Image

ആര് ഞാന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 07 June, 2020
ആര് ഞാന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
ആര് ഞാ, നാരുഞാ, നെന്നു നിരന്തരം
ചോദ്യമായന്തരാത്മാവില്‍;
ആരവമില്ലാതെയുത്തരമായുടന്‍,
ഉയിരിന്‍ തുടിപ്പുകളായി,
കാലമപാരത, യേതോ നിഗൂഢത,
നീണാള്‍നിശൂന്യത,യെന്നോ-
ആരോ മുഴക്കിയ സ്പന്ദന,മത്ഭുതം!
ഓങ്കാരമായലതല്ലി;
സര്‍വചരാചരസങ്കേതമായതില്‍,
മനസ്സെന്ന പ്രതിഭാസമോടെ,
അജ്ഞാതമാം കരവേഗമൊരുക്കിയ-
ജീവാണുവായുരുവായി;
സ്‌നേഹാര്‍ദ്രവാത്സല്യ മാംസളശയ്യയില്‍,
പത്തുമാസം സുഖസുപ്തി;
എത്രയോ താരാട്ടിനീണങ്ങളിമ്പമായ്,
മാതൃവിപഞ്ചികമീട്ടി;
്‌നിശ്ചിതമാം നിമിഷത്തില്‍ സമാധിതന്‍,
മൂടുപടം പൊട്ടി താനെ,
ബന്ധങ്ങള്‍ ബന്ധനമാകാതെയുള്ളറ-
വാതില്‍ ചവുട്ടിത്തുറന്ന്,
തായ്‌വേരിളകി മറിഞ്ഞു പിടഞ്ഞു ഞാന്‍,
വേര്‍പാടിന്‍ വേദനയോടെ;
പഞ്ചേന്ദ്രിയം വരമായൊരുജന്മമായ്,
പഞ്ചഭൂതപ്പൊരുളായി,
മണ്‍തൊട്ടിലില്‍ കിടന്നാടുന്ന പൈതലായ്-
ശ്വാസക്കുഴലൂതിയൂതി
കണ്ണില്‍ വെളിച്ചമായ്, കാതില്‍ പ്രതിധ്വനി,
എന്തൊരു വിസ്മയലോകം!
മാടിവിളിക്കുന്ന മായാപ്രകൃതിയെന്‍-
ജീവിത വേദികയായി,
ചിരിയും കരച്ചിലും മുഖമുദ്രയാക്കി,
രാസഭാവഭേദങ്ങള്‍ക്കൊപ്പം;
കല്പിച്ച വേഷമണിഞ്ഞീയരങ്ങത്ത്-
നാടകനടനായി ഞാനും,
നാള്‍ക്കുനാളനുഭവ പാഠങ്ങളാര്‍ന്നതില്‍,
മേളം തുടര്‍ന്നുപോകുന്നു;
ഋതുരഥചക്രങ്ങളീ വഴിത്താരയി-
ലാവര്‍ത്തനങ്ങളാകുമ്പോള്‍,
വാഴ്‌വിന്‍ വളര്‍ച്ച തളര്‍ച്ചയായി, സ്വയം,
ജീര്‍ണ്ണതയായിയൊരിക്കല്‍;
ദേഹിയും ദേഹവുമൊന്നിച്ച ഞാനിതാ,
രണ്ടായി മാറുന്ന മാത്ര;
നിത്യമാം മിഥ്യയാമെങ്കിലുമുള്‍പ്പൊരുള്‍
സത്യത്തിലെത്തുകയല്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക