Image

പലായനം (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)

രമ പ്രസന്ന പിഷാരടി Published on 29 October, 2019
പലായനം (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)
അറിയൂ  തഥാഗത!

ഇന്നു ഞാന്‍ വായിച്ചോരു

വചനം മനസ്സിന്റെ

ദര്‍പ്പണം പ്രതിരൂപം!

പലായനങ്ങള്‍

പലതുണ്ടിത് പകല്‍

രാവിന്‍ വഴിമാറലും

പുലര്‍സന്ധ്യയും

മദ്ധ്യാഹ്നവും

തണുത്ത സായാഹ്നവും

ചക്രവാളത്തില്‍ കനല്‍

ക്കുരുതിയ്‌ക്കൊരുങ്ങുന്ന

സന്ധ്യയും സൂര്യാഗ്‌നിയും

ഇരുണ്ടൊരമാവാസി

ഇതള്‍ വിടര്‍ത്തും യുദ്ധ

ച്ചിറകായുണരുന്ന

ചക്രവ്യൂഹങ്ങള്‍ക്കുള്ളില്‍

അഴികള്‍ക്കരികിലായ്

മിഴികള്‍ രണ്ടു പൂട്ടി

ശിരസ്സും താഴ്ത്തീടുന്ന

നീതിശില്പത്തിന്നുള്ളില്‍

ഉറയും ഹേമന്തത്തിന്‍

മഞ്ഞുതുള്ളികള്‍ പോലെ

മറന്നു വയ്ക്കും മൗന

മന്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും

പലായനം ചെയ്യുന്ന

മനസ്സിനുള്ളില്‍

അഗ്‌നിയുലകള്‍ നീറ്റീടുന്ന

കാലത്തെ കാണാകുന്നു

ബോധിവൃക്ഷങ്ങള്‍,

ഗയ, സങ്കടച്ചിമിഴുകള്‍,

ഫാല്‍ഗുനിനദിയുടെ

തീരവും ഓളങ്ങളും

സാലഭഞ്ജികകളും,

വിഗ്രഹങ്ങളില്‍ നിന്ന്

താഴ്ന്നു താഴ്‌ന്നൊഴുകുന്ന

പുഴതന്നോളങ്ങളും

സാളഗ്രാമങ്ങള്‍ക്കുള്ളില്‍

നൂറ്റാണ്ടിന്നോര്‍മ്മയ്ക്കുള്ളില്‍

കാലത്തെ കടന്നേറി

പ്പോകുന്ന മോഹാന്ധത

മിഴി പൂട്ടിയ ബുദ്ധന്‍

സമാധിസ്ഥനായ് വഴി

യരികില്‍ നില്‍ക്കുന്നത്

വെണ്‍ കല്ലിന്നൊരു  ശില്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക