Image

പ്രവചനം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 23 March, 2020
പ്രവചനം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
"ലോകാവസാനം രണ്ടായിരത്തില്‍''
പ്രവചനം തെറ്റി, സന്തുഷ്ടരായി ജനം.
അനിവാര്യമെങ്കിലും മരണത്തെയാരും
കൈനീട്ടി മാടിവിളിക്കാറില്ല.
"തീയാല്‍ ലോകനാശം' ലോകമഹായുദ്ധത്തിനു
നാന്ദികുറിക്കും പ്രവചനമുണ്ടിനിയും.
ജനം പരിഭ്രാന്തരായിരിക്കുമ്പോള്‍
ലോകനാശത്തിന്‍ കാരണമെന്നോണം
വന്നെത്തി കോറാണ വൈറസ്-കോവിഡ് 19.

വീണ്ടും ഭീതി പുണ്ടു പരവശരായ് ജനം
വൈറസ് ടെസ്റ്റിനായ് മണിക്കുറുകള്‍
കാറില്‍ കാത്തിരിക്കും കാഴ്ചയത്ഭുതകരം.
കൊറോണയുടെ താണ്ഡവ നൃത്തത്തില്‍
ഭയവിഹ്വലരായി നടുങ്ങി ലോകജനത.
സൃഷ്ടിക്കു മുന്‍പുണ്ടായിരുന്ന ലോകം
ഭാവനയില്‍ കണ്ടു തുടങ്ങി  ജനം. 

സ്വാന്തനവും പ്രതിരോധനിര്‍ദ്ദേശവുമായ്
എഴുത്തുകാരെത്തി നിരനിരയായ്
മാദ്ധ്യമങ്ങള്‍ എഴുത്തുകൊണ്ടു നിറയുന്നു.
അറിവുകള്‍ പകര്‍ന്നു കൊടുക്കുമ്പോള്‍
സാംഗത്യമുണ്ടവരുടെ എഴുത്തുകള്‍ക്ക്.
എങ്കിലും കേട്ടു മടുത്തെന്നു ജനം
ബോധവല്‍ക്കരണമെന്നു എഴുത്തുകാര്‍.
ബോധവല്‍ക്കരണത്തിനുമില്ലേ ഒരതിര്?
അധികമായാല്‍ അമൃതും വിഷമെന്ന
പഴഞ്ചൊല്ല് അപ്രസക്തമാവുകയോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക