Image

കലോറിയില്‍ സദ്യ ഉണ്ണുമ്പോള്‍ (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 04 February, 2020
കലോറിയില്‍ സദ്യ ഉണ്ണുമ്പോള്‍ (മുരളി തുമ്മാരുകുടി)
രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു കംപ്ലീറ്റ് മെഡിക്കല്‍ ചെക്ക് അപ്പ് നാല്പത് വയസ്സ് കഴിഞ്ഞപ്പോള്‍ മുതലുള്ള ഒരു ആചാരമാണ്. ഇപ്പോള്‍ അന്‍പത്തി അഞ്ചായ സ്ഥിതിക്ക് അത് ഇനി വര്‍ഷത്തില്‍ ഒന്ന് വീതമാക്കണം. ജീവിതശൈലിയിലെ ദോഷം കൊണ്ട് പ്രഷറും ഷുഗറും ഒക്കെയായി പകരാവ്യാധികള്‍ ഓരോന്ന് നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന സമയമാണ്.

പതിനഞ്ച് വര്‍ഷമായി ഞാന്‍ എറണാകുളത്തെ ലൂര്‍ദ്ദ് ആശുപത്രിയിലാണ് ചെക്ക് അപ്പ് നടത്തുന്നത്. അവിടെ ഷാജു എന്ന ഡോക്ടര്‍ക്കാണ് ഇതിന്റെ ചാര്‍ജ്ജ്. വളരെ സൗഹാര്‍ദപൂര്‍വം പ്രൊഫഷണലായിട്ടാണ് ആദ്യത്തെ തവണ മുതല്‍ അദ്ദേഹം ഇടപെടുന്നത്. രാവിലെ ആറുമണിക്ക് അവിടെ എത്തിയാല്‍ എല്ലാ പരിശോധനകളുടെയും ആദ്യത്തെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ട സ്‌പെഷ്യലിസ്റ്റുമാരെ കാണിച്ച് ഉച്ചക്ക് രണ്ടുമണിയോടെ നമുക്ക് പ്രാഥമിക റിപ്പോര്‍ട്ടും ലഞ്ചും തന്നു പറഞ്ഞയക്കും. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ഇമെയിലില്‍ അയക്കുകയും ചെയ്യും. നിങ്ങളില്‍ നാല്പത് കഴിഞ്ഞവര്‍ തീര്‍ച്ചയായും ഇത്തരത്തില്‍ പരിശോധന നടത്തണം. അധികം ചിലവൊന്നുമില്ല, അത് നല്‍കുന്ന മുന്നറിയിപ്പുകള്‍, ആത്മവിശ്വാസം, വിദഗ്‌ദ്ധോപദേശം എല്ലാം കണക്കാക്കിയാല്‍ നല്ല റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ആണ്. ലൂര്‍ദ്ദില്‍ മാത്രമല്ല കേരളത്തിലെ വന്‍കിട ആശുപത്രികളിലെല്ലാം ഇതിന് സൗകര്യമുണ്ട്. ഇനി വൈകിക്കേണ്ട.

അല്പം പൊണ്ണത്തടിയും അമിതഭാരവും ഉള്ളതുകൊണ്ട് ഒരു ഡയറ്റീഷ്യനുമായിട്ടുള്ള കണ്‍സള്‍ട്ടേഷന്‍ എപ്പോഴുമുണ്ട്.
കേരളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള എല്ലാ ഡയറ്റീഷ്യന്മാരുടെയും പൊതു പരിചയം കേരളീയ ഭക്ഷണങ്ങളും ആയിട്ടല്ല. അതുകൊണ്ടു തന്നെ ഓരോ തവണയും ഞാന്‍ ഇക്കാര്യം അവരോട് ചോദിക്കും, പുതിയതായി അറിവുകള്‍ നേടാനുള്ള ആഗ്രഹം കൊണ്ടാണ്.
'മാഡം, രണ്ടു കൂട്ടം പായസവും കൂട്ടി ഒരാള്‍ ഒരു കേരള സദ്യ ഉണ്ടാല്‍ അയാള്‍ എത്ര കലോറി അകത്താക്കിയിട്ടുണ്ടാകും ?'
'ഇത്തിരി കടല പിണ്ണാക്കും, ഇത്തിരി കാടി വെള്ളവും' പോലെ ഇത്തിരിയായിട്ടാണ് മലയാളികള്‍ സദ്യ ഉണ്ണുന്നതെങ്കിലും എണ്ണയില്‍ വറുത്തതും, എണ്ണ ഒഴിച്ചുണ്ടാക്കുന്നതുമായ വിഭവങ്ങള്‍ ഒരു വശത്ത്, രണ്ടു ഗ്ലാസ് പായസം ഉണ്ടാക്കുന്ന പഞ്ചസാര ആക്രമണം മറുവശത്ത്. കുന്നോളം ചോറുണ്ടാക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ് ആക്രമണം വേറെ. ഇതെത്രെയാണെന്ന് ആര്‍ക്കും കണക്കില്ല.

പണ്ടാണെങ്കില്‍ ഓണക്കാലത്ത് ഒറ്റ സദ്യ ഉണ്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഓഫീസില്‍, ക്ലബ്ബില്‍, റെസിഡന്റ് അസോസിയേഷനില്‍, വീട്ടില്‍ എന്നിങ്ങനെ നാലു സദ്യയില്‍ നിന്നാല്‍ ഭാഗ്യം. നല്ല സാമൂഹ്യ ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് പത്തോ അതില്‍ കൂടുതലോ സദ്യയുടെ ആക്രമണം നേരിടണം.

ഇതിപ്പോള്‍ സദ്യയുടെ മാത്രം കാര്യമല്ല. ഓണത്തിനും വിഷുവിനും മാത്രമുണ്ടായിരുന്ന കായ വറുത്തത് ഇപ്പോള്‍ സ്ഥിര ഭക്ഷണമായി. കേരളത്തില്‍ അങ്ങോളമിങ്ങോളം റോഡരികില്‍ െ്രെപം ലൊക്കേഷനുകളില്‍ കായയും കപ്പയും വറുത്തതിനുള്ള കടകള്‍ നടത്തുന്നതില്‍ നിന്ന് തന്നെ അതിന്റെ വ്യാപാരം എത്രയുണ്ടെന്ന് മനസിലാക്കാം. തെക്കന്‍ കേരളത്തിലേക്ക് പോകുന്‌പോള്‍ 'പത്തുരൂപക്ക് ചെറുകടി' എന്ന ബോര്‍ഡുകള്‍ ഓരോ അഞ്ചു കിലോമീറ്ററിലും ഉണ്ട്, പരിപ്പുവട മുതല്‍ പക്കോഡ വരെ. ഇതിന്റെയൊക്കെ കലോറി എത്രയാണെന്ന് വല്ല പഠനവും ഉണ്ടോ?
(ബിരിയാണി, ബീഫ് തുടങ്ങിയ നോണ്‍ വെജ് ആക്രമണം വേറെയുണ്ട്, അതിനെപ്പറ്റി പിന്നീടൊരിക്കല്‍ പറയാം).
'ഇതൊക്കെ അറിയാമെങ്കില്‍ ചേട്ടന് പിന്നെ ഇതങ്ങ് കഴിക്കാതിരുന്നു കൂടെ, ഞങ്ങളെക്കൊണ്ട് കലോറി അളന്നു നോക്കേണ്ട വല്ല കാര്യവും ഉണ്ടോ?.'

ഈ വസ്തുക്കള്‍ക്കെല്ലാം മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ രുചിയുള്ളതിനാലും പണ്ട് ആഗ്രഹിച്ചു കിട്ടാതിരുന്നതിന്റെ വിഷമം ഉള്ളതിനാലും പെട്ടെന്ന് നിറുത്തുക എളുപ്പമല്ല.

'ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം' എന്നാണ് പഴംചൊല്ല്. അതുപോലെ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ കലോറി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. യൂറോപ്പില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഒരു സാലഡ് വാങ്ങിയാല്‍ പോലും അതിന്റെ താഴെ കലോറി എത്ര എന്ന് എഴുതിയിട്ടുണ്ടാകും. ഒരു പാക്കറ്റ് ഉഴുന്ന് വടയുടെ താഴെ അതിന്റെ കലോറി എഴുതി വെക്കാന്‍ എന്താണ് പ്രയാസം?

ആരോഗ്യരംഗത്ത് കേരളം നന്പര്‍ വണ്‍ ആണ്. കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ് കൂടുകയാണ്. അതേസമയം ആശുപത്രി ചിലവുകള്‍ പടിപടിയായി കൂടുന്നു. ഒരാളുടെ ആയുഷ്‌ക്കാലത്തെ ആശുപത്രി ചിലവിന്റെ തൊണ്ണൂറു ശതമാനവും അയാളുടെ അവസാനത്തെ പത്തു വര്‍ഷത്തില്‍ ആണ് ഉണ്ടാകുന്നത് എന്നാണ് വികസിത രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. അവിടേക്കാണ് കേരളം നടന്നു നീങ്ങുന്നത്, പക്ഷെ അതിനുള്ള സാന്പത്തിക തയ്യാറെടുപ്പുകള്‍ ഒരു ശരാശരി മലയാളി നടത്തിയിട്ടില്ല. ഒരു വീടുണ്ടാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം നടത്തുക, അവരുടെ വിവാഹം ആര്‍ഭാടമായി നടത്തുക, ശേഷ ജീവിതം മരണം വരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ശരാശരി മലയാളിയുടെ ചിന്തയും പ്ലാനിങ്ങും.

പക്ഷെ, പത്തു സദ്യയും ബീഫും ബിരിയാണിയും കഴിച്ച് പത്തു മീറ്റര്‍ പോലും നടക്കാതെയുള്ള ജീവിതം അത്ര എളുപ്പത്തില്‍ തീര്‍ന്നുപോകാന്‍ നമ്മുടെ ആരോഗ്യ രംഗത്തെ വളര്‍ച്ച നമ്മളെ അനുവദിക്കുമെന്ന് തോന്നുന്നില്ല. ചുരുങ്ങിയത് ആന്‍ജിയോപ്ലാസ്റ്റി മുതല്‍ ഡയാലിസിസ് വരെ, പറ്റിയാല്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് മുതല്‍ മുട്ട് മാറ്റിവെക്കല്‍ വരെ, വേണ്ടി വന്നാല്‍ ഓപ്പണ്‍ ഹാര്‍ട്ട് മുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ്‌റ് വരെ സാദ്ധ്യതകള്‍ അനവധിയാണ്. ഇതിനെയൊക്കെ പഞ്ചായത്തുകള്‍ തോറും ഡയാലിസിസ് യൂണിറ്റ് ഉണ്ടാക്കിയല്ല നാം പ്രതിരോധിക്കേണ്ടത്, ആരോഗ്യകരമായ ജീവിതശൈലി ആളുകളെ പഠിപ്പിച്ചാണ്. അതില്ലെങ്കില്‍ ഉണ്ടാക്കിയ വീടും വിറ്റ്, മക്കള്‍ക്ക് ഭാരമായി, ജീവിതം ദുരിതമാകാന്‍ പോകുന്നതിനെ പറ്റി ആളുകളെ പഠിപ്പിച്ചാണ് പ്രതിരോധിക്കേണ്ടത്, വേണമെങ്കില്‍ പേടിപ്പിച്ചും.

ഇനിയുള്ള കാലത്ത് ഇവിടെയാണ് നമ്മുടെ ആരോഗ്യ നയം ശ്രദ്ധ കൊടുക്കേണ്ടത്. അതിന്റെ തുടക്കം നമ്മുടെ ഭക്ഷണ സാധനങ്ങളെ ശരിയായി മനസിലാക്കുക എന്നതാണ്. (വിഷമടിച്ച പച്ചക്കറി, മായം ചേര്‍ത്ത പലവ്യഞ്ജനം, പ്രിസര്‍വേറ്റിവുകള്‍ ചേര്‍ത്ത നിര്‍മ്മിത വസ്തുക്കള്‍ എന്നിങ്ങനെ വിഷയങ്ങള്‍ വേറെയും ഉണ്ട്).
കപ്പയും താറാവും കണ്ണുമടച്ച് മൂക്കറ്റം വെട്ടി വിഴുങ്ങുന്ന ചേട്ടന്‍ തന്നെ വേണം ഇത് പറയാന്‍ എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്.

എനിക്ക് ഏറ്റവും വേഗത്തിലും കൂടുതലായും ആവശ്യം വരാന്‍ പോകുന്ന വിഷയത്തെപ്പറ്റി ഞാനല്ലാതെ വേറെ ആരാണ് അഭിപ്രായം പറയേണ്ടത്?.

കലോറിയില്‍ സദ്യ ഉണ്ണുമ്പോള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക