താഴെ പറയുന്ന വരികൾ മനുഷ്യജീവിതത്തിനാവശ്യമായ ഉൾക്കാഴ്ച നൽകുന്നവയാണ് 

"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു
പുത്രമിത്രാർത്ഥ കളത്രാദി സംഗമ-
മെത്രയുമല്പകാലസ്ഥിതമോർക്കനീ
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ൾ പോലെയു-
മെത്രയും ചഞ്ചലമാലയ സംഗമം
ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യർക്കു
നീൽക്കുമോ യൌവനവും പുനരധ്രുവം? 
സ്വപ്നസമാനം കളത്ര ദു:ഖം നൃണാം
മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ!
രാഗാദിസങ്കൽപ്പമായുള്ള സംസാര-
മാകെ നിരൂപിക്കിൽ സ്വപ്ന തുല്യം സഖേ!"


ഭൗതികമായതും ആയുസ്സും ക്ഷണഭംഗുരം . തീയിൽ ചുട്ടുപഴുപ്പിച്ച ഇരുമ്പിൽ വീണ വെള്ളത്തുള്ളിപോലെയാണ് ആയുസ്സ് . പാമ്പിന്റെ തൊണ്ടയിൽ അകപ്പെട്ട താവളയെപ്പോലെ കാലമാകുന്ന സർപ്പത്തിന്റെ വായിൽ അകപ്പെട്ടവരാണ് നാമെല്ലാം . പുത്രമിത്രാർത്ഥകളത്രാദികളൊക്കയും അല്പകാലസ്ഥിതമോർക്ക നീ . ശരിക്ക് ചിന്തിച്ചാൽ നാം ഒരു സ്വപ്ന ലോകത്ത് ജീവിക്കുന്നവരാണ് .   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക