Image

പാടുന്നു പാഴ്മുളം തണ്‍ടു പോലെ.... (അനുഭവക്കുറിപ്പുകള്‍-50- ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 26 November, 2019
 പാടുന്നു പാഴ്മുളം തണ്‍ടു പോലെ.... (അനുഭവക്കുറിപ്പുകള്‍-50- ജയന്‍ വര്‍ഗീസ് )
ഞങ്ങള്‍ താമസിക്കുന്ന ബ്ലോക്കിന്റെ അഞ്ചാറു ബ്ലോക്ക് അകലെ ഒരു പാസ്റ്ററുടെ ബേസ്‌മെന്റ് വാടകക്ക് കൊടുക്കാനുണ്ടെന്നറിഞ്ഞു. ചേട്ടനും, ഞാനും കൂടി പോയി നോക്കി. വലിയ കുഴപ്പമില്ല. മൂന്നു ബെഡ് റൂമുകള്‍, ഒരു ബാത്ത് റൂം. അറുനൂറ്റന്പത് ഡോളര്‍ വാടക. ഒരു മാസത്തെ വാടക സെക്യൂരിറ്റി. പാസ്റ്ററുടെ വക അത്യാവശ്യം ഫര്‍ണീച്ചറുകള്‍ ഉള്ളത് ഉപയോഗിക്കാം. അറുന്നൂറ്റന്പത് ഡോളര്‍  കൂടുതലാണെന്നും, അത്രയും വേണോ എന്നും ചേട്ടന്‍ ചോദിച്ചെങ്കിലും, അത്രയും കിട്ടിയാലേ കൊടുക്കുന്നുള്ളുവെന്ന് പാസ്റ്റര്‍ ഉറച്ചു നിന്നതിനാല്‍ വ്യവസ്ഥകള്‍ സമ്മതിച്ചു ഞങ്ങള്‍ ബേസ് മെന്റ് കൈയേറ്റു. 

വീട്ടിലേക്കു വേണ്ട സാധനങ്ങളും ഉപകരണങ്ങളും കുറച്ചൊക്കെ വാങ്ങി. കുറച്ചൊക്കെ ചേച്ചി  തന്നു. മേരിക്കുട്ടിയുടെ സഹോദരങ്ങളില്‍ ഒരാള്‍ സാമാന്യം വലിപ്പമുള്ള ഒരു ടി. വി. വാങ്ങിച്ചു തന്നു. മറ്റൊരാള്‍ പുതിയ മൈക്രോ വേവ് ഓവന്‍ കൊണ്ടുവന്നു.  അങ്ങിനെ അത്യാവശ്യം താമസിക്കുന്നതിനുള്ള സാധനങ്ങളും, ഉപകരണങ്ങളും ഒക്കെ ഒത്തു കിട്ടി. വാടക കൊടുത്ത് ജീവിച്ചു പോകാനുള്ള വരുമാനവും കൂടി ഉണ്ടായിരുന്നത് കൊണ്ട്  അമേരിക്കയില്‍ എത്തി ആറു മാസം തികയുന്ന ദിവസം ഞങ്ങള്‍ സ്വന്തമായ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റി. അതുവരെയുള്ള താമസവും ഭക്ഷണവും മുക്കാല്‍ പങ്കും കൊച്ചേച്ചിയുടെയും, കുടുംബത്തിന്റെയും വകയായിരുന്നു. 

പാസ്റ്ററും ഭാര്യയും, റെനി എന്ന ഒറ്റ മകനും അടങ്ങുന്നതാണ് കുടുംബം. പാസ്റ്ററുടെ ബന്ധുവായ അപ്പനും, അമ്മയും, മകനും അടങ്ങുന്ന മറ്റൊരു കുടുംബവും പാസ്റ്ററോടൊപ്പം താമസിക്കുന്നുണ്ട്. പാസ്റ്ററുടെ മകന്‍  റെനി എന്റെ മകന്‍ എല്‍ദോസിന്റെ പ്രായമാണ്. സ്‌നേഹനിധിയും, നിഷ്‌ക്കളങ്കനുമായ റെനി ഓടിയോടി താഴെ വരും. അങ്ങിനെ എല്‍ദോസിന് താമസിക്കുന്ന വീട്ടില്‍ തന്നെ ഒരു നല്ല കൂട്ടുകാരനെ കിട്ടി. വളരെ സ്‌നേഹത്തോടെ ഞങ്ങളും റെനിയെ സ്വീകരിച്ചിരുന്നത് കൊണ്ട് റെനിക്കും ഞങ്ങളോട് വലിയ സ്‌നേഹമായിരുന്നു.

പാസ്റ്ററുടെ സഭയിലെ മുപ്പതോളം അംഗങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും പ്രാര്‍ത്ഥിക്കാന്‍ വരും. പിന്നെ ഭയങ്കര തന്‌പേറടിയും, കരച്ചിലും ഒക്കെക്കൂടിയ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയില്‍ സംബന്ധിക്കണം എന്ന് പാസ്റ്ററും, ഭാര്യയും നിര്‍ബന്ധിച്ചു പറഞ്ഞു. ഒരു ദിവസം ഞാന്‍ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ ചെന്നു. വിരിച്ചിട്ട പുല്‍പ്പായകളില്‍ ഒന്നില്‍ ഇരിക്കുവാന്‍ പാസ്റ്റര്‍ ക്ഷണിച്ചു. 

അനന്തരം എന്റെ തലയില്‍ കൈവച്ചു കൊണ്ട് : ' ഈ സഹോദരനെയും കുടുംബത്തെയും സത്യ വിശ്വാസത്തിന്റെ പാതകളിലേക്ക് തിരിച്ചു വരുവാന്‍ തക്കവണ്ണം കര്‍ത്താവേ, അപ്പച്ചാ, അവിടുന്ന് വഴി നടത്തേണമേ' എന്ന് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ മറ്റുള്ളവര്‍ ' സ്വര്‍ഗ്ഗത്തിലെ അപ്പച്ചാ ' എന്ന് കരയും പോലെ ആവര്‍ത്തിച്ചു വിളിച്ചു കൊണ്ടേയിരുന്നു. മുപ്പത്തഞ്ചു കാരിയായ ഒരു സ്ത്രീ  മുട്ടിന്മേല്‍ നിന്ന് പാന്പ് ആടുന്നത് പോലെ ആടിക്കൊണ്ട് അവരുടെ മുഴുവന്‍ അവയവങ്ങളും കുലുക്കി ചീറ്റലിന്റെയും, കാറലിന്റെയും ഒക്കെ ശബ്ദത്തില്‍ പിച്ചും, പേയും പറയുന്‌പോലെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഈ പറച്ചിലിനും, ആട്ടത്തിനും ഒപ്പം മറ്റുള്ളവരുടെ ആക്രോശങ്ങളും, നിലവിളിയും, തന്‌പേര്‍ അടിയും ഒക്കെക്കൂടി ആര്‍ക്കുമൊരു മനോ വിഭ്രമം ഉണ്ടാക്കുന്ന അവസ്ഥയിലാണ് പ്രാര്‍ത്ഥന കത്തിക്കയറുന്നത്. ഈ കത്തിക്കയറലിന്റെ പാരമ്യത്തില്‍ ചില നാടകങ്ങളില്‍ ഒക്കെ കണ്ടിട്ടുള്ളത് പോലെ ഒരു നിമിഷാര്‍ത്ഥത്തില്‍ അറുത്തു മുറിച്ച പോലെ എല്ലാം പെട്ടെന്ന് അവസാനിച്ച് നിശബ്ദത. അടുത്ത ക്ഷണത്തില്‍ തന്നെ എല്ലാവരും നോര്‍മല്‍. നാട്ടുവര്‍ത്തമാനം ഒക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടാണ് പിന്നത്തെ ഇടപാടുകള്‍. എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. പിന്നീടുണ്ടായ പ്രാര്‍ത്ഥനകള്‍ക്ക് വിളിച്ചെങ്കിലും ഞങ്ങള്‍ പോവുകയുണ്ടായില്ല.

വാടക വീടിന്റെ പരിസരങ്ങള്‍ നടന്നു കാണാനായി ഞാന്‍ പുറത്തിറങ്ങി. നല്ല തെളിച്ചമുള്ള ഒരു ശനിയാഴ്ചയായിരുന്നു അത്. ജൂലായ് മാസത്തിലെ ഒരു ചൂടുള്ള ദിവസം. ന്യൂ യോര്‍ക്കില്‍  ഇത്തരം ദിവസങ്ങള്‍ വളരെ അപൂര്‍വമാണ്. വര്‍ഷത്തിലെ എട്ടു മാസത്തോളം മഞ്ഞും, തണുപ്പും സ്‌നോയുമായിട്ടാണ് കാലം. ബാക്കിയുള്ള നാല് മാസങ്ങളില്‍  സ്പ്രിംഗ്, സമ്മര്‍ എന്നൊക്കെ വേര്‍തിരിവ് ഉണ്ടെങ്കിലും ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഫലത്തില്‍ തണുപ്പ് തന്നെയാണ്. 

സമ്മറിന്റെ സമൃദ്ധിയില്‍ ഇലച്ചാര്‍ത്തുകള്‍ വാരിപ്പുതച്ചു നില്‍ക്കുകയാണ് മരങ്ങളും, ചെടികളും. കഴിഞ്ഞ വിന്ററിന്റെ മധ്യത്തില്‍ ജനുവരിയില്‍ ഞങ്ങള്‍ എത്തിചേരുന്‌പോള്‍ നരച്ച നാണക്കാരിയെപ്പോലെ ഇല കൊഴിച്ചു നില്‍ക്കുകയായിരുന്നു ഈ മരങ്ങള്‍. മരങ്ങള്‍ തുണിയുരിയുന്ന വിന്ററില്‍ മനുഷ്യന്‍ ഇവിടെ തുണിയുടുക്കുന്നു. ചൂടുടുപ്പുകള്‍ക്കുള്ളില്‍ കണ്ണ് മാത്രം പുറത്തു കാട്ടി കോസ്‌മോനോട്ടുകളുടെ രൂപത്തിലാവും അവര്‍ പുറത്തിറങ്ങുക. ഇപ്പോള്‍ മരങ്ങള്‍ തുണിയുടുത്തു നില്‍ക്കുന്‌പോള്‍ ഇതാ മനുഷ്യര്‍ തുണിയുരിഞ്ഞു നില്‍ക്കുന്നു. മറയ്‌ക്കേണ്ടത് എന്ന് മനുഷ്യന്‍ കരുതുന്ന ഇടങ്ങളില്‍ എത്രക്ക് മറയ്ക്കാതിരിക്കാം എന്ന പരീക്ഷണമാണ് ഓരോ വേഷവും. വേനല്‍ച്ചൂടില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും, സ്വയം കാണാനും, മറ്റുള്ളവരെ കാണിക്കാനുമുള്ള ഒരെളുപ്പ വഴിയായിട്ടാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത് എന്നാണു എനിക്ക് തോന്നുന്നത്.

അയല്‍ക്കാരനായ ഒരു മലയാളിയെ പരിചയപ്പെട്ടു. നേരത്തെ കുടിയേറിയയാള്‍. നല്ല ജോലിയും, സാന്പത്തിക ഭദ്രതയുമൊക്കെയായി ഇവിടെ വേര് പിടിച്ചു കഴിഞ്ഞു.  ഒരു സിഗരറ്റും പുകച്ച് വെറുതേ റോഡിലേക്ക് നോക്കിക്കൊണ്ട് ഇരിക്കുകയാണ് അയാള്‍.  വീടിനു മുന്നിലെ െ്രെഡവേയ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ ലോഡ് ചെയ്തു കൊണ്ട് പോകുന്നതിനുള്ള ' ഡംപ് സ്റ്റര്‍ ' എന്ന ലോഹപ്പെട്ടിയും വന്നിരിപ്പുണ്ട്. ' ഈ കഷണങ്ങള്‍ ഡംപ് സ്റ്ററിലേക്കു  പെറുക്കിയിടട്ടെ ?  ' എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അമേരിക്കയില്‍ വന്നിട്ട് അല്‍പ്പം മേലനങ്ങി ജോലി ചെയ്‌യുന്നതിനുള്ള ഒരവസരമായിട്ടാണ് ഞാനിതിനെ കണ്ടത്.  ' ഒന്ന് പെറുക്കിയിട്ടു നോക്കൂ ' എന്ന് ഇരിക്കുന്നിടത്തു നിന്നും അനങ്ങാതെ  അയാള്‍ പറഞ്ഞു. 

പത്തോ, അതില്‍ താഴെയോ കിലോ ഭാരമുള്ള കഷണങ്ങളാണ് എല്ലാം. അവ ഓരോന്നായി അനായാസം ഞാന്‍ പെറുക്കിയിടുന്‌പോള്‍ ലോഹപ്പെട്ടി വലിയ ശബ്ദമുണ്ടാകുന്നത് കേട്ടുകൊണ്ട് അയാളിരിക്കുകയാണ്. ഒരു പതിനഞ്ചു മിനിട്ടു കൊണ്ട് കുറെയേറെ കഷണങ്ങള്‍ ഞാന്‍ പെട്ടിയിലാക്കി. പെട്ടെന്ന് എന്റെ സമീപത്തെത്തിയ അയാള്‍ ' മതി ' എന്ന് പറഞ്ഞു കൊണ്ട് എന്നെ തടഞ്ഞു. അത് മുഴുവന്‍ ഞാന്‍ ലോഡ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും അയാള്‍  സമ്മതിച്ചില്ല. ' ഇവിടെ മലയാളികള്‍ക്ക് ഒരു സ്റ്റാറ്റസ് ഉണ്ടെന്നും, ഇത്തരം ജോലികള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ മലയാളി സമൂഹത്തിനു തന്നെ അത് അപമാന കരമാണ് ' എന്നും അയാള്‍ പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നും കടലാസ് ( ആവശ്യമായ യാത്രാ രേഖകള്‍ ) ഇല്ലാതെ വന്നു കിടക്കുന്നവര്‍ ഇഷ്ടം പോലെയുണ്ടെന്നും, അവരെക്കൊണ്ടാണ് ഇത്തരം ജോലികള്‍ തങ്ങളെപ്പോലുള്ള മലയാളികള്‍ ചെയ്യിക്കുന്നതെന്നും അയാള്‍ വിശദീകരിച്ചു തന്നു.( എന്റെ സ്റ്റാറ്റസ് ഒന്ന് അളക്കാന്‍ കൂടി വേണ്ടിയിട്ടായിരിക്കണം അയാള്‍ എന്നെ ഇതിന് അനുവദിച്ചത് എന്ന് അപ്പോള്‍ എനിക്ക് തോന്നി. ) 

അപ്പോഴേക്കും അയാളുടെ അളിയന്‍ വന്നു. എന്നെ കാണാന്‍ കൂടിയാണ് വന്നത് എന്ന് പറഞ്ഞു. ഞാന്‍ എഴുതുന്ന ആളാണെന്ന് അയാളോട് ആരോ പറഞ്ഞുവെന്നും, സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാര്‍ത്തോമ്മാ പള്ളിയില്‍ നിന്നും അയാള്‍ എഡിറ്ററായി പ്രസിദ്ധീകരിക്കാന്‍ പോകുന്ന സുവനീറിലേക്ക് എന്തെങ്കിലും ഒരു മാറ്റര്‍ തരാന്‍ കഴിയുമോ എന്ന് അറിയാനാണ് വന്നത് എന്നും പറഞ്ഞു. സന്തോഷത്തോടെ ഞാനാ ഓഫര്‍ സ്വീകരിച്ചു. അങ്ങിനെ അമേരിക്കയില്‍ വന്ന ശേഷം ആദ്യമായി എന്റെ ഒരു കവിത ' പ്രണാമം ' എന്ന പേരില്‍ അവരുടെ സുവനീറില്‍ അച്ചടിച്ച് വന്നു. 

ആപേക്ഷികത്തിന്റെ നൂലിഴയില്‍, നി  
രാപേക്ഷികത്തിന്റെ നേര്‍ വരയില്‍, 
ആയിരം കോടി യുഗങ്ങള്‍ കൊരുത്തനാ  
യാസം ചരിക്കും പ്രപഞ്ച ശില്‍പ്പീ, 

ആകാശ നീലിമക്കപ്പുറ ത്തായിര  
മാകാശ ഗംഗകള്‍, ക്കപ്പുറത്തും, 
ആദിയു, മന്തവുമൊന്നു ചേരുന്നിട  
ത്താരു നീ ! യെത്രയോ ഭാവോജ്ജ്വലന്‍ ? 

ആദിത്യനില്‍ നിന്നടര്‍ന്നു യുഗങ്ങളി  
ലാറിത്തണുത്തൊരീ ഭൂസരസ്സില്‍, 
ആയിരം മോഹവുമായി വിടരുമൊ  
രാന്പാല്‍പ്പൂ മൊട്ടു ഞാന്‍ നിന്റെ മുന്നില്‍ !     എന്നായിരുന്നു ആ കവിത.

നെല്ലി എനിക്ക് ഇരുപത്തഞ്ച് സെന്റ് കൂടി കൂട്ടിത്തന്നു. ഇപ്പോള്‍ മണിക്കൂറിന് നാല് ഡോളര്‍ അമ്പതു സെന്റ്. നെല്ലി വളരെ നല്ല ഒരു സ്ത്രീ ആയിരുന്നുവെങ്കിലും, തികഞ്ഞ സൗഹൃദത്തോടെ പെരുമാറുമായിരുന്നു എങ്കിലും അവിടെ മാറ്റാനുകൂല്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. സ്വന്തം അരിക്കാശിനു ജോലി ചെയ്യുന്ന അവര്‍ക്ക് വലിയ കന്പനികള്‍ കൊടുക്കുന്നത് പോലെയുള്ള ആനുകൂല്യങ്ങള്‍ കൊടുക്കുവാന്‍ നിവര്‍ത്തിയില്ലാ എന്നതായിരിക്കാം സത്യം. മറ്റു കന്പനികളില്‍ അംഗീകൃത അവധി ദിവസങ്ങളില്‍ ശന്പളത്തോട് കൂടിയ അവധിയാണ്. അഥവാ നമുക്ക് ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ അന്നത്തെ ശന്പളം വേറെ കിട്ടും. ഇങ്ങനെ വര്‍ഷത്തില്‍ പത്തിലധികം ദിവസത്തെ വേതനം കിട്ടും. ഓരോ മാസത്തിലും ഒരു സിക് ഡേ അനുവദിച്ചിട്ടുണ്ട്. അങ്ങിനെ വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസത്തെ വേതനം കിട്ടും. എംപ്ലോയിയുടെ ബെര്‍ത് ഡേ, പേഴ്‌സണല്‍ ഡേ എന്നിങ്ങനെ രണ്ടു ദിവസം പേയ്‌മെന്റ് കിട്ടും. കൂടാതെ വര്‍ഷത്തില്‍ പതിനഞ്ചു മുതല്‍ മുപ്പതു ദിവസം വരെയുള്ള ശന്പളത്തോടു കൂടിയ വെക്കേഷന്‍ ഡേയ്‌സ് എടുക്കാം. കൂടാതെ സോഷ്യല്‍ സെക്യൂരിറ്റി റിസര്‍വിലേക്ക് ഓരോ എംപ്ലോയിക്കു വേണ്ടിയും എംപ്ലോയര്‍ ഒരു നിശ്ചിത തുക അടക്കുന്നുണ്ട്. ഇതും കൂടി കൂട്ടിയിട്ടാണ് പിരിയുന്‌പോള്‍ നമുക്ക് സോഷ്യല്‍ സെക്യൂരിറ്റിയും, പെന്‍ഷനും ഒക്കെ കിട്ടുന്നത്. ( ഇതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്ന വലിയ കന്പനികള്‍ വേറെ ധാരാളമുണ്ട്.)

ഇതിനേക്കാള്‍ ഒക്കെ പ്രധാനമായി ഒന്നാം സ്ഥാനത്ത് വരുന്ന ആനുകൂല്യമാണ് മെഡിക്കല്‍ കവറേജ്. ഒരു ചെറിയ തുക  ശന്പളത്തില്‍  നിന്ന് പിടിച്ചു കൊണ്ട്, എംപ്ലോയിക്കും, ആശ്രിതര്‍ക്കും  ലോകത്ത് എവിടെയായിരുന്നാലും സൗജന്യ വൈദ്യ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. ആവശ്യമെങ്കില്‍ ലോകത്തിന്റെ ഏതു ഭാഗത്തും വിമാനത്തില്‍ എത്തിച്ചു ചികില്‍സിക്കുന്നതിനുള്ള അനുമതിയും ഇതിലുണ്ട്. നിര്‍ദ്ധനര്‍ക്കും, കുറഞ്ഞ വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ഇതേ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, അതിനുള്ള അര്‍ഹത ഞങ്ങള്‍ക്കുണ്ടായിരുന്നിട്ടും, അറിവുകേട് മൂലവും,അസത്യം പറയാനുള്ള മടി മൂലവും ഞങ്ങള്‍ക്ക് ഇതൊന്നും കിട്ടിയില്ല. ' ഫുഡ് സ്റ്റാന്പ് ' എന്നറിയപ്പെടുന്ന സൗജന്യ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയുമായി ഒരു കൂട്ടുകാരിയോടൊത്ത് മേരിക്കുട്ടിയും പോയിരുന്നു ഒരിക്കല്‍. അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് ഒരു സ്‌റ്റേറ്റ്‌മെന്റ് കൊടുക്കണം. ആ ഒരു പച്ചക്കള്ളം പറയാനുള്ള മടി കൊണ്ട് അവള്‍ അത് ചെയ്തില്ല. കൂട്ടുകാരി പുഷ്പം പോലെ അതെഴുതിക്കൊടുത്ത് ആനുകൂല്യങ്ങള്‍ കൈപ്പറ്റി. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു വരേയും കൈപ്പറ്റിക്കൊണ്ടേയിരിക്കുന്നു.

ഇനി ഇതൊന്നും വേണ്ടാ എന്ന് വച്ച് ജീവിക്കാം എന്ന് വച്ചാലോ? സാധ്യമേയല്ല. ഒരു പല്ല് പറിച്ചു വയ്ക്കുന്നതിന് പതിനയ്യായിരം ഡോളര്‍ വരെ 
ഈടാക്കിയ മഹാന്മാരായ ഡോക്ടര്‍മാര്‍ അന്തസോടെ ജീവിച്ചിരിക്കുന്ന നാടാണ് ലോക തലസ്ഥാനമെന്ന് അറിയപ്പെടുന്ന അമേരിക്കന്‍ ഐക്യ നാടുകള്‍. ആദ്യമായി ഒരു ജോലി തന്ന് ആയിരക്കണക്കിന് ഡോളറിന്റെ ചെക്കുകള്‍ കൈമാറിത്തന്ന നെല്ലിയെ ഉപേക്ഷിച്ചു പോരാന്‍ വിഷമം ഉണ്ടായിരുന്നെങ്കിലും, മെഡിക്കല്‍ കവറേജ് കിട്ടുന്ന ഒരു ജോലി അന്വേഷിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

അങ്ങനെയിരിക്കുന്‌പോള്‍ അപ്രതീക്ഷിതമായി ഒരു ദിവസം കടയില്‍ വച്ച്  ജെയിംസ് ആലീസ് ദന്പതികളെ പരിചയപ്പെട്ടു. കോട്ടയം കാരാണ്. രണ്ട് ആണ്‍കുട്ടികള്‍, അവര്‍ പഠിക്കുന്നു. വന്നിട്ട് അധികമായിട്ടില്ല. ജെയിംസ് ഒരു നഴ്‌സിംഗ് ഹോമിലെ ഡയറ്ററിയില്‍ ജോലി ചെയ്യുന്നു. ( പില്‍ക്കാലത്ത് ഇതേ നഴ്‌സിംഗ് ഹോമിലെ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എനിക്ക് ജോലി വാങ്ങിത്തന്നത് ഈ ജെയിംസ് ആയിരുന്നു എന്നത് നന്ദിപൂര്‍വം ഇവിടെ സ്മരിക്കുന്നു.) ആലീസ് ഒരു കന്പനിയില്‍ ആയിരുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് പാസായതിനാല്‍ ഇപ്പോള്‍ ആ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെ അവസ്ഥ പറഞ്ഞപ്പോള്‍ ആലീസ് മുന്‍പ് ജോലി ചെയ്തിരുന്ന ' പ്ലിമത് മില്‍സ് ' എന്ന ഗാര്‍മെന്റ് കന്പനിയില്‍ ഇപ്പോഴും ആളെ എടുക്കുന്നുണ്ടെന്നും, ശന്പളം മിനിമം പേയ് ആണെങ്കിലും, ആറുമാസം കഴിഞ്ഞാല്‍ എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്നും, ധാരാളം മലയാളികള്‍ അവിടെ ജോലി ചെയ്‌യുന്നുണ്ടെന്നും, പറഞ്ഞ് അവരില്‍ ഒരാളുടെ ഫോണ്‍ നംബര്‍ എനിക്ക് തന്നു.

ഫോണ്‍ നംബറില്‍ വിളിച്ചപ്പോള്‍ ആളെ കിട്ടി. ഹരിപ്പാട് കാരന്‍ സാമുവല്‍ തോമസ് ആണ്. കന്പനിയില്‍ ആളെ എടുക്കുന്നുണ്ടോ എന്നറിയില്ലെന്നും, ഏതായാലും അപേക്ഷ കൊടുത്ത് നോക്ക് എന്നും പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ പ്ലിമത്ത് മില്ലിലെത്തി അപേക്ഷ കൊടുത്തു. അലന്‍ എന്ന് പേരുള്ള യഹൂദനായ ഉടമസ്ഥന്‍ നേരിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. പേരും മറ്റു വിവരങ്ങളും ചോദിച്ചു. അമേരിക്കന്‍ എക്‌സ്പീരിയന്‍സ് ഉണ്ടോ എന്ന് ചോദിച്ചു. സോവിങ് മെഷീന്‍ ഓപ്പറേറ്ററായി നെല്ലീസ് ഫാക്ടറിയില്‍ ആറ് മാസം ജോലി ചെയ്ത പരിചയം ഉണ്ടെന്ന് പറഞ്ഞു. ഒരു കടലാസ് എടുത്ത് എട്ട് മുകളിലും, നാല് താഴെയും എഴുതിയിട്ട് അടിയില്‍ ഒരു അധിക ചിഹ്നവും എഴുതി എന്റെ കയ്യില്‍ തന്നു. പേനയും തന്നു. നമ്മള്‍ എഴുതുന്നത് പോലെ എട്ട് എഴുതിയിട്ട് അധിക ചിഹ്നവും ഇട്ടിട്ടു താഴെ നാല് എഴുതുന്ന രീതിയല്ല. അധിക ചിഹ്നം ഇട്ടിരിക്കുന്നത് താഴെ കുറെ മാറിയിട്ടാണ്. രണ്ടും കല്‍പ്പിച്ച് പന്ത്രണ്ട് എഴുതി കടലാസ് തിരിച്ചു കൊടുത്തു '  ഗുഡ്  ' എന്ന് പറഞ്ഞു കൈ പിടിച്ചു കുലുക്കി. ' യു സ്റ്റാര്‍ട് ഇമ്മീഡിയറ്റ്‌ലി ' എന്ന് പറഞ്ഞു കൊണ്ട് അഞ്ചാം നിലയിലെ ജോണ്‍ എന്ന മനുഷ്യന്റെ അടുത്തേക്ക് പറഞ്ഞയച്ചു. 

അഞ്ചാമത്തെ ഫ്‌ലോര്‍ മുഴുവനുമായി ഒരു കട്ടിങ് റൂമാണ്. മുന്നൂറടി നീളവും, നൂറടി  വീതിയുമുള്ള ഒരു വലിയ ഹാള്‍ ആണ് പ്രധാന കട്ടിങ് റൂം. അതിനോടനുബന്ധിച്ചു വലിയ സ്‌റ്റോര്‍ റൂമും പ്രിന്റ് റൂമും, ബാത്ത്‌റൂം സൗകര്യങ്ങളും ഒക്കെയുണ്ട്. ഒരു കട്ടിങ് റൂം ആദ്യമായി കാണുകയാണ് ഞാന്‍. അവിടെ ചെന്നപ്പോളാണ്  മുന്നൂറു വരെയുള്ള വസ്ത്ര ഭാഗങ്ങള്‍ ഒറ്റയടിക്ക് കട്ട് ചെയ്ത് ബണ്ടിലുകളായി നെല്ലീസ് ഫാക്ടറിയില്‍വന്നു കൊണ്ടിരുന്നത് ഇത്തരം കട്ടിങ് റൂമുകളില്‍ നിന്നാണെന്ന് എനിക്ക് മനസിലായത്. 

വളരെ സൗമ്യനായ ഒരു ഇറ്റാലിയന്‍ മാന്യനാണ് കട്ടിങ് റൂം ഡയറക്ടര്‍. അറുപത് വയസ്സ് പ്രായം കാണും. വളരെ ഹാര്‍ദ്ദവമായി എന്നെ സ്വീകരിച്ചു. എനിക്ക് എന്തെങ്കിലും ജോലി തരുവാനായി സൂപ്പര്‍വൈസര്‍ നിക്കിയെ വിളിച്ച് എന്നെ ഏല്‍പ്പിച്ചു കൊടുത്തു. നിക്കറും, ടീഷര്‍ട്ടും ധരിച്ചു നടക്കുന്ന തടിയനായ ഒരിറ്റാലിയന്‍ തന്നെയാണ് നിക്കിയും.  നാല്പത്തഞ്ച് വയസ് പ്രായം കാണും. നിക്കി എന്നെ ഫ്‌ലോറിന്റെ മറ്റൊരു ഭാഗത്തേക്ക് നടത്തി. അവിടെ ഒരരികില്‍ ആറടി നീളവും, നാലടി വീതിയുമുള്ള കുറെ മെറ്റല്‍ ഷീറ്റ് ഷെല്‍ഫുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിട്ടുണ്ട്.അത് പൊടിയൊക്കെ തട്ടി അറുപതടി അകലെയുള്ള മറ്റൊരു കോര്‍ണറില്‍ വച്ചിട്ടുള്ള വുഡന്‍ സ്‌കിഡില്‍ അട്ടി വയ്ക്കണം, അതാണ് ജോലി. തുടക്കുവാനുള്ള കുറെ തുണികളും, റബ്ബര്‍ ഗ്ലൗസുകളുമെല്ലാം ലക്കി തന്നെ തന്നു. എന്നിട്ട് ' ഓക്കേ ' എന്ന്  പറഞ്ഞിട്ട് അയാള്‍ പോയി. 

എട്ടിനും, പത്തിനും ഇടയില്‍ കിലോഭാരമുണ്ട് ഓരോ ഷെല്‍ഫിനും. അതെടുത്ത് ഭിത്തിയില്‍ ചാരി വച്ചിട്ട് ഒരു വശം തുടക്കും. മറിച്ചു ചാരിയിട്ടു മറുവശം തുടക്കും. എന്നിട്ടെടുത്തു കൊണ്ട് പോയി സ്‌കിഡില്‍ ഒന്നിന് മുകളില്‍ ഒന്നായി ആട്ടി വയ്ക്കും. ഇടക്ക് നിക്കി  വന്നു നോക്കുകയും, വലതു കൈയിലെ പെരുവിരല്‍ ഉയര്‍ത്തി 'ഗുഡ് ' പറഞ്ഞിട്ട് പോവുകയും ചെയ്തു. 

ഉച്ചക്ക് ഒരു മണിക്കൂര്‍ ലഞ്ച് ബ്രെക്കുണ്ട്. ചെറിയൊരു ഡൈനിങ് റൂമും ബാത്ത് റൂമും ഒക്കെ ഓരോ ഫ്‌ലോറിലുമുണ്ട്. ഡൈനിങ് റൂമിലെത്തിയപ്പോളാണ് മറ്റു മലയാളികളെ കണ്ടത്. കട്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ബാബു എന്ന സാമുവല്‍ തോമസ്, സ്‌പ്രെഡര്‍ ആയി വര്‍ക്ക് ചെയ്യുന്ന ബാബുവിന്റെ ചേട്ടന്‍ തന്പി, എന്നിവരായിരുന്നു അവര്‍. അവരുടെ മറ്റൊരു സഹോദരന്‍ തങ്കച്ചനും, സഹോദരിമാരായ ജോളിയും, ജെസ്സിയും നാലാം നിലയിലും ജോലി ചെയ്യുന്നുണ്ട് എന്നറിഞ്ഞു. കട്ടിങ് റൂമില്‍ ജോലി ചെയ്യുന്ന അഞ്ചാറ് സ്പാനിഷ്‌കാര്‍ അല്‍പ്പം മാറിയിരുന്ന് ലഞ്ച് കഴിക്കുന്നുണ്ട്. ലഞ്ചു കരുതാതിരുന്നത് കൊണ്ട് വെന്‍ഡിങ് മെഷീനില്‍ നിന്ന് ഒരു ഓറഞ്ചു സോഡയും, സ്‌നിക്കേഴ്‌സ് കുക്കി ബാറും എടുത്തിട്ടാണ് ഞാന്‍ കഴിക്കുന്നത്. സഹോദരന്മാര്‍ തങ്ങളുടെ ലഞ്ച് ഷേര്‍ ചെയ്യാന്‍ തയാറായെങ്കിലും സ്‌നേഹപൂര്‍വ്വം ഞാനതു നിരസിക്കുകയായിരുന്നു.

നാലുമണി ആയതോടെ മുഴുവന്‍ ഷീറ്റ് ഷെല്‍ഫുകളും മൂന്ന്  പെല്ലറ്റുകളിലായി ഞാന്‍ അടുക്കി വച്ചു. ആകെ  നൂറ്റി എണ്‍പതു ഷീറ്റുകള്‍ ഉണ്ടായിരുന്നു അത്. അപ്പോഴേക്കും എന്റെ വേഷം പൊടി പിടിച്ച് മുഷിഞ്ഞ് നാശമായിരുന്നു. ഏതെങ്കിലും അമേരിക്കന്‍ തൊഴിലിടത്തില്‍ ഫുള്‍ സ്യൂട്ടും ടൈയും അണിഞ്ഞ് മണിക്കൂര്‍ നിരക്കിലുള്ള ഡോളറുകള്‍  വാരിക്കൂട്ടുകയാവും ഞാനെന്ന ധാരണയില്‍ അഭിമാനം കൊള്ളുന്ന എന്റെ കുടുംബത്തെയും, നാട്ടുകാരെയും അപ്പോള്‍ ഞാന്‍ ഓര്‍ത്തു. അമേരിക്കയില്‍ നിന്ന് കേരളത്തില്‍ വെക്കേഷന് പോകുന്ന നമ്മുടെ മലയാളികളുടെ വേഷവും, ഭാവവും, പ്രകടനവും ഒക്കെ കണ്ടാല്‍ പാവങ്ങളായ നമ്മുടെ നാട്ടുകാര്‍ക്ക് മറിച്ചു ചിന്തിക്കുവാന്‍ സാധ്യമേയല്ല എന്ന സത്യവും കൂടി അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇനി ആഭാഗം ഒന്ന് തൂത്തു വൃത്തിയാക്കാം എന്ന് ഞാന്‍ വിചാരിച്ചപ്പോഴേക്കും ഡാന എന്ന പേരുള്ള തടിച്ച വെള്ളക്കാരന്‍ പയ്യന്‍ ചൂലുമായി വന്ന്  ആ ഭാഗമെല്ലാം അടിച്ചു വാരിക്കൊണ്ടു പോയി. ഇരുപതു വയസിനു താഴെ പ്രായമുള്ള ഡാന അല്‍പ്പം മന്ദ ബുദ്ധിയാണോ എന്ന് സംശയമുണ്ട്. എപ്പോഴും  സോഡാ കുടിച്ചും, കാന്‍ഡി ചവച്ചും നടക്കുന്ന ഡാന വയറൊക്കെ ചാടി തടിച്ചു വീര്‍ത്ത ഒരു സ്വരൂപമാണ്. പ്രധാനമായും കട്ടിങ് റൂം ഫ്‌ലോറിന്റെ കഌനിംഗ് ജോലികളാണ് ഡാനയുടെ ചുമതലയില്‍ ഉള്ളത്. 

നാലര മണി വരെയാണ് ജോലി. ബാബുവിനെയും, തന്പിയെയും പിക് ചെയ്യുവാന്‍ അവരുടെ അളിയനായ കൊച്ചുബേബി അച്ചായന്‍ ഒരു വാനുമായി വന്നിട്ടുണ്ട്. എന്നെക്കൂടി ആ വണ്ടിയിലേക്ക് അവര്‍ ക്ഷണിച്ചു കയറ്റി. അകത്തു കയറിയപ്പോളാണ് തങ്കച്ചനെയും, പെണ്‍കുട്ടികളെയും കാണുന്നതും, പരിചയപെടുന്നതും. അവര്‍ അമേരിക്കയില്‍ എത്തിയിട്ട് അധികം കാലമായിട്ടില്ല. അവരുടെയെല്ലാം മൂത്ത സഹോദരിയും, കൊച്ചു ബേബി അച്ചായന്റെ ഭാര്യയുമായ ലില്ലി അമ്മാമ സ്‌പോണ്‍സര്‍ ചെയ്തിട്ടാണ് അവര്‍ വന്നിട്ടുള്ളത്. എല്ലാവരും ഇപ്പോള്‍ താമസിക്കുന്നത് കൊച്ചു ബേബി അച്ചായന്റെ വീട്ടില്‍ ഒരുമിച്ചാണ് എന്നും അറിഞ്ഞു.

 പാടുന്നു പാഴ്മുളം തണ്‍ടു പോലെ.... (അനുഭവക്കുറിപ്പുകള്‍-50- ജയന്‍ വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക