Image

പൂക്കുലക്കാണി (ചെറുകഥ: സാംജീവ്)

Published on 17 February, 2020
പൂക്കുലക്കാണി (ചെറുകഥ: സാംജീവ്)
എന്റെ അനുജത്തി  മീന പടം വരയ്ക്കും.
അവള്‍ പൂച്ചയുടെ പടം വരയ്ക്കും. വള്ളവും വെള്ളവും തെങ്ങുംവരച്ചു വയ്ക്കും.
എവിടെയെങ്കിലും അല്പം കടലാസു  കണ്ടാല്‍ അവള്‍ പടം വരച്ചു വയ്ക്കും.
ഒരിക്കല്‍ അവള്‍ വേദപുസ്തകത്തില്‍ പടം വരച്ചു. അന്നവള്‍ക്കു അമ്മയുടെ തല്ലു കിട്ടി.
അപ്പോഴൊക്കെ മുത്തശ്ശിയാണ് അവള്‍ക്കു പിന്‍ബലം.
അച്ഛനില്ലാത്ത കുഞ്ഞിനെ നീ തല്ലിയോ?
ആ ചോദ്യത്തിനു മുമ്പില്‍ അമ്മ ശാന്തയാകും; കണ്ണുകള്‍ നിറയും.
ഒരിക്കല്‍ മീന കരിയെടുത്തു വെള്ള  തേച്ച ഭിത്തിയില്‍ ആനയുടെ പടം വരച്ചു കളഞ്ഞു. അന്നവള്‍ക്കു കണക്കിനു കിട്ടി.
പത്തു വയസ്സായപ്പോള്‍ അവളുടെ അഭിരുചി മാറി.
അവള്‍ തയ്യല്‍ പഠിക്കാന്‍ തുടങ്ങി. ഏലിയാമ്മ ആശാട്ടിയാണ് മീനയുടെ തയ്യല്‍ ടീച്ചര്‍.
നിറമുള്ള നൂലുകള്‍ കൊണ്ട് ഒരു മഹാജാലം സൃഷ്ടിക്കാന്‍ മീനയ്ക്കു കഴിയും.
വെളുത്ത പരുത്തിത്തുണി വെട്ടിയെടുക്കും. അതില്‍ അവള്‍ പൂക്കള്‍ തയ്ക്കും; അക്ഷരങ്ങള്‍ തയ്ക്കും. ചിത്രശലഭത്തെയും രാക്കുയിലിനെയും തയ്ക്കും.
പൂക്കുലക്കാണിയിലാണ് തയ്‌ക്കേണ്ടത്. അതിന്റെ സാങ്കേതിക വിദ്യ എനിക്കറിയില്ല.
അമ്മയ്ക്കറിയില്ല.
മുത്തശ്ശിക്കുമറിയില്ല.
മീനയ്ക്കു മാത്രം പൂക്കുലക്കാണി തയ്ക്കാനറിയാം. നിസ്സാര കാര്യമാണോ?
അതിന്‍റെ അഹന്ത അവള്‍ക്കുണ്ട്.
ജൂണ്‍ മാസം മഴക്കാലമാണ്.
കോരിച്ചൊരിയുന്ന മഴ.
അമ്മ ഒരു കുട വാങ്ങിച്ചു; പത്തു രൂപാ കൊടുത്ത് കെയ്‌സി ടെക്‌സ്‌റ്റൈല്‍സില്‍ നിന്നും. കൂടിയ തുണി കൊണ്ട് ഉണ്ടാക്കിയ കുട.
ബെസ്റ്റ് ഇംഗ്ലീഷ് ടാഫിറ്റാ സില്‍ക്ക് എന്നു കുടയുടെ ശീലയില്‍ എഴുതി വച്ചിട്ടുണ്ട്; സ്വര്‍ണ്ണ നിറമുള്ള അക്ഷരത്തില്‍.
സ്വര്‍ണ്ണനിറമുള്ള മുളങ്കാലുള്ള കുട.
മീനയ്‌ക്കേറ്റവും ഇഷ്ടപ്പെട്ടത് അതിന്റെ പിടിയാണ്; കനത്ത പ്ലാസ്റ്റിക്കു കൊണ്ടുണ്ടാക്കിയ സുതാര്യമായ പിടി. അതിനുള്ളില്‍ ഒരു പൂവിന്റെ പടം കോറി വച്ചിരിക്കുന്നു; പ്രതിമ പോലെ.
നിറമുള്ള പൂവ്.
ചുവന്ന പൂവ്.
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കുടയുടെ മണമാണ്. പുതിയ കുടയ്ക്ക് ഒരു മണമുണ്ട്; ആകര്‍ഷകമായ മണം.
ഞങ്ങളുടെ വീട്ടില്‍ സോഷ്യലിസമാണ്. നൂറു രൂപാ ശമ്പളമുള്ള അമ്മയ്ക്ക് രണ്ടു കുട വാങ്ങാന്‍ പാങ്ങില്ല. കുട ഞങ്ങളുടെ രണ്ടുപേരുടെയും വകയാണ്. ആര്‍ക്കും ഉടമസ്ഥാവകാശമില്ല. പക്ഷേ എനിക്കാണു മുന്‍ഗണന.
ഞാന്‍ കോളേജു കുമാരന്‍.  എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി. അതൊരു പദവിയാണ്.
മഴ പെയ്യുമ്പോള്‍ കുടയെനിക്ക്. മീനയ്ക്ക് സ്കൂളില്‍ കുട കൊടുത്തയക്കില്ല. അവള്‍ക്ക് ഇത്രയും വലിയ സ്വകാര്യസ്വത്ത് കൈകാര്യം ചെയ്യാനറിയില്ല. എവിടെങ്കിലും കൊണ്ടു കളയും.
തത്വത്തില്‍ ഞങ്ങളുടെ പൊതുസ്വത്താണു കുട. പക്ഷേ കൈവശാവകാശം എനിക്കു തന്നെ. ഞാന്‍ കോളേജുകുമാരനല്ലേ?മഴ പെയ്യുമ്പോള്‍ മീനയ്ക്കു വലിയ ഒരു വാഴയിലയാണു ശരണം. ശരീരമൊക്കെ നനഞ്ഞാണു മീന സ്ക്കൂളില്‍ പോകുന്നതും വരുന്നതും. പക്ഷേ അവകാശം സ്ഥാപിക്കാന്‍ മീന ഒരു പണി പറ്റിച്ചു. കുടയുടെ ശീലയില്‍ കുടക്കമ്പിയുടെ അഗ്രത്തോടു ചേര്‍ന്ന് അവള്‍ ഇംഗ്ലീഷില്‍ എം എന്നു തയ്ചു വച്ചു. എം എന്നാല്‍ മീനയുടെ വകയെന്നാണ് അര്‍ത്ഥം. കറുത്ത തുണിയില്‍ എം എന്ന ചുവന്ന ഇംഗ്ലീഷ് അക്ഷരം മിന്നിത്തിളങ്ങി. അതു പ്രഖ്യാപിച്ചു.
“ഈ കുട മീനയുടേതാണ്.”
എന്റെ പേരിന്റെ ആദ്യക്ഷരമായ എസ് തയ്ച്ചു വച്ചാലെന്താണ്? ഞാന്‍ ആലോചിച്ചു.
ശ്രമിച്ചു.
കൈയില്‍ തൂശി കുത്തിക്കയറിയതു മാത്രം മിച്ചം.
എന്റെ കൈ വേദനിച്ചു. എനിക്കു പൂക്കുലക്കാണി തയ്ക്കാനറിയില്ല. മീനയുടെ ചെവി പിടിച്ചു പൊന്നാക്കി.
മുത്തശ്ശി അവളുടെ പക്ഷം ചേര്‍ന്നു.
എനിക്കു കണക്കിനു ശകാരം കിട്ടി.
അമ്മയുടെ വക.
പിന്നെ മുത്തശ്ശിയുടെ വക.
ഞാന്‍ തോറ്റു.
മീനയുടെ പരിഹാസച്ചിരി എനിക്കു അലോസരമായി. സഹിക്കുകയേ നിവര്‍ത്തിയുള്ളു. എനിക്കു പൂക്കുലക്കാണി തയ്ക്കാനറിയില്ല. പൂക്കുലക്കാണി തയ്ക്കാനറിയാത്തവന്‍ പൂത്തക്കോടനാണ്. ഞങ്ങളുടെ നാട്ടില്‍ അതിനര്‍ത്ഥം നിപുണതയില്ലാത്തവന്‍ എന്നാണ്.
ഒരിക്കല്‍ മഴയും കോളും വന്നു. ഞാന്‍ കുടയുമായി കോളേജില്‍ പോകാനിറങ്ങി. അതിന്റെ ശീലയില്‍ എം എന്ന ഇംഗ്ലീഷക്ഷരം മിന്നിത്തിളങ്ങുന്നു. അതിന്റെയര്‍ത്ഥം കുട മീനയുടെ വക എന്നാണ്.
“കുട സൂക്ഷിച്ചോണേ” അമ്മ വിളിച്ചു പറഞ്ഞു. പത്തു രൂപായ്ക്കു വാങ്ങിയതാണ്. അമ്മയുടെ മാസ ശമ്പളത്തിന്റെ പത്തിലൊന്നാണ് കുടയുടെ വില.
നനഞ്ഞ കുടയുമായി ലൈബ്രറിയില്‍ കയറാന്‍ പറ്റില്ല. വ്യക്തിഗതസാധനങ്ങള്‍ സൂക്ഷിക്കാന്‍ കോളേജ് മാനേജ്‌മെന്റ് ഒരു ചെറിയ മുറി തയ്യാറാക്കി തന്നിട്ടുണ്ട്. കുടയും മറ്റ് സാധനങ്ങളും അവിടെയുള്ള റാക്കില്‍ വച്ചിട്ടു മാത്രമേ ലൈബ്രറിയില്‍ കയറാനാവൂ.
എന്റെ കുട ഞാന്‍ റാക്കില്‍ വച്ചു; അതിനടുത്ത് എന്റെ നോട്ടുബുക്കുകളും. ഒരു മണിക്കൂര്‍ കഴിഞ്ഞു വെളിയില്‍ വന്നു. പുസ്തകങ്ങളും കുടയും വച്ചിരുന്ന സ്ഥലത്തു വന്നു.
പുസ്തകങ്ങള്‍ അവിടെയുണ്ട്. പക്ഷേ കുടയില്ല.
പത്തു പതിനഞ്ചു കുടകള്‍ വേറെ ഇരിപ്പുണ്ട്. പക്ഷേ എന്റെ കുടയില്ല.
‘എം’ എന്ന ചുവന്ന ഇംഗ്ലീഷ് അക്ഷരം തുന്നിയിട്ടുള്ള കുടയ്ക്കു വേണ്ടി ഞാന്‍ പരതി. കുട കണ്ടില്ല. കുടയില്ലാതെ ചാറ്റമഴ നനഞ്ഞു വീട്ടിലെത്തി.
“നിന്റെ കുടയെവിടെ”
അമ്മ ആരാഞ്ഞു.
മുത്തശ്ശി രാസ്‌നാദിപ്പൊടി എടുത്തുകൊണടു വന്നു; തലയില്‍ തിരുമാന്‍. ചാറ്റമഴ നനഞ്ഞാല്‍ പനി പിടിയ്ക്കും.
“ഏട്ടന്റെ കുടയെവിടെ?”
മീന ആരാഞ്ഞു.
“കുട ആരോ മോഷ്ടിച്ചു”.
അമ്മയുടെ മുഖം കറത്തു.
പത്തു രൂപയ്ക്കു വാങ്ങിയതാണ്. പത്തു രൂപ ഞങ്ങള്‍ക്കു വലിയ തുകയാണ്. നൂറു രൂപ മാസ വരുമാനമുള്ള ഞങ്ങള്‍ക്കു പത്തു രൂപ വലിയ തുകയാണ്.
എഞ്ചീനീയറിംഗ് കോളജിലെ പിള്ളാരു മോഷ്ടിക്കുമോ?
അവര്‍ വിദ്യാഭ്യസമുള്ളവരല്ലേ?
നല്ല കുടുംബങ്ങളില്‍ നിന്നും വരുന്നവരല്ലേ?
അവിടെയും അലവലാതികള്‍ ഉണ്ടോ?
അമ്മയുടെ മുഖം കൂടുതല്‍ കറത്തു.
“നിന്നെപ്പറഞ്ഞാല്‍ മതി.”
അമ്മ കയര്‍ത്തു.
“ഇനി നീ മഴ നനഞ്ഞു കോളേജില്‍ പോയാല്‍ മതി.”
“ആ കുഞ്ഞിനതു കൊടുത്തിരുന്നുവെങ്കില്‍ അവളതു സൂക്ഷിക്കുമായിരുന്നു.” മുത്തശ്ശിയുടെ വക.
മീനയെപ്പറ്റിയാണ്. അവള്‍ വാഴയില ചൂടിയാണു മഴ നനഞ്ഞു സ്ക്കൂളില്‍ പോകുന്നത്. എനിക്കു സങ്കടവും നാണക്കേടും സഹതാപവും തോന്നി.
രണ്ടു ദിവസം കഴിഞ്ഞു അമ്മ വേറൊരു കുട വാങ്ങിത്തന്നു.
“ചെറുക്കനു കോളേജില്‍ പോകണ്ടേ?”
“മഴയത്തു നനഞ്ഞുകൊണ്ടു പോകാന്‍ പറ്റുമോ?
വാഴയില ചൂടി എഞ്ചീയറിംഗ് കോളേജില്‍ പോകാനൊക്കുമോ? അതു നാണക്കേടല്ലേ?”
പുതിയ കുടയ്ക്കു വലിയ ഭംഗിയില്ല; വളഞ്ഞ കാലുള്ള ഒരു വലിയ കുട. കറുത്ത തുണി ബസ്റ്റു ഇംഗ്ലീഷ് ടഫീറ്റാ സില്‍ക്ക് അല്ല.
കൂട്ടുകാരന്‍ തമ്പി തോമസ് അമ്മാവന്‍ കുടയെന്നു വിളിച്ചു.
വീണ്ടുംഒരു സായാഹ്നത്തില്‍ മഴയും കോളും വന്നു. അമ്മാവന്‍ കുടയും ചൂടി ഞാന്‍ വീട്ടിലേയ്ക്കു നടക്കുകയാണ്.
മാധവന്‍ ഗോപിക്കുട്ടന്‍ എതിരേ നടന്നു വരുന്നു. ഗോപിക്കുട്ടന്‍ സഹപാഠിയാണ്; കൂട്ടുകാരനാണ്.
എനിക്കു ഗോപിക്കുട്ടനോടു ബഹുമാനമാണ്. കാശൊള്ള വീട്ടിലെ സന്താനമാണു ഗോപിക്കുട്ടന്‍. അതു കണ്ടാലറിയാം.
ഞാന്‍ ഗോപിക്കുട്ടന്റെ കൈയിലിരുന്ന കുട ശ്രദ്ധിച്ചു. എന്റെ കുട.
സുതാര്യമായ പ്ലാസ്റ്റിക്കു പിടിയുള്ള കുട. പിടിയ്ക്കുള്ളില്‍ ചുവന്ന റോസാപ്പൂവ്. ബസ്റ്റ് ഇംഗ്ലീഷ് ടാഫീറ്റാസില്ക്കാണു ശീല. ശീലയുടെ വിളുമ്പില്‍ “എം” എന്ന ഇംഗ്ലീഷ് അക്ഷരം തുന്നിച്ചേര്‍ത്തിരിക്കുന്നു.
പൂക്കുലക്കാണിയില്‍ ചുവന്ന നൂലില്‍ തുന്നിച്ചേര്‍ത്ത “എം”.
“എം” എന്നാല്‍ മീനയുടെ വക. എന്റെ ഇളയ സഹോദരി മീനയുടെ വക. മീനയ്ക്കു മാത്രമേ പൂക്കുലക്കാണിയില്‍ “എം” തയ്ക്കാനറിയൂ.
ഞാന്‍ നേരെ ലൈബ്രറിയിലേയ്ക്കുനടന്നു. പ്രോപ്പര്‍ട്ടി റൂമിലേയ്ക്കു ചെന്നു.
കുട അവിടെ ഇരിപ്പുണ്ട്.
കൈയിലെടുത്തു. പൂക്കുലക്കാണിയില്‍ തയ്ച്ച “എം” എന്ന അക്ഷരം മിന്നിത്തിളങ്ങുന്നു. കുട എന്റേതു തന്നെ.
വേഗത്തില്‍ നടന്നു, കുടയുമെടുത്തു പുററത്തേയ്ക്ക്.
സെക്യൂറിറ്റി ബൂത്തു കടന്നു വേണം ക്യാമ്പസിനു പുറത്തെത്താന്‍.
സേട്ടാണ് സെക്യൂറിറ്റി ആഫീസര്‍.
കൊമ്പന്‍ മീശക്കാരന്‍ സേട്ട്.
റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്റ്ററാണ്.
അമ്മാവന്‍ കുട ചൂടി ചാറ്റമഴയത്തു മറ്റൊരു കുടയും കൈയിലെടുത്തു വേഗത്തില്‍ വെളിയിലേയ്ക്കു നടക്കുന്ന എന്നെ സേട്ട് സംശയത്തോടെ നോക്കി.
കനത്ത ശബ്ദത്തില്‍ സേട്ട് ചോദിച്ച.
“ഇതെന്താ രണ്ടു കുട?”
എന്തു പറയണമെന്നറിയാതെ ഞാന്‍ പരുങ്ങി.
സെക്യൂറിറ്റി ആഫീസര്‍ എന്റെ പരുങ്ങല്‍ ശ്രദ്ധിച്ചു.
“താന്‍ ആ കുടയിങ്ങു തന്നേ.”
ഞാന്‍ കൈയിലിരുന്ന കുട സേട്ടിനെ ഏല്പിച്ചു.
“താന്‍ എന്റെ കൂടെ വന്നേ.”
ഞാന്‍ സേട്ടിനെ അനുഗമിച്ചു, ഭയത്തോടും വിറയലോടും കൂടി.
സേട്ട് എന്നെയും കൂട്ടി ലൈബ്രറിയിലേയ്ക്കു ചെന്നു. കനത്ത ശബ്ദത്തില്‍ ചോദിച്ചു.
“ആരുടെയെങ്കിലും കുട നഷ്ടപ്പെട്ടിട്ടുണ്ടോ?”
കുട്ടികള്‍ പലരുണ്ട്.
ഗോപിക്കട്ടന്‍
ഭാഗ്യലക്ഷ്മി.
മറ്റു പലരും.
കുട്ടികള്‍ പ്രോപ്പര്‍ട്ടിറൂമിലേയ്ക്കു ചെന്നു.
ഗോപിക്കുട്ടന്‍ പറഞ്ഞു.
“എന്റെ കുട കാണുന്നില്ല.”
സേട്ട് കുട ഗോപിക്കുട്ടന്റെ കൈയില്‍ കൊടുത്തു.
“തന്റെ കുടയാണോന്നു നോക്ക്.”
“അതെ, ഇതാണെന്റെ കുട.”
ഞാന്‍ പറഞ്ഞു “അല്ല, അതെന്റെ കുടയാണ്. എന്റെ അനുജത്തി മീന അതില്‍ എം എന്നു തയ്ച്ചു വച്ചിട്ടുണ്ട് പൂക്കുലക്കാണിയില്‍.”
സെക്യൂറിറ്റി ആഫീസര്‍ ചിരിച്ചു.
ഗോപിക്കുട്ടന്‍ പറഞ്ഞു “അതെന്റെ ഇനിഷ്യലാണ്. മാധവന്‍ ഗോപിനാഥന്‍.”
സെക്യൂറിറ്റി ആഫീസര്‍ എന്നെ പുച്ഛത്തോടെ നോക്കി. അയാള്‍ പറഞ്ഞു.
“താന്‍ ഇതു ചെയ്തല്ലോ.”
ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ മദ്ധ്യത്തിലാണു ഞാന്‍.
സതീര്‍ത്ഥ്യര്‍ പലരുണ്ട്; സീനിയേഴ്‌സും ജൂണിയേഴ്‌സും.
തമ്പി തോമസുണ്ട്.
എലിസബത്ത് മാത്യൂസ്.
ഗായത്രിവര്‍മ്മ.
ചെറിയാന്‍ ഫിലിപ്പ്.
അങ്ങനെ പലരും.
ഞാന്‍ ചെറുതാകുന്നു; അമീബയെപ്പോലെ ചെറുതാകുന്നു.
രോമം കത്രിക്കുന്നവരുടെ മുമ്പില്‍  മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ.
സണ്ടേസ്ക്കൂളില്‍ പഠിച്ച വാക്യം ഓര്‍മ്മയില്‍ വന്നു.
“ഗായേ, നിനക്കു പൂക്കുലക്കാണി തയ്ക്കാനറിയാമോ?”
എലിസബത്തു ഗായത്രിയോടു ചോദിച്ചു.
എല്ലാവരും ആര്‍ത്തു ചിരിച്ചു.
“നിനക്കു വേണമെങ്കില്‍ ആ കുട നീയെടുത്തോ. ഗോപി മറ്റൊരു കുട വാങ്ങും. എന്താ ഗോപി?” തമ്പി തോമസിന്റെ വക.
വീണ്ടും ആര്‍ത്തു ചിരി.
സെക്യൂറിറ്റി ആഫീസര്‍ സേട്ട് തന്റെ പ്രസംഗം ആരംഭിച്ചു. കൊമ്പന്‍ മീശയുള്ള സേട്ട്.
“ഈ എഞ്ചിനീയറിംഗ് കോളേജിന് ഒരു അന്തസ്സുണ്ട്. തന്നെപ്പോലുള്ളവരാണ് ആ അന്തസ്സു കളഞ്ഞു കുളിക്കുന്നത്.
ഞാന്‍ പ്രിന്‍സിപ്പാളിന് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്താല്‍ തന്റെ കാര്യം പോക്കാ. അതു തനിക്കറിയാമല്ലോ.
മേലില്‍ ഇത് ആവര്‍ത്തിക്കരുത്.”
സേട്ട് കര്‍ശനമായ താക്കീതു നല്കി.
ഞാന്‍ എന്റെ അമ്മാവന്‍ കുടയുമെടുത്തു വേച്ചുവേച്ചു നടന്നു.
സഹപാഠികള്‍ ആര്‍ത്തു ചിരിച്ചു. അല്ല, ആര്‍ത്തു കൂവി.
ക്യാമ്പസിനു പുറത്തായപ്പോള്‍ ഓടി.
ആളൊഴിഞ്ഞ മാടന്‍ നടയ്ക്ക് അടുത്തെത്തിയപ്പോള്‍ കൈകള്‍ രണ്ടും തലയില്‍ വച്ചു. മീനയെക്കാള്‍ ഉച്ചത്തില്‍ അലറിക്കൂവി.
“കുട എന്റേതാണ്.”
കാലചക്രം കറങ്ങി. ഞങ്ങള്‍ സതീര്‍ത്ഥ്യര്‍ പല വഴി തിരിഞ്ഞു.
ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി.
ഭാഗ്യലക്ഷ്മി സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്ന് ഉന്നതസ്ഥാനത്തെത്തി.
തമ്പിതോമസ് ഗള്‍ഫിലേയ്ക്കു പറന്നു.
മാധവന്‍ ഗോപിക്കുട്ടന്‍ പ്രശസ്തമായ കാളേജില്‍ പ്രൊഫസറായി.
കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു.
ഞങ്ങളില്‍ പലരും മുത്തശ്ശന്മാരും മുത്തശ്ശിമാരുമായി.
ചിലരൊക്കെ മുതു മുത്തശ്ശന്മാര്‍.
മുതു മുത്തശ്ശിമാര്‍.
ചിലരൊക്കെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
ദശവത്സരങ്ങള്‍ക്കു ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു അപൂര്‍വ്വസമ്മേളനം കാളേജങ്കണത്തില്‍ വിളിച്ചു കൂട്ടി.
ഞങ്ങള്‍ക്കു കാണുവാനും പൂര്‍വ്വ സ്മരണകള്‍ പങ്കിടാനുമുള്ള അവസരം.
സട കൊഴിഞ്ഞ സിംഹങ്ങള്‍.
പല്ലു കൊഴിഞ്ഞ ശ്വാനന്മാര്‍.
തൂവല്‍ കൊഴിഞ്ഞ പക്ഷികള്‍.
ശബ്ദം നിലച്ച രാക്കുയിലുകള്‍.
നെടുവീര്‍പ്പുകള്‍.
മധുരസ്മരണകള്‍.
സ്‌റ്റേജില്‍ വിശിഷ്ടാതിഥികള്‍. പലരും പൂര്‍വ്വ സതീര്‍ത്ഥ്യര്‍. ഭാരതശ്രീയും പത്മവിഭൂഷണനുമൊക്കെയുണ്ട്.
രണ്ടു വാക്കു പറയാന്‍ പലരും സ്‌റ്റേജിലേയ്ക്കു ക്ഷണിക്കപ്പെട്ടു.
രണ്ടു വാക്കു പറയാന്‍ എന്നെയും സ്‌റ്റേജിലേയ്ക്കു ക്ഷണിച്ചു.
പ്രതീക്ഷിച്ചതല്ല. ഞാന്‍ സ്‌റ്റേജിലേയ്ക്കു കയറി. ചുറ്റും കണ്ണോടിച്ചു.
കണ്ണുകള്‍ക്കു പഴയ ശക്തിയില്ല.
എങ്കിലും കണ്ടു, മാധവന്‍ ഗോപിക്കുട്ടനെ.
കേള്‍വിക്കാരുടെ നിരയിലേയ്ക്കു നോക്കി.
പഴയ സെക്യൂറിറ്റി ആഫീസര്‍ സേട്ട്.
പഴയ കൊമ്പന്‍ മീശയില്ല. നരച്ച ഒരു ഹിറ്റ്‌ലര്‍ മീശയുണ്ട്. ആരോ താങ്ങിപ്പിടിച്ചു കൊണ്ടിരുത്തിയതാണ്. ഒരു വടിയും കൂട്ടിനുണ്ട്.
ഞങ്ങളുടെ കണ്ണകള്‍ ഇടഞ്ഞു. ഞങ്ങളുടെ കണ്ണുകള്‍ തടഞ്ഞു.
അതാ എന്റെ കുട.
സുതാര്യമായ പിടി. പിടിക്കുള്ളില്‍ ചുവന്ന റോസാപ്പൂവ്.
ബസ്റ്റ് ഇംഗ്ലീഷ് ടാഫീറ്റാ സില്ക്കു കൊണ്ടുണ്ടാക്കിയ മുന്തിയ ഇനം കറുത്ത ശീല.
കറുത്ത ശീലയുടെ അരികില്‍ കുടക്കമ്പിയോടു ചേര്‍ത്തു തുന്നിയിരിക്കുന്ന എം എന്ന ഇംഗ്ലീഷ് അക്ഷരം.
തിളങ്ങുന്ന ചുവന്ന നൂലില്‍ പൂക്കുലക്കാണിയില്‍ തുന്നിവച്ച എം എന്ന അക്ഷരം.
എം എന്നാല്‍ മീനയുടെ വക.
എന്റെ പൊന്നനുജത്തി മീനയുടെ വക.
വാഴയിലയും ചൂടി പെരുമഴയത്തു നനഞ്ഞൊലിച്ചു സ്ക്കൂളില്‍ പോകുന്ന മീനയുടെ വക.
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മീനയുടെ വക.
അതാ എന്റെ കുട വളരുന്നു.
ആകാശം മുട്ടെ വളരുന്നു. ഭൂഗോളത്തെ മുഴുവന്‍ മറയ്ക്കുന്ന മഹാഛത്രമായി വളരുന്നു.
മഹാഛത്രം കറങ്ങുന്നു;വേഗത്തില്‍, വേഗത്തില്‍, അതീവ വേഗത്തില്‍.
തണുത്ത വെള്ളം മുഖത്തു വീണപ്പോള്‍ കണ്ണു തുറന്നു.
ചുറ്റും നോക്കി.
പഴയ കൂട്ടുകാര്‍ പലരും ചുറ്റി നില്ക്കുന്നു. മാധവന്‍ ഗോപിക്കുട്ടനെ കണ്ടില്ല.
“എന്തു പറ്റി?”
“എന്തു പറ്റി?”
“ഒന്നും പറ്റിയില്ല.”
പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“ഹോസ്പിറ്റലില്‍ കൊണ്ടു പോകട്ടേ?”
“വേണ്ടാ.”
“പെട്ടെന്നൊരു തലചുറ്റല്‍; അത്ര മാത്രം.”
“ബ്ലഡില്‍ ഗ്ലൂക്കോസ് കുറഞ്ഞതായിരിക്കാം.” ആരോ പറഞ്ഞു.
“അതേ.”
ആരോ പഞ്ചസാരയിട്ട നാരങ്ങാവെള്ളം ചുണ്ടോടടുപ്പിച്ചു.
ആരുടെയോ സഹായത്തോടെ സീറ്റിലേയ്ക്കു മടങ്ങുമ്പോള്‍ മനസ്സു മന്ത്രിച്ചു.
“ആ കുട എന്റേതല്ല, മീനയുടേതാണ്.”
Join WhatsApp News
surendran nair 2020-02-18 06:55:54
വളരെ മനോഹരമായ ഒരു കഥയും സന്ദേശവും കൈമാറുന്ന കവിത. മികച്ച പാരായണ ക്ഷമത കവിക്കും ഇമലയാളിക്കും ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക