Image

ബന്ദും, ഹർത്താലും, പണിമുടക്കും എല്ലാം ഒഴിഞ്ഞിട്ട് കേരളത്തിനെന്നെങ്കിലും നല്ല കാലം വരുമോ? (വെള്ളാശേരി ജോസഫ്)

Published on 09 January, 2020
ബന്ദും, ഹർത്താലും, പണിമുടക്കും എല്ലാം ഒഴിഞ്ഞിട്ട് കേരളത്തിനെന്നെങ്കിലും നല്ല കാലം വരുമോ? (വെള്ളാശേരി ജോസഫ്)
ഇന്നലെ ഡൽഹിയിലും മുംബൈയിലും എല്ലാം ജനജീവിതം സാധാരണ പോലെയായിരുന്നു. കേരളത്തിൽ മാത്രം കടകളെല്ലാം അടഞ്ഞു കിടന്നു; ബസുകൾ സർവീസ് നടത്തിയില്ല. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ട്രെയിഡ് യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കാണ് കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിലൊന്നും പ്രശ്നങ്ങളില്ലാത്തപ്പോഴും കേരളത്തിൽ മാത്രം ഏത് ഈർക്കിലി പാർട്ടി പണിമുടക്ക് പ്രഖ്യാപിച്ചാലും, ഉടൻ കടകളെല്ലാം അടഞ്ഞു കിടക്കും. ബന്ദും, ഹർത്താലും, പണിമുടക്കും എല്ലാം ഒഴിഞ്ഞിട്ട് കേരളത്തിനെന്നെങ്കിലും നല്ല ഗതി വരുമോ?കഴിഞ്ഞ വർഷം ഇതേ സമയത്ത് ശബരിമലയുടെ പേരിലായിരുന്നു തുടരെ തുടരെ ഉള്ള ഹർത്താൽ. ഏതെങ്കിലും ദൈവങ്ങൾ മനുഷ്യനെ ബുദ്ധിമുട്ടിച്ചതായുള്ള ചരിത്രമുണ്ടോ? അപ്പോൾ ദൈവങ്ങളുടെ പേര് പറഞ്ഞു എന്തിനാണ് ബന്ദും, ഹർത്താലും, പണിമുടക്കും ഒക്കെ? ഇത്തരം യുക്തിഭദ്രതയിൽ അധിഷ്ഠിതമായ ചോദ്യങ്ങളൊന്നും നിരുത്തരവാദിത്ത്വം സ്ഥിരം ശീലമാക്കിയ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചോദിച്ചിട്ടു തന്നെ കാര്യമില്ലാതായിക്കഴിഞ്ഞിരിക്കുന്നു.

തൊട്ടതിനും പിടിച്ചതിനും ഒക്കെ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഹർത്താൽ നടത്തിയിരുന്നു. സദാം ഹുസ്സൈനെ തൂക്കിലേറ്റിയപ്പോഴും, അമേരിക്കൻ പ്രെസിഡൻറ്റ് ഡെൽഹിയിലെത്തിയപ്പോഴും ഹർത്താൽ വിളിച്ചവരാണ് കേരളത്തിലെ ഇടതു പക്ഷക്കാർ. നക്സലയിറ്റുകളാവട്ടെ പണ്ട് കൊച്ചിയിൽ ലോകബാങ്ക് പ്രതിനിധികളുടെ കാറിന് മുമ്പിലേക്ക് ആത്മഹത്യാ ശ്രമം എന്നത് പോലെ ചാടി വീണാണ് പ്രതിഷേധിച്ചത്. ലോക ബാങ്ക് ഉദ്യോഗസ്ഥരെ മുതലാളിത്തം ലോകത്തിൽ നിന്ന് തുടച്ചു നീക്കാനായി കഴുത്തിന് കുത്തി പിടിച്ചു തള്ളുകയും ചെയ്തു. ആ ലോക ബാങ്കിനെ തന്നെ പ്രളയം വന്നപ്പോൾ കേരളാ സർക്കാർ സമീപിച്ചത് ഒരുപക്ഷെ ചരിത്രത്തിൻറ്റെ കാവ്യനീതിയാകാം. ഇത്തരത്തിൽ ഇടതുപക്ഷവും, വലതുപക്ഷവും കേരളത്തിലെ ജനത്തിന് ബുദ്ധിമുട്ട് മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. സാധാരണക്കാരന് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കൂടാതെ കേരളത്തിലെ സമ്പദ് വ്യവസ്ഥയും, ടൂറിസവുമാണ് ഈ അടിക്കടി ഉണ്ടാവുന്ന ഹർത്താലുകൾ മൂലം തകരുന്നത്.

സാധാരണ ഫ്ളൈറ്റിലും, ട്രെയിനിലും, ചാർട്ടേർഡ് വിമാനങ്ങളിലും. ഉല്ലാസ കപ്പലുകളിലും ആയി നൂറുകണക്കിന് പേരാണ് ദിവസവും കൊച്ചിയിൽ എത്തുന്നത്. ആലപ്പുഴയിലേക്കും, കുമരകത്തേക്കും ഒക്കെ അവരെ കൊണ്ടുപോകാൻ ടൂർ ഓപ്പറേറ്റർമാർ എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിയുമ്പോഴായിരിക്കും സാധാരണ ഹർത്താലിൻറ്റെ വരവ്. 50-ലേറെ ആഡംബര കപ്പലുകളാണ് ഒരു വർഷം കൊച്ചിയിലെത്തുന്നത്. ഹർത്താൽ ടൂറിസ്റ്റുകളെ ഭയപ്പെടുത്തുന്നു. ടൂറിസ്റ്റുകളുടെ സുരക്ഷ ഏറ്റെടുക്കുന്ന ടൂർ ഓപ്പറേറ്റർമാർക്കും ഹർത്താൽ ദിനങ്ങളിൽ ടൂറിസ്റ്റുകളെ സുരക്ഷിതമായി തിരികെ എത്തിക്കാം എന്ന ഗ്യാരൻറ്റി കൊടുക്കാൻ സാധിക്കുന്നില്ല. നമ്മുടെ ടൂറിസം മേഖല തകരാൻ മറ്റെന്തു വേണം??? ഒരു പ്രമുഖ കമ്പനി അവരുടെ അസ്സെംബ്ലി യൂണിറ്റ് തുടങ്ങാൻ കേരളമായിരുന്നു നിശ്ചയിച്ചിരുന്നത്. അവർ സ്ഥലം നോക്കാൻ വന്ന ദിവസം കേരളത്തിൽ ഹർത്താൽ ആയിരുന്നു. വന്നപോലെ തന്നെ കമ്പനിക്കാർ മടങ്ങി പോയെന്നാണ് ശശി തരൂർ എം.പി. കുറച്ചു നാൾ മുമ്പ് പറഞ്ഞത്. അതുകൊണ്ട് സാധാരണക്കാർ ഇനി ഇടതു പക്ഷത്തേയും, വലതു പക്ഷത്തേയും കെട്ടു കെട്ടിക്കുന്നതായിരിക്കും കേരളത്തിൻറ്റെ വികസനത്തിന് നല്ലത്.

കേരളത്തിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന സ്ഥലമാണ് ഗൾഫ് രാജ്യങ്ങൾ. കൃത്യ സമയത്തിന് അവിടെ ജോലിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർ വേറെ ആളെ നിയമിക്കും. അതുകൊണ്ട് നെടുമ്പാശേരിയിൽ ഗൾഫിൽ പോകുന്നവർ ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിന് തലേ ദിവസമേ തമ്പടിക്കാറുണ്ടായിരുന്നൂ എന്നാണറിവ്. നെടുമ്പാശേരിയിലെ ഹോട്ടൽ'/ലോഡ്ജ് ഉടമകൾക്ക് ആ രീതിയിൽ ലാഭം! മിക്കവാറും നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ആ ഹോട്ടൽ'/ലോഡ്ജ് ഉടമകളിൽ നിന്ന് പിരിക്കുന്നുണ്ടാവാം. കേരളത്തിൽ ഹർത്താൽ ദിവസങ്ങളിൽ ആർക്കെങ്കിലും വിവാഹം പോലുള്ള ആഘോഷങ്ങളൊക്കെ നടത്താനാവുമോ? 'വിവാഹ പാർട്ടി' എന്നെഴുതിയ ബോർഡും വെച്ചാണ് പല ടാക്‌സികളും വധൂ വരന്മാരുമായി ഹർത്താൽ ദിവസങ്ങളിൽ സഞ്ചരിക്കുന്നത്! എന്നിട്ടും കല്ലേറ് കിട്ടിയ സംഭവങ്ങൾ അനവധി. വിവാഹാഘോഷങ്ങളിലൊക്കെ സംബന്ധിക്കാൻ വിദൂര സ്ഥലങ്ങളിൽ നിന്ന് പുറപ്പെടുന്ന ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ ഇച്ഛാഭംഗത്തോടെ മടങ്ങുന്ന കാഴ്ച കേരളത്തിൽ മാത്രമേ കാണാൻ സാധിക്കൂ. ക്യാറ്ററിങ് ഏജൻസികളുടെ ബിസിനസ്സും ഹർത്താലുകൾ കാരണം പൊളിയുന്നൂ. യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻഡുകളിലും കുരുങ്ങിപ്പോകുന്ന അനവധി കഥകൾ വേറെ. രോഗികൾ, ആംബുലൻസ് സർവീസുകൾ - ഇങ്ങനെ എത്രയോ അവശ്യ വിഭാഗങ്ങൾ കേരളത്തിലെ ഹർത്താലുകൾ മൂലം വലയുന്നൂ? വെള്ളം പോലും കിട്ടാതെ 'ബാക്ക്പാക്കുമായി' അലയുന്ന സായിപ്പുമാരേയും, മദാമ്മമാരേയും ഹർത്താൽ ദിനങ്ങളിൽ കേരളത്തിലെ നഗരങ്ങളിൽ കാണാം. 'ദൈവത്തിൻറ്റെ സ്വന്തം നാട്ടിലേക്ക്' പിന്നെ അവർ എന്നെങ്കിലും വരുമോ?    

ഇതെഴുതുന്ന ആൾ ഡൽഹിയിൽ താമസിക്കാൻ തുടങ്ങിയിട്ട് 27 വർഷമായി. ഇന്നുവരെ ഒറ്റ ദിവസം പോലും നഗരം നിശ്ചലമാകുന്നത് കണ്ടിട്ടില്ല. രാജ്യ തലസ്ഥാനത്ത് എത്രയോ പ്രക്ഷോഭങ്ങൾ നടക്കുന്നു??? അതൊക്കെ ഒരു വഴിക്ക് നടക്കും. ജനജീവിതം വേറൊരു വഴിക്കും. പണ്ട് 1991 ഓഗസ്റ്റ് മാസം ഗോർബച്ചേവിനെ വീട്ടു തടങ്കലിലാക്കിയതിനെ തുടർന്നുള്ള ദിവസങ്ങളിൽ മോസ്കോയിലുണ്ടായിരുന്ന ഒരു മലയാളി പ്രൊഫസർ പറഞ്ഞതും ഇതാണ്: "ലോകത്തിൻറ്റെ മുഴുവൻ ശ്രദ്ധ മുൻ സോവിയറ്റ് യൂണിയനിൽ ആയിരുന്നെങ്കിലും ജനജീവിതവും, അവരുടെ പ്രവർത്തികളും സുഗമമായി ഓടുകയായിരുന്നു" - ഇതാണ് ആധുനിക നഗര ജീവിതത്തിൻറ്റെ പ്രത്യേകത. പ്രസിദ്ധ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് തൻറ്റെ ഭാര്യയായ ഏരിയൽ ഡ്യൂറൻറ്റുമൊപ്പം ‘The Story of Civilization’ - നാഗരികതയുടെ ചരിത്രം - 11 വോളിയമായി എഴുതിയിട്ടുണ്ട്. ആ 11 വോളിയം പരമ്പരയുടെ ആദ്യ ഭാഗമായ ‘Our Oriental Heritage’ - ൽ 'കണ്ടീഷൻസ് ഓഫ് സിവിലൈസേഷൻ' എന്ന ഒരു അധ്യായമുണ്ട്. ആ അധ്യായത്തിൽ വിൽ ഡ്യൂറൻറ്റ് നഗര ജീവിതത്തെയും, ഗ്രാമ സംസ്കാരത്തെയും തമ്മിൽ വേർതിരിക്കുന്നുണ്ട്. മാനവരാശിക്ക് മഹനീയമായ സംഭാവനകൾ വന്നിരിക്കുന്നത് നഗരങ്ങളിൽ നിന്നാണ് എന്നാണദ്ദേഹം പറയുന്നത്. നഗരങ്ങളിൽ നിന്ന് മഹത്തായ സംഭാവനകൾ വരണമെങ്കിൽ നഗരജീവിതം 24 മണിക്കൂറും കർമ്മനിരതമായിരിക്കണം. ഈ ലളിതമായ വസ്തുത കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മനസിലാക്കുന്നില്ലാ. കേരളം ആധുനികവൽക്കരിക്കപ്പെടുമ്പോഴും  നഗരവൽക്കരിക്കപ്പെടുമ്പോഴും നമ്മുടെ രാഷ്ട്രീയം മാത്രം വളരെ പിന്നോട്ടാണ്. അതാണ് നിരുത്തരവാദിത്തബോധത്തോടുകൂടി അടിക്കടെ കേരളത്തിൽ ഹർത്താലിന് ആഹ്വാനം വരുന്നത്. രാഷ്ട്രീയത്തിനതീതമായ ഒരു ഹർത്താൽ വിരുദ്ധ സംസ്കാരം കേരളത്തിൽ ഇനിയെങ്കിലും രൂപം കൊള്ളേണ്ടിയിരിക്കുന്നു.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
ബന്ദും, ഹർത്താലും, പണിമുടക്കും എല്ലാം ഒഴിഞ്ഞിട്ട് കേരളത്തിനെന്നെങ്കിലും നല്ല കാലം വരുമോ? (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക