Image

കറുപ്പും വെളുപ്പും (തൊടുപുഴ കെ ശങ്കർ, മുംബൈ)

Published on 03 July, 2020
കറുപ്പും  വെളുപ്പും (തൊടുപുഴ കെ ശങ്കർ, മുംബൈ)
കറുപ്പായിരുന്നൂ  ഞാൻ,പിറക്കുമ്പോഴേ, യെന്നെ
വെറുപ്പോടെല്ലാവരും, വീക്ഷിച്ചെന്നറിഞ്ഞൂ ഞാൻ!
പിറന്ന  നേരത്തെന്നെ,കണ്ട  മാത്രയിൽത്തന്നെ
പറഞ്ഞു എന്നമ്മയും, 'അയ്യോ' എന്നൊരുവട്ടം!

വെളുപ്പാൻ കാലം മുതൽ ഉറങ്ങാൻ പോകും വരെ
വെളുത്ത കുഞ്ഞുണ്ടാകാൻ,പ്രാർത്ഥിച്ചോളാണെന്നമ്മ!
പോകാത്ത ക്ഷേത്രങ്ങളോ,പുണ്യദേശമോ,ഇല്ല
ശ്ലോകങ്ങളുരുവിടാ, തിരുന്ന നാളും ഇല്ല!

മറക്കാതെന്നും രാവിൽ,കുങ്കുമപ്പൂവിട്ട പാൽ
ഉറങ്ങാൻ പോകും മുമ്പേ,പാനം ചെയ്തിരുന്നമ്മ!
വെയിലുകൊണ്ടാൽ  കുഞ്ഞു, കറുപ്പാകുമെന്നാരോ
വെറുതെ പറഞ്ഞകേട്ടുടനെ,യതും നിർത്തി!

ഏറെ ദുഖത്തിലെന്റെയമ്മയെയാഴ്ത്തിയതേ
എന്‍   നിറമാണെന്നുള്ള,  വാസ്തവമറിഞ്ഞു ഞാൻ!
എങ്കിലും വളർന്നു  ഞാൻ  വലുതായപ്പോൾ, പിന്നെ
എന്നമ്മയ്‌ക്കു  ഞാനൊരു,കണ്ണിലുണ്ണിയായ് മാറി!

കറുപ്പു കണ്ടാലുടൻ,എന്തിനു വിദ്വേഷവും
അറപ്പും മറ്റും കാട്ടി, പുച്ഛമായ് വീക്ഷിക്കണം!
കറുപ്പു, വെളുപ്പെല്ലാം,പ്രകൃതി നൽകും നിറം
മറുത്തു ചിന്തിക്കുകിലില്ലതിൽ തെല്ലും ന്യായം!

ഭഗവാൻ ശ്രീകൃഷ്ണനേ, കറുപ്പായിരുന്നില്ലേ,
സകല സൗഭാഗ്യവും,സമ്പത്തു മിയന്നവൻ!
അതിനാൽ ഭഗവാനെ,  യാരേലും വെറുക്കുന്നോ
അതിഭക്തിയോടല്ലേ, യേവരും  ആരാധിപ്പൂ!

കറുത്ത  മേഘങ്ങളിൽ  നിന്നല്ലേ,നമുക്കെല്ലാം
വെളുത്ത മഴനീരും സർവ്വവും  ലഭിക്കുന്നു!
നിറത്തിലല്ലാ  കാര്യം, ഗുണത്തിലല്ലോ,ഉള്ളിൽ
നിറഞ്ഞു  നിൽക്കുന്നതു,നന്മയായിരിക്കണം!

നിറം കണ്ടൊരുത്തരേം,തീർപ്പു കല്പിക്കരുതേ
നിറവും,ഗുണങ്ങളും പൊരുത്തപ്പെടാതാകാം!
തന്മയ ഭാവം കാട്ടി, യന്തരംഗത്തിൽ നറും
നന്മ തൻ വിളനില, മാവതാണതി മുഖ്യം!
     ---------------------------

Join WhatsApp News
രാജു തോമസ് 2020-07-03 20:15:35
നന്നായിട്ടുണ്ട്. എന്നാൽ, അല്പവിരാമം എന്ന ചിഹ്‌നം ഇത്രയായിട്ടും ശരിയായിട്ടില്ല--എപ്പോഴാണ് അതുപയോഗിക്കേണ്ടത്, അതിനുശേഷം എവിടെയാണ് ഒരു ടൈപ്പ് സ്‌പെയ്‌സ് ഇടേണ്ടത് എന്നൊക്കെ. ഇതിലും നല്ലത് ഇതൊന്നുമില്ലാതെ എഴുതുന്നതാണ്, പലരെയുംപോലെ. ക്ഷമിക്കണം, വിഷമംകൊണ്ടാണ്.
MUKUNDAN KUNIYATH 2024-01-11 13:37:08
നന്നായിട്ടുണ്ട്. മനസ്സിന്റെ നന്മയുടെ നിറമാണ് വേണ്ടത് ബാഹ്യ സൗന്ദര്യമല്ല പ്രധാനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക