Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 32: ജയന്‍ വര്‍ഗീസ്)

Published on 02 September, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  32: ജയന്‍ വര്‍ഗീസ്)
മറ്റൊരു വേനല്‍ക്കാല വന യാത്രയെ തുടര്‍ന്ന് ' ആലയം താവളം ' എഴുതപ്പെട്ടു.  എന്റെ ' ആലയം'  സര്‍വ ജനത്തിനും പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും; നിങ്ങളോ അതിനെ കള്ളന്മാരുടെ ' താവള ' മാക്കിയിരിക്കുന്നു  എന്ന യേശുക്രിസ്തുവിന്റെ വചനത്തില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടാണ് നാടകത്തിന് ഈ പേര് സ്വീകരിച്ചത്. ' നിയമം ഒരു ചിലന്തി വലയാണ്. ചെറിയ പ്രാണികളെ കുടുക്കാന്‍ അതിനു സാധിക്കുമെങ്കിലും, വലിയ കുളവികള്‍ അത് തുളച്ചു കൊണ്ട് കടന്നു പോകുന്നു.' എന്ന മഹത് വചനത്തിന്റെ പ്രായോഗിക രംഗാവിഷ്ക്കാരമാണ് നാടകം. സ്വതന്ത്ര ഭാരതത്തിന്റെ 34 ആം വര്‍ഷത്തിലാണ്  നാടകം എഴുതപ്പെട്ടത് എന്നതിനാല്‍ ഒരു മുപ്പത്തി നാലാം മൈല്‍ക്കുറ്റി നാട്ടിയിട്ടുള്ള ഒരു വഴിയോരമാണ് രംഗം. മൈല്‍ കുറ്റിക്കടുത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു പബ്ലിക് ടെലഫോണ്‍ ബൂത്താണ് മറ്റൊരു രംഗ വസ്തു.

ഫോണ്‍ വിളികളിലൂടെ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു എന്നത് കൊണ്ട് ചില കഥാപാത്രങ്ങളെങ്കിലും ടെലിഫോണ്‍ ബൂത്തില്‍ നിന്ന് ഇറങ്ങി വരികയും, ബൂത്തില്‍ കയറി അപ്രത്യക്ഷരാവുകയും ചെയ്യുന്നതിലൂടെ നാടക രചനാ സങ്കേതങ്ങളില്‍ ഒരു പുത്തന്‍ വഴിത്താര സൃഷ്ടിച്ചെടുക്കുവാന്‍ എനിക്ക് കഴിഞ്ഞു.

സമകാലീന സാമൂഹ്യാവസ്ഥയുടെ  അപചയങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത ആക്രമണങ്ങളുടെ സമര മുഖങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്, നിയമങ്ങളും, നീതി ശാസ്ത്രങ്ങളുമെല്ലാം ചൂഷണ വര്‍ഗ്ഗമായ ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് വേണ്ടി വാലാട്ടി കുരയ്ക്കുന്ന കാവല്‍ നായകള്‍ മാത്രമാണെന്ന് തുണിയുരിയിച്ചു കാണിക്കുന്നതാണ് നാടകത്തിന്റെ പ്രമേയ ഗാത്രം.

ക്ഷഭിതമായ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതികമായ നായകന്‍ അഭ്യസ്ത വിദ്യനും തൊഴിലന്വേഷകനുമാണ്. 'അമ്മ ഉപേക്ഷിച്ചു പോയ രോഗിയായ തന്റെ കുഞ്ഞിന് മരുന്ന് വാങ്ങേണ്ടതിന് പഞ്ചായത്തിന്റെ പട്ടി പിടുത്തം തൊഴിലായി സ്വീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നതിനിടയില്‍ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ വലിയ പിടി പാടുള്ള ഒരു സൊസൈറ്റി ലേഡിയുടെ അരുമയായ പട്ടിക്കുട്ടിയെ പിടികൂടി മുപ്പത്തി നാലാം മൈല്‍ക്കുറ്റിയില്‍ കെട്ടിയിടുന്നതോടെ നാടകം ആരംഭിക്കുന്നു. ( ബൂര്‍ഷ്വാ മുതലാളിത്ത യജമാനന്മാര്‍ പോറ്റി വളര്‍ത്തുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ത്തു പട്ടിയെ തളച്ചിടുവാന്‍ തൊള്ളായിരത്തി   അറുപതുകളില്‍ ഇന്ത്യന്‍ വിപ്ലവകാരികള്‍ നടത്തിയ വിഫല ശ്രമങ്ങളെ പ്രതീകവല്‍ക്കരിക്കുക കൂടി ചെയ്‌യുന്നുണ്ട് ഈ രചനാ തന്ത്രം.)

എല്ലാ പട്ടികള്‍ക്കും ഒരുപോലെ ബാധകമാവേണ്ട പൊതു നിയമം ഒരു വി.ഐ. പി. പട്ടിക്കുട്ടിയില്‍ കൈവച്ചപ്പോള്‍ രൂപം മാറുന്നു. ഭാര്യയുടെ പട്ടിക്കുട്ടിയെ മോചിപ്പിക്കണം എന്ന ഭീഷണിയുമായി അന്താരാഷ്ട്ര കടുവാ ക്ലബ്ബിന്റെ ആഗോള പ്രസിഡണ്ട് കൂടിയായ രാജശേഖരന്‍ തന്പി ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഇറങ്ങി വരുന്നു; അന്താരാഷ്ട്ര കടുവാ ക്ലബ്ബ് അഖില ലോകാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു; മന്ത്രി സഭ അടിയന്തിര യോഗം കൂടി ജൂഡിയുടെ മോചനത്തിനായി നടപടിയെടുക്കുന്നു ; അടിയന്തിര അന്വേഷണക്കമ്മീഷന്റെ അധികാര പത്രവുമായി റിട്ടയാര്‍ഡ് ജഡ്ജി അയ്‌യര്‍ സ്ഥലത്തെത്തുന്നു ; സ്ഥലം എം. എല്‍. എ.യുടെ നേതൃത്വത്തില്‍ ആഗോള ഫെമിനിസ്റ്റ് ഫോറത്തിന്റെ അഖിലേന്ത്യാ നേതാക്കള്‍ നിവേദനവുമായി തിരുവനന്തപുരത്തേക്ക് കുതിക്കുന്നു ; സംഭവമറിഞ്ഞ ഒരു കത്തനാരും, സ്വാമിയും, മൊല്ലാക്കയും സ്ഥലത്തെത്തുന്നു ; എല്ലാവരുടെയും ആവശ്യം ജൂഡിയെ നിരുപാധികം മോചിപ്പിക്കുക എന്നത് മാത്രം.

ഈ പട്ടിയുടെ വാല്‍ കൂടി മുറിച്ചു കൊടുത്തിട്ടു വേണം രോഗിയായ കുട്ടിക്കുള്ള മരുന്ന് വാങ്ങാന്‍ എന്നത് കൊണ്ട് പട്ടിയെ ഉപേക്ഷിച്ചു രക്ഷപെടുവാന്‍ നായകന് കഴിയുന്നില്ലാ. മരുന്നും കൊണ്ട് വരേണ്ടുന്ന ചേട്ടനെ കാണാതായപ്പോള്‍ അന്നത്തേക്കു മരുന്നിനുള്ള പണം അന്വേഷിച്ചിറങ്ങിയ മാലതി എന്ന നായകന്‍റെ സഹോദരി തന്പിയുടെ താവളത്തില്‍ തന്നെ എത്തിപ്പെടുന്നു. കൊടുത്ത  പണത്തിന് പകരമായി അയാള്‍ അവളെ ആക്രമിക്കുന്നു.  ചെറുത്തു നിന്നതിന്റെ വൈരാഗ്യത്തില്‍ തന്റെ സ്വാധീനമുപയോഗിച്ചു തന്പി അവളെ ഇമ്മോറല്‍ ട്രാഫിക്കിനു അറസ്റ്റു ചെയ്യിക്കുകയും, ഹെഡ്കാണ്‍സ്റ്റബിള്‍ കല്ലൂര്‍ക്കാടന്‍ അവളെയും കൂട്ടി ജയിലിലേക്ക് പോകും വഴി മുപ്പത്തി നാലാം മൈല്‍ക്കുറ്റിയുടെ അരികിലെത്തുകയും ചെയ്യുന്നു. നായകന്‍റെ മുന്‍ കാമുകിയും, ഇപ്പോള്‍ തന്പിയുടെ ഭാര്യയുമായ രജനി ഭര്‍ത്താവിന്റെ വഴി വിട്ട സഞ്ചാരത്തില്‍ മനം നൊന്ത് സ്വന്തം താലി പൊട്ടിച്ചെടുത്ത് അയാളുടെ മുഖത്തേക്ക് വലിച്ചെറിയുന്നു.
( താലി, താലി, താലി എന്ന ചര്‍വിത ചര്‍വണത്തിലൂടെ ഇന്ത്യന്‍ മതങ്ങളും, സാമൂഹ്യാവസ്ഥയും കൂടി വ്യക്തി എന്ന നിലയിലുള്ള സ്ത്രീയുടെ അവകാശങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലുന്ന ദുരവസ്ഥക്കെതിരേ സാംസ്കാരിക രംഗത്തു നിന്നുയര്‍ന്ന ആദ്യ ശബ്ദം എന്റേതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. താലി ഒരു നന്പര്‍ പ്‌ളേറ്റ് മാത്രമാണ് എന്ന് പില്‍ക്കാലത്ത് ഞാനെഴുതിയിട്ടുള്ള ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ എന്നോട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന പല സുഹൃത്തുക്കളുടെയും വെറുപ്പ് ഏറ്റു വാങ്ങുവാന്‍ ഇടയാക്കിയിട്ടുണ്ട് എന്ന സത്യം കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. )

കുട്ടിക്കുള്ള മരുന്ന് വാങ്ങാന്‍ സഹോദരിയില്‍  നിന്ന് പണവും വാങ്ങി  നായകന്‍ വീട്ടിലേക്കോടിയ ഇടവേളയില്‍ അയ്‌യരുടെ നേതൃത്വത്തില്‍ അവര്‍ പട്ടിയെ മോചിപ്പിച്ചു കൊണ്ട് പോകുന്നു. മരിച്ചു പോയ തന്റെ കുട്ടിക്ക് ഇനി മരുന്ന് ആവശ്യമില്ലെന്ന് പറഞ്ഞു കൊണ്ട്  അയാള്‍  തിരിച്ചെത്തുന്നു. " നാഴികക്കല്ലുകള്‍ നാട്ടി നശിച്ച നാട്  എന്റെ നാട് !, ചോലമരങ്ങളില്ലാത്ത വീഥികളില്‍ വാടിത്തളര്‍ന്നു കുഴഞ്ഞു വീഴുന്‌പോള്‍ ഈ നാഴികക്കല്ലുകള്‍ നമുക്ക് വേണ്ട. " എന്ന അവസാന ഡയലോഗുമായി തന്റെ ശത്രുക്കളുടെ നേരെ അയാള്‍ കുടുക്കുയര്‍ത്തുന്നു. അയാളുടെ ശ്രമങ്ങളെ അതി ദയനീയമായി പരാജയപ്പെടുത്തിക്കൊണ്ട് മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, അധികാരത്തിന്റെയും, പ്രതീകങ്ങളായ കഥാപാത്രങ്ങള്‍ അയാള്‍ക്ക് ചുറ്റുമിരുന്ന് അയാള്‍ക്കെതിരെ വേട്ടപ്പട്ടികളെപ്പോലെ കുരക്കുന്നു. അതിനെ അതിജീവിക്കാന്‍ അശക്തനായ അയാള്‍ തനിക്കു മുന്നില്‍ ഒരു ചോദ്യ ചിഹ്നം മാത്രമായിത്തീര്‍ന്ന കുടുക്ക് ഉയര്‍ത്തി നിസ്സഹായനായി അതില്‍ നോക്കി നില്‍ക്കുന്‌പോള്‍ നാടകം അവസാനിക്കുന്നു. ( ഇടതു പക്ഷ തീവ്ര വാദികള്‍ തുടങ്ങി വയ്ക്കുകയും, ഭരണകൂട തേര്‍വാഴ്ചയില്‍ അടിപിണഞ്ഞു പരാജയപ്പെടുകയും ചെയ്ത വിപ്ലവ പ്രസ്ഥാനങ്ങളെ ഇവിടെ പ്രതീകവല്‍ക്കരിക്കുകയായിരുന്നു ഞാന്‍. )

ശ്രീ പോള്‍കോട്ടിലിന്റെ സംവിധാനത്തില്‍ അക്രോപ്പോളീസ് ആര്‍ട്‌സ് ക്‌ളബ്ബിലെ കലാകാരന്മാര്‍ ഈ നാടകം ' പട്ടി ' എന്ന പേരില്‍ തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ അവതരിപ്പിച്ചു. പതിന്നാല് വയസ്സുള്ള ' രാജന്‍ രണ്ടുകൈ 'എന്ന കൊച്ചു പയ്യനാണ് പട്ടിയായി രംഗത്തു വന്നത്.  അസാമാന്യമായ മിമിക്രി പാടവം കൊണ്ട് രാജന്‍ ഏവരുടെയും കൈയടി നേടി. പ്രാദേശികമായി കണ്ടെത്തപ്പെട്ട രണ്ടു യുവതികളാണ് രജനിയുടെയും, മാലതിയുടെയും റോളുകള്‍ ചെയ്തത്. തൃശൂര്‍ ജില്ലയിലെ മനുഷ്യരുടെ സ്‌നേഹവും, ബഹുമാനവും, സഹകരണവും കേരളത്തില്‍ ഞാന്‍ ബന്ധപ്പെട്ടിട്ടുള്ള മറ്റൊരു ജില്ലയില്‍ നിന്നും എനിക്ക് കണ്ടെത്താനായിട്ടില്ല. വേനലാകുന്‌പോള്‍ നാട്ടുംപുറങ്ങളിലെ ഭവനങ്ങളുടെ മുറ്റമോ, അതിനോട് ചേര്‍ന്ന മറ്റൊരു മുറ്റമോ ചെത്തിയൊരുക്കി അടിച്ചൊതുക്കി ചാണകം മെഴുകി വൃത്തിയാക്കിയിടും. അടുത്ത മഴക്കാലമെത്തുന്നത് വരെ വീട്ടുകാരുടെ പാചകവും, തീറ്റക്കുടിയും, വിശ്രമവും കിടപ്പും ഒക്കെ അവിടെയാണ്. നാടക റിഹേഴ്‌സലുകള്‍ക്കു വേണ്ടി ഇത്തരം ഇടങ്ങളാണ് മിക്കപ്പോളും അവര്‍ ഞങ്ങള്‍ക്ക് ഒരുക്കിയിരുന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അയല്‍ക്കാരുടെ ഒരു വലിയ കൂട്ടം തന്നെ എന്ത് സഹായത്തിനും റെഡിയായി ചുറ്റുമുണ്ടാവും എന്നതിനാല്‍ നാടകക്കാലം അനുപമമായ സുഹൃത് ബന്ധങ്ങള്‍ക്കാണ് അവിടെ അടിത്തറയിട്ടിരുന്നത്.

കുന്നം കുളത്ത് ഉയര്‍ന്ന നിലവാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന ' ബാര്‍ ' അഥവാ, ബ്യുറോ ഓഫ് ആര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ എന്ന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അഖില കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച  നാടകമത്സരത്തില്‍ ' പട്ടി ' അവതരിപ്പിക്കപ്പെടുകയും, അവതരണം, സംവിധാനം, നടന്‍ ( രാജന്‍ രണ്ടു കൈ ) എന്നീ വിഭാഗങ്ങളില്‍ സമ്മാനം ലഭിക്കുകയും, ഏറ്റവും നല്ല നാടകകൃത്തായി ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി.  ഇതിനും മുന്‌പേ അക്രോപോളീസ് ആര്‍ട്‌സ് ക്‌ളബ് തന്നെ ഈ സ്ക്രിപ്റ്റ്  ' ആലയം താവളം ' എന്ന പേരില്‍ സംഗീത നാടക അക്കാദമിയുടെ 82 ലെ സംസ്ഥാന നാടക മത്സരത്തിലേക്ക് അയച്ചിരുന്നു. ' ആലയം താവളം ' സംസ്ഥാന നാടക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി അക്കാദമിയില്‍ നിന്ന് അറിയിപ്പ് വന്നപ്പോള്‍ ശരിക്കും ഞങ്ങള്‍ ഒരു വിഷമ വൃത്തത്തിലായി.

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന മത്സരത്തില്‍ എന്റെ തന്നെ മറ്റൊരു നാടകം അവതരിപ്പിക്കുന്നതിനുള്ള  രണ്ടാം ചാന്‍സ് കിട്ടുന്‌പോള്‍ കഴിഞ്ഞ മത്സരത്തില്‍ ' അസ്ത്രം ' അവതരിപ്പിച്ച്  ആത്മ സംതൃപ്തി നേടാന്‍ കഴിയാതെ പോയ പഴയ ടീം പിന്നില്‍ നില്‍ക്കുന്നുണ്ട്. നാടകം പഠിച്ചു രംഗത്തവതരിപ്പിച്ചു സമ്മാനങ്ങള്‍ നേടിയ തൃശൂരിലെ കുട്ടികളെ ഒഴിവാക്കുന്നതെങ്ങിനെ? പുതു മുഖങ്ങളായ തൃശൂരിലെ കുട്ടികള്‍ക്ക് അക്കാദമിയുടെ വേദിയില്‍ എത്തുന്ന അതി വിദഗ്ദരായ സമിതികളോട് ഏറ്റു മുട്ടുവാന്‍ കഴിയുമോ? പോരെങ്കില്‍ ' തനതു നാടക വേദി ' പ്രസ്ഥാനത്തിന്റെ കാല്‍വരവ് അറിയിച്ചു കൊണ്ട്, പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് എഴുതിയ ' സൗപര്‍ണിക ' ആണ് ഒരു നാടകമെന്നും, തിരുവനന്തപുരത്ത് കാലങ്ങളായി പ്രവര്‍ത്തിക്കുന്നതും, കാവാലവും, നെടുമുടിയും, മുരളിയും ഗോപാലകൃഷ്ണനും ഒക്കെ അംഗങ്ങളായ 'അരങ്ങി '. ലെ  ഉന്നതരായ അഭിനേതാക്കളാണ് സൗപര്‍ണിക അവതരിപ്പിക്കുന്നത് എന്നുമൊക്കെ അറിഞ്ഞപ്പോള്‍, അത്താഴത്തിനുള്ള അരി ഉറപ്പില്ലാത്ത തൃശൂരിലെ പാവം കുട്ടികളോടൊപ്പം ഞാനും ഭയന്ന് പോയി.

അങ്ങിനെയാണ് ടീം പുനഃ സംഘടിപ്പിക്കാന്‍ തീരുമാനമായത്. മൂക്കനോടും, ബാലനോടും വിവരം പറഞ്ഞപ്പോള്‍ ഇതൊരുവെല്ലുവിളിയായിത്തന്നെ അവരത് ഏറ്റെടുത്തു.അങ്ങിനെ തൃശൂരില്‍ നിന്നും തൊടുപുഴയില്‍ നിന്നുമായി ഒരു ടീമിനെ നിശ്ചയിച്ചു. മൂക്കനും. അനുജന്‍ ജോസ് മൂക്കനും, ഓ. എം. ജോര്‍ജൂമുള്‍പ്പടെയുള്ള അഞ്ചാറു പേര്‍ തൊടുപുഴ ഭാഗത്തു നിന്ന്.  പോള്‍കോട്ടിലും,ജോസ് അരീക്കാടനും, പ്രഭാകരന്‍ കോടാലിയും, രാജന്‍ രണ്ടുകൈയും ഉള്‍പ്പടെയുള്ള അഞ്ചാറു പേര്‍ തുശൂര്‍ ഭാഗത്തു നിന്ന്. മുത്തോലപുരത്ത് നിന്നുള്ള കമലവും, പാലായില്‍ നിന്നുള്ള ശോഭയും നടിമാരായി എത്തി. ഓള്‍റൗണ്ടറായി ബാലന്‍. ബാലന്റെ സുഹൃത്തും കലാസ്‌നേഹിയുമായ ജോണിയുടെ ആനിക്കാടുള്ള  തറവാട് വീടിന്റെ ഔട്ട് ഹൌസില്‍ വച്ച് റിഹേഴ്‌സലുകള്‍. മറ്റാര്‍ക്കും കിട്ടാനിടയില്ലാത്ത സൗഹൃദവും, സ്വാതന്ത്ര്യവും സഹകരണവുമാണ് ജോണിയുടെ പിതാവുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ചത്.
' അസ്ത്ര 'ത്തിന്റെ ക്യാംപില്‍ ഞങ്ങള്‍ അനുവര്‍ത്തിച്ച അച്ചടക്കവും, മാന്യതയും സാധാരണ നാടകക്കാരില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നത്  തൊടുപുഴയിലെ നാടക പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വാര്‍ത്തയായി ഇതിനകം പടര്‍ന്നിരുന്നു എന്നതാവാം ഇതിന്  കാരണമായിത്തീര്‍ന്നത്.

ആഹാരം  പാകം ചെയ്തു കഴിക്കുന്ന ഒരു രീതിയാണ് ഇവിടെ ഞങ്ങള്‍ സ്വീകരിച്ചത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കൂടിയാണ് പാചകം. അതിനു വേണ്ട വെള്ളവും വിറകും അടുപ്പും  കലങ്ങളുമെല്ലാം ജോണിയുടെ പിതാവ് തന്നെ ഏര്‍പ്പാടാക്കിത്തന്നു. ഞങ്ങള്‍ സ്ഥലം വിടുന്‌പോഴേക്കും ഒരു നല്ല നഷ്ടം ആ കുടുംബത്തിന് ഉണ്ടായിക്കാണും  എന്ന സത്യം നന്ദിയോടെ ഇവിടെ സ്മരിക്കുന്നു. ഈ ക്യാംപില്‍ വച്ചുണ്ടായ ചില അനുഭവങ്ങള്‍ മുന്‍ ഭാഗങ്ങളില്‍ ഞാന്‍ എഴുതിയിരുന്നത് ഓര്‍ക്കുമല്ലോ?

എല്ലാ തയാറെടുപ്പുകളോടും വളരെ നേരത്തെ ഞങ്ങള്‍ തൃശൂരിലെത്തി. ഞങ്ങള്‍ക്ക് ലഭിച്ച ഗ്രീന്‍ റൂമില്‍ സാധനങ്ങള്‍ വച്ചിട്ട് അക്കാദമിയും പരിസരവും ഞങ്ങള്‍ ചുറ്റി നടന്നു കണ്ടു. മോഡല്‍ റീജിയണല്‍ തീയറ്ററിന്റെ രണ്ടാം നിലയിലൂടെ നടക്കുന്‌പോള്‍ പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് ചെയര്‍ മാന്റെ മുറിയില്‍ വൈക്കം ചന്ദ്ര ശേഖരന്‍ നായരുമായി സംസാരിച്ചിരിക്കുന്നതു കണ്ടു. അവരുടെ നാടകമായ ' സൗപര്‍ണിക ' ആണ് അന്നത്തെ ആദ്യ നാടകം. അതിന്റെ മേക്കപ്പ് നടന്നു കൊണ്ടിരിക്കുകയാവണം. അധികം ആളുകള്‍ അപ്പോള്‍ എത്തിയിട്ടില്ല. ഉള്ളവര്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ് അവിടവിടെ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാരിന്റെ സബ്‌സിഡിയറിയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ അന്തസ്സിനു നിരക്കാത്ത ഒരു സംഭവത്തിന് നിര്‍ഭാഗ്യകരമായി സാക്ഷിയാകേണ്ടി വന്നു.

മോഡല്‍ റീജിയണല്‍ തീയറ്ററിന്റെ വടക്കേ മുറ്റത്ത് ധാരാളം പേര്‍ പരസ്പ്പരം സംസാരിച്ചു കൊണ്ട് നില്‍ക്കുന്നുണ്ട്. നാടകം തുടങ്ങാന്‍ ഇനിയും സമയമുള്ളത് കൊണ്ടാവും അവരങ്ങനെ നില്‍ക്കുന്നത്. വലിയ വട്ടത്തിലുള്ള ബാഡ്ജ് ധരിച്ച ആറടി പൊക്കമുള്ള ഒരാള്‍ രണ്ടു മൂന്നു പേരുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുകയാണ്. ഞാനും പോള്‍കോട്ടിലും നടപ്പിനിടയില്‍ അയാളുടെ അടുത്തെത്തി ' പന്തം കണ്ട പെരുച്ചാഴികളെപ്പോലെ '  അയാളുടെ ബാഡ്ജിലേക്കു നോക്കി നിന്നു. അയാളോട് സംസാരിച്ചു കൊണ്ട് നിന്നവര്‍ കൈവീശി യാത്ര പറഞ്ഞു പോയി.

അയാള്‍ നോക്കുന്‌പോള്‍ ഞങ്ങള്‍ അയാളെ നോക്കി നില്‍ക്കുകയാണ്. വലതു കൈവിരലുകള്‍ അകത്തേക്ക് വേഗത്തില്‍ മടക്കി " അയാളുടെ അടുത്തേക്ക് ഞങ്ങളെ വിളിച്ചപ്പോള്‍ ഞങ്ങള്‍ അടുത്തു ചെന്നു. ആള്‍ നല്ല വെള്ളത്തിലാണെന്ന് ഭാവഹാവാദികള്‍ സൂചിപ്പിക്കുന്നുണ്ട്. " നിങ്ങള്‍ ആലയം താവളം?" ചൂണ്ടുവിരല്‍ ഞങ്ങളുടെ നേരെ ചൂണ്ടി അയാള്‍ ചോദിച്ചു. " അതെ " എന്ന് ഞങ്ങള്‍. അയാള്‍ ഒന്ന് ചിരിച്ചാടി. എന്നിട്ട് ഒരു നിമിഷം കഴിഞ്ഞ് ഒരു മദ്യപന്റെ ഭാഷയില്‍ ഞങ്ങളോട് ചോദിച്ച : " ഊം, നിങ്ങക്കവാഴ് ഡ് വേണോ? വേഴ്‌നണങ്കി എഴ്‌നെ കാണണം . എഴ്‌നെ കണ്ടാല്‍ ഞ്ഞാന്‍ തരും അവാഴ്!ട്. വേഴ് ണോ ? വേഴ് ണോ ? " ഒരക്ഷരം പറയാനാകാതെ ഞാന്‍ സ്തബ്ധനായി നിന്ന് പോയി. " അങ്ങിനെ ഞങ്ങള്‍ക്കവാര്‍ഡ് വേണ്ട. " എന്ന് പോള്‍ കോട്ടില്‍ ഉത്തരം പറഞ്ഞു. " എഴ്ന്നാ പോ, പോ " വലതു കൈവിരലുകള്‍ പുറത്തേക്ക് നിവര്‍ത്തി അയാള്‍ നടന്നുപോയി. മദ്യ പാനികളും സ്വന്തം പദവിയോട് ഉത്തരവാദിത്വം ഇല്ലാത്തവരുമായ ഇത്തരക്കാരെയാണല്ലോ സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ട കലാകാരന്മാരുടെ തലവര നിശ്ചയിക്കാന്‍  ' ജഡ്ജി ' യായി വയ്ക്കുന്നത് എന്നോര്‍ത്തുകൊണ്ട് ഞങ്ങളും ഞങ്ങളുടെ വഴിക്കു നടന്നു.

ഞങ്ങള്‍ ഗ്രീന്‍ റൂമിലായിരിക്കുന്‌പോള്‍ വേദിയില്‍ ആദ്യ നാടകം അരങ്ങേറുന്നു. തികഞ്ഞ സാങ്കേതിക തികവോടെയാണ് അവതരണം. മുരളിയും, ഗോപാല കൃഷ്ണനുമാണ് പ്രധാന നടന്മാര്‍. യക്ഷിയുള്ള ഒരു സ്ഥലത്തെത്തുന്ന ഒരു യുവാവിനോട് യക്ഷിയെ വിളിക്കരുത്, വിളിച്ചാല്‍ അവള്‍ വരും എന്ന് കൂട്ടുകാരന്‍ പറയുന്നു. പരീക്ഷിക്കാനായി അയാള്‍ " ഇന്ന്  വര്വോ ? " എന്ന് ചോദിക്കുകയും, യക്ഷി അയാളുടെ ജീവിതത്തില്‍ എത്തിച്ചേര്‍ന്നു ഉണ്ടാക്കുന്ന പ്രശ്!നങ്ങളുമാണ് ഇതി വൃത്തം. ' തനത് നാടക ' രീതിയിലാണ് അവതരണം എന്നതിനാല്‍, നീട്ടിക്കുറുക്കിയ ഡയലോഗുകളും, താളനീള ചുവടുകളുമായി നാടകം മുന്നോട്ടു പോകുന്നു. മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക