Image

ചന്ദ്രഗിരിയോട് യാത്ര പറയുമ്പോള്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 4: മിനി വിശ്വനാഥന്‍)

Published on 07 January, 2020
ചന്ദ്രഗിരിയോട് യാത്ര പറയുമ്പോള്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 4: മിനി വിശ്വനാഥന്‍)
കാഠ്മണ്ടുവില്‍ നിന്ന് ഏകദേശം പതിനാറ് കിലോമീറ്ററുകള്‍ക്കപ്പുറത്താണ് ചന്ദ്രഗിരി ഹില്‍സ്..

നേപ്പാളിലെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍ നിന്ന് 2551 അടി ഉയരെ കിടക്കുന്ന ഈ മലനിരകള്‍. അന്നപൂര്‍ണ്ണ ,എവറസ്റ്റ് എന്നിവയുടെ മനോഹരമായ വ്യൂ കാണാനുമൊരിടമാണിവിടം എന്നത് കൊണ്ട് ചന്ദ്രഗിരി നേപ്പാള്‍ യാത്രാ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ചന്ദ്രഗിരിയിലെ കേബിള്‍ കാര്‍ യാത്ര വളരെ പ്രസിദ്ധവുമാണ്.

ചാറ്റല്‍ മഴ പൊടിഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. റോഡിന്റെ സ്ഥിതിയും പരിതാപകരം തന്നെയാണ്. കേരളത്തിലെ റോഡുകള്‍ പരിചയപ്പെട്ടവരായ ഞങ്ങള്‍ക്ക് അവിടത്തെ റോഡിന്റെ സ്ഥിതിയില്‍ വല്യ പ്രശ്‌നമൊന്നും തോന്നിയില്ല. പക്ഷേ നരേഷ് അല്പം കുറ്റബോധത്തോടെ റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന രാഷ്ട്രീയപരമായ കാരണങ്ങള്‍ വിശദീകരിച്ചു. നാടുകളുടെയും രാഷ്ട്രീയക്കാരുടെയും പേരില്‍ മാത്രമെ വ്യത്യാസമുള്ളു എന്ന് അയാളുടെ ആവലാതിയില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായി.

ഞാന്‍ പുറം കാഴ്ചകളിലേക്ക് കണ്ണു തിരിച്ചു. റോഡിന് ഇരുവശത്തും മരങ്ങള്‍ മഴയില്‍ നനഞ്ഞ് കുളിച്ച് നിന്നു. ചെറിയ  മൂടല്‍മഞ്ഞിനുള്ളില്‍ കിടന്ന് സൂര്യന്‍ ഒളിച്ച് കളിക്കുകയായിരുന്നു. സുഖകരമല്ലാത്ത അന്നത്തെ കാലാവസ്ഥ നരേഷിനെ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു. തങ്ങളുടെ നാടിന്റെ ഭംഗി പരിപൂര്‍ണ്ണമായി ആസ്വദിക്കണമെങ്കില്‍ യാത്രക്ക് മഴക്കാലം തിരഞ്ഞെടുക്കരുതായിരുന്നു എന്നയാള്‍ സങ്കടം പറഞ്ഞു. ചില ദിവസം നല്ല വെയില്‍ ഉണ്ടാവാതെയല്ല. എന്നാലും ചന്ദ്രഗിരിയിലെ കാഴ്ചകള്‍ പൂര്‍ണ്ണമാവണമെങ്കില്‍ നല്ല വെയിലുണ്ടാവണം.

ചന്ദ്രഗിരിമലയില്‍ നിന്ന് താഴേക്കുള്ള കാഠ്മണ്ടു നഗരത്തിന്റെ കാഴ്ച അതി മനോഹരമായിരുന്നു.. അവിടെ നിന്ന് നോക്കിയാല്‍ നഗരം മുഴുവന്‍ ഈ മലനിരകള്‍ക്ക് ചുറ്റും ചിതറിക്കിടക്കുന്നത് കാണാം.
പണ്ട് രാജാ രഞ്ജിത്ത് മല്ല ഗൂര്‍ഖകളാല്‍ തോല്‍പ്പിക്കപ്പെട്ടപ്പോള്‍ ചന്ദ്രഗിരി മലകളിലാണത്രെ അഭയം തേടിയത്. അവിടെയിരുന്ന് താഴോട്ട് നോക്കി തന്റെ സാമ്രാജ്യത്തെ നോക്കി അദ്ദേഹം  വിലപിച്ചു എന്നും കഥകളില്‍ പറയുന്നത് ശരിയായിരിക്കാനിടയുണ്ട്.

ആ താഴ്വാരത്തില്‍ അല്പനേരം ചുറ്റി നടന്നതിനു ശേഷം  കേബിള്‍കാര്‍ സ്‌റ്റേഷനിലേക്ക്  നീങ്ങി. വായിച്ചും
കേട്ടും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേബിള്‍ കാറിന്റെ ആദ്യ കാഴ്ച തന്നെ  ഞങ്ങളെ കുട്ടികളെപ്പോലെ ആവേശത്തിലാക്കിയിരുന്നു. അവിടെ നിന്ന് രണ്ടര കിലോമീറ്ററോളം ഉയരത്തിലേക്കാണ് ഞങ്ങള്‍ക്ക് പോവേണ്ടത്. അവിടെ ഒരു സ്‌റ്റോപ്പുണ്ട്. എല്ലാം സുരക്ഷിതമാണെന്ന വിശ്വാസത്തില്‍  എല്ലാവരും ചുവപ്പ് നിറമുള്ള കൊച്ചു പേടകത്തില്‍ കയറിയിരുന്നു. (നാലാം നില കഴിഞ്ഞ് മുകളിലോട്ട് ലിഫ്റ്റില്‍ പൊങ്ങുമ്പോള്‍ പേടി തോന്നുന്ന എനിക്ക് ഉള്ളില്‍ പേടിയുണ്ടായിരുന്നില്ലെന്നല്ല.) അപ്പോഴേക്കും  മഴച്ചാറല്‍ അവസാനിച്ച് സൂര്യന്‍ മടിച്ച് മടിച്ച് മുഖം കാണിച്ച് തുടങ്ങിയിരുന്നു.

വളരെ വളരെ സാവധാനം ഞങ്ങള്‍ മുകളിലേക്ക് പൊങ്ങിക്കൊണ്ടിരുന്നു. ചുറ്റുപാടും പച്ചപിടിച്ച് നില്ക്കുന്ന കൊടും വനം. 'ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ '  എന്ന് പണ്ട് അപ്പുക്കുട്ടന്‍ ചോദിച്ച് പോയതില്‍ യാതൊരു തെറ്റുമില്ല എന്ന് അത് കണ്ടപ്പോള്‍ മനസ്സിലായി. ട്രക്കിങ്ങിന് വരുന്നവര്‍ ഉണ്ടാക്കിയ ചെറു വഴികള്‍ മുകളില്‍ നിന്ന് കാണാമായിരുന്നു. അതു കണ്ടപ്പോള്‍  സരിതയെയും കിരണ്‍ കണ്ണനെയും ഓര്‍ത്തു, ട്രെക്കിങ്ങ് കാരുടെ പറുദീസയാണിവിടം.

ഈ യാത്രയ്ക്കിടയില്‍ ഒരു ചെറുമഴ കാട്ടിനുള്ളിലേക്ക് പെയ്തിറങ്ങുന്നത് കേബിള്‍ കാര്‍ യാത്രയ്കിടയില്‍ കാണാന്‍ പറ്റി. ആകാശത്ത് മഴയ്ക്കിടയിലൂടെ മഴ അറിഞ്ഞു കൊണ്ടൊരു  യാത്ര മറ്റൊരു അനുഭവവുമായിരുന്നു..

മുകളിലെ സ്‌റ്റേഷനില്‍ ഞങ്ങളിറങ്ങി. മുകളില്‍ ചുറ്റിക്കറങ്ങാന്‍ സമയമുണ്ട്. കൂടെ ഇറങ്ങിയവരൊക്കെ ഫോട്ടോ പിടുത്തത്തിന്റെ തിരക്കിലായിരുന്നു.

2551 അടി ഉയരെയും ചെറിയ ഒരു ബാറിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നുന്നുണ്ടായിരുന്നു ; ഹിമാലയന്‍
വ്യു കാഴ്ചകള്‍ എന്ന ബോര്‍ഡുമായി. ഹിമാലയനിരകള്‍ മഞ്ഞില്‍ മൂടിനില്കുകയായിരുന്നു. ആ കാണുന്നതാണ് ഹിമാലയമെന്ന് ആരോ പറഞ്ഞിടത്തേക്ക് സൂക്ഷ്മമായി നോക്കി ഞങ്ങള്‍ ഹിമാലയം കാണാനായി ശ്രമിച്ചു. മഞ്ഞു പുതഞ്ഞ് കിടക്കുന്ന ഹിമാലയത്തിന്റെ ഉച്ചിയില്‍ സൂര്യകിരണങ്ങള്‍ വെള്ളി വെളിച്ചം വീശുന്നുണ്ടായിരുന്നില്ല. നിരാശ ആരും പുറത്ത് കാണിച്ചില്ല ,ഹിമാലയം ചതിക്കില്ലെന്ന് സമാധാനിക്കുകയും
ചെയ്തു. ബാറിനുള്ളില്‍ നിന്നുള്ള വ്യു കൂടെയുള്ള പുരുഷ കേസരികള്‍ക്ക് പ്രലോഭനമാവുമെന്നതിനാല്‍ അവിടെ നിന്ന് വേഗം പുറത്തിറങ്ങി.

അല്പം മുകളിലോട്ടായി ബലേശ്വര്‍ മഹാദേവ് ടെംപിള്‍ എന്ന ചൂണ്ടുപലകയ്ക് പിന്നാലെ മറ്റുള്ളവര്‍ക്കൊപ്പം ഞങ്ങളും സാവധാനം നടന്നു. ആ വഴിയിലൊരിടത്ത്  ഹിമാലയന്‍ വ്യു പോയിന്റുകള്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. പക്ഷേ ഹിമാലയത്തിന്റെ കാഴ്ച മഴമേഘങ്ങള്‍ പൂര്‍ണ്ണമായും മറച്ചിരുന്നു. അല്പം കൂടി മുകളിലോട്ട് നടന്നപ്പോള്‍ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ചെരിഞ്ഞ മേല്‍ക്കൂര യോടു കൂടിയ അമ്പലം കാണാന്‍ കഴിഞ്ഞു.
ദക്ഷ പ്രജാപതിയുടെ യാഗഭൂമിയില്‍ വെച്ച്  ശിവനെ അപമാനിച്ചതിലുള്ള ദുഃഖം സഹിക്കാനാവാതെ സതിദേവി യാഗ കുണ്ഡത്തില്‍ സ്വയം സമര്‍പ്പിച്ചെന്നും, കോപാകുലനായ ശിവന്‍  സതീദേവിയുടെ മൃതശരീരം തോളിലിട്ട് നടന്നുവെന്നും, അപ്പോള്‍ നെറ്റിത്തടഭാഗം വീണിടമാണ് ഈ അമ്പലംനില്ക്കുന്ന സ്ഥലം എന്നുമാണ് വിശ്വാസം. (നേപ്പാളി ഭാഷയില്‍ ബല എന്നാല്‍ നെറ്റിത്തടം എന്നാണര്‍ത്ഥം) ഇഷ്ട പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ഇവിടെ പ്രത്യേക പൂജകള്‍ ഉണ്ട് .വിവാഹിതരായ സ്ത്രീ പുരുഷന്‍മാരും പരസ്പരം പൂമാലകള്‍ ചാര്‍ത്തി ദമ്പതീ പൂജകള്‍ ചെയ്യുന്നത് കണ്ടു.

ഭൂനിരപ്പിന് ഇത്രയും മുകളിലുള്ള ഈ ക്ഷേത്രം പരമ്പരാഗത വാസ്തുശില്പ രീതിയില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. നമുക്ക് മുഖപരിചയമില്ലാത്ത പിച്ചളയിലുണ്ടാക്കിയ വ്യാളീ, ദേവതാ രൂപങ്ങള്‍ അമ്പലത്തിനു നാല് ഭാഗത്തും കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. നേപ്പാളി ഭാഷയില്‍ മന്ത്രങ്ങള്‍ ആലേഖനം ചെയ്ത വലിയ മണികളും  പുതിയ കാഴ്ചകളില്‍ ഒന്നായിരുന്നു. ശിവനെ പ്രതിനിധീകരിച്ച് ഒരു മരത്തണലില്‍ ത്രിശൂലം സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ നാടിനെ അപേക്ഷിച്ച് ആഗ്രഹങ്ങള്‍ ഏറെയില്ലാത്തവരായിരുന്നു അവിടത്തെ പൂജാരിമാര്‍ എന്ന് തോന്നി. ഭക്തജനങ്ങളെ ആകര്‍ഷിക്കാനായി അവരൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. നിറമുള്ള നൂലുകള്‍ കൈയില്‍ കെട്ടിക്കൊടുത്തതിന് കിട്ടുന്ന ദക്ഷിണ എണ്ണി നോക്കാന്‍ മിനക്കെടാതെ തന്നെ ഒരു വശത്ത് ചുരുട്ടി വെക്കുകയാണ് അവര്‍.

അമ്പലത്തിന് താഴെ നല്ല കോഫീ ഷോപ്പുകളും ഗിഫ്റ്റ്‌ഷോപ്പുകളും ഉണ്ട്. ഉയരം കൂടുംതോറും ചായയെപ്പോലെ കാപ്പിക്കും രുചി കൂടുമോ എന്ന് പരീക്ഷിക്കാനായി ഞങ്ങള്‍ ഓരോ കപ്പ് കാപ്പി കുടിച്ച് തൃപ്തിപ്പെട്ടതിനു ശേഷം കേബിള്‍ കാര്‍ സ്‌റ്റേഷനിലെത്തി. തിരിച്ചിറക്കം ഞാന്‍  കൂടുതല്‍ നന്നായി ആസ്വദിച്ചു. പച്ചപ്പുതപ്പിട്ട മലനിരകള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടതു പോലെ തോന്നി..

ചന്ദ്രഗിരിയോട് യാത്ര പറയുമ്പോള്‍ ശരിക്കുമൊരു സങ്കടം തോന്നി. ബലേശ്വര്‍ മഹാദേവ് ക്ഷേത്രത്തിനു ചുറ്റും ഭാര്യാ വിരഹത്താല്‍ തപിച്ച പരമശിവന്റെ ദീര്‍ഘനിശ്വാസങ്ങളാണെങ്കില്‍ താഴെ പരാജിതനായ രാജാവിന്റെ കണ്ണുനീരോര്‍മ്മകളില്‍ എനിക്കും വിഷമം തോന്നി.
കണ്ടു തീര്‍ന്നത് അത്ഭുതക്കാഴ്ചകള്‍ തന്നെയായിരുന്നു. അതു കൊണ്ട് തന്നെ എല്ലാവരും നിശബ്ദരുമായിരുന്നു.

മലയിറങ്ങുമ്പോള്‍ നരേഷ് ഏതോ ഒരു എഫ് എം സ്‌റ്റേഷനില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ട് കൊണ്ട് വണ്ടിയോടിച്ചു. എന്തുകൊണ്ടോ അയാളും നിശബ്ദനായിരുന്നു.

അടുത്ത ലക്ഷ്യം സ്വയംഭൂ നാഥ് (മങ്കി ടെമ്പിള്‍ ) ആണ്.
യോദ്ധ സിനിമയില്‍ മോഹന്‍ലാല്‍ ചടഞ്ഞിരുന്ന ചവിട്ടുപടികള്‍ നേരിട്ടു കാണാമെന്നുള്ള ആവേശത്തിലായിരുന്നു വിശ്വേട്ടനും വിനിതയും.

സ്വയംഭൂ നാഥ് കാഴ്ചകളുമായി അടുത്ത ആഴ്ച.



ചന്ദ്രഗിരിയോട് യാത്ര പറയുമ്പോള്‍ (ചരിത്രമുറങ്ങുന്ന നേപ്പാള്‍ 4: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക