Image

കുഞ്ഞ് മനസ് (ദീപ ബിബീഷ് നായര്‍)

Published on 17 April, 2020
കുഞ്ഞ് മനസ് (ദീപ ബിബീഷ് നായര്‍)
ഒരു കുഞ്ഞു മനസിന്റെ നൊമ്പരമറിയുവാന്‍
ഒന്നല്ലൊരായിരം കണ്ണു വേണം...

അവനൊന്നിറങ്ങണം തൊടിയിലും വയലിലും
കാണണം കാഴ്ചകള്‍ നാലു ചുറ്റും

കുഞ്ഞു കിടാവിനെ കാണണം  പാല്‍ ചുരത്തു മാ കറുമ്പി പശുവിനേയും

ഓടി നടക്കണം പാടവരമ്പിലൂടൊരു തുമ്പിയെ കാണണമടുത്തു നിന്നായ്

ഒറ്റക്കാലില്‍ നില്‍ക്കും കൊക്കിനെ കാണണം
തിരികെപ്പറക്കുമാ ദേശാടനക്കിളികളെ കാണണം

തൊടിയിലെ കുയിലിനെ ദേഷ്യം പിടിപ്പിക്കാനുച്ചത്തില്‍ കൂകണം വീണ്ടും വീണ്ടും

ഒന്നു തൊടണമാ തൊട്ടാവാടിയെ കൂമ്പിയടയുമാ ഇലകളെ കാണ്‍കവേണം

നിറമുള്ള ശലഭങ്ങള്‍ പാറിപ്പറക്കുമാ വാടിയില്‍ പോകണം, പൂക്കള്‍ പറിക്കേണം

ആഗ്രഹമുണ്ടവനെങ്കിലും ഏകനായൊരു കോണിലിരിപ്പൂ പ്രതിമ പോലെ

കുഞ്ഞു മനസിലുണ്ടൊരായിരം ചോദ്യങ്ങള്‍ കേള്‍ക്കാനോ കാണാനോ ആരുമില്ല

അണുകുടുംബത്തിന്റെ അതിപ്രസരത്തിലോ
ഏകാകിയാകുന്നു കുഞ്ഞുങ്ങളും

പ്രാരാബ്ധച്ചുമടുമായ് ഓടുന്നു നമ്മളും
 നഷ്ടമാകുന്നൊരാ കുഞ്ഞിന്റെ ബാല്യവും.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക