Image

കുബ്ബൂസ് (കവിത: ജോസഫ് നമ്പിമഠം)

Published on 05 March, 2020
കുബ്ബൂസ്  (കവിത: ജോസഫ് നമ്പിമഠം)
കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല

മുള്‍പ്പടര്‍പ്പിലോ പാറപ്പുറത്തോ
വീണു നശിക്കാതെ
മണ്ണില്‍ വീണഴിഞ്ഞ
ധാന്യമണിയുടെ വിജയഗാഥയാണ്

വിശന്നവന്റെ മുന്നില്‍ അപ്പമായ് വീണ
മന്നയുടെ ഗന്ധമുണ്ടതിനു

പച്ച ജീവിതങ്ങള്‍ കൊണ്ട് കുഴച്ച
ധാന്യ മാവിന്റെ പുളിപ്പുണ്ട്

അവരുടെ വിയര്‍പ്പിന്റെ ഉപ്പുണ്ട്
ദുരിതക്കണ്ണീരിന്റെ ചൂടുണ്ട്

വേര്‍പെട്ട് ജീവിക്കുന്ന ബന്ധങ്ങളുടെ
നെടുവീര്‍പ്പുകളുണ്ട്

തീയില്‍ കുരുത്ത ജീവിതങ്ങളുടെ
ചുടു നിശ്വാസമുണ്ട്
തിരസ്ക്കാരങ്ങളുടെ പൂപ്പല്‍ ഗന്ധമുണ്ട്

വരണ്ട മരുപ്പകലുകളില്‍ മേഘ സ്തംഭമായും
തണുത്ത രാവുകളില്‍ അഗ്‌നി സ്തംഭമായും

വഴികാട്ടിയായി നിന്ന ചരിത്രമുണ്ട്
പ്രവാസ ദുരിതങ്ങളുടെ ആടുജീവിതമുണ്ട്

മരുഭൂമിയില്‍ കാനല്‍ജലമായും
മരുപ്പച്ചയായും മോഹിപ്പിച്ചിട്ടുണ്ട്

അഗ്‌നിച്ചൂടിന്റെ കടുത്ത അടരുകളില്‍ നിന്ന്
മധുരഫലം പുറപ്പെടുവിക്കുന്ന
ഈന്തപ്പനകളുടെ അതിജീവന ക്ഷമതയുണ്ട്

കരിന്പാറകളില്‍ എറിഞ്ഞുടക്കപ്പെട്ട
പിഞ്ചു കുഞ്ഞിന്റെ ദീനവിലാപമുണ്ട്

ആറ്റു ജലത്തിന്റെ ആഴങ്ങളില്‍ മുങ്ങിയ
ആറു വയസ്സുകാരിയുടെ ഗദ്ഗദങ്ങളുണ്ട്

കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല

ചോറില്‍നിന്നു കുബ്ബൂസിലേക്ക്
ദൂരമേറെയുണ്ടെങ്കിലും,
മടക്കയാത്രക്ക് അതിലേറെ ദൂരമുണ്ട്

അതെ,
കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല.

(ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകള്‍ക്ക് ബൈബിളിനോട് കടപ്പാട്)

Join WhatsApp News
Sudhir Panikkaveetil 2020-03-05 21:48:39
ഗൾഫ് നാടുകളിലെ പ്രവാസിയുടെ അതിജീവനത്തിന്റെ കഥയറിയുന്നവർക്ക് ഈ കവിതയിലെ ഓരോ വരികളും ഹൃദയസ്പര്ശിയാണ്. അതെ കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല. അത് പാവപ്പെട്ട പ്രവാസിയുടെ ജീവൻ നിലനിർത്തുന്ന ഭക്ഷണമാണ്. പിന്നെ കവി നിരത്തുന്ന ബിംബാവലികൾ നോക്കുക. ആഴങ്ങളിൽ മുങ്ങിപ്പോയ കുഞ്ഞും പാറക്കല്ലുകളിൽ എറിഞ്ഞുടക്കപ്പെട്ട കുഞ്ഞിന്റെ ജീവനും നില നിർത്താൻ വേണ്ടി കുബ്ബൂസ് തിന്ന അവരുടെ അച്ചന്മാർക്ക് സാന്ത്വ നമാകാൻ അതിനു കഴിഞ്ഞില്ല.അപ്പോളതു വിശന്നവന്റെ മുന്നിൽ വീണ മന്നയായിരുന്നു\. വേർപെട്ടു ജീവിക്കുന്ന ബന്ധങ്ങളുടെ നെടുവീർപായിരുന്നു. ജീവിതായോധനത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങൾ കുബ്ബൂസ് എന്ന അവരുടെ വിലകുറഞ്ഞ ഭക്ഷണത്തിലൂടെ അവതരിപ്പിക്കുന്ന കവിത. പ്രവാസദുരിതങ്ങളുടെ ആടുജീവിതമുണ്ട് എന്ന പ്രയോഗത്തിലൂടെ മണലാരണ്യത്തിൽപെട്ടു അറബിയുടെ ക്രൂരതയനുഭവിച്ച് മനുഷ്യനെ പ്രവാസിയെ നമ്മൾ മുന്നിൽ കാണുന്നു. കുബൂസ് ഒരു റൊട്ടിയല്ല, ശരിയാണ് അതിൽ പ്രവാസിയുടെ വിയർപ്പിന്റെ ഉപ്പും കണ്ണീരിന്റെ ചൂടുമുണ്ട്. പ്രവാസിക്ക് ഇഷ്ടപ്പെട്ട ചോറ് സമ്പാദിക്കാൻ കുബ്ബൂസിൽ ആശ്രയിക്കുമ്പോൾ അവനു നഷ്ടപ്പെടുന്നത് അവന്റെ ചോരയാകുന്നു, അവന്റെ സന്താനങ്ങൾ ആകുന്നു. എത്രയോ ഹൃദയഭേദകം. ജോസഫ് നമ്പിമഠം പ്രവാസകവികളിൽ വളരെ പ്രശസ്തനാണ്. കഴിഞ്ഞ വര്ഷം ഇ മലയാളി അവാർഡ് കരസ്ഥമാക്കിയിരുന്നു. നന്മകൾ, നമോവാകം പ്രിയ കവി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക