Image

ചെണ്ട (ചെറുകഥ: സാംജീവ്)

Published on 24 June, 2020
ചെണ്ട (ചെറുകഥ: സാംജീവ്)
കഴിഞ്ഞ വർഷം ഞാൻ നാട്ടിൽ പോയപ്പോൾ ഒരു ചെണ്ടയ്ക്കു വേണ്ടി അലഞ്ഞുതിരിഞ്ഞു. എനിക്കു ഒരു പുതിയ ചെണ്ടയല്ല വേണ്ടത്. വളരെ പഴക്കം ചെന്ന ഒരു ചെണ്ടയാണു ഞാൻ അന്വേഷിക്കുന്നത്.
ഒടുവിൽ കുഞ്ഞിരാമൻമാരാരുടെ കളരിയിൽ ഞാനൊരു ചെണ്ട കണ്ടെത്തി.കാലപ്പഴക്കം കൊണ്ടു തുകലിനു നിറഭേദം വന്ന ഒരു ചെണ്ട ആയിരുന്നത്. തുകൽ പൊളിഞ്ഞു പൊട്ടാറായിരിക്കുന്നു. അതിന്റെ കയറിഴകൾ ഏതു സമത്തും പൊട്ടാം.
“ഇതിനെന്താണു വേണ്ടത്?” വില ഞാൻ ആരാഞ്ഞു.
“കുഞ്ഞിന് എന്തിനാണ് ഈ പഴഞ്ചൻ ചെണ്ട? വേണമെങ്കിൽ ഒരു പുതിയതു ഞാൻ ഉണ്ടാക്കിച്ചു തരാം.” മാരാർ മൊഴിഞ്ഞു. അയാൾ എന്റെ അച്ഛന്റെ സ്നേഹിതനായിരുന്നു.
“ഒരു പക്ഷേ കുഞ്ഞിനു ഉടക്ക് ആയിരിക്കാം വേണ്ടത്, പഞ്ചവാദ്യം പഠിക്കാൻ. അമേരിക്കായിൽ പഞ്ചവാദ്യം പഠിക്കാൻ തരപ്പെടുമോ?” കുഞ്ഞിരാമൻ മാരാർ ആരാഞ്ഞു.
“എനിക്കു ഉടക്കല്ല, പഴയ ഒരു ചെണ്ടയാണു വേണ്ടത്.  അതുകൊണ്ട് എനിക്കു ഉപയോഗമുണ്ട്.”
“കുഞ്ഞ് എന്തെങ്കിലും കൊടുത്തേച്ചു എടുത്തോണ്ടു പോ” മാരാർ വിശാലമനസ്ക്കനായിരുന്നു. ഞാൻ ഒരു ആയിരം രൂപാനോട്ടു കുഞ്ഞിരാമൻ മാരാരുടെ കൈയിൽ കൊടുത്ത് പഴയ ചെണ്ടയുടെ ഉടമസ്ഥനായി.
ചെണ്ട കൈമാറുമ്പോൾ മാരാരുടെ കണ്ണുകൾ നിറഞ്ഞു. അയാൾ പറഞ്ഞു.
“ഇവൻ ആശാൻ ചെണ്ടയാണ്. ഞാൻ കൊട്ടിപ്പഠിച്ചതു ഈ ചെണ്ട മേലാണ്. ഗുരുഭൂതനാണ് ഇവൻ. വില്ക്കാൻ പാടില്ലാത്തതാണ്. പക്ഷേ കുഞ്ഞ് എന്റെ സ്നേഹിതന്റെ മകനായതുകൊണ്ടു മുൻ പിൻ നോക്കാതെ ഞാൻ തരികയാണ്.”
മാരാർ തുടർന്നു.
“അവന്റെ വലന്തല കണ്ടോ? തിരുവട്ടാർകാവിലെ ശിങ്കാരിമേളത്തിനു ഒത്തിരി തല്ലു കൊണ്ടതാ. ഇവനെ പൂജിച്ചോണം. ഇവൻ ഐശ്വര്യം വരുത്തുന്നോനാ.”
ഇത്രയും പറഞ്ഞിട്ടു കുഞ്ഞിരാമൻ മാരാർ ആദരപൂർവ്വം ചെണ്ട കൈകളിലെടുത്തു. കുഞ്ഞിനെ ലാളിക്കുന്നതു പോലെ കച്ചക്കയർ ഇടതു തോളിലൂടെ കോരിയിട്ടു. ചെണ്ടക്കോലുകൾ കൈകളിലേന്തി അടിക്കുവാൻ തുടങ്ങി. രണ്ടു മിനിറ്റു കൊട്ടിയതിനു ശേഷം ചോദ്യരൂപേണ എന്റെ നേരെ നോക്കി. അസ്സലായെന്ന മട്ടിൽ ഞാൻ തലയാട്ടി. മാരാർ എന്നെ നോക്കി പ്രതിവചിച്ചു.
“പഞ്ചാരിമേളം; പക്ഷേ, കൊമ്പ്, കുഴൽ, ഇലത്താളം കൂടി ചേർന്നാലേ മേളം കൊഴുക്കൂ”

“കുഞ്ഞിന്റെ മുത്തച്ഛൻ കുഞ്ചാണ്ടിസാർ ഒരു വലിയ സഹൃദയനായിരുന്നു. വലിയ മനുഷ്യൻ. ക്ഷേത്രകലകളിലൊക്കെ അപാരമായ പാണ്ഡിത്യം. ആ വാസനയായിരിക്കണം കുഞ്ഞിനു കിട്ടിയത്.” മാരാർ വിടുന്ന മട്ടില്ല. അയാൾ പഴമ്പുരാണത്തിന്റെ കെട്ടഴിച്ചു. ഒരു കവിത കൂടി ചൊല്ലിയിട്ടേ കുഞ്ഞിരാമൻ മാരാർ എനിക്കു യാത്രാനുമതി നല്കിയുള്ളു.
“മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൌരഭ്യം.”
മാരാർ വിചാരിച്ചതു ചെണ്ടമേളം പഠിക്കാനാണു ഞാൻ ആ പഴയ ചെണ്ട വാങ്ങിയതെന്നാണ്. പക്ഷേ വാസ്തവം അതായിരുന്നില്ല.
അങ്ങനെ ആ പഴയ ചെണ്ട കൊണ്ടുവന്നു ഞാൻ എന്റെ സന്ദർശന മുറിയിൽ പ്രതിഷ്ഠിച്ചു. ഭാര്യയും മക്കളും പരസ്പരം നോക്കി. അവരുടെ നെറ്റി ചുളിഞ്ഞു. പുരികം വളഞ്ഞു. പത്തു വയസ്സുകാരി പേരക്കുട്ടി മീനു മാത്രം കള്ളച്ചിരിയോടെ ഒരു കമൻറ് പാസ്സാക്കി.
“മുത്തശ്ശനു പുരാവസ്തുക്കളോടു കലശലായ പ്രേമമുണ്ട്.”
അവളുടെ മുത്തശ്ശിയെ നോക്കിയാണു മീനു കമന്റു പാസ്സാക്കിയത്. മീനുവിനു നർമ്മബോധമുണ്ട്. അതവൾക്കു പരമ്പരാഗതമായി കിട്ടിയതാണ്. എന്റെ അച്ഛനു നർമ്മ ബോധമുണ്ടായിരുന്നു. മുത്തച്ഛന്റെ നർമ്മബോധം നാട്ടിൽ പ്രസിദ്ധമായിരുന്നു. എല്ലാവരും ചിരിച്ചു. മീനുവിന്റെ മുത്തശ്ശി മാത്രം ചൊടിച്ചു.
“അധികം വിളയണ്ടാ, ട്ടോ. പെണ്ണിനു നാക്കിനു നീളം കൂടുതലാണ്. അതെങ്ങനാ?”
ഞാൻ പേരക്കുട്ടിയെ അമിതമായി ലാളിക്കുന്നുവെന്നാണു ആ കുത്തുവാക്കിന്റെ അർത്ഥം.

ഞാനോ എന്റെ പിതാക്കന്മാരോ, ആരും ചെണ്ടകൊട്ടുകാർ ആയിരുന്നില്ല. പിന്നെന്താണു ഞാനും ചെണ്ടയുമായുള്ള ബന്ധം? പറയാം.
ചെണ്ട മനുഷ്യരൂപമെടുത്താൽ ഞാനായിരിക്കുമെന്നു എനിക്കു തോന്നിയിട്ടുണ്ട്. ആർക്കും കൊട്ടാവുന്ന രീതിയിലാണു അതിന്റെ ഡയഫ്രം ഉണ്ടാക്കിയിരിക്കുന്നത്. വലന്തലയിൽ പല അടുക്കു തുകൽപ്പാളികൾ ഉണ്ടു പോലും. പിന്നെന്തേ കൊട്ടിയാൽ?
എന്റെ ഒരു ബന്ധുവായ ചിന്നുവേട്ടത്തി കൊട്ടാൻ വളരെ മിടുക്കിയാണ്. ഞാൻ തൊഴിലില്ലാതെ അലഞ്ഞു നടന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തു പട്ടണത്തിലുള്ള അവരുടെ വീട്ടിൽ രണ്ടാഴ്ച താമസിച്ചിട്ടുണ്ട്. അവർ എനിക്കു വെച്ചു വിളമ്പി തന്നിട്ടുമുണ്ട്. മുപ്പതു കൊല്ലത്തിനു മുമ്പുള്ള കഥയാണേ. ഒരു മാസം മുമ്പു ഞാൻ നാട്ടിൽ ചെന്നപ്പോൾ  ചിന്നുവേട്ടത്തിയുടെ ഭവനം സന്ദർശിച്ചു. എന്നെ കണ്ടപ്പൾ അവർ തായമ്പകമേളം ആരംഭിച്ചു. കലാശക്കൊട്ട് ഇങ്ങനെ ആയിരുന്നു.
“നിന്റെ ഭാര്യയോടു പറഞ്ഞേക്കണം, നിങ്ങളുടെ എല്ലാ അഭിവൃദ്ധിക്കും കാരണം എന്റെ ഉപ്പും ചോറുമാണെന്ന്.”

എന്റെ മൂത്തപേരക്കുട്ടിക്കു 20 വയസ്സു കഴിഞ്ഞു. അവൾക്കു വിവാഹാലോചനകൾ വന്നു തുടങ്ങിയിട്ടുണ്ട്. ഒരു കൂട്ടർ കഴിഞ്ഞ ശനിയാഴ്ച വരുമെന്നറിയിച്ചിരുന്നു. വെള്ളിയാഴ്ച എനിക്കൊരു ഫോൺ സന്ദേശം ലഭിച്ചു. ദല്ലാളായി നിന്ന ഒരു പാതിരിയാണു വിളിച്ചത്.
“നാളത്തെ പരിപാടി നടക്കുകയില്ല. ചെറുക്കന്റെ കൂട്ടർക്കു ഏതോ കാരണത്താൽ അസൌകര്യമുണ്ട്.”
“എന്താണു അവരുടെ അസൌകര്യം? അവരെ സ്വീകരിക്കാൻ ഞങ്ങൾ എല്ലാ ഒരുക്കങ്ങളും ചെയ്തല്ലോ. പെൺകുട്ടി അവധിയെടുത്തു ആയിരം മൈൽ യാത്രചെയ്തു എത്തിയല്ലോ. എന്താ കാരണം? തെളിച്ചു പറയുക.”
“അച്ചായനോടു പറയാൻ അല്പം വിഷമമുള്ള കാര്യമാ.”
“എന്ത്? പെണ്ണ് എന്തെങ്കിലും കുഴപ്പം കാണിച്ചെന്നാണോ?”
“അതൊന്നുമല്ല അച്ചായാ. നിങ്ങളുടെ കുടുംബം. അതാണു പ്രശ്നം.”
“എന്റെ കുടുംബത്തിനു എന്തു പ്രശ്നം? ചിറയ്ക്കൽ തോമാച്ചന്റെ കുടുംബത്തെക്കാൾ ഒട്ടും മോശമല്ല എന്റെ കുടുംബം.”
“അതു നിങ്ങളു പറയുന്നതല്യോ? അവരു തനി ബ്രാഹ്മണരായിരുന്നു. നമ്പൂതിരിമാര്. പകലോമറ്റത്തിന്റെ ഒരു ശാഖയാണു ചിറയ്ക്കൽ. സാക്ഷാൽ തോമാശ്ലീഹയാണു അവരുടെ മുതു മുത്തശ്ശനെ ജ്ഞാനസ്നാനം ചെയ്തത്.”
“അതൊക്കെത്തന്നെയാണു ഞങ്ങളുടെ വല്യപ്പന്മാരും പറഞ്ഞു കൊണ്ടിരുന്നത്. സത്യം ആർക്കറിയാം?”
“അച്ചായാ, സത്യം ആർക്കറിയാം? നിങ്ങൾ തുറന്നു പറയുക.” പാതിരി വിടുന്ന മട്ടില്ല. അയാൾക്കു ഒരു മുഴം നീളമുള്ള നാവുണ്ട്. അയാൾ വക്കീലിനെപ്പോലെ വാദിക്കാൻ തുടങ്ങി.
എന്റെ മോനും മരുമകളും പേരക്കുട്ടികളും കൂടി ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കാൻ തുടങ്ങി.
“അച്ചായാ നിങ്ങൾ മാരാന്മാരായിരുവെന്നതിനു തെളിവ് അവർക്കു കിട്ടിയിട്ടുണ്ട്.”
“മാരാരെങ്കിൽ മാരാർ. മാരാർ അമ്പലവാസിയാണ്. ഉയർന്ന ജാതിയാണ്. ബ്രാഹ്മണർക്കു തൊട്ടടുത്തു നില്ക്കുന്നവരാണ്. സോപാനഗായകരാണ്. അവരും ബ്രാഹ്മണരുടെ ഒരു വിഭാഗമാണെന്നു അഭിപ്രായപ്പെടുന്നവരുണ്ട്. പിഷാരടി, വാര്യർ, നമ്പ്യാർ ഇവരൊക്ക അമ്പലവാസി വിഭാഗത്തിൽ പെടുന്നവരാണ്.”
കേരളത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചു ഞാനൊരു ചെറിയ പ്രസംഗം തന്നെ നടത്തി. എന്റെ പാണ്ഡിത്യം പാതിരിയെ ധരിപ്പിക്കാനാണു ഞാൻ ശ്രമിച്ചത്. അതെനിക്കു വിനയായി. എന്റെ പ്രസംഗം ഏതാണ്ടു കുറ്റസമ്മതം പോലെ പാതിരിക്കു തോന്നി. അയാൾ പറഞ്ഞു.
“എത്ര കുലമഹിമ നിങ്ങൾ പറഞ്ഞാലും വധുവിന്റെ മുതുമുത്തച്ഛൻ ചെണ്ടകൊട്ടുകാരനാണെന്നു പറയുന്നതു ചിറയ്ക്കൽ കുടുംബത്തിനു ക്ഷീണമാണ്. അതിന്റെ തെളിവ് കണ്മുമ്പിൽ തന്നെയുണ്ടല്ലോ. അവരുടെ തറവാടു നമ്പൂതിരി ഇല്ലമാണെന്നോർക്കുക.”
“തെളിവു കണ്മുമ്പിലുണ്ടെന്നോ? എനിക്കു മനസ്സിലാവുന്നില്ല. എന്താണു നിങ്ങൾ പറയുന്ന തെളിവ്?”
“നിങ്ങളുടെ വീട്ടിൽ ഇപ്പോഴും നിങ്ങളുടെ വല്യപ്പൻ കൊട്ടിയിരുന്ന ചെണ്ട ഇരിപ്പുണ്ടെന്നാണു അവരു പറയുന്നത്. നിങ്ങളുടെ പള്ളിയിലെ വികാരിയച്ചൻ തന്നെയാണു ഈ വിവരം അവരോടു പറഞ്ഞത്.”
ഞാൻ സ്തബ്ധനായി. എന്റെ ജീവിതത്തിന്റെ പ്രതീകമാണു ചെണ്ട എന്നൊക്കെ പറഞ്ഞാൽ പാതിരിക്കു മനസ്സിലാവുകയില്ല. അയാൾ വിശ്വസിക്കുകയുമില്ല.
“ഞാനന്നേ പറഞ്ഞതാ. ഈ നശിച്ച സാധനമെടുത്തു സന്ദർശനമുറിയിൽ കൊണ്ടു വയ്ക്കണ്ടായെന്ന്. ഇപ്പോൾ പഠിച്ചോ.” ഭാര്യയാണു പറഞ്ഞത്. അവൾ കൊട്ടാൻ തുടങ്ങി. അവൾക്കും ആ കലയിൽ പ്രാവീണ്യം ഉണ്ട്.
മക്കൾ രണ്ടുപേരും കൂടി  ചെണ്ടയെടുത്തു എവിടെയോ കൊണ്ടുപോയി എറിഞ്ഞു.
“വയസ്സുകാലത്തു ഓരോരുത്തരുടെ ഓരോ ഭ്രാന്ത്.”
അവരും തായമ്പകം തുടങ്ങിയിരിക്കുന്നു.

Join WhatsApp News
ജോസഫ് നമ്പിമഠം 2020-06-25 14:10:22
ചെണ്ട, ജീവിതത്തിന്റെ പ്രതീകമാണെന്നു കഥാനായകൻ വിശ്വസിക്കുന്നു എങ്കിലും, യഥാർത്ഥത്തിൽ ഉള്ളിലുറങ്ങുന്ന ആ പഴയ മാരാർ പാരമ്പര്യം തന്നെയല്ലേ ആ പഴയ ചെണ്ടയോടുള്ള പ്രണയ രഹസ്യം? ക്രിസ്ത്യാനികളുടെ ഇടയിൽ തന്നെ നിലനിൽക്കുന്ന വർണമേൽക്കോയ്മ തർക്കങ്ങൾക്ക് ഒരു കൊട്ട് കൂടിയായി ഈ രചന. നല്ല ആക്ഷേപഹാസ്യ രചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക