Image

വിടവാങ്ങല്‍ (കഥ: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 08 January, 2020
 വിടവാങ്ങല്‍ (കഥ: ബാബു പാറയ്ക്കല്‍)
അയാളുടെ ജോലി സമയം രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ്. അന്നും അയാള്‍ പതിവുപോലെ അഞ്ചരമണി കഴിഞ്ഞപ്പോള്‍ തന്നെ എത്തി. എന്നാല്‍ ഗേറ്റിനു മുമ്പില്‍ പതിവില്‍ കൂടുതല്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. അയാള്‍ അവര്‍ക്കിടയിലൂടെ മുന്‍പിലേക്കു ചെന്നു.

'നിങ്ങള്‍ അല്പമൊന്നു മാറിനിന്നേ. ഞാനിതൊന്നു തുറന്നോട്ടെ.'
അവര്‍ ഭവ്യതയോടെ മാറിനിന്നു. അയാള്‍ ഗേറ്റു തുറന്ന് അകത്തേക്കു ചെന്നു. അകത്തെ മുറിയുടെ ചാരിയിട്ടിരുന്ന വാതില്‍ പതുക്കെ തുറന്ന് അയാള്‍ മുറിയിലേക്കു പ്രവേശിച്ചു.

'കുഞ്ഞപ്പിച്ചേട്ടന്‍ ഇന്നു ജോലിയില്‍ നിന്നും വിരമിക്കയാണ്, അല്ലേ?'
അടുത്ത കസേരയിലിരുന്ന സരോജനി ചോദിച്ചു.
'അതെ. ഇന്നു വിരമിക്കയാണ്.'

'ഇപ്പോള്‍ എത്ര വര്‍ഷമായി?'
'ഇവിടെ പത്തു വര്‍ഷം കഴിഞ്ഞു.'

'അതിനു മുമ്പ് ഗള്‍ഫിലല്ലായിരുന്നോ?' അല്‍പ്പം മാറിയിരുന്ന അറ്റന്‍ഡര്‍ കൃഷ്ണന്‍കുട്ടി ചോദിച്ചു.
'അതെ. ഗള്‍ഫില്‍ പതിനഞ്ചുവര്‍ഷം ജോലിചെയ്തു.'

'ഗള്‍ഫില്‍ പതിനഞ്ചുവര്‍ഷം ജോലി ചെയ്ത ഒരാള്‍ നാട്ടില്‍ വന്നിട്ട് ഇങ്ങനെയൊരു ജോലി ചെയ്യുന്നത് ഒരു പക്ഷേ, കേരളത്തില്‍ കുഞ്ഞപ്പിച്ചേട്ടന്‍ മാത്രമായിരിക്കും.' സരോജനി അഭിപ്രായപ്പെട്ടു.

'അതിനെന്താ, കേരളത്തില്‍ ജോലി ചെയ്യാന്‍ വളരെയധികം അവസരങ്ങളുണ്ട്. പക്ഷേ, ഇവിടെ ഓരോ ജോലിക്കും ഓരോ ലെവല്‍ അന്തസ്സു വച്ചിട്ടുണ്ട്. അതുകൊണ്ടു പല ജോലിയും ആരും ചെയ്യില്ല. അതെല്ലാം ബംഗ്ാളി വന്നു ചെയ്യും. ഗള്‍ഫില്‍ എന്തുപണി ചെയ്താലും ആര്‍ക്കും കുഴപ്പമില്ല.'

ചേട്ടന്‍ എന്തുപണിയാ ഗള്‍ഫില്‍ ചെയ്തിരുന്നത്? സരോജനി ചോദിച്ചു.
സരോജനീ, അറിയാമല്ലോ, എനിക്കു വലിയ വിദ്യാഭ്യാസമൊന്നുമില്ല. പിന്നെ ഗള്‍ഫില്‍ പോകാന്‍ ചാന്‍സുകിട്ടിയപ്പോള്‍ പോയെന്നുമാത്രം. എന്നെപ്പോലെ എത്രയോ ആയിരങ്ങളാണ് അവിടെ ജോലി ചെയ്യുന്നത്. ഞാന്‍ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലായിരുന്നു. രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ഏഴുമണിവരെ പൊരിവെയിലത്തു നിന്നാണ് ജോലി ചെയ്തിരുന്നത്. ചൂട് അതികഠിനമാകുമ്പോള്‍ ഉച്ചക്ക് നാലു മണിക്കൂര്‍ അവധി നല്‍കും. അപ്പോള്‍ വൈകീട്ട് പത്തുമണിവരെ ജോലി ചെയ്യണം. താമസം ഫ്രീ ആയി അവര്‍ തരുന്ന ലേബര്‍ ക്യാമ്പിലാണ്. അതികഠിനമായ ചൂടില്‍ തളര്‍ന്നുറങ്ങുന്നവരാണ് കൂടുതലും. അതിനിടയിലാണ് നാട്ടിലേക്കു ഫോണ്‍ വിളിക്കാനും എഴുത്തെഴുതാനുമൊക്കെ ആളുകള്‍ സമയം കണ്ടെത്തുന്നത്. കക്കൂസില്‍ പോകാന്‍ ലൈന്‍ നില്‍ക്കുന്നതാണ് ഏറ്റവും കഷ്ടം. ഇത്രയും കഷ്ടപ്പെട്ടാണ് അവിടെ ജോലി ചെയ്യുന്നതെന്ന് വീട്ടിലിരിക്കുന്നവര്‍ക്കറിയില്ലല്ലോ. വീട്ടിലെ കാര്യങ്ങളൊക്കെ നടക്കണ്ടേ? അവരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. 

എനിക്കു രണ്ടു മക്കളാണ്. ഒരാണും ഒരു പെണ്ണും. അവന്‍ സ്‌ക്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഞാന്‍ നാലോ അഞ്ചോ വര്‍ഷം കൂടിയാണ് ഒരിക്കല്‍ അവധിക്കു വന്നത്. ഹ്രസ്വമായ അവരുടെ സാമീപ്യം ഉളവാക്കിയ നഷ്ടബോധം എന്നെ വല്ലാതെ വേട്ടയാടി. ഇവിടെ വന്നു വല്ല കൂലിപ്പണി ചെയ്താലും മതി എന്നു തീരുമാനിച്ചു മടങ്ങി. ആദ്യം ഭാര്യ എതിരു പറഞ്ഞെങ്കിലും  രണ്ടു പിള്ളാരെ തനിയെ പോറ്റുവാനുള്ള ബുദ്ധിമുട്ടോര്‍ത്തപ്പോള്‍ അവളും സമ്മതിച്ചു. 

പിള്ളാരു വളര്‍ന്നു വരികയല്ലേ? അങ്ങനെ ഞാന്‍ മടങ്ങി ഇവിടെ വല്ല കൂലിപ്പണിക്കും പോകാമെന്നു കരുതിയിരുന്നപ്പോഴാണ് ഇങ്ങനെയൊരു വേക്കന്‍സിയുണ്ടെന്നറിയുന്നതും ഇവിടെ തുടങ്ങുന്നതും. കൃത്യമായി ഇവിടെ ഞാന്‍ എന്താണു ചെയ്യുന്നതെന്നു ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിട്ടില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ അറിഞ്ഞു. ഈ ജോലിക്കു പോകണ്ടെന്നു പറഞ്ഞു. 

ആദ്യമാദ്യം എനിക്കും അല്പം മടിയുണ്ടായെങ്കിലും ഗള്‍ഫിലെ ചൂടും കക്കൂസിലെ ലൈനും ഓര്‍ക്കുമ്പോള്‍ ഏതു ജോലിയും കുഴപ്പമില്ലെന്നു തോന്നി. പിന്നെ ജീവിക്കാനുള്ള കാശു കിട്ടുന്നുണ്ട്. ശമ്പളം കാര്യമായിട്ടൊന്നുമില്ലെങ്കിലും ആളുകള്‍ പലപ്പോഴും കയ്യയച്ചു തരുന്നുണ്ട്. ചിലപ്പോള്‍ ഇരുനൂറ്, പലപ്പോഴും അഞ്ഞൂറ്. ആയിരം
 കിട്ടുന്ന പലദിവസങ്ങളുമുണ്ട്.'

'മക്കള്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?'
'മൂത്തതു മകനാണ്. അവന്‍ എന്‍ജിനീയറിംഗ് കഴിഞ്ഞു. മകള്‍ നഴ്‌സിംഗിനു പഠിക്കുന്നു. ഇനി അവന് ഒരു ജോലിയായാല്‍ പിന്നെ അവളുടെ കാര്യവും അവന്‍ നോക്കികൊള്ളും.'

'എങ്കില്‍പിന്നെ കുറച്ചുനാള്‍ കൂടി ഈ പണി ചെയ്തുകൂടേ?' കൃഷ്ണന്‍കുട്ടിയാണ് അതു ചോദിച്ചത്.
എന്റെ മകനു ഭയങ്കര നിര്‍ബ്ബന്ധം ഒരു ബൈക്കു വാങ്ങണമെന്ന്. ജോലികിട്ടിയിട്ടു വാങ്ങിക്കൊള്ളാന്‍ ഞാന്‍ പറഞ്ഞിട്ട് അവന്‍ സമ്മതിക്കുന്നില്ല. അതു പറഞ്ഞു കഴിഞ്ഞ ദിവസം ദേഷ്യപ്പെട്ടിട്ട് അവന്റെ കൂട്ടുകാരന്റെ വീട്ടിലാണ് ഒരു രാത്രി കിടന്നുറങ്ങിയത്. ഞാന്‍ ഇത്രയും നാള്‍ ഗള്‍ഫില്‍ ജോലി ചെയ്ത സമ്പാദ്യമൊക്കെ എവിടെയാണെന്നാണവന്റെ ചോദ്യം. ഇന്നു ഞാന്‍ വിരമിക്കുന്നതുകൊണ്ട് ഇവിടെ നിന്നു കിട്ടുന്ന പൈസ കൊടുത്ത് രണ്ടോ മൂന്നോ കൊല്ലം പഴക്കമുള്ളതായാലും ഒരു ബൈക്കു വാങ്ങാമല്ലോ. 

സരോജിനിയും കൃഷ്ണന്‍കുട്ടിയും കുഞ്ഞപ്പിച്ചേട്ടന്റെ മുഖത്തേക്കു നോക്കിയിരുന്നു. അദ്ദേഹം കണ്ണുതുടച്ചിട്ട് എഴുന്നേറ്റു.
'ഞാന്‍ പോയി ഗേറ്റുതുറക്കട്ടെ. ആറു മണിയാകുന്നു.'
അയാള്‍ ഗേറ്റു തുറന്ന് കൂടിയിരുന്നവരോടായി പറഞ്ഞു, ആരെങ്കിലും രണ്ടുപേര്‍മാത്രം അകത്തേക്കു വരിക. ബാക്കിയുള്ളവര്‍ ഇവിടെത്തന്നെ നില്‍ക്കുക.'

അതില്‍ രണ്ടുപേര്‍ മുമ്പോട്ടുവന്നു.
'പറഞ്ഞ സാധനങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?'
'ഉണ്ട്.'
'ഇങ്ങുതന്നോളൂ.'
രണ്ടില്‍ ഒരാളുടെ കയ്യിലിരുന്ന ബാഗ് കുഞ്ഞാപ്പിച്ചേട്ടനെ ഏല്‍പ്പിച്ചു.

'വരൂ.' അവരെ രണ്ടുപേരെയും അയാള്‍ അകത്തേക്കുകൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ സരോജനി അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 'എന്താ ആളിന്റെ പേര്?' കുഞ്ഞാപ്പിച്ചേട്ടന്‍ ചോദിച്ചു.'

രണ്ടുപേരില്‍ ഒരാള്‍ ആളിന്റെ പേരുപറഞ്ഞു.
കുഞ്ഞാപ്പിചേട്ടന്‍ മേശപ്പുറത്തിരുന്ന ലിസ്റ്റില്‍ കണ്ണോടിച്ചിട്ടു പറഞ്ഞു,
'സരോജനീ, നമ്പര്‍ 4 ആണ്.'
അയാള്‍ ആ മുറിയുടെ ഭിത്തിയിലുള്ള  ഒരു വലിയ കതകു തുറന്നു. അതായിരുന്നു ആ ആശുപത്രിയിലെ മോര്‍ച്ചറി! അതൊരു വലിയ അലമാര പോലെയായിരുന്നു. ഓരോ തട്ടിലും ഓരോ നമ്പര്‍ എഴുതിയിരുന്നു. അയാള്‍ നാലാം നമ്പര്‍ തട്ടിലെ മൃതദേഹം  ആ ഷെല്‍ഫില്‍ നിന്നും വലിച്ചു പുറത്തേക്കെടുത്തു.

'നോക്കൂ, ആള്‍ ഇതു തന്നെയല്ലേ?'
അടുത്തുനിന്ന രണ്ടുപേരും ഒന്നിച്ചു പറഞ്ഞു,'അതെ.'

 അവര്‍ ആ മൃതദേഹം എടുത്ത് അടുത്തുണ്ടായിരുന്ന ഒരു മേശ മേല്‍ കിടത്തി.
നിങ്ങള്‍ ആരാ? മക്കളാണോ?'
ഞാന്‍ മകനും ഇതു മരുമകനുമാണ്.' അതില്‍ ഒരാള്‍ പറഞ്ഞു.

മൃതദേഹത്തില്‍ അണിഞ്ഞിരുന്ന ടീഷര്‍ട്ട് കുഞ്ഞപ്പിചേട്ടന്‍ ഒരു കത്രിക കൊണ്ട് കീറി. ഉടുത്തിരുന്ന കൈലിയും കീറി കളഞ്ഞു. അടുത്തുവച്ചിരുന്ന ഒരു കുപ്പി സ്പിരിറ്റയാള്‍ തല മുതല്‍ കാല്‍വരെ പതുക്കെ ഒഴിച്ചു. മറുവശത്തു നിന്നിരുന്ന സരോജനിയും അതുതന്നെ ചെയ്തു. ശവശരീരത്തിന്റെ മുഖത്തുണ്ടായിരുന്ന കുറ്റിരോമങ്ങളില്‍ കുഞ്ഞപ്പിച്ചേട്ടന്‍ പതുക്കെയൊന്നു കയ്യോടിച്ചു.

'ആളു താടിവച്ചിരുന്നോ അതോ ക്ലീന്‍ ഷേവാണോ?'
'ക്ലീന്‍ ഷേവാണ്. മരിച്ച അന്നും രാവിലെ ഷേവു ചെയ്തതാണല്ലോ.
പിന്നെയെങ്ങനെയാണ് ഇപ്പോള്‍ ഈ കുറ്റിരോമങ്ങള്‍?' മകന്‍ ചോദിച്ചു.

'ആള്‍ മരിച്ചു കഴിഞ്ഞാലും ഒന്നു രണ്ടു ദിവസത്തേക്കു രോമങ്ങള്‍ വളരും.'
കുഞ്ഞപ്പിചേട്ടന്‍ പറഞ്ഞതു മകനു വിശ്വസിക്കാനായില്ല.

അടുത്തുവച്ചിരുന്ന ഒരു ഷേവിംഗ് സെറ്റില്‍ ഒരു ബ്ലേഡ് ഫിറ്റു ചെയത് സരോജനി കുഞ്ഞപ്പിച്ചേട്ടനു കൊടുത്തു. അയാള്‍ അതുകൊണ്ടു പതുക്കെ മൃതദേഹത്തിന്റെ മുഖത്തുള്ള കുറ്റിരോമങ്ങള്‍ ഷേവു ചെയ്തു തുടങ്ങി.

 'പരോ പരോ' എന്ന ശബ്ദത്തില്‍ അയാള്‍ ഷേവുചെയ്യുന്നതു കണ്ട മകന്‍ ചോദിച്ചു.' ഒരു നല്ല ബ്ലേഡിട്ട് അല്പം സോപ്പുകൂടി പുരുട്ടി നല്ലതുപോലെ ഷേവുചെയ്തുകൂടേ?'

'കുഞ്ഞേ, ഞാന്‍ ആളിന്റെ മുഖമല്ല, ഐസിന്റെ മുകളിലാണു ഷേവു ചെയ്യുന്നത് സോപ്പുപയോഗിച്ചാല്‍ തെന്നിതെന്നിപ്പോകത്തേയുള്ളൂ.' കുഞ്ഞപ്പിച്ചേട്ടന്‍ പറഞ്ഞു.

ദേഹത്തൊഴിച്ച സ്പ്രിറ്റൊക്കെ തുടച്ചുമാറ്റിയശേഷം അയാള്‍ കൊണ്ടുവന്നിട്ടുള്ള വസ്ത്രങ്ങള്‍ കൊടുക്കാന്‍ ആ മകനോടു പറഞ്ഞു. അവന്‍ കൊടുത്ത പൊതി വാങ്ങിയിട്ടു പൂര്‍ണ്ണ നഗ്നമായികിടക്കുന്ന മൃതദേഹത്തെ നോക്കി കുഞ്ഞാപ്പിച്ചേട്ടന്‍ പറഞ്ഞു,' ഈ ലോകത്തില്‍ എല്ലാ തരത്തിലുമുള്ള മനുഷ്യര്‍ ഒരു പോലെയാകുന്നത് ഈ മേശമേല്‍ കിടക്കുമ്പോഴാണ്. ഇവിടെ ജാതിയില്ല, മതമില്ല, സാമ്പത്തിക വ്യത്യാസമില്ല, സ്ഥാനവലിപ്പമോ സ്റ്റാറ്റസോ ഇല്ല. എല്ലാം ഉപക്ഷിച്ച് ഒരു ഐസുകട്ടയായി മാറുന്ന അവസ്ഥ. ആളുകളെ കിടുകിടാ വിറപ്പിച്ചവരും അധികാര ഭ്രാന്തു മൂത്ത് അഴിമതിയും അനീതിയും തൊഴിലാക്കി മാറ്റിയവരുമൊക്കെ ഈ മേശയില്‍ കിടക്കുമ്പോള്‍ ഞാന്‍ അവരെ ഒന്നു നോക്കും. ഇവിടെയാണ് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നത്.'

കുഞ്ഞപ്പിച്ചേട്ടനും സരോജനിയും കൂടി മൃതദേഹത്തിനെ മുണ്ട് ഉടുപ്പിച്ചു. ഇനി ഷര്‍ട്ടാണ് ധരിപ്പിക്കേണ്ടത്. മൃതദേഹം അയാള്‍ ചുമലില്‍ പിടിച്ച് അല്പം ഉയര്‍ത്തിയപ്പോഴേക്കും സരോജനി ആ ഷര്‍ട്ട് മൃതദ്ദേഹത്തിനടിയിലേക്ക് വിരിച്ചിട്ടു.

'കൈ ഇതില്‍ കയറ്റുന്നതാണ് അല്പം ബുദ്ധിമുട്ടുള്ള പണി.'  സരോജനി പറഞ്ഞു.
'ഫ്രീസറില്‍ ഇരുന്നതുകൊണ്ട് ഈ കൈകള്‍ വഴങ്ങില്ല.' അടുത്തുനില്‍ക്കുന്നവരെ നോക്കി പറഞ്ഞിട്ട് കുഞ്ഞപ്പിച്ചേട്ടന്‍ ആ മൃതദേഹത്തിന്റെ ഒരു കൈ മുഴുവന്‍ ശക്തിയുപയോഗിച്ച് മുകളിലേക്കുയര്‍ത്തി പുറകോട്ടു വലിച്ച് ഉടുപ്പു കയറ്റിയിട്ടു.

ഏതാനും മിനിറ്റുകളില്‍ വസ്ത്രധാരണം പൂര്‍ത്തിയാക്കി ഒരു കസവുമുണ്ടുകൊണ്ട് തലപ്പാവും ധരിപ്പിച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞപ്പിചേട്ടന്‍ ചോദിച്ചു.

'എങ്ങനെയുണ്ട്, തൃപ്തിയായോ?'
'ജീവിച്ചിരുന്നപ്പോള്‍ കാണുന്നതിനേക്കാള്‍ ഭംഗിയുണ്ട് ഇപ്പോള്‍. നന്നായിരിക്കുന്നു.' മകന്‍ പറഞ്ഞു.

'എന്നാല്‍ ഇനി വെളിയിലേക്കിറക്കാം.' കുഞ്ഞപ്പിച്ചേട്ടന്‍ മറ്റുള്ളവരുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ മൃതദേഹം ഒരു ട്രോളിയിലേക്കു മാറ്റി വെളിയിലേക്കുരുട്ടി കൊണ്ടുവന്നു.

അതേറ്റുവാങ്ങി ബന്ധുക്കള്‍ ആംബുലന്‍സിലേക്കു കയറ്റി. കുഞ്ഞപ്പിച്ചേട്ടന്‍ തിരിച്ചു മുറിയിലേക്കു നടന്നു. മരിച്ചയാളിന്റെ മകന്‍ പുറകേവന്ന് സ്‌നേഹത്തോടെ നല്‍കിയ പണം പോക്കറ്റിലിട്ട് മുറിയിലേക്കു കടന്നു.

'ഇനി ഒരെണ്ണംകൂടി രാവിലെയുണ്ട്. അതു പത്തുമണിക്കാണ്.' സരോജിനി ലിസ്റ്റില്‍ നോക്കി പറഞ്ഞു.

കുഞ്ഞപ്പിച്ചേട്ടന്‍ കൈകള്‍ കഴുകിവന്ന് മേശപ്പുറത്തു ഫ്‌ലാസ്‌കില്‍ കൊണ്ടു വച്ചിരുന്ന കാപ്പി ഒരു കപ്പിലേക്കു പകര്‍ന്നു.

'എന്താ കുഞ്ഞപ്പിച്ചേട്ടാ, മുഖത്തു വല്ലാത്തൊരു ടെന്‍ഷന്‍? ഇന്നു വിരമിക്കുന്നതു കൊണ്ടാണോ?'

'ഹേയ്, അതൊന്നുമല്ല, സരോജിനി. എന്റെ മകന്റെ കാര്യമോര്‍ത്തിട്ടാ. അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ വിചാരിക്കാത്ത മാറ്റങ്ങള്‍ വന്നിരിക്കുന്നു. അവന്റെ കൂട്ടുകാരൊക്കെ പണക്കാരാ. അതിനൊത്തു നമുക്കു തുള്ളാന്‍ പറ്റുമോ?'

'നമ്മുടെ പ്രയാസങ്ങള്‍ പലപ്പോഴും മക്കള്‍ മനസ്സിലാക്കുന്നില്ല.' സരോജിനി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
അറ്റന്‍ഡര്‍ കൃഷ്ണന്‍കുട്ടി മുറിയിലേക്കു കടന്നു വന്നിട്ടു പറഞ്ഞു. 'ഡോക്ടര്‍ പ്രകാശ് പറഞ്ഞു, നിങ്ങള്‍ ക്ാഷ്വാല്‍റ്റിയിലേക്കു ചെല്ലാന്‍.'

'നമ്പര്‍ 4 ലേക്കു പുതിയ ആള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു.' കുഞ്ഞപ്പിച്ചേട്ടന്‍ സരോജനിയോടൊപ്പം ക്ാഷ്വല്‍റ്റിയിലേക്കു ചെന്നു.
അവിടെയൊരാളെ ട്രോളിയില്‍ പുതപ്പിച്ചുകിടത്തിയിരിക്കുന്നു. ഡോക്ടര്‍ പ്രകാശ് അടുത്തു നില്‍ക്കുന്നുണ്ടായിരുന്നു.

'കുഞ്ഞപ്പിച്ചേട്ടാ, ഇതു പോസ്റ്റുമോര്‍ട്ടത്തിനു പോകേണ്ടതാ. ഒന്നു തുടച്ചു വൃത്തിയാക്കണം. ബൈക്കപകടമാണ്. ഹെല്‍മറ്റു വച്ചിട്ടുണ്ടായിരുന്നില്ല.
സ്വന്തമായി ബൈക്കു വാങ്ങാന്‍ തന്തയ്ക്കു പണമില്ലാതിരുന്നതുകൊണ്ട് ദേഷ്യപ്പെട്ട് കൂട്ടുകാരന്റെ ബൈക്കും കടം വാങ്ങി പോയതാ. പുതിയ സ്‌പോര്‍ട്‌സ് ബൈക്കില്‍ പരിചയം പോരായിരുന്നത്രേ. പോലീസുകാരാ ഇവിടെ കൊണ്ടുവന്നത്.'

കുഞ്ഞപ്പിചേട്ടന്‍ മുമ്പോട്ടുചെന്ന് ആ ശവശരീരത്തിന്റെ മുഖത്തുനിന്നും പുതപ്പിച്ചിരുന്ന ഷീറ്റ് പതുക്കെ ഉയര്‍ത്തിമാറ്റി. അയാള്‍ അല്പനേരം ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. വര്‍ഷങ്ങളോളം പല തരത്തിലുള്ള മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത മനസ്സുമരവിച്ച അയാളുടെ ഹൃദയത്തില്‍ കൂടി അനേകായിരം വോള്‍ട്ടു വൈദ്യുതി ഒന്നിച്ചു കടന്നുപോയി. 

കാലിനടിയിലെ സിമന്റ് തറ രണ്ടായി കീറി അയാള്‍ അതില്‍കൂടി താഴേക്കു പതിക്കുന്നതായി അയാള്‍ക്കു തോന്നി.

'കുഞ്ഞപ്പിചേട്ടാ. ഉടനെ പോകേണ്ടതാ.' ഡോക്ടര്‍ പ്രകാശ് ഓര്‍മ്മിപ്പിച്ചു.

'വന്നോളൂ...' കുഞ്ഞപ്പിച്ചേട്ടന്‍ ഇടനാഴിയില്‍ കൂടി നടന്നു.
അറ്റന്‍ഡര്‍ കൃഷ്ണന്‍കുട്ടി ആ ട്രോളി ഉരുട്ടിക്കൊണ്ട് അയാളെ അനുധാവനം ചെയ്തു.
അപ്പോഴും അയാളുടെ മുമ്പില്‍ നേരം പുലര്‍ന്നിരുന്നില്ല.

 വിടവാങ്ങല്‍ (കഥ: ബാബു പാറയ്ക്കല്‍)
Join WhatsApp News
amerikkan mollakka 2020-01-09 14:28:21
ശ്രീമാൻ പാറക്കൽ സാഹിബ് .. നല്ല കഥകൾ 
ഞമ്മക് ഇസ്റ്റാണ്  അത്  സാഹിബുമാർ എയ്തിയാലും 
സാഹിബകൾ എയ്തിയാലും.  ഈ കഥ 
ഇന്നത്തെ ചെറുപ്പക്കാരെ സ്വാധീനിക്കേണ്ടതാണ്.
മാതാപിതാക്കൾ കസ്റ്റപ്പെടുമ്പോൾ അതറിയാതെ 
കൂട്ടുകാർക്കൊപ്പം ചെത്തി നടക്കാൻ നോക്കുന്ന 
മക്കൾ സത്യം അറിയണം. പാറക്കൽ സാഹിബ് 
മുബാറക്ക്. അപ്പൊ അസ്സലാമു അലൈക്കും.
josecheripuram 2020-01-09 16:54:22
A short story,which tells a lot of things.A mortuary attend,who prepare dead bodies to give to relatives,gets his sons dead body.
Sudhir Panikkaveetil 2020-01-09 21:38:34
എഴുത്തുകാരൻ സമൂഹത്തിൽ ജീവിക്കുന്ന 
ആളാകണം. ബുദ്ധിജീവി ചമഞ്ഞ് 
ദന്തഗോപുരത്തിൽ ഇരുന്ന് മനുഷ്യരെ 
കൊഞ്ഞനം കുത്തുന്ന രീതിയിൽ എഴുതുന്ന 
ആധുനികർ എന്ന കൂട്ടരേ കുറെ പേര് 
പൊക്കികൊണ്ടുനടക്കും. ശ്രീ ബാബു പാറക്കൽ 
സമൂഹത്തിൽ ജീവിക്കുന്ന എഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ കഥകളിൽ കഥാപാത്രങ്ങൾ 
ജീവിക്കുന്നു. അവർ ജീവിതത്തിന്റെ 
നേർചിത്രങ്ങങ്ങൾ നമുക്ക് കാണിച്ച് തരുന്നു.
നല്ല കഥ. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക