Image

ശരി ദൂരം-(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 28 October, 2019
ശരി ദൂരം-(രാജു മൈലപ്രാ)
വന്നു വന്നു ഈ സമുദായ നേതാക്കന്മാര്‍ക്കൊന്നും ഒരു അനുസരണവുമില്ല- എത്ര പറഞ്ഞാലും തലയ്ക്കകത്തു കയറില്ല. കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും കിയോ-കിയോ- തിരഞ്ഞെടുപ്പു കാലത്തു ഓരോ വിധി പ്രസ്താവനകളുമായി ഇറങ്ങിക്കോളും. ഇവരുടെ ഇരുപ്പും നടപ്പും വേഷഭൂഷാദികളുമൊക്കെ കണ്ടാല്‍, ഇവര്‍ ഭൂമിയിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങളാണെന്നു തോന്നിപ്പോകും.

പെരുന്നയിലെ പെരുന്തച്ചന്‍ സുകുമാരന്‍ നായര്‍ജി ഇതുവരെ തന്റെ 'സമദൂര സിദ്ധാന്തം' കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചു പോന്നു. 'ഉണ്ടോണ്ടിരുന്ന നായര്‍ക്ക്, പെട്ടെന്നൊരു വിളി....' എന്നു പറഞ്ഞതു പോലെ നായര്‍ജി 'സമദൂര' ത്തില്‍ നിന്നും ശരിദൂരത്തിലേക്ക് ഇടത്തുമാറി ഞെരിഞ്ഞമര്‍ന്ന് വലത്തോട്ടൊരു ചാട്ടം. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രത്യക്ഷമായും, കോന്നിയില്‍ പരോക്ഷമായും വോട്ടു തേടി. ഫലമോ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നരണ്ടിടത്തും അവര്‍ ദയനീയമായി പരാജയപ്പെട്ടു.

സുകുമാരന്‍ നായര്‍ തന്റെ കസേരയിലിരുന്നു മലക്കം മറിഞ്ഞു കളിക്കുന്നതു കാണുമ്പോള്‍, എന്തുകൊണ്ടോ എനിക്കു നെഞ്ചിടിപ്പാണ്- 'ഭഗവാനേ, പാവത്തിന് ആപത്തൊന്നും വരുത്തരുതേ' എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ ഞങ്ങള്‍ ഇനിയും അനാഥരല്ല-ഞങ്ങള്‍ സനാധരായി-ഞങ്ങളുടെ അവകാശത്തിനു വേണ്ടി വാദിക്കുവാന്‍ ഇനി നിയമസഭയില്‍ ആളുണ്ട്' എന്നു പറഞ്ഞ അതേ നാവുകൊണ്ട് 'സമുദായത്തെ ദ്രോഹിച്ചവരെ' തിരിച്ചറിഞ്ഞു വിശ്വാസികള്‍ നീങ്ങുമെന്നുള്ള പ്രഖ്യാപനം ബി.ജെ.പി.യെ പിന്തുണയ്ക്കാനായിരുന്നു എന്നു വ്യക്തം. ഓര്‍ത്തഡോക്‌സ് പുരോഹിതന്മാര്‍ പരസ്യമായി  നിരവധി സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെട്ടു. ഫോണ്‍ വഴിയും അവര്‍ പ്രചാരണം കൊഴുപ്പിച്ചു. ഫലമോ? വിജ്യ പ്രതീക്ഷ ഉണ്ടായിരുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
വിജയസാദ്ധ്യതകളില്ലാത്ത മണ്ഡലങ്ങളാണ് ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഷാനിമോള്‍ ഉസ്മാനു നല്‍കിപ്പോന്നത്- ഇത്തവണയും അവര്‍ പതിവു തെറ്റിച്ചില്ല. കമ്മ്യൂണിസ്റ്റു മണ്ഡലമായ അരൂരാണ് അവര്‍ക്ക് ഇത്തവണ നല്‍കിയത്. ഒരു 'പൂതന' പ്രയോഗത്തിലൂടെ കവി മന്ത്രി ഷാനിമോളുടെ വിജയത്തിനുള്ള വഴി തെളിച്ചു. വാക്കിനു വിലയില്ലാത്ത വെള്ളാപ്പള്ളി നടേശ ഗുരുക്കളുടെ എതിര്‍ പ്രവര്‍ത്തനവും ഷാനി മോള്‍ ഉസ്മാന്റെ വിജയം ഉറപ്പിച്ചു.

എസ്.എന്‍.ഡി.പി. എന്ന സാമുദായികസംഘടനയും, ബി.ഡി.ജെ.എസ്. എന്ന രാഷ്ട്രീയ സംഘടനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് അച്ഛനും, മോനും ആണയിട്ടു പറയുന്നത്. രാവിലെ ഒരുമിച്ചിരുന്നു പ്രഭാതഭക്ഷണം കഴിച്ചിട്ട് - രണ്ടും രണ്ടും വഴിക്കാണ്- മുട്ടനാടിന്റെ പിറകെ വായില്‍ വെള്ളവുമൊലിപ്പിച്ചു നടക്കുന്ന പട്ടിയുടെ ഗതികേടാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് - സ്ഥാനമാനങ്ങള്‍ വെച്ചു നീട്ടുന്നതല്ലാതെ, ഒന്നും ഇതുവരെ കൈയില്‍ കിട്ടിയില്ല.

ശബരിമലയും, നവോത്ഥാനവുമൊന്നും ഇനിയുള്ള തെരഞ്ഞെടുപ്പികളില്‍ വിലപ്പോകില്ലെന്ന്, ഈ ഉപതിരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. വിധി നിര്‍ണ്ണയിക്കുന്നത് പ്രബുദ്ധരായ വോട്ടറന്മാരാണ്.
നിങ്ങളുടെ ആഹ്വാനങ്ങള്‍ക്ക് ജനം പുല്ലുവിലയേ നല്‍കുന്നുള്ളൂ എന്നു ഇനിയെങ്കിലും തിരിച്ചറിയുക. നാണം കെട്ട ഈ പ്രസ്താവന പരിപാടികള്‍ നിര്‍ത്തുക.

നിങ്ങള്‍ സ്വയം തിരഞ്ഞെടുത്ത കര്‍മ്മ മണ്ഡലങ്ങളുണ്ടല്ലോ! അതില്‍ വ്യാപൃതരായിരിക്കുക.
ഉള്ള സമയം വൃഥാ കളയാതെ, കുറച്ചു പളളികള്‍ കൂടി പിടിച്ചെടുക്കാന്‍ ശ്രമിക്കുക!

ശരി ദൂരം-(രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക