Image

ഒരവധിക്കാല പ്രണയം (കഥ: രാജന്‍ കിണറ്റിങ്കര)

Published on 22 October, 2019
ഒരവധിക്കാല പ്രണയം (കഥ: രാജന്‍ കിണറ്റിങ്കര)
പ്രേമം ഇഷ്ടം സ്‌നേഹം അതിന് കാലം ദേശം ചുറ്റുപാടുകള്‍ പ്രായം ഇതൊന്നും ഒരു തടസ്സമാകുന്നില്ല. അത് ആരോട് എപ്പോള്‍ എങ്ങിനെ തോന്നുമെന്ന് പ്രവചിക്കാനാവില്ല. ഒരു നിമിഷ നേരത്തെ മനസ്സിന്റെ ഭ്രമമാകാം അല്ലെങ്കില്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയാത്ത ഒരു ആകര്‍ഷണമാകാം. വാക്കിലോ നോക്കിലോ നടത്തത്തിലോ ചിരിയിലോ ഒക്കെ ആകാം അത്.

അവധിക്ക് നാട്ടില്‍ ചെന്നപ്പോഴാണ് അത്തരം ഒരു ഭ്രമത്തില്‍ മനസ്സ് ഉടക്കിയത്. അതാരുമറിഞ്ഞില്ല ഞാനും അടുത്ത വീട്ടിലെ ഉണ്ണിക്കുട്ടനും ഒഴിച്ച്. അല്ലെങ്കിലും ഈ പ്രായത്തില്‍ ഇതൊന്നും ആരും അറിയാനും പാടില്ലല്ലോ.

മഴ തോര്‍ന്ന ഒരു പ്രഭാതത്തില്‍ ഉമ്മറ മുറ്റത്തെ ചെടികളോടും പുക്കളോടും പൂമ്പാറ്റകളോടും കിന്നരിച്ച് നടക്കുമ്പോഴാണ് വേലിക്ക് അപ്പുറത്തെ തൊടിയിലെ കിണറ്റു വക്കത്ത് ഒരു മിന്നായം പോലെ അവളെ കണ്ടത്.. തുടുത്ത കവിളുകളും നുണക്കുഴിയും വേലി പടര്‍പ്പിലെ ചെടികള്‍ക്കിടയിലൂടെ ഒരു നോട്ടം കണ്ടു. മനസ്സുടക്കാന്‍ ആ ഒരു ദര്‍ശനം മാത്രം മതിയായിരുന്നു .. ആര് എവിടുത്തെ എന്നൊന്നും അറിയില്ലായിരുന്നു. എന്നാലും ആ രക്തവര്‍ണ്ണമുള്ള കവിളുകളും ആ നുണക്കുഴിയും മനസ്സില്‍ നിന്ന് മായുന്നില്ല.

വേലിക്കല്‍ ചെന്ന് ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി പല ദിവസങ്ങളിലും ആ കിണറ്റുകരയിലേക്ക് എത്തി നോക്കി. കാണുംതോറും അവള്‍ കൂടുതല്‍ സുന്ദരിയാകുംപോലെ.

മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് തിരിച്ചു പോകും മുന്നെ അവളെ കുറിച്ച് അറിയണമെന്ന് നിശ്ചയിച്ചത്. എങ്ങനെ അറിയും ആരോട് ചോദിക്കും എന്ന് നിശ്ചയമില്ലാതെ കുഴയുമ്പോഴാണ് അടുത്ത വീട്ടിലെ ഉണ്ണികുട്ടന്റെ മുഖം മനസ്സില്‍ ഓടിയെത്തിയത്. ഒരു ക്രിക്കറ്റ് ഭ്രാന്തനായ ഉണ്ണിക്കുട്ടന് ഒരു പുതിയ ബാറ്റ് വാങ്ങി കൊടുത്തപ്പോള്‍ അവന്‍ ഇഷ്ടം കൊണ്ടെന്ന് കരുതിക്കാണും. എന്റെ ഉദ്ദേശ്യം അറിഞ്ഞപ്പോള്‍ അവനൊന്നു ഞെട്ടി.

എങ്കിലും ബാറ്റ് ഒരു വീക്ക്‌നെസ്സും ബാധ്യതയുമായതിനാല്‍ അവന് പറയേണ്ടി വന്നു. അപ്പുറത്തെ കണാരേട്ടന്റെ വീട്ടിലെയാണെന്ന്. കണാരേട്ടന്‍ എന്ന് കേട്ടപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു. പഴയ മിലിട്ടറി  കര്‍ക്കശക്കാരന്‍ അങ്ങോട്ടു ചിരിച്ചാലും ഇങ്ങോട്ടൊന്നു പുഞ്ചിരിക്കാത്ത മൊശടന്‍.

പക്ഷെ അതൊന്നും എന്റെ ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ പിന്നോട്ടടിച്ചില്ല ഒരിക്കല്‍ ഉണ്ണിക്കുട്ടനെ വേലിക്കല്‍ കാവല്‍ നിര്‍ത്തി വേലി ചാടാന്‍ തന്നെ തീരുമാനിച്ചു. ഒരഞ്ചു മിനിട്ട് മതിവരുവോളം ഒന്നു കാണുക ഒത്താല്‍ ആ തുടുത്ത കവിളിണയില്‍ ഒന്നു തൊടുക ..അത്രയേ വേണ്ടൂ. അടുത്ത അവധിക്കാലം വരെ ഓര്‍ക്കാനും താലോലിക്കാനും അത് മതി .

ഉണ്ണികുട്ടന്‍ മുന്നറിയിപ്പു നല്‍കി. "സാഹസം വേണ്ട കണാരേട്ടന്‍ കണ്ടാല്‍ ??" പോടാ നിന്റെയൊരു കണാരേട്ടന്‍... ബോംബെയില്‍ 30 വര്‍ഷം ജീവിച്ച നീ എന്നെ പേടിപ്പിക്കുന്നോ?

ഞാന്‍ പിന്‍മാറില്ലെന്ന് കണ്ടപ്പോള്‍ അവന്‍ അടുത്ത നമ്പറിറക്കി. "വേണ്ടാട്ടോ കയ്യില്‍ പെടും .. അങ്ങിനത്തെ സാധനാ .. കാണും പോലെയല്ല ..പിന്നെ വേണ്ടായിരുന്നു എന്ന് തോന്നീട്ട് കാര്യമില്ല."

നീ പോടാ എന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കാതെ വേലിയെടുത്തു ചാടി. മുള്ളു കൊണ്ട് കാല്‍ മുറിഞ്ഞു .. സാരല്യ. അവള്‍ കിണറ്റുകരയിലുണ്ടോ ? എങ്കിലേ മുന്നോട്ട് നടന്നിട്ട് കാര്യമുള്ളു. സകല ദൈവങ്ങളെയും വിളിച്ച് മെല്ലെ പ്രതീക്ഷയോടെ കണ്ണുകള്‍ പായിച്ചു... ഓ ഭാഗ്യം അവള്‍ അവിടുണ്ട്. കിണര്‍ കവുങ്ങിന്‍ തോപ്പിലായതിനാല്‍ ഉമ്മറത്തു നിന്ന് നോക്കിയാലും കണാരേട്ടന്‍ കാണില്ല.

മെല്ലെ പമ്മി പമ്മി അവളുടെ അടുത്തെത്തി. കുറച്ച് നേരം വാഴക്കുട്ടങ്ങള്‍ക്കിടയിലുടെ ആസൗന്ദര്യം ആസ്വദിച്ചു. ആ കവിളിലൊന്നു തൊടണം ... അവള്‍ ഞെട്ടി തിരിയും മുമ്പ് വേലി ചാടി തിരിച്ചോടണം. അത്രയേ ഉദ്ദേശിച്ചുള്ളൂ.

പുറകിലുടെ വലതുകൈ അവളുടെ കവിളില്‍ പതിഞതും അവള്‍ തലതല്ലി താഴെ അലക്കു കല്ലില്‍ .. ദേഹം മുറിഞ്ഞ് കല്ലില്‍ ചോരയൊഴുകി.വെപ്രാളത്തോടെ അവളെ അവിടെ ഉപേക്ഷിച്ച് തിരിച്ച് വേലിക്കല്‍ എത്തിയപ്പോള്‍ ചിരിച്ചു കൊണ്ട് ഉണ്ണിക്കുട്ടന്‍ *ഞാനപ്പഴേ പറഞ്ഞില്ലേ വേണ്ട, കൈയില്‍ പെടുമെന്ന് . പഴുത്താന്‍ പിന്നെ തക്കാളിയുടെ ഞെട്ടിന് ഒട്ടും ബലമില്ല*
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക