Image

മഹാബലിയും തിരുവോണവും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

Published on 09 September, 2019
മഹാബലിയും  തിരുവോണവും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)
കേരളം

കേരവൃക്ഷങ്ങള്‍ ധാരാളമുള്ള, പ്രകൃതി  സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന  കേരളം, ലോകപ്രശസ്തമാണു്. കേരളത്തിലെ, ധീര  പരാക്രമ ശാലികളായ  മലയാളികള്‍  കുടിയേറി  പാര്‍ക്കാര്‍ത്ത  രാജ്യം  ഇന്ന് ഭൂമുഖത്തിലില്ല. ജീവിക്കാന്‍ വേണ്ടി  എന്തു് സാഹസവും  സധീരം  നേരിടുന്നതിനുള്ള  സന്നദ്ധത,  അതാണ്  കേരള  മക്കളായ മലയാളികളുടെ  മൂലധനം. സാക്ഷരത്വത്തില്‍  അവര്‍ ഏറ്റവും മുന്‍പന്തിയില്‍  നില്‍ക്കുന്നു. കലാചാരത്തിലും, വസ്ത്ര  ധാരണ  രീതിയിലും  അവര്‍  തികച്ചും  ശ്രദ്ധേയരാകുന്നു.

ഉദ്ഭവം ആവിര്‍ഭാവം

ഗോകര്‍ണ്ണം മുതല്‍  കന്യാകുമാരി വരെ വിസ്തൃതമായ ഈ  ഭൂവിഭാഗം, പണ്ട് പരശുരാമന്‍  മഴുവെറിഞ്ഞു  കടലില്‍ നിന്നും  വീണ്ടെടുത്തതാണെന്ന് ഐതീഹ്യം.
കേരളം  പണ്ട്  ചേരവംശ  രാജാക്കന്മാര്‍  ഭരിച്ചിരുന്നതായി ചരിത്രം  പറയുന്നു. അവരുടെ ഭരണകാലത്തു്, അതിന്റെ പേരു് 'ചേരളം'എന്നായിരുന്നു. അതായതു്, ചേരന്മ്മാരുടെ  'അളം' ആയിരുന്നു. 'അളം' എന്നാല്‍ 'ചതുപ്പുനിലം', എന്നര്‍ത്ഥം. അങ്ങനെ, ചേരളം സംസ്കൃതീഭവിച്ചു, കാലക്രമേണ, സംസാരഭാഷയിലൂടെ  വന്ന  പരിവര്‍ത്തനം  മൂലം,  ' കേരളം ' എന്നായി എന്ന് കരുതുന്നു. അതായതു്, ഈ രണ്ടു് അനുമാനങ്ങളും, പേരിന്റെയും, ദേശത്തിന്റെയും ആവിര്‍ഭാവത്തിന്,  ഉപോല്‍ബലകമായി  വര്‍ത്തിക്കുന്നു.

അപ്രക്രമുള്ള  നമ്മുടെ കൊച്ചു കേരളം,  പല  രാജാക്കന്മാരും  ഭരിച്ചിട്ടുണ്ടു്. ഇനി നമുക്കു്, ബലിചക്രവര്‍ത്തി ആരാണെന്നും, വാമനാവതാരം   എന്താണെന്നും  നോക്കാം.

ബലിയും  വാമനാവതാരവും:

ദൈത്യ(അസുര)ചക്രവര്‍ത്തിയും, പ്രഹ്‌ളാദന്റെ പൗത്രനും  തപസ്വിയുമായിരുന്ന, ബലി, കേരളം  ഭരിച്ചിരുന്ന സുഭിഷ്ടവും,  സമ്പല്‍ സമൃദ്ധവു  മായിരുന്ന കാലം! ആ കാലത്തെപ്പറ്റിയുള്ള  ധാരാളം  ഗദ്യങ്ങളും, പദ്യങ്ങളും  നാം പഠിച്ചിട്ടുണ്ട്.

കഠിന തപസ്സു ചെയ്ത്, അദ്ദേഹം,  ഇന്ദ്രനെ തോല്‍പ്പിച്ചു മൂന്നു  ലോകങ്ങള്‍ക്കും  രാജാവായി. തന്മൂലം,  ഇന്ദ്രന്,  ദേവലോകത്തിന്റെ  ആധിപത്യം  നഷ്ടപ്പെട്ടു. ആയിരം അശ്വമേധ യാഗങ്ങള്‍  ചെയ്താണ്  ഇന്ദ്ര പദവിക്ക്  ഒരു  രാജാവു്, അര്‍ഹനാകുന്നത്.  അതോടെ,  ധര്‍മ്മിഷ്ഠനായ ബലിചക്രവര്‍ത്തി,  ഗര്‍വിഷ്ഠനായി  മാറി.

വാമനാവതാരം:

ഇന്ദ്ര പദവിയ്ക്കു ഭ്രംശം വന്നപ്പോള്‍, ഇന്ദ്രന്റെ മാതാവായ  അദിതി (അദിതിയുടെയും കശ്യപ മഹര്‍ഷിയുടെയും പുത്രനാണ് ദേവേന്ദ്രന്‍) അസ്വസ്ഥയായി. ആ സ്ഥാനം  ബലി  തപസ്സു  ചെയ്ത്,  കരസ്ഥമാക്കിയപ്പോള്‍  ദേവന്മ്മാരെല്ലാം  പരിഭ്രാന്തരായി. ദേവലോകവും,  അസുരന്‍മാരുടെ കിരാത ഭരണത്തിന്‍ കീഴിലാകുമെന്ന ഭയവും,  ഭീതിയും  അവരെ രാപകല്‍ വേട്ടയാടി. ദേവമാതാവായ അദിതി,   ഭര്‍ത്താവായ കശ്യപ മഹര്‍ഷിയുടെ,  അനുമതിയോടെ,  കഠിന വൃതമായ 'പയോവൃതം' അനുഷ്ഠിച്ചു്, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി. വൃത  ശുദ്ധിയിലും, ഭക്തിയിലും സന്തുഷ്ടനായ, മഹാവിഷ്ണു,  പന്ത്രണ്ടാം  ദിവസം പ്രത്യക്ഷപ്പെട്ടു. അപ്പോള്‍, അവര്‍  തന്റെ  അസ്വസ്ഥതയും,  ദുഖവും ഭഗവാനെ  അറിയിച്ചു. അതിന്റെ  നിവര്‍ത്തിക്കായും,  ബലിയെ ഒരു  പാഠം  പഠിപ്പിക്കാനുമായും,  അദിതിക്കും, കശ്യപനും, രണ്ടാമത്തെ പുത്രനായി മഹാവിഷ്ണു  അവതരിച്ചു. ചിങ്ങ  മാസത്തിലെ,  വെളുത്ത  പക്ഷ  ദ്വാദശിയും, തിരുവോണവും  ചേര്‍ന്ന ദിവസം മധ്യാഹ്ന  സമയം അഭിജിത്  മുഹൂര്‍ത്തത്തില്‍, െ്രെതലോക്യ  നാഥനായ, ഭഗവാന്‍,  വാമനനായി ശംഖു ചക്ര ഗദാ പദ്മ  ധാരിയായി  അവതരിച്ചു. ഹൃസ്വകായനായ  വടു  രൂപിയായിരുന്നതിനാല്‍,  കശ്യപ  മഹര്‍ഷി  തന്നെ  ജാത കര്‍മ്മം  നിര്‍വഹിച്ചു, വാമനന്‍  എന്നു നാമകരണം  ചെയ്തു. ദേവഗുരുവായ ബൃഹസ്പതി  വടുവിനു ബ്രഹ്മ സൂത്രം  നല്‍കി. കശ്യപന്‍  പുല്ലുകൊണ്ടുള്ള  മേഖലയും  അരഞ്ഞാണം  ഭൂമിദേവി  മാന്‍തോലും,  ചന്ദ്രന്‍  യോഗദണ്ഡും, വനദേവതകള്‍ കൗപീനവും, ദൈവമാതാവ്  ഓലക്കുടയും, സരസ്വതി  ജപമാലകളും,  കമലാസനന്‍  കമണ്ഡലവും,  പാര്‍വ്വതീ  ദേവി  ഭിക്ഷാ പാത്രവും,  ദാനം ചെയ്തു. അങ്ങനെ,  ബ്രഹ്മചാരിയായ ഒരു  സന്യാസി ബാലന്റെ  വേഷത്തില്‍, എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍  വാങ്ങി, ഭിക്ഷാടനത്തിനിറങ്ങിത്തിരിച്ചു.

വാമന  ബലി സമാഗമം:

സ്ഥലം  നര്‍മ്മദാ  നദിയുടെ  ഉത്തര തീരത്തെ,  മനോഹരമായ  പുളിനം. ബലിചക്രവര്‍ത്തിയുടെ ആര്‍ഭാട  പൂര്‍ണ്ണമായ,  അശ്വമേധ  യാഗം തകര്‍ത്തടിച്ചു നടന്നു  കൊണ്ടിരിക്കുന്നു. തത്സമയം,  വാമനന്‍  അവിടെയെത്തി  യാഗശാലക്കു  പുറത്തുള്ള ഒരു പൊയ്കയുടെ തീരത്തു വിശ്രമിച്ചു  കൊണ്ടിരിക്കുകയായിരുന്നു. മുഖ പ്രക്ഷാളനത്തിനായി, പുറത്തു  വന്ന, അസുരഗുരുവായ  ശുക്രാചാര്യരും മറ്റു  ഋഷികളും, വാമനന്റെ  തേജസ്സു  കണ്ട്,  അതിശയത്തോടെ,  അതൊരു  ദിവ്യനാണെന്നു  വിശ്വസിച്ചു അദ്ദേഹത്തെ  യാഗശാലക്കുള്ളില്‍  കൊണ്ടുവന്നു.
വാമനന്‍  വന്നപ്പോള്‍, ആചാരപ്രകാരം, ബലിയും, പത്‌നിയായ  വിന്ധ്യാവലിയും ചേര്‍ന്ന്   ആ ബ്രാഹ്മണ ബാലനെ  ഉപചരിച്ചു. ബ്രഹ്മചാരിയായ  ബ്രാഹ്മണ ബാലനോട്, ദാനപ്രിയനായ ബലിചക്രവര്‍ത്തി  ഏന്തു വേണമെന്നു് വീണ്ടും, വീണ്ടും ചോദിച്ചപ്പോള്‍, ബാലന്‍ ഇപ്രകാരം  പറഞ്ഞു: 'ഞാന്‍  ഒരു  ബ്രഹ്മചാരിയാണ്, എനിക്ക് ധനത്തില്‍  അല്‍പ്പം പോലും  ആഗ്രഹമില്ല,   കാരണം,  ധനമുണ്ടായാല്‍,  അഹങ്കാരം  ഉണ്ടാകും. അതു കൊണ്ട്  എനിക്ക് ഒന്നും വേണ്ട'.
വീണ്ടും വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍,  വാമനന്‍ പറഞ്ഞു:

'ബ്രഹ്മചാരിയായ എനിക്ക് ദിവസവും, ഈശ്വര ധ്യാനം ചെയ്യാന്‍ വെറും   മൂന്നടി ഭൂമി മാത്രം മതി'.
അപ്രകാരം  ഉദക  ദാനം  ചെയ്തു  ഭൂമികൊടുക്കാന്‍  ബലി തയ്യാറായി. അപ്പോള്‍ പത്‌നിയായ വിന്ധ്യാവലി,  ഭര്‍ത്താവിന്റെ കൈക്കുമ്പിളിലേക്കു്,   ജലം ഒഴിച്ചു കൊടുത്തു. പെട്ടെന്നു്,  ഗുരുവായ  ശുക്രാചാര്യര്‍,  വന്നിരിക്കുന്നതു  സാക്ഷാല്‍  മഹാവിഷ്ണു ആണെന്നും ആഗമനോദ്ദേശം എന്താണെന്നും, അതുകൊണ്ടു്,  അതു ചെയ്യേണ്ടാ എന്നും രഹസ്യമായി മന്ത്രിച്ചു. പക്ഷെ, വാക്കു കൊടുത്തുപോയ  ബലി, അതില്‍ നിന്നും  പിന്മാറാതെ നിന്നു. അപ്പോള്‍, അതു ഈര്‍ഷ്യയോടെ, കണ്ടു നിന്ന ശുക്രാചാര്യര്‍, പ്രായച്ഛിത്തത്തിനായി, ജലമെടുത്തു  മുഖം  കഴുകുമ്പോള്‍  എന്തോ  കരട്  കണ്ണില്‍ പോയി. വാമന മൂര്‍ത്തി   ഒരു ദര്‍ഭ  കൊണ്ട് അതെടുക്കാന്‍  ശ്രമിച്ചപ്പോള്‍,   ദൗര്‍ഭാഗ്യവശാല്‍, ദര്‍ഭാഗ്രം  കൊണ്ട്  ശുക്രാചാര്യരുടെ ഒരു കണ്ണ് പാടേ  നഷ്ടപ്പെട്ടു.
അത് കഴിഞ്ഞു മായാവാമന മൂര്‍ത്തി,  തന്റെ വിശ്വരൂപം  കൈക്കൊണ്ടു,   ഭൂമി  അളക്കാന്‍  തുടങ്ങി . ആദ്യത്തെ  പാദം എടുത്തു  വച്ചപ്പോള്‍  ഭൂമിയും  രണ്ടാമത്തെ  പാദം എടുത്തു  വച്ചപ്പോള്‍  സ്വര്‍ഗ്ഗവും  തീര്‍ന്നു.

രണ്ടാമത്തെ  അടി  എടുത്തു  സ്വര്‍ഗ്ഗലോകം  അളന്നപ്പോള്‍ ബ്രഹ്മാവ്  തൃപ്പാദം കഴുകിയ  ജലം ഒഴുകി  ദേവ  മന്ദാകിനിയില്‍  പതിച്ചു. അതോടെ, അത് പുണ്യ പ്രവാഹിനിയായി  തീര്‍ന്നു. പിന്നീട്,   സൂര്യ  വംശത്തിലെ  രാജാവായ ഭഗീരഥന്റെ കഠിന തപസ്സു  മൂലം അത്  ഭൂമിയിലേക്ക്  ആനയിക്കപ്പെട്ടു.  മൂന്നാമത്തെ  അടി  എടുത്തു  വയ്ക്കാന്‍  ബാക്കി ഒന്നും  ഇല്ലാതെ  വന്നപ്പോള്‍,  ബലി ചക്രവര്‍ത്തി  തന്റെ  ശിരസ്സു  നമിച്ചിട്ടു 'മൂന്നാമത്തെ തൃപ്പാദം  തന്റെ  ശിരസ്സില്‍  വച്ച്,  അളന്നുകൊള്ളുക'  എന്നു പറഞ്ഞു. അങ്ങനെ,  മൂന്നു  ലോകങ്ങളും മഹാവിഷ്ണു  ബലിയില്‍ നിന്നും  വീണ്ടെടുത്തു. ബലിയെ പാതാളത്തിലേക്കു  താഴ്ത്തി.

പിന്നീടു്, ബലിയോട്പറഞ്ഞു.  'അങ്ങ് എന്റെ ഭക്തന്‍ മാത്രമല്ല,  ദാനശീലനുമാണ്.  പക്ഷെ,  ദേവന്മാരുടെ  വാസസ്ഥലമായ, ദേവലോകം അവരുടെ  ബ്രഹ്മദത്തമായ  അവകാശമാണ്. അതു കൈക്കലാക്കിയതു്,  അങ്ങ്  ചെയ്ത  ഏറ്റവും  വലിയ  അധര്‍മ്മമാണ്,  പാപമാണ്. അതിനുള്ള ശിക്ഷ  അനുഭവിച്ചേ തീരു. ചെയ്ത, ദുഷ്ക്കര്‍മ്മത്തിന്റെ  ഫലമാണ്,  തല്‍ക്കാലത്തെ ഈ പാതാള വാസം അനുഭവിക്കേണ്ടിവന്നത്. അടുത്ത  എട്ടാമത്തെ, സാവര്‍ണ്ണി മനുവിന്റെ കാലത്തു സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ലോകം അങ്ങേയ്ക്കു  ലഭിക്കും, അവിടെ അങ്ങ്,  മഹേന്ദ്രനായി വാഴും,  അങ്ങയുടെ നാമം എന്റെ  നാമത്തോടൊപ്പം ചേര്‍ത്ത് ഭൂമിയില്‍, 'മഹാബലി', എന്ന് അറിയപ്പെടും. അപ്പോള്‍,   ഇന്ദ്രനായി വാണു എന്റെ  പാദങ്ങളില്‍ വിലയം പ്രാപിച്ചു  മുക്തി  ലഭിക്കും. അങ്ങേയ്ക്കു,  സര്‍വ്വ  മംഗളങ്ങളും സിദ്ധിക്കട്ടെ! ' അങ്ങനെ, ബലി ചക്രവര്‍ത്തി, പില്‍ക്കാലത്തു, മഹാബലി   ചക്രവര്‍ത്തിയായി അറിയപ്പെട്ടു. മഹാബലിയുടെ അപേക്ഷ പ്രകാരം, അദ്ദേഹത്തിനു്, വര്‍ഷത്തിലൊരിക്കല്‍ കേരളത്തിലെ  തന്റെ  പ്രജകളെ  തിരുവോണ  നാളില്‍ സന്ദര്‍ശിക്കുവാന്‍,   അനുമതിയും നല്‍കി.

(മൊത്തം മനുക്കള്‍14 സ്വായംഭുവമനു, സ്വാരോചിഷന്‍, ഉത്തമന്‍, താമസന്‍, രൈവതന്‍, ചക്ഷുരന്‍, വൈവസ്വതന്‍, സാവര്‍ണ്ണി, ദക്ഷാ സാവര്‍ണ്ണി, മേരു സാവര്‍ണ്ണി,    സൂര്യ  സാവര്‍ണ്ണി,  ചന്ദ്ര  സാവര്‍ണ്ണി,  രുദ്ര  സാവര്‍ണ്ണി,  വിഷ്ണു  സാവര്‍ണ്ണി)

ഇപ്പോള്‍ നടക്കുന്നത് വൈവസ്വത മന്വന്തരം. ഏഴാമത്തെ മനുവായി  വാഴുന്നത്  വൈവസ്വത മനു. അടുത്തതാണ്  ഭഗവാന്‍  പറഞ്ഞ  എട്ടാമത്തെ, സാവര്‍ണ്ണി മന്വന്തരം. 
പിന്നീട്, ഭഗവാന്‍ മഹാവിഷ്ണു,  തന്റെ  ഭക്തനെ  പാതാളം വരെ  അനുഗമിച്ചു. അവിടെ കൊണ്ടു വിട്ടിട്ട്,  അപ്രത്യക്ഷനായി.

അപ്രകാരം, മഹാബലി  സന്ദര്‍ശിക്കുന്ന  ദിവസമാണ് മലയാളികളായ  നമ്മള്‍, തിരുവോണ  നാളായി എല്ലാ വര്‍ഷവും  കൊണ്ടാടുന്നത്. ഇത്,  മഹാവിഷ്ണു, വാമനാവതാരം എടുത്ത, ചിങ്ങ മാസത്തിലെ, തിരുവോണ  നാളുമായി താദാദ്മ്യം  പുലര്‍ത്തുന്നതായി  കാണാം.
 
മഹാബലിയും  തിരുവോണവും:

ബ്രഹ്മദത്തമായ  ദേവലോകം പിടിച്ചടക്കി, അധര്‍മ്മം കാട്ടിയതിനുള്ള, ശിക്ഷയായി, പാതാളത്തിലേക്കു  താഴ്ത്തപ്പെട്ട  മഹാബലി, (ഭഗവാന്റെ അനുമതിയോടെ മഹാവിഷ്ണുവിന്റെ  'മഹാ'   എന്ന പദവും 'ബലി'  എന്ന പദവും ചേര്‍ത്തുണ്ടായത്) ആഗ്രഹിച്ചതു പോലെ, എല്ലാവര്‍ഷവും  തിരുവോണ നാളില്‍, കേരളത്തിലെ  തന്റെ  പ്രജകളെ സന്ദര്‍ശിക്കുവാന്‍  വരുന്നതായ സങ്കല്പം,  നൂറ്റാണ്ടുകളായി  തുടര്‍ന്നു വരുന്നു. അതിനു  പത്തു ദിവസം  മുന്‍പുള്ള  അത്തം  നക്ഷത്രം  മുതല്‍,  തിരുവോണ  നാള്‍  വരെ, കേരളീയരുടെ ഭവനങ്ങളില്‍,  മുറ്റത്തു നാനാ വിധത്തിലുള്ള പൂക്കളിട്ടു മനോഹരമായി  അലങ്കരിക്കുന്നു. പല തരത്തിലുള്ള വര്‍ണ്ണസുന്ദരമായ  പൂക്കള്‍  കാടും മേടും കയറി പറിക്കുന്നത്, ബാല്യ കാലത്തില്‍, ഒരു  ഹരമായിരുന്നു. ഒരു മത്സര  ബുദ്ധിയോടെ  എല്ലാവരും  അതിരാവിലെ  പൂക്കള്‍  പറിച്ചു മുറ്റങ്ങള്‍ അലങ്കരിക്കുന്നതില്‍  ഉത്സാഹം  കാട്ടിയിരുന്നു.

തന്റെ  പ്രജകളെ  ഒന്ന്  കണ്‍കുളിര്‍ക്കെ  കാണുവാന്‍  വര്ഷത്തിലൊരു പ്രാവശ്യം,  തിരുവോണ  നാളില്‍  വരുന്ന  മഹാബലി  തമ്പുരാനു്, വളരെ  ഹൃദ്യമായ ഒരു സദ്യ ഒരുക്കി  കേരളീയര്‍ കാത്തിരിക്കുന്നു. മദ്ധ്യാഹ്നം, മഹാബലി  വരുന്നതായും,  എല്ലാവരുടെയും,  പാല്‍പ്പായസത്തോടു കൂടിയുള്ള, വിഭവ സമൃദ്ധമായ സദ്യയില്‍ പങ്കു കൊള്ളുന്നതായും, പ്രജകള്‍, തലമുറകളായി വിശ്വസിച്ചു വരുന്നു. ഭോജനങ്ങളെല്ലാം  ഭക്ഷിച്ച  ശേഷം, മഹാബലി,  സന്തുഷ്ടനായി  മടങ്ങുന്നെന്നും  സങ്കല്പം.

തിരുവോണ നാളില്‍, ഓണാഘോഷത്തിനു ശേഷം,  കേരളീയര്‍, ഓണത്തല്ല്, ഓണപ്പന്തുകളി, ഊഞ്ഞാലാട്ടം,  മുതലായ,  പലവിധത്തിലുള്ള  കായിക  വിനോദങ്ങളിലും ഏര്‍പ്പെടുന്നു. തിരുവോണ  ദിവസം  എല്ലാവരും, ജാതിമത ഭേദമെന്യേ, സന്തുഷ്ടരായും, സന്തോഷവാന്മാരായും ചിലവഴിക്കുന്നെന്നു  സങ്കല്പം.  മഹാബലിയ്ക്കു,  സമുചിതമായ, സ്വീകരണവും, സദ്യയും  നല്‍കി, സമ്പ്രീതനായി അദ്ദേഹം മടങ്ങി, യെന്ന ചാരിതാര്‍ഥ്യം  അനുഭവപ്പെടുന്നതോടെ, തിരുവോണം പരിസമാപ്തമാകുന്നു.

'കാണം വിറ്റും ഓണം കൊള്ളണം' എന്ന  പഴമൊഴി  അന്ന് പ്രാബല്യത്തിലിരുന്നു. പക്ഷെ,  ഇന്നത്തെ  വ്യത്യസ്ത  സാമ്പത്തിക,  സാമൂഹ്യ  വ്യവസ്ഥിതിയില്‍  ഈ സമ്പ്രദായം എത്ര മാത്രം പ്രായോഗികമായിരിക്കുമെന്നു ചിന്തിക്കാവുന്നതാണല്ലോ.  ഇന്ന്, മിക്കവാറും ആളുകള്‍  വിദേശങ്ങളില്‍  ജോലിചെയ്യുന്നവരാണ്. അവിടുത്തെ വ്യവസ്ഥിതിക്കൊത്ത  വിധം ജീവിതവും, ആചാര  രീതിയും ചിട്ടപ്പെടുത്തി  ജീവിക്കേണ്ടിയിരിക്കുന്നു. എങ്കിലും, ഒരു മലയാളി, എവിടെയായാലും, ഓണം എങ്ങിനെയെങ്കിലും  ആഘോഷിക്കാതിരിക്കുകയില്ല.

ഇപ്രകാരമുള്ള  കലാചാരങ്ങളും, വിനോദങ്ങളും,  ജാതി  മത  ഭേദമില്ലാതെ, എല്ലാവരെയും ഏകീകരിക്കാനും,  അവരില്‍  ഐക്യബോധവും,  സമഭാവനയും, മതസഹിഷ്ണതയും വളര്‍ത്താനും ഉതകണമെന്നുള്ള സദുദ്ദേശമാണു്, ഇവയ്‌ക്കെല്ലാം  പിന്നില്‍ ഉപോല്‍ബലകമായി  പ്രവര്‍ത്തിക്കുന്നത്,  എന്നതാണ് സത്യം! അപ്പോള്‍ മാത്രമല്ല, ദുഖത്തിലും, ദുരിതത്തിലും, ദുരന്തത്തിലും എല്ലായ്‌പ്പോഴും,  ഈ ഐക്യ  ബോധം  എല്ലാ മനുഷ്യരിലും ഉളവാകുകയാണെങ്കില്‍  മാത്രമേ,  സമഭാവനയില്‍  അര്‍ത്ഥമുള്ളൂ. അടുത്ത  കാലത്തുണ്ടായ   ഒന്നു,  രണ്ടു പ്രളയങ്ങളുടെ സമയത്തു്,  നമ്മുടെ നാട്ടുകാര്‍  ഏകീകരണ  ബോധത്തോടെ  പ്രവര്‍ത്തിച്ചു,  'കേരളം ദൈവത്തിന്റെ  നാട്' , എന്നതിനു് പുറമെ,  ' സജ്ജനങ്ങളായ,  ദൈവങ്ങളുടെ  നാടു കൂടിയാണ്'  എന്ന  അനുമാനം, അന്വര്‍ത്ഥമാക്കിയിരിക്കുന്നു!

ഏല്ലാവര്‍ക്കും ആനന്ദഭരിതമായ ഓണാശംസകള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക