Image

അര്‍ത്ഥശൂന്യമോ ജീവിതം? (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 16 June, 2020
അര്‍ത്ഥശൂന്യമോ ജീവിതം? (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
സദാചാരത്തിന്നതിരു കടക്കുന്നോരും
ആദര്‍ശമെന്നാല്‍ ചക്കയോ മാങ്ങയോക
എന്ന പരിഹാസത്തിന്‍ ശരമയക്കുന്നോരും
സ്വന്തം വ്യക്തിത്വത്തെ വെറും മണ്ടരായ്
സ്വയം ചവിട്ടി മെതിച്ചരക്കുന്നോരും
തിന്നുക, കുടിക്കുക, രമിക്കുകയുറങ്ങുക
ജീവിതചര്യക്കായ് വീണ്ടുമുണരുന്നോരും
ജീവിതം സന്തുഷ്ടമാക്കാന്‍ വേണ്ടതു
പണം മാത്രമെന്നു ചിന്തിക്കുന്നോരും
പണമെളുപ്പത്തില്‍ സമാഹാരിക്കാനായ്
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്നോരും
ലൗകികസുഖത്തിനായ് നേടിയതെല്ലാം
വെണ്ണീറായതില്‍ ദുഃഖിക്കുന്നോരും
ഞാന്‍ ഞാന്‍ എന്നയഹംഭാവത്തില്‍
ജ്വലിക്കുമഗ്നിജ്വാലയുയര്‍ത്തുന്നോരും
തുടങ്ങിയനേകം അപഥസഞ്ചാരികള്‍
മനസ്സിലെ ദൈവപ്രകാശമറിയാതെ
സാത്താന്റെ പിടിയിലമരുമ്പോള്‍
എന്തിനീ ജീവിതമെന്ന പരിദേവനത്തില്‍
നീറിയലഞ്ഞുതിരിഞ്ഞവശരാകുന്നു.
ആരാണീ ഈശ്വരന്‍?
കടലും കടല്‍ത്തിരവും, നദികളും പര്‍വ്വതനിരകളും
നദികളും പര്‍വ്വതനിരകളും, മലകളും മലയോരങ്ങളും
ഗ്രാമങ്ങളും പട്ടണങ്ങളും, കാടുകളും കാട്ടരുവികളും
മാറിമാറിക്കാണപ്പെടും ജനസഞ്ചയവും
ഈശ്വരനുടെ വൈഭവമപാരം.
ഹാ! ഈ ലോകമെത്ര സുന്ദരം.
ദിവസവും പ്രഭാതത്തില്‍ സൂര്യനെയുദിപ്പിച്ചും
രാത്രിയില്‍ ആകാശത്തില്‍ നക്ഷത്രങ്ങള്‍ വിതറിയും
വസന്തകാലത്തില്‍ ഭൂമിയെ പൂവണിയിച്ചും
കുഞ്ഞുങ്ങളുടെ ചുണ്ടില്‍ പൂഞ്ചിരിയുതിര്‍ത്തും
വയലേലകളില്‍ വിളകള്‍ നിറച്ചും
ലോകം ധന്യമാക്കുമാനന്ദസ്വരൂപനീശ്വരന്‍.

ജന്മോദ്ദേശ്യം ആത്മസാക്ഷാത്ക്കാരം
ജീവാത്മ പരമാത്മാ തന്‍ സംയോഗം
ഭക്തി-കര്‍മ്മയോഗം, ജ്ഞാന-രാജയോഗം
മാര്‍ഗ്ഗമുണ്ടു സത്യസാക്ഷത്ക്കാരത്തിനായ്.
സര്‍വ്വം സര്‍വ്വേശ്വരനില്‍ സമര്‍പ്പിച്ച്
ഏകാഗ്രതയില്‍ ധ്യാനനിരതനായ്
അകക്കണ്ണു തുറന്നാദ്യമായ് മനസ്സിലെ
ദിവ്യചൈതന്യത്തിന്‍ മഹത്വമറിയുമ്പോള്‍
അനാവൃതമാകും ജീവിതത്തിന്നര്‍ത്ഥവും
ജീവിതത്തിന്‍ പരമമാം ലക്ഷ്യവും.

ആടിയും പാടിയും സഹജരെ സന്തോഷിപ്പിച്ചും
നന്മയുടെ വിത്തുകള്‍ സമൂഹത്തില്‍ വിതച്ചും
ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി വെച്ചും
ഈശ്വരന്റെ മഹിമയെ വീണുവണങ്ങി വാഴ്ത്തിയും
അത്മാര്‍പ്പണത്തിലുടെ ഈശ്വരസാക്ഷാത്കാരം നേടി
ധന്യമാക്കാം നമുക്കു ലഭിച്ചൊരീ മര്‍ത്യജന്മം.
പിന്നെപ്പരിദേവനത്തിനെന്തവകാശം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക