Image

ഗവര്‍ണ്ണര്‍മാര്‍ ജനകീയ ഗവണ്‍മെന്റുകള്‍ക്ക് അതീതരാണോ? ( ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 24 January, 2020
 ഗവര്‍ണ്ണര്‍മാര്‍ ജനകീയ ഗവണ്‍മെന്റുകള്‍ക്ക് അതീതരാണോ? ( ദല്‍ഹികത്ത് : പി.വി.തോമസ് )
കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഗവണ്‍മെന്റ്ും തമ്മില്‍ തുറന്ന യുദ്ധത്തിലാണ്. വിഷയം ഒന്നല്ല നിരവധിയാണ്. അതില്‍ പ്രമുഖം പൗരത്വ ഭേദഗതി നിയമവും അതിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-131 പ്രകാരം ഫയല്‍ ചെയ്ത അപ്പീലുമാണ്. ഇതിന്റെ പ്രധാന കാരണം രാഷ്ട്രീയം തന്നെയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലം ആണ്. സ്വാഭാവികമായിട്ടും ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെ ഒരു നിലപാട് സ്വീകരിച്ചേ മതിയാകൂ. പിണറായി വിജയന്റെ ഗവണ്‍മെന്റാകട്ടെ ഈ നിയമത്തിന് എതിരുമാണ്. ഈ നിയമത്തിനു മാത്രമല്ല ഇതോടൊപ്പം മോഡി ഗവണ്‍മെന്റ് മുമ്പോട്ട് വെച്ചിരിക്കുന്ന അനുബന്ധ നിര്‍ദ്ദേശങ്ങളായ ദേശീയ ജനസംഖ്യ പട്ടികക്കും ദേശീയ പൗരത്വ പട്ടികക്കും എതിരാണ്. അത് ഭരണഘടന വിരുദ്ധവും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നതും ആണെന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് വാദിക്കുന്നു. ഗവര്‍ണ്ണര്‍ ആകട്ടെ പൗരത്വ ഭേദഗതി നിയമത്തെയും മറ്റും അനുകൂലിക്കുക മാത്രമല്ല ഈ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ അനുമതി കൂടാതെ അപ്പീലിനു പോയത് ഭരണഘടന വിരുദ്ധവും രാജ്ഭവനോടുള്ള ധിക്കാരവുമാണെന്ന് ശഠിക്കുന്നു. ഇതില്‍ ഏതാണ് ശരി?
ഗവര്‍ണ്ണര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ അദ്ദേഹത്തിന്റെ നിലപാട് കണ്ണൂര് നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ 30-ാമത് വാര്‍ഷികത്തിന്റെ ഉദ്ഘാടന വേളയില്‍ പരസ്യമായി വെളിപ്പെടുത്തിയതാണ്. ഈ വിഷയത്തില്‍ അദ്ദേഹം ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെ ഉന്നത ശ്രേണിയിലുള്ള ചരിത്രകാരന്‍മാരോട് കലഹിച്ചതുമാണ്. ഇതിനു കാരണമായി അദ്ദേഹം പറഞ്ഞത് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം വിമര്‍ശന വിധേയം ആകുമ്പോള്‍ അദ്ദേഹത്തിന അതിനെ ഒരു ഗവര്‍ണ്ണര്‍ എന്ന നിലയില്‍ പ്രതിരോധിക്കേണ്ടതായിട്ട് ഉണ്ട് എന്നതാണ്. പ്രതിരോധിച്ചുകൊള്ളട്ടെ. പക്ഷെ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയെ ഇതിനുപയോഗിച്ചത് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതിനു ശേഷം അ്‌ദേഹം ഇതിനായി പ്രസ്സ് കോണ്‍ഫറന്‍സുകള്‍ നടത്തുകയും ടെലിവഷന്‍ ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതും ഗവര്‍ണ്ണര്‍ പദവിക്ക് ചേരാത്തതായി ചൂണ്ടികാണിക്കപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പിണറായി ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ അപ്പീലു നല്‍കിയതിനെതിരെ കേരളത്തിലും ദല്‍ഹിയിലും പ്രസ്സ് കോണ്‍ഫറന്‍സുകളും ചാനല്‍ അഭിമുഖങ്ങളും നല്‍കുകയുണ്ടായി. ഇതും സമാനതകളില്ലാത്ത ചട്ടലംഘനമായി മുന്‍ ഗവര്‍ണര്‍മാരും ഭരണഘടന സാധുത. രണ്ട് നിയമത്തിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ പരാതിയും അതിനു മുമ്പ് ഗവര്‍ണ്ണറുടെ അനുമതി നേടാതിരുന്നതും. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഗവണ്‍മെന്റ് വിശ്വസിക്കുന്നു. അതുകൊണ്ടാണ് കേരള നിയമസഭ ഇതിനെതിരെ എകകണ്‌ഠേന ഒരു പ്രമേയം പാസാക്കിയത്. പ്രമുഖ പ്രതിപക്ഷ കകഷിയായ കോണ്‍ഗ്രസും ഇതില്‍  ഉള്‍പ്പെടുന്നു. ഒരംഗമുള്ള ബി.ജെ.പി. വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അതായത് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല എന്ന് സാരം. ഈ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു പ്രമേയം പാസാക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ട്് കേരളാ നിയമസഭയാണ്. അതിനു ശേഷം കേരള മന്ത്രിസഭ ഒരു യോഗം കൂടി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുവാനും തീരുമാനിച്ചു. അങ്ങനെ ഇന്ത്യയില്‍ ആദ്യമായി ഈ വിവാദ നിയമത്തിനെതിരെ സ്ുപ്രീംകോടതിയില്‍ അപ്പീല്‍ ചെയ്ത സംസ്ഥാനം എന്ന പദവിയും കേരളത്തിനു ലഭിച്ചു. ഇവയെല്ലാം ഭരണഘടന അനുസൃതമാണ്. ഗവര്‍ണ്ണര്‍ക്ക് ഇതിനോട് പ്രതിഷേധത്തിന് എന്താണ് കാരണം? എന്താണ് അതിനു അടിസ്ഥാനം? അദ്ദേഹത്തിന്റെ ന്യായീകരണപ്രകാരം പൗരത്വ ഭേദഗതി നിയമം ഭരണഘടന അനുസൃതം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമാണ്. അതിനെ എതിര്‍ക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇവിടെ ഉദിക്കുന്ന ചോദ്യം ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് എന്താണ് റോള്‍? വിഷയം കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാനവും തമ്മിലാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധി എന്ന നിലയില്‍ അതിനെയും ഭരണഘടനയേയും പ്രതിരോധിക്കേണ്ടത് ഗവര്‍ണ്ണറുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വാദിക്കുന്നു. പക്ഷെ അത് കേന്ദ്രത്തിന്റെയൊ രാഷ്ട്രപതിയുടെയോ ചോദ്യം അദ്ദേഹത്തോട് ഉണ്ടായാല്‍ അല്ലേ ഉചിതം. എടുത്ത് ചാടി രാ്ഷ്ട്രീയ ശക്തിയുള്ള വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് രാജ്ഭവന്റെ ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിച്ചതാണോ? ഇനി അദ്ദേഹത്തിന്റെ മറ്റൊരു പരാതിക്ക് ഉള്ള മറുപടി, തരുന്നത് മുന്‍ കേരളാ ഗവര്‍ണ്ണറും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായ ജസ്റ്റിസ് സദാശിവമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു സംസ്ഥാന ഗവണ്‍മെന്റിന് ക്യാബിനറ്റിന്റെ ശുപാര്‍ശ പ്രകാരം ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. അതിന് ഗവര്‍ണ്ണറുടെ മുന്‍കൂട്ടിയുള്ള അനുമതി തേടേണ്ടതായിട്ടില്ല. അദ്ദേഹം ശരിവെയ്ക്കുന്നു ചട്ടപ്രകാരം ഗവണ്‍മെന്റിന് അതായത് മുഖ്യമന്ത്രി ഇങ്ങനെ ഒരു അപ്പീല്‍ നല്‍കുന്നതിനു മുമ്പ് ഗവര്‍ണ്ണറുമായി വിഷയം ചര്‍ച്ച ചെയ്യാവുന്നതാണ്. പക്ഷെ ഈ ചട്ടങ്ങള്‍ നിര്‍ബന്ധിതമല്ല. ചട്ടങ്ങള്‍ ലംഘിക്കുന്നത് ഭരണഘടനാ വിരുദ്ധവുമല്ല, അത് വെറുമൊരു ചടങ്ങു മാത്രമാണ് നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍. കാരണം ഇന്ത്യന്‍ ജനാധിപത്യവും ഫെഡറലിസവും അനുസരിച്ച് ആത്യന്തികമായി അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ ഗവണ്‍മെന്റില്‍ നിക്ഷിപ്തം ആണ്. ഒട്ടേറെ ഭരണഘടന വിദഗ്ദ്ധരും രാഷ്ട്രീയ നിരീക്ഷകരും ഇതു തന്നെ അഭിപ്രായപ്പെടുന്നു. ഇതില്‍ മുന്‍ ലോകസഭാ സെക്രട്ടറി ജനറല്‍ പി.ഡി.പി. ആചാരിയും ഉള്‍പ്പെടുന്നു.

കുറേ കാലങ്ങളായി മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ കക്ഷി ഭേദമന്യേ രാജ് ഭവനുകള്‍ രാഷ്ട്രീയ വിടുപണിക്കായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടു. ഇവര്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് മമതയുള്ള അതിന്റെ ചട്ടുകമാകുവാന്‍ തയ്യാറുണ്ടെന്ന് കരുതുന്ന വ്യക്തികളെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് അവരോധിക്കുന്നു. അങ്ങനെ രാജ്ഭവനുകള്‍ കാലാകാലങ്ങളായി രാഷ്ട്രീയ കുതിര കച്ചവടത്തിന്റെ, പകപോക്കലിന്റെ കമ്പോളമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയക്കാരെ കൊണ്ടും അടിത്തൂണ്‍ പറ്റിയ പൊതുപ്രവര്‍ത്തകരെ കൊണ്ടും രാജ്ഭവനുകള്‍ നിറക്കുന്നു. അവരുടെ പുനരധിവാസ കേന്ദ്രങ്ങളായി രാജ് ഭവനുകളെ തരംതാഴ്ത്തിയിരിക്കുന്നു. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ അസ്ഥിരമാക്കുവാന്‍ അല്ലെങ്കില്‍ ്അവയെ ആര്‍ട്ടിക്കിള്‍. 356 പ്രകാരം പിരിച്ചു വിടുവാന്‍ കേന്ദ്രം ഇവരെ ഉപയോഗിക്കുന്നു. ഇതിനു ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. ആന്ധ്രാ പ്രദേശിലെ ഗവര്‍ണ്ണറായിരിക്കവേ എന്‍.റ്റി. രാമറാവു ഗവണ്‍മെന്റിനെ പിരിച്ചുവിട്ട ഹിമാചല്‍ പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഠാക്കൂര്‍ രാം ലാല്‍ ഈ ചങ്ങലയിലെ ഒരു കണ്ണി മാത്രമായിരുന്നു. ഇതുപോലെ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട് ഉദ്ധരിക്കുവാന്‍.

ബി.ജെ.പി. അധികാരത്തില്‍ വന്നതിനു ശേഷം രാജ്ഭവനുകള്‍ മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ടും ആര്‍.എസ്.എസ്.കാരെ കൊണ്ടും നിറക്കുന്നത് പതിവായിരുക്കുന്നു. ഇവര്‍ മോഡിക്കും അമിത് ഷായ്ക്കും വേണ്ടി സംസ്ഥാന രാജ്ഭവനുകളില്‍ വിടുപണി ചെയ്യുന്നതിന് പരസ്പരം മത്സരത്തിലാണ്. രാജ്ഭവനുകളെ സര്‍വത്ര രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലെ ചില ഉദാഹരണങ്ങളില്‍ ചിലതാണ് കേരള ബി.ജെ.പി. അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസ്സോറം ഗവര്‍ണ്ണാറി നിയമിച്ചതും അതിനു ശേഷം രാജി വെയ്പ്പിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും. തൊട്ടു പിറകെയാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ മിസ്സോറം ഗവര്‍ണ്ണര്‍ ആയി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതു പോലെ നിഷ്പക്ഷമായിരിക്കേണ്ട ഒരു ഭരണഘടന സ്ഥാപനത്തെ സജീവ രാഷ്ട്രീയക്കാരെകൊണ്ടും സംഘപരിവാര്‍ അനുയായികളെ കൊണ്ടും നിറയ്ക്കുന്നതിന്റെ രാഷ്ട്രീയ- ഭരണഘടന ധാര്‍മ്മികതയും സാധുതയും എന്താണ്? ഇവയുടെയൊക്കെ ഒളിഞ്ഞും തെളിഞ്ഞമുള്ള ലംഘനം അല്ലേ ഈ വക നിയമനങ്ങള്‍.
ഗവര്‍ണ്ണര്‍ പദവി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും വിവാദങ്ങളും ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ട്ടിക്കിള്‍-356 ഭരണഘടനയില്‍ നിന്നും എടുത്തു കളയുന്നതിനെകുറിച്ചും. ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഇവയെ രണ്ടിനേയും ഗൗരവമായി പരിഗണിച്ചതാണ്. എന്നാല്‍ വാദപ്രതിവാദങ്ങളുടെ അവസാനത്തില്‍ കൗണ്‍സില്‍ അംഗങ്ങളായ സംസ്ഥാനങ്ങള്‍ ഇവയെ ചില നിയന്ത്രങ്ങളൊടെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചു. ഗവര്‍ണറുടെ കാര്യത്തില്‍ കൗണ്‍സില്‍ തീരുമാനിച്ചത് ഒരു സംസ്ഥാനത്തിലേക്ക് പുതിയ ഗവര്‍ണറെ അയക്കുമ്പോള്‍ ആ സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്തിട്ട് കേന്ദ്രത്തിനും സംസ്ഥാന ഗവണ്‍മെന്റിനും പൊതുസമ്മതനായ ഒരു വ്യകതിയെ നിയമിക്കണം എന്നുള്ളതായിരുന്നു. സജീവ രാഷ്ട്രീയക്കാരെ ഒഴിച്ച് നിര്‍ത്തണം എന്നുള്ളതായിരുന്നു തീരുമാനം. പക്ഷെ ഇതു നടപ്പാക്കിയില്ല. അതുപോലെ തന്നെ ആര്‍ട്ടിക്കിള്‍-356 പ്രകാരം ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ പിരിച്ച് വിടുമ്പോള്‍ തക്കതായ കാരണം ആ  ഗവണ്‍മെന്റിനെ കാണിച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇത് പാര്‍ലമെന്റില്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്യപ്പെടണമെന്നും കൗണ്‍സില്‍ തീരുമാനിക്കുകയുണ്ടായി. ഇത് നടപ്പാക്കിയാല്‍  ഭരണഘടനയിലെ 'ഡെഡ് ലെറ്റര്‍' എന്ന് അംബേദ്കര്‍ വിശേഷിപ്പിച്ചിരുന്ന ആര്‍ട്ടിക്കിള്‍-356 നെ ഭാഗികമായി തടയുവാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഈ തീരുമാനം തന്നെ ഒരു ഡെഡ് ലെറ്റര്‍-ആയി അവശേഷിക്കുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ ഒരു കാലത്ത് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിപ്ലവകാരിയായ വിദ്യാര്‍ത്ഥി നേതാവായിരുന്നു. അദ്ദേഹം രാജീവ് ഗാന്ധി ഗവണ്‍മെന്റില്‍ മന്ത്രിയുമായിരുന്നു. എന്നാല്‍ ഷബാനോ കേസില്‍ മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിനുശേഷം ആലംബന തുക നല്‍കുവാന്‍ സുപ്രീം കോടതി വിധികല്‍പ്പിച്ചതിനെ മറികടക്കുവാനായി രാജീവ് ഗാന്ധി ന്യൂനപക്ഷ പ്രീണനാര്‍ധം ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ പ്രതിഷേധിച്ച് രാജിവെച്ചു. അതിനുശേഷം കോണ്‍ഗ്രസ് വിട്ട ഖാന്‍ ഒട്ടേറെ പാര്‍ട്ടികള്‍ പരീക്ഷിച്ചെങ്കിലും ഒടുവില്‍ ബി.ജെ.പി.യില്‍ എത്തി. ബി.ജെ.പി.യും ഖാനും തമ്മിലുള്ള രസതന്ത്രം ഷബാനോ കേസ് ആണ്.

കേരള ഗവണ്‍മെന്റുമായിട്ടുള്ള സംഘര്‍ഷത്തില്‍ ഖാന്‍ പറയുന്നത് അദ്ദേഹം ഭരണഘടനാ ലംഘനത്തിന്റെ ഒരു  മൂകസാക്ഷിയായി നില്‍ക്കുക ഇല്ലെന്നും ഗവര്‍ണ്ണര്‍ സ്ഥാനം ഒരു റബര്‍ സ്റ്റാമ്പ് അല്ലെന്നും ആണ്. അദ്ദേഹം മൂകസാക്ഷി ആകേണ്ട. പക്ഷെ രാഷ്ട്രീയത്തില്‍ ഒരു സജീവ പങ്കാളിയാവരുത്. ഗവര്‍ണ്ണര്‍ ഒരു റബര്‍ സ്റ്റാമ്പ് അല്ലായിരിക്കാം പക്ഷെ ഗവര്‍ണ്ണര്‍ സ്ഥാനം നല്ലയൊരു പരിധി  വരെ ഒരു ആലംകാരിക പദവി ആണെന്ന കാര്യവും അദ്ദേഹം മറക്കരുത്. രാജ്ഭവനുകളെ രാഷ്ട്രീയ കതന്ത്രങ്ങളുടെ വേദിയാക്കി മാറ്റരുത്.

സംസ്ഥാന ഗവണ്‍മെന്റ് അയക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരിക്കുമ്പോള്‍ ഒരു ഗവര്‍ണ്ണറുടെ പരിമതി അദ്ദേഹം മനസിലാക്കുന്നത് നന്ന്. അതുപോലെ തന്നെ ഏതാനും ദിവസങ്ങള്‍ക്കകം നിയമസഭയില്‍ നടത്തുവാനിരിക്കുന്ന(ജനുവരി 29 ) ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം വ്യക്തി വൈര്യത്തിന്റെ   സംഘട്ടന വേദിയും ആകാതിരിക്കട്ടെ. കാരണം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ഈ നയ പ്രഖ്യാപനത്തില്‍ പൗരത്വ ഭേദഗതി നിയമത്തെയും അനുബന്ധിയായ പൗരത്വ-ജനസംഖ്യ പട്ടികകളെയും നിരാകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോട് സ്വീകരിക്കേണ്ട സമീപനം എന്തായാലും തീരുമാനം അദ്ദേഹത്തിന്റേതാണ്. അത് ഭരണഘടന അനുസൃതം ആകട്ടെ.

 ഗവര്‍ണ്ണര്‍മാര്‍ ജനകീയ ഗവണ്‍മെന്റുകള്‍ക്ക് അതീതരാണോ? ( ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
VJ Kumr 2020-01-24 18:22:13
യോഗി ആദിത്യനാഥ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാരില്‍ അമിത് ഷായാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേന്ദ്രമന്ത്രി അമിത് ഷായാണെന്ന് 42% പേര്‍ അഭിപ്രായപ്പെട്ടു. മികച്ച പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് 34% പേര്‍ നരേന്ദ്രമോദി എന്നാണ് മറുപടി നല്‍കിയത്. 16% പേര്‍ ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത് . അമിത് ഷായാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേന്ദ്രമന്ത്രി അമിത് ഷായാണെന്ന് 42% പേര്‍ അഭിപ്രായപ്പെട്ടു. Read more: https://www.emalayalee.com/varthaFull.php?newsId=203456
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക