Image

മായാത്ത കാല്പാടുകള്‍ (വാസുദേവ് പുളിക്കല്‍)

Published on 18 March, 2020
മായാത്ത കാല്പാടുകള്‍ (വാസുദേവ് പുളിക്കല്‍)
ശ്രീ ജോണ്‍ വേറ്റത്തിന്റെ പതിനേഴു കഥകളടങ്ങുന്ന "കാലത്തിന്റെ കാല്പാടുകള്‍'' എന്ന കഥാസമാഹാരത്തിലെ ഏതാനം കഥകളുടെ സംക്ഷിപ്തമായ ഒരവലോകനമാണ് ഈ ലേഖനം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പരിഭാഷകന്‍, നാടകകൃത്ത് എന്നൊക്കെ ശ്രീ ജോണ്‍ വേറ്റത്തിനെ വിശേഷിപ്പിക്കാവുന്നതാണ്. വായനക്കാരുടെ മുന്നില്‍ ചരിത്രത്തിന്റെ ചുരുളുകള്‍ നിവര്‍ത്തി വയ്ക്കുന്ന ശ്രീ വേറ്റത്തിനെ ചരിത്രാഖ്യായികന്‍ എന്നും ചിത്രീകരിക്കാം. സാഹിത്യ രചനകള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്ന  അന്തരീക്ഷത്തില്‍ ജോലി ചെയ്തിരുന്നപ്പോഴും അദ്ദേഹം സാഹിത്യ കൃതികള്‍ക്ക് ജന്മം നല്‍കിയത് അദ്ദേഹത്തിന്റെ അടക്കാനാവാത്ത സാഹിത്യചിന്തകളുടെ ബഹിര്‍സ്ഫുരണമായി കണക്കാക്കാം. നൈരാശ്യത്തിന്റേയും ദുഃഖത്തിന്റേയും പ്രശ്‌നങ്ങളുടേയും മദ്ധ്യത്തില്‍  മനുഷ്യജീവിതം ശിഥിലമായിപ്പോകുന്നത് ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്ന കഥകള്‍. ദുഃഖത്തിന്റെ വേലിയേറ്റം ജീവിതത്തെ മഥിക്കുകയാണ്. തന്റെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ സംതൃപ്തനായി ജീവിച്ചാല്‍ ദുഖത്തില്‍ നിന്നും ഒഴിവാകാം. നിയതിയുടെ നിശ്ചയമെന്നപോലെ ആപത്തില്‍ പെട്ട് മാതാപിതാക്കന്മാര്‍ നഷ്ടപ്പെടുമ്പോള്‍ ജീവിതത്തിന്റെ അനിശ്ചിതത്തെപറ്റിയൊന്നും ചിന്തിക്കാന്‍ പോലും കഴിവില്ലാത്ത പ്രായത്തില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ ദുഃഖവും അതുപോലെ യദൃശ്ചികമായി ഉണ്ടാകുന്ന ദുഃഖങ്ങളും മാറ്റി വച്ചാല്‍ മറ്റു ദുഃഖങ്ങള്‍ സ്വയം വരുത്തിവയ്ക്കുന്നതാണ്. ദുഃഖത്തില്‍ നിന്നു രക്ഷപെടാനുള്ള മാര്‍ഗ്ഗമാണ് സര്‍വ്വവും ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന. ആരാധനാമൂര്‍ത്തിയുടെ പരിവേഷം നല്‍കി ദൈവത്തെ ആരാധിക്കുന്നത് മതവിശ്വാസികളാണ്. സത്യാന്വേഷികള്‍ക്ക് പ്രപഞ്ചത്തിന്റെ ഉല്പത്തിക്കു നിദാനമായ ആനന്ദസ്വരുപനാണ് ഈശ്വരന്‍ - ബ്രഹ്മസത്യം. സത്യത്തിന്റെ പരമമായ ഏകതയില്‍ അഭയം കണ്ടെത്തണം. നമ്മളില്‍ തന്നെ നിറഞ്ഞിരിക്കുന്ന ബ്രഹ്മസത്യത്തെ തിരിച്ചറിയുമ്പോള്‍  ദുഃഖവും വിട്ടകലുന്നു. പണക്കാരയ വിശ്വാസികള്‍ അവരുടെ  പ്രതാപം കാണിച്ച് ദൈത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി വിലകൂടിയ വഴിപാടുകള്‍ നടത്തിയോ ആയിരക്കണക്കിനു മെഴുകുതിരികള്‍ കത്തിച്ചോ സ്വന്തം ദുഃഖങ്ങളൂടെ പട്ടിക ആരാധനാമൂര്‍ത്തിയുടെ മുന്നില്‍ നിരത്തി വെച്ച് ദുഃഖനിവാരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് നാം സാധരണ കാണുന്നത്. അങ്ങനെയുള്ള  പ്രാര്‍ത്ഥനയുടെ പ്രയോജനത്തെ പറ്റി അവര്‍ തന്നെ ചിന്തിച്ചു മനസ്സിലാക്കണം.  കഥകളിലെ ഭാഷ സുകുമാരപദങ്ങള്‍കൊണ്ട്  സമൃദ്ധമല്ലെങ്കിലും ഹൃദയങ്ങള്‍ സ്‌നേഹം കൈമാറുമ്പോഴുണ്ടാകുന്ന തീവൃമായ അനുഭൂതി മധുരോദരമാക്കാന്‍ ഉചിതമായ പദങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സ്വതന്ത്രമായ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ വായനക്കാരില്‍ ജിജ്ഞാസയുളവാക്കത്തക്ക വിധത്തില്‍ ആകര്‍ഷ്ണീയമായ ആവിഷ്കാരഭംഗിയോടെ അവതരിപ്പിച്ചിക്കിരിക്കുന്ന കഥകള്‍ വായനക്കാരുടെ മനസ്സില്‍ വരച്ചിടുന്ന ചിത്രങ്ങള്‍ കാലത്തിന്റെ കാല്പാടുകള്‍ പോലെ മായാതെ കിടക്കും.
         
ശോകഗാനത്തിന്റെ ഈരടികള്‍ പാടുന്ന "വാനമ്പാടി''യാണ് സറാമ്മ. സാറാമ്മയുടെ ഹൃദയതന്ത്രികള്‍ മീട്ടുന്ന ജീവരാഗം സഹൃദയരുടെ കണ്‍പോളകള്‍ നനച്ചേക്കാം. സറാമ്മയെ നിരാശ വലയം ചെയ്തിരിക്കുകയാണ്. സുഖമായ ജീവിതം സാധ്യമാകാതെ വന്നതിലുള്ള സാറാമ്മയുടെ നിരാശ ഒറ്റപ്പെട്ടതല്ല. പടുത്തുയര്‍ത്തിയ പ്രതീക്ഷകളുടെ സൗധങ്ങള്‍ തകര്‍ന്നു വീഴുമ്പോഴുണ്ടാകുന്ന എല്ലാവരുടേയും സ്ഥിതി ഇതൊക്കെ തന്നെയെന്ന പൊതുതത്വം കഥാകാരന്‍ അവതരിപ്പിക്കുകയാണ്. പ്രതീക്ഷകള്‍ തകര്‍ന്നു വീഴുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യവുമായി അവര്‍ കൂട്ടിമുട്ടുന്നു. ആഗ്രഹങ്ങള്‍, വികാരങ്ങള്‍, സഹതാപം മുതലായവയെല്ലാം മനുഷ്യരുടെ ആന്തരിക തലത്തിലുണ്ട്. ഇവയെല്ലാമായി ബന്ധപ്പെടുകയും അനുഭവിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്.  സാഹിത്യം കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നുണ്ടൊ  എന്നറിയണമെങ്കില്‍ അത് രചിക്കപ്പെട്ട കാലഘട്ടത്തെ പറ്റി സമാന്യ ജ്ഞാനമുണ്ടായിരിക്കണം. കഴിഞ്ഞ കാലഘട്ടത്തിലെ സാഹചര്യങ്ങളേയും സാമൂഹ്യ വ്യവസ്ഥിതിയേയും മുന്‍നിര്‍ത്തി രചിക്കപ്പെട്ട സാഹിത്യം ഈ കാലഘട്ടത്തില്‍ അപ്രസ്കതമെന്നു തോന്നാം. കാലം കഴിയുന്തോറും പലതും കാലഹരണപ്പെടുന്നു. പക്ഷെ സാഹിത്യത്തിന്റെ മൂല്യം നശിക്കുന്നില്ല. സഹോദരി സഹോദരങ്ങളുടെ ആവശ്യങ്ങളുടെ നിറവേറ്റലിനുവേണ്ടി സ്വന്തം താല്‍പര്യങ്ങളും സുഖസൗകര്യങ്ങളും ബലിയര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ സാറാമ്മയേയും ഉള്‍പ്പെടുത്താം. കുടുംബപ്രാരമ്പ്ധങ്ങളുടെ നടുവില്‍ കിടന്നുഴലുന്ന സാറാമ്മ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു. സാറാമ്മയുടെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളക്കുന്നത് എയര്‍ഫോഴ്‌സുകാരന്‍ ബേബി അപകടത്തില്‍ പെട്ട് തന്റെ വാര്‍ഡില്‍ എത്തിയതിനു ശേഷം മാത്രമാണ്. സാറാമ്മ ബേബിയുടെ മണവാട്ടിയായി. കല്യാണത്തിന് രണ്ടുപേരും ഒരുമിച്ച് നാട്ടിലേക്ക് പോകാതെ സാറാമ്മ തനിച്ചു പോകുന്നതും ബേബി വിമനാപകടത്തില്‍ മരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതില്‍ സ്വാഭാവികത എത്രയൊ ദൂരെയാണെന്നു തോന്നി. ബേബി വിമാനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത താങ്ങാനുള്ള മനഃശക്തി സാറാമ്മക്കുണ്ടായില്ല. ദുഃഖവും നിരാശയും സാറാമ്മയെ കീഴ്‌പ്പെടുത്തി. സാറാമ്മ വിധിയെ പഴിച്ചു കാണും.  ജിവിതത്തില്‍ വിജയിക്കുന്നുവെങ്കില്‍ അത് സ്വന്തം കഴിവുകൊണ്ടാണെന്നു വീമ്പടിക്കുന്നവരും പരാജയപ്പെടുന്നുവെന്നുവെങ്കില്‍ അതു വിധിയാണെന്നും സാമാധാനിക്കുന്നവരാണല്ലോ ബഹുഭൂരിപക്ഷവും. സാറാമ്മ ദു:ഖത്തിന്റെ ആഴക്കടലില്‍ തന്നെ കിടക്കട്ടെയെന്നു കരുതി കൃതൃമമായി സൃഷ്ടിക്കപ്പെട്ട ഒരു അപകടം എന്നു വായനക്കാര്‍ വിലയിരുത്തിയേക്കാം.

"ശിഥിലബന്ധം'' എന്ന കഥക്ക് വാനമ്പാടിയുമായി സാമ്യം കാണുന്നു. വാനമ്പാടിയില്‍ സാറാമ്മയാണെങ്കില്‍ ശിഥിലബന്ധത്തില്‍ കൃഷ്ണപിള്ളയാണ് ദുഖാഗ്നിയില്‍ എരിഞ്ഞടങ്ങുന്നത്. വേലക്കാരിയെ ഗൃഹനായകന്‍ കാമപൂരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് പുത്തരിയല്ല. വേലക്കാരി കമലമ്മയുടെ രൂപസൗന്ദര്യത്തില്‍ മനം മയങ്ങിപ്പോയ കൃഷ്ണപിള്ള അവളെ സ്വാധീനിച്ച് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഒരു തരം ബലാത്സംഗം. ഇത്തരത്തിലുള്ള സ്ത്രീപീഡനത്തിന്റെ കഥ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏദന്‍ തോട്ടത്തില്‍ തുടങ്ങിയ സ്ത്രീ വഞ്ചനയുടെ ചരിത്രം ഒരു തുടര്‍ക്കഥയായി ഇന്നും തുടരുന്നു. ബലാല്‍ സംഗത്തെ എതിര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ സഹകരിച്ച് സുഖിക്കുക എന്ന് ഒരു ഇന്‍ഡ്യന്‍ പട്ടാള മേധാവി മനേക് ഷാ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. അതായിരിക്കാം കമലമ്മയും ചെയ്തിട്ടുണ്ടാവുക. കൃഷ്ണപിള്ളയുടെ ദുഃഖത്തിനു കളമൊരുക്കിയതു അയാള്‍ തന്നെയാണ്. കൃഷ്ണപിള്ളയുടെ ക്രൂരതക്കു പാത്രമായി ഗര്‍ഭിണിയായി തോരാത്ത കണ്ണൂനീരുമായി ഇറങ്ങിപ്പോകേണ്ടി വന്ന താഴ്ന്ന ജാതിക്കാരി വേലക്കാരിയുടെ കണ്ണൂനീരിനേക്കാള്‍ കഥാകാരന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് കൃഷ്ണപിള്ളയുടെ ദുഃഖത്തിനാണ്. വിവാഹം കഴിച്ചു സുഖമായി ജീവിക്കാമെന്ന കൃഷ്ണപിള്ളയുടെ മോഹം വെറും വ്യാമോഹമായി. ഭാര്യയുടേയും മക്കളൂടേയും പീഡനത്തിനു വിധേയനായി കൃഷ്ണപിള്ള റോഡില്‍ ഇറങ്ങേണ്ടി വന്നപ്പോള്‍ പുരുഷപീഡനത്തിന്റെ കഥ കൂടി കഥാകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. കമലമ്മയെ വിവാഹം കഴിച്ചിരുന്നെങ്കില്‍  തനിക്ക് ഈ ഗതി വാരില്ലായിരുന്നു എന്ന് കൃഷ്ണപിള്ള പശ്ചാത്തപിക്കുന്നുണ്ട്. "താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകന്നെ വരൂ'' (രാമായണം). കൃഷ്ണപിള്ളയുടെ ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം കൃഷ്ണപിള്ള തന്നെ അനുഭവിച്ചു തീര്‍ത്തു. നന്മയായിരിക്കട്ടെ മനുഷ്യരുടെ സഞ്ചാരപഥം എന്ന പാഠം വരികള്‍ക്കിടയില്‍ നിന്നു വായിച്ചെടുക്കാം.
         
"കാലങ്ങളും ലോകങ്ങളും അനുസരിക്കുന്ന സമയം - ആ ശക്തി എന്നാരംഭിച്ചു? ഒഴുക്കു നീറ്റിലെ നീര്‍ക്കുമിളപോലെ മനുഷ്യന്‍ അതില്‍ പറ്റി നില്‍ക്കുന്നു. അതിന്റെ കടിഞ്ഞാന്‍ ഈശ്വരന്റെ കയ്യിലാണല്ലോ. ആത്മാവായ ദൈവമാണ് സമാധാനത്തിന്റെ ഇടം. രക്ഷയുടെ മാര്‍ഗ്ഗവും മറ്റാരുമല്ല' എന്ന കഥകൃത്തിന്റെ നിലപാടിനോട് ചേര്‍ന്നു നില്‍ക്കാം. ഓരോരുത്തരിലും പരിലസിക്കുന്ന ദിവ്യചൈതന്യമാണു ആത്മാവ് അഥവ ഈശ്വരന്‍. പ്രപഞ്ചത്തിന്റെ അന്തര്‍ധാരയായിത്തന്നെ സര്‍വ്വജ്ഞത്വമുള്ള ഒരു ശക്തിവിശേഷം സര്‍വ്വദാ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ നിയാമകന്‍ ഈശ്വരന്‍ തന്നെ.  നമ്മള്‍ "ഞാന്‍'' എന്നു പറയുന്നതു തന്നെയാണ് ഒരിക്കലും മാറ്റമില്ലാത്ത ആത്മാവ് അക്ലെങ്കില്‍ ഈശ്വരന്‍. മനുഷ്യന്റെ ഉല്പത്തിക്കു മുമ്പു തന്നെ ഈശ്വരീയമായ നിയമം പ്രവര്‍ത്തിച്ചു തുടങ്ങി. പ്രകൃതി മനുഷ്യന് അതിന്റെ ഗുപ്തമായ രഹസ്യം വെളിവാക്കിക്കൊടുക്കുമ്പോള്‍ സ്വന്തം സത്തയുടെ മൂലകാരണത്തോടു അവനുള്ള അനിഷേധ്യമായ ബന്ധം അംഗീകരിക്കാപ്പെടുന്നു. പ്രകൃതിനിയമം അറിഞ്ഞാല്‍ മാത്രം പോരാ, അതു പ്രയോഗത്തില്‍ കൊണ്ടുവരണം.  കയറു കണ്ട് സര്‍പ്പമെന്നു  തെറ്റിദ്ധരിച്ച് സത്യം മനസ്സിലാക്കുന്നതുവരെ ഭയവിഹ്വലരാകുന്നതുപോലെ പ്രകൃതിനിയമം പ്രായോഗികമാക്കുന്നതുവരെ മനുഷ്യരെ വികലചിന്തകള്‍ അലട്ടിക്കൊണ്ടിരിക്കും. ജീവന്‍ ക്രമാനുകൃതമായ താളലയത്തൊടു കൂടിയ ഒരു പ്രക്രിയയാണ്. ആ താളവും ലയവും വികലമാകുമ്പോള്‍ ജീവി രോഗത്തിന്നധീനനാകുന്നു. അതു പാടെ തെറ്റുമ്പോള്‍ മരണത്തേയും പ്രാപിക്കുന്നു. അനശ്വരമായ ആത്മാവ് നിലനില്‍ക്കുന്നു. ആനന്ദത്തില്‍ അധിഷ്ഠിതമായ ജീവന്റെ പ്രവാഹം നിലനിര്‍ത്താന്‍ കഴിയുന്നത് പ്രകൃതിയുടെ അടിസ്ഥാനപരമായ നിയമങ്ങള്‍ പരസ്പരവിരോധം കൂടാതെ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്.  ആത്മാവായ ദൈവമാണ് സമാധാനത്തിന്റെ ഇടം എന്ന കഥാകാരന്റെ പ്രസ്താവന സമൂഹം അദ്ധ്യാത്മികമായ അന്തര്‍ദര്‍ശനം ഉള്ളവരായിത്തിരാനുള്ള പ്രേരണ നില്‍കുന്നുണ്ട്. ദൈവം വിലപിക്കുകയില്ല, മനുഷ്യരെ വിലാപത്തില്‍ നിന്നു മോചിപ്പിക്കുകയേയുള്ളൂ. "അനേകര്‍ക്കു വേണ്ടി'' ജീവിക്കാന്‍ നിയുക്തനായവനാണ് തങ്കച്ചന്‍. മതാപിതാക്കള്‍ക്ക് മക്കള്‍ ഉണ്ടാകാതിരുന്നപ്പോള്‍ നേര്‍ച്ചയുടെ ഫലമായി പിറന്ന മകന്‍. സന്താനമുണ്ടായാല്‍ ദൈവവേലക്ക് അയച്ചേക്കാമെന്ന ഒരു നേര്‍ച്ചയും അവര്‍ നേര്‍ന്നിരുന്നു. അങ്ങനെ സെമിനാരിയില്‍ എത്തിച്ചേര്‍ന്ന തങ്കച്ചന് കളിക്കൂട്ടുകാരിയെ മറക്കാന്‍ സാധിക്കുന്നില്ല.

അവളുമൊത്തൊരു ജിവിതം സ്വപ്നം കണാനല്ലാതെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതെവന്നതില്‍ അയാളുടെ മനം നൊന്തു. തന്നെയുമല്ല വിധവയായ അമ്മയെ രക്ഷിക്കാനും കഴിയുന്നില്ല. ജീവിതസ്വപ്നത്തിന്റെ ഊരാക്കുടുക്കില്‍ പെട്ട തങ്കച്ചന്‍ സെമിനാരിയില്‍ നിന്നു അവധിയെടുത്തു നാട്ടില്‍ എത്തി. അവധി കഴിഞ്ഞിട്ടും തിരിച്ചു പോകാന്‍ മടി. നാട്ടുകാരുടെ ചോദ്യം ഒരുവശത്ത്, അമ്മയുടെ ചൊദ്യം മറുവശത്ത്. ഒന്നിനും വ്യക്തമായ മറുപടി പറയാനാകാതെ തങ്കച്ചന്‍ കുഴങ്ങി. മനസ്സില്ലാമനസ്സോടെ തങ്കച്ചന്‍ സെമിനാരിയിലേക്കു മടങ്ങി. പുരോഹിതിനായാലും വിവാഹിതനായാല്‍ എന്താണു കുഴപ്പം എന്ന് തങ്കച്ചന്‍ ചിന്തിക്കുന്നതും ന്യായീകരിക്കാവുന്നതാണ്.

ബ്രഹ്ദാരണ്യോപനിഷത്തില്‍ പറയുന്ന  യജ്ഞവല്‍ക്യന്‍ രണ്ടു വിവാഹം കഴിച്ചിരുന്നു. പുരോഹിതന്മാര്‍ക്ക് വിവാഹം അനുവദിച്ചുട്ടുള്ള ക്രൈസ്തവ സഭയുണ്ടല്ലോ. തന്റെ ആഗ്രഹങ്ങളും വികാരങ്ങളുമൊക്കെ ബലിയര്‍പ്പിച്ചുകൊണ്ട് ദുഃഖത്തിന്റെ മുഖവുമായി തങ്കച്ചന്‍ സെമിനാരിയിലേക്കു മടങ്ങിയതു മാതാപിതാക്കളുടെ നേര്‍ച്ചയുടെ നിറവേറ്റലിനു വേണ്ടിയായാണ്.  തങ്കച്ചന്റെ ചിന്തക്കും വികാരങ്ങള്‍ക്കും ഒരു വിലയും കല്പിക്കാന്‍ സന്നദ്ധരാകാത്തതു കൊണ്ടാണല്ലൊ  മാതാപിതാക്കള്‍ തങ്കച്ചനെ ദൈവവേലക്കു അയക്കാന്‍ തീരുമാനിച്ചത്. നല്ലൊരു ശതമാനം പുരോഹിതന്മാര്‍ ഇത്തരം നേര്‍ച്ചയുടെ പരിണിതഫലമായിരിക്കാം. ലൗകികമായ വികാരങ്ങള്‍ തലയുയര്‍ത്തുമ്പോള്‍ അവര്‍ക്ക് ആത്മാര്‍ത്ഥമായി പൗരോഹിത്യ കര്‍മ്മം നിര്‍വ്വഹിക്കാന്‍ സാധിച്ചെന്നു വരില്ല.  ഒരു തരം ചായം തേച്ച പൗരോഹിത്യം! നൈസ്സര്‍ഗ്ഗികമായ വിചാരവികാരങ്ങള്‍ കണക്കിലെടുത്ത് പുരോഹിതന്മാരുടെ കാര്യത്തില്‍ സഭാനിയമങ്ങള്‍ക്ക് അയവു വരുത്തുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ്.
         
ഭാര്യാഭര്‍ത്താക്കന്മാരായ തങ്കമ്മയും മത്തായിയും പരസ്പരം കുറ്റപ്പെടുത്തി കുടുംബജീവിതം താറുമാറാക്കുന്ന കഥയാണ് "ഇരുളുന്ന പ്രഭാതങ്ങള്‍''. സൂര്യകിരണങ്ങള്‍ പ്രഭാതത്തെ പ്രകാശിപ്പിച്ച്  നിര്‍മ്മലമാക്കുമ്പോള്‍ പ്രഭാതത്തിനു ഇരുട്ടാണെന്ന കഥാകാരന്റെ സങ്കല്പത്തോട് കഥയുടെ പ്രതിപാദ്യവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍ യോജിക്കാവുന്നതാണ്.  സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന ദൈവവചനങ്ങള്‍ അനുസരിച്ചു താന്‍ ജീവിച്ചില്ല എന്ന കുറ്റബോധം മത്തായിയെ  നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ജീവിത സാക്ഷാത്ക്കാരത്തിനു അനിവാര്യമായ അദ്ധ്യാത്മിക ജീവിതം കൈവിട്ടു പോയതിനു താന്‍ തന്നെ ഉത്തരവാദിയെന്നു മത്തായി ഉറപ്പിച്ചു. കഥയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മത്തായി നഷ്ടപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളുടെ പ്രതീകമാണ്. വ്യസനാധിക്യത്താല്‍ സ്വധര്‍മ്മമായ  യുദ്ധം ധര്‍മ്മവിരുദ്ധമായി അര്‍ജ്ജുനനു തോന്നിയ സന്ദര്‍ഭം ഗീതയില്‍ പറയുന്നുണ്ട് "ശ്രേയാന്‍ സ്വധര്‍മ്മൊ വിഗുണ:'  ഗീതോപദേശത്തിനു ശേഷം തന്റെ  സ്വധര്‍മ്മം എന്തെന്ന് മനസ്സിലായതായി അര്‍ജ്ജുനന്‍ സമ്മതിക്കുന്നുണ്ട്. ലൗകികതയേക്കാള്‍  പ്രാധാന്യം അദ്ധ്യാത്മികതക്കാണെന്നും ദൈവത്തെ അനുസരിക്കുമ്പോഴാണ് ആത്മീയമായി അനുഗ്രഹിക്കപ്പെടുന്നതെന്നും തിരിച്ചറിഞ്ഞ് മത്തായി യഹോവായിലേക്കു തിരിച്ചു വാന്നപ്പോഴേക്കും ഭാര്യ പിണങ്ങിപ്പോയി വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞിരുന്നു.  ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ നിര്‍ഭയതയില്‍ നിന്ന് ഉടലെടുക്കുന്ന സ്വാതന്ത്ര്യമുണ്ടായിരിക്കണം. വളരെ ഉല്‍ക്കടമായ സ്‌നേഹമുണ്ടായിരിക്കുമ്പോഴും ഒരാളില്‍ മറ്റേ ആള്‍ക്ക് പൂര്‍ണ്ണമായി സ്വാതന്ത്ര്യം അനുഭവപ്പെടുന്നില്ലെങ്കില്‍ ആ സ്‌നേഹം തന്നെ ഭയത്തിനും സംശയത്തിനും കാരണമായിത്തീരുന്നു. മാനസികവും വൈകാരികവും ആനുഭൂതികവും ആദ്ധ്യാത്മികവുമായ ഒരു   ചേര്‍ച്ച  ഭാര്യാഭര്‍ത്തൃബന്ധത്തില്‍  ഉണ്ടായിരിക്കണം. ഇതിനു തടസ്സം വരാതിരിക്കണമെങ്കില്‍ അവരുടെ താല്പര്യത്തില്‍ വൈജാത്യമോ വൈരുദ്ധ്യമോ ഉണ്ടായിരിക്കാന്‍ പാടില്ല. രണ്ടു പേരും രണ്ടു ശരീരത്തില്‍ വര്‍ത്തിക്കുന്ന ഒരു മനസ്സു പോലെ പ്രവര്‍ത്തിക്കണം. ഭാര്യ തിരിക്ലുവരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന മത്തായിയുടെ മാനസാന്തരം തങ്കമ്മ മനസ്സിലാക്കുന്നില്ല. കുടുംബജീവിതം ഒരു നാടകമല്ല, വസ്തുതയാണ്.  "മനുഷ്യന്റെ വഴികള്‍ യഹോവായുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു'' എന്ന കഥാകൃത്തിന്റെ വാക്കുകള്‍ സൃഷ്ടിയുടെ വഴികള്‍ യഹോവ നിശ്ചയിക്കുന്നു എന്ന് വ്യാഖ്യാനിക്കാവുന്നതാണ്. ഏദന്‍ തോട്ടത്തില്‍ യഹോവ നടപ്പാക്കിയ ന്യായവിധി നമുക്ക് സുപരിചിതമാണല്ലൊ.
         
" ശ്രീ വേറ്റം ഈ കഥാസമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്ന "പ്രവാസി'' എന്ന കഥയില്‍ പ്രവാസജീവിതത്തിന്റെ ആന്തോളനങ്ങളൊ, പ്രവാസികളുടെ ഉയര്‍ച്ചയുടെയും താഴ്ചയുടേയുമൊ, വളര്‍ച്ചയുടേയും തളര്‍ച്ചയുടേയുമൊ,  കുട്ടികള്‍ സ്വന്തം  സംസ്കാരത്തെ ആശ്ശേഷിച്ചുകൊണ്ട് വളരണമെന്ന് നിര്‍ഷ്കര്‍ഷിക്കുന്ന മാതാപിതാക്കള്‍ തന്നെ പാശ്ചാത്യ സംസ്കാരത്തിലേക്ക് വഴുതിവീഴുന്നതും ഒരു സംസ്കാരത്തിന്റെ തകര്‍ച്ചയില്‍ മറ്റൊരു സംസ്കാരം ഉടലെടുക്കുന്നതും മറ്റും ചിത്രീകരിക്കുകയൊണെന്ന മുന്‍വിധിയോടെ വായനക്കാര്‍ കഥയെ സമീപിച്ചേക്കാം. എന്നാല്‍ പ്രവാസികളായ സുധയുടേയും ഷിബുവിന്റേയും കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതയും മാനസിക സംഘര്‍ഷവുമാണ് പ്രതിപാദ്യ വിഷയം.

അടിസ്ഥാനരഹിതമായി ഭാര്യ ഭര്‍ത്താവിനെ സംശയിച്ചപ്പോള്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയുടേയും വെറുപ്പിന്റേയും കരിമുകില്‍ പടര്‍ന്നു. ഭാര്യ ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാകതെ അയാള്‍ കുഴങ്ങി. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് സംശയിച്ച് സംസ്കൃതിയിലെ ധര്‍മ്മലോപം പോലും ഭര്‍ത്താവില്‍ ആരോപിച്ച് നാണം കെടുത്തി. രണ്ടു പേരും മാനസികമായി തകര്‍ന്നൂ. ബുദ്ധിയുടെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ  മനുഷ്യര്‍ മനസ്സ് എന്ന പ്രതിഭാസത്തിന്റെ നിയന്ത്രണത്തില്‍ വിഷമിച്ചുകൊണ്ടിരിക്കും. തങ്ങളുടെ മുന്നാമത്തെ കുട്ടിയും പെണ്ണാണ് എന്നറിഞ്ഞപ്പോള്‍ ഗര്‍ഭത്തില്‍ വെച്ചു തന്നെ ശിശുവിനെ നശിപ്പിച്ച കുടുംബരഹസ്യം തന്റെ കൂട്ടുകാരി അറിഞ്ഞു എന്ന് മനസ്സിലാക്കിയ ഭര്യ, രഹസ്യം ചോര്‍ന്നതിന്റെ കാരണക്കാരന്‍ ഭര്‍ത്താവു തന്നെ എന്ന് ചിന്തിച്ചു. ഭ്രൂണഹത്യ പാപമാണെന്നും ആ പാപത്തില്‍ നിന്ന് ഭാര്യയെയെങ്കിലും രക്ഷിക്കണമെന്ന് കരുതി സത്യം കര്‍ത്താവിനോട് ഷിബു പ്രാര്‍ത്ഥനയിലൂടെ സാക്ഷ്യപ്പെടുത്തി. പ്രാര്‍ത്ഥന മൗനമായിട്ടല്ലെങ്കില്‍ അത് അടുത്തു നില്‍ക്കുന്നവര്‍ കേള്‍ക്കനിടയുണ്ട്  എന്ന കൂട്ടുകാരിയുടെ വെളിപ്പെടുത്തല്‍ സത്യത്തിലേക്കുള്ള വഴി തുറന്നു. കുടുംബരഹസ്യം പരസ്യമായ പാശ്ചാത്തലം അറിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യ ജീവിതം വീണ്ടും ശാന്തമായി. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് അവരുടെ ജീവിതം തകര്‍ക്കരുതെന്ന സന്ദേശം കഥയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെങ്കിലും തന്റെ ഭര്‍ത്താവില്‍ കുറ്റാരോപണം നടത്തി അയാളെ ദുഃഖിതനാക്കിയതിന് പശ്ചാത്താപത്തിന്റെ ഒരു വാക്കു പോലും പറയാതെ ഒന്നും അറിയാത്തവളെ പോലെ ഭാര്യ പെരുമാറിയതെന്ത്യേ എന്ന് വായനക്കാര്‍ ചോദിച്ചേക്കാം. തെറ്റിന് പ്രായശ്ചിത്തം അനിവാര്യമാണല്ലോ. സത്യാവസ്ഥ മനസ്സിലാക്കാതെ താന്‍ ഭര്‍ത്താവിനെ സംശയിച്ചത് തെറ്റായിപ്പോയി എന്ന് ഭാര്യ മനസ്സിലാക്കിയില്ലെന്നുണ്ടോ. "ഇച്ചായന്‍ വിഷമിക്കണ്ട, നമ്മുടെ അനുഭവം എന്നും  കൂടെ വരുന്ന ഓര്‍മ്മയാണ്'' എന്ന് ഭാര്യ ഭര്‍ത്താവിനെ സ്വാന്തനിപ്പിക്കുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള ഒരു അനുഭവത്തിനാണോ ഭാര്യ വഴിയൊരുക്കിയത് എന്ന സംശയം ബാക്കി.
        
കഥാകൃത്ത് "കാലത്തിന്റെ കാല്പാടുകളില്‍' നിരത്തിയിരിക്കുന്ന കഥകളിലെ വിഭിന്ന ആശയങ്ങളുടെ.   മോടിപിടിപ്പിക്കുന്ന ആവിഷ്കാരത്തിന്റെ വൈജാത്യം ഏതൊരു വായനക്കാരനും ആസ്വാദ്യകരമായിരിക്കും. മിക്ക കഥകളിലും ജീവിത സാഹചര്യങ്ങളെയും കര്‍ത്തവ്യങ്ങളേയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ കഥകൃത്ത് ഉന്നയിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ചുമതല വായനക്കാര്‍ക്കു കൂടി വിട്ടുകൊടുത്തിരിക്കുന്നു എന്ന് അവരും മനസ്സിലാക്കട്ടെ. ശ്രീ ജോണ്‍ വേറ്റത്തിന് അഭിനന്ദനങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക