Image

പാമ്പും കോണിയും - നോവൽ - 1 - നിർമ്മല

Published on 05 July, 2020
പാമ്പും കോണിയും - നോവൽ - 1 - നിർമ്മല

ഒന്നും ഒരിക്കലും മാറുന്നില്ല. ജീവിതം ആവർത്തനം മാത്രമാണ്. നാലായിരം ചതുരശ്രയടി വിസ്താരമുള്ള വീട്ടിൽ മധ്യവയസ്സിൽ കണ്ടു പിടിച്ച ആ അറിവുമായി സാലിയിരുന്നു. തുടക്കത്തിലേക്കാണു മടങ്ങിയിരിക്കുന്നതെന്ന അറിവിന്റെ നടുവിലാണ് അവൾ ജീവിതത്തെ പറിച്ചെടുക്കാൻ ശ്രമിക്കുന്നത്. അർഹിക്കുന്ന സ്നേഹം കൊടുക്കാതെ സാലിയെ ആദ്യം ശിക്ഷിച്ചത് അവളുടെ അമ്മ തന്നെയാണ്. ഏതൊരു ജന്തുവും അർഹിക്കുന്നതാണ് അമ്മയുടെ സ്നേഹവും കരുതലും. അത് സാലിയിൽ നന്നും ആദ്യം തട്ടിത്തെറിപ്പിക്കപ്പെട്ടു.നാലാം ക്ളാസ്സിൽ പഠിക്കുമ്പോൾ കട്ടിലിൽ പുതച്ചു കിടക്കുന്ന ഓർമ്മയായി അവളുടെ അമ്മച്ചി മരിച്ചുകളഞ്ഞു.
സാലിക്ക് അമ്മച്ചിയെ ചുറ്റിയുള്ള ഓർമ്മയിൽ കളിയും ചിരിയുമൊന്നും ഇല്ല. ഭിത്തിയിൽ നിന്നും ഭിത്തിയിലേക്ക് മുട്ടിത്തിരിയുന്ന അമ്മച്ചിയെ അവളെ ഏൽപ്പിച്ചിട്ടായിരുന്നു ചെറുപ്പത്തിൽ അപ്പൻ പുറത്തു പോയിരുന്നത്. തുണി അലക്കാനും പാത്രം കഴുകാനും അന്നേ സാലിക്ക് അറിയുമായിരുന്നു. അമ്മച്ചിക്ക് എപ്പോഴാണ് ഏനക്കേടു വരുന്നതെന്ന് അറിയില്ല, അടുക്കളയ്ക്കും അലക്കു കല്ലിനുമിടയിലൂടെ ഒരു കണ്ണ് അമ്മച്ചിക്കു പിന്നാലെ ചുറ്റണം, വാതിലു കടന്നു പുറത്തു പോകാതെ സൂക്ഷിക്കണം.
സാലി അമ്മച്ചിയുടെ മുടി ചീകിക്കൊടുക്കും.അപ്പൻ വീട്ടിലില്ലാത്ത സമയമാണെങ്കിൽ അവൾ കുറെ നേരം അമ്മച്ചിയുടെ മുടിയിൽ കളിക്കും .പേനിനെ തിരഞ്ഞെടുക്കും ,ചിലപ്പോൾ മുടി രണ്ടായി പിന്നിയിട്ടും രസിക്കും. സാലി അങ്ങനെ മുടിയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മച്ചി അങ്ങുറങ്ങിപ്പോകും. പക്ഷേ, ശ്രദ്ധിച്ചിരിക്കണം. നിനച്ചിരിക്കാതെ കൈ ഉയർത്തി നെടുകേയും കുറുകേയും അടിക്കുകയും ചെയ്യാറുണ്ടായിരുന്നു അവളുടെ അമ്മച്ചി .വളരെക്കാലം കഴിഞ്ഞാണ് അമ്മച്ചിയുടെ ഏനക്കേട് എന്തായിരുന്നെന്ന് അവൾക്ക് മനസിലായത്.
ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാൽ 'മാറു പെണ്ണേ'ന്നു ശാസിക്കുന്ന അമ്മച്ചി മുടിഞ്ഞു പോണേന്ന് ഒരിക്കൽ അവൾ ഉള്ളിൽ പറഞ്ഞിട്ടുണ്ട്. രണ്ടാം ക്ളാസ്സുകാരിക്ക് ആകെ അറിയാവുന്ന ചീത്ത അതായിരുന്നു.
കരക്കാരെ നന്നാക്കിയേച്ചു വന്നോ ഉപദേശി ? എന്നു ചോദിക്കുന്ന അമ്മച്ചി ചില നേരത്ത് തലയിൽ കൈ രണ്ടും ചേർത്തുവച്ച് 'ഇയാളു മുടിഞ്ഞു പോകത്തേ ഒള്ളൂ'ന്ന് പ്രാകുന്നത് അവൾ കേട്ടിട്ടുണ്ട്. അതല്ലാതെ ആരും ദുഷിച്ച് എന്തെങ്കിലുപറയുന്നത് അവൾ കേട്ടിരിക്കാൻ ഇടയായിട്ടില്ല.
കിണറ്റിൻ ചോട്ടിൽ വീണ് മുട്ടുരഞ്ഞു വേദനിച്ച് സാലി അമ്മച്ചിയുടെ അടുത്തേയ്ക്കോടി ചെന്നതായിരുന്നു. 'അമ്മച്ചീന്നു 'കരഞ്ഞ് അവൾ മടിയിലേക്കു ചാടിക്കയറി ഇരുന്നു.
- അസത്ത്, കണ്ടോ മുണ്ടേൽ ചോരയാക്കിയത്.ഇവിടെ അലക്കാനാളില്ല. നിന്റപ്പനലക്കുമോ..!
- ഇനി പതിയാട്ടി വരുന്നതുവരെ ഞാൻ ചോരയുള്ള കച്ചമുറി ഉടുക്കണ്ടായോ? പതിയാട്ടിയ്ക്കു കൊടുക്കാൻ എന്റേലു പൈസായും ഇല്ല.
അമ്മച്ചി പറയുന്നതിൽ പകുതിയും സാലിക്ക് മനസിലാകാറില്ല. അവരുടെ വീട്ടിൽ പതിയാട്ടി വരാറില്ല. അമ്മച്ചി അലക്കു കല്ലിന് അടുത്തു പോലും പോകാറില്ല. അവരുടെ മുഷിഞ്ഞ കൈലിമുണ്ടിൽ ചോരപ്പാടു കണ്ടു പിടിക്കാൻ തന്നെ വിഷമമായിരുന്നു. അവൾ മുഷ്ടി ചുരുട്ടി തലയിൽ ചേർത്തു വച്ചു പ്രാകി .
അമ്മച്ചി മുടിഞ്ഞു പോകും. മുടിഞ്ഞു നശിച്ചുപോകും.
അതു കഴിഞ്ഞ് നിലത്തിഴഞ്ഞു പോയിരുന്നൊരു ഉറുമ്പിനെ കൈവെള്ളയിൽ കയറ്റി അവൾ ഓമനിച്ചു.
അമ്മാളമ്മച്ചിയുടെ വീട്ടിൽ നിന്ന കാലത്തൊക്കെ അവൾ അതോർത്ത് കരഞ്ഞിട്ടുണ്ട്. സ്വയം നുള്ളുകയും കടിക്കുകയും ചെയ്തിട്ടുണ്ട്. ഒടുക്കം മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് സാലി ആ കുറ്റത്തിന് സ്വയം മാപ്പു കൊടുത്തത്. ഷാരനെ പ്രസവിച്ച് കുത്തിക്കെട്ടുകളുമായി ഇരിക്കുമ്പോൾ മനു മടിയിലേക്കു ചാടിയിരുന്നു. വേദന കൊണ്ടു പുളഞ്ഞിട്ടും അവൾ മനുവിനെ ചേർത്തു പിടിച്ചു.
മമ്മിയെന്തിനാ കരയുന്നത്?
എന്നു ചോദിച്ച മനുവിനോട് മമ്മിക്ക് ഉവ്വാവാണെന്നു പറയാൻ സാലി മടിച്ചു .ഏഴ് വയസ്സെന്നത് എത്ര ചെറിയ പ്രായമാണെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്.
സാലി ഒരിക്കലും ഒരാളോടും സുഖമില്ലെന്നു പറഞ്ഞില്ല, വേദനയെന്നു പറഞ്ഞില്ല. രോഗിയാവുന്നത് അത്രയ്ക്ക് അവൾ വെറുത്തു.മറ്റുള്ളവർക്കു സങ്കടങ്ങൾ മാത്രം കൊടുക്കുന്ന രോഗിയാവുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. വയ്യ എന്ന വാക്ക് സാലി അവളുടെ നിഘണ്ടുവിൽ ചേർത്തില്ല.
പഴയ പഴയ ആ വീട്, അമ്മച്ചി ചുറ്റിത്തടഞ്ഞു നടന്നിരുന്ന വീട്. ഒരേയൊരു കിടപ്പുമുറി മാത്രമുള്ള, ഒന്നും ഒളിച്ചു വെക്കാൻ സാധ്യമല്ലാത്ത, കുമ്മായം അടർന്ന് ഭിത്തിയിൽ ആമയും മുയലും വരച്ച വീട് സാലിയിൽ ആതുരതയോടെ നിറഞ്ഞു പെരുകി.ആ വീട് സാലിയിൽ വറ്റിപ്പോയതെങ്ങനെയാണ്?പതിരിന്റെ ഒരു കറ്റയായി അത് കളപ്പുരയിൽ ഉപേക്ഷിക്കപ്പെട്ടിരുന്നോ..?
പിന്നെ അപ്പൻ, സാലിയുടെ അപ്പൻ, ദുഃഖം മുഴുവൻ ദൈവത്തിനു കൊടുത്തു. സാലിയെ അമ്മാളമ്മച്ചിക്കും. അമ്മാളിന്റെ മകൻ ചെറുപ്പത്തിലേ നാടുവിട്ടു പോയി. അനുസരണംകെട്ടവൻ, ദുശ്ശീലക്കാരൻ.പട്ടാളത്തിൽ ചേർന്നു. വടക്കേ ഇന്ത്യയിലെവിടെയോ ഉണ്ട് എന്നൊക്കെ പല കഥകളുണ്ട്. വീട്ടിലേക്കു വരാറില്ല. ആരും നേരിട്ട് ഒന്നും ചോദിക്കാറില്ല. അവനെപ്പറ്റി അമ്മാളമ്മച്ചിയും മാമനും ഒന്നും പറയാറുമില്ല. അമ്മാളും ഭർത്താവും മാത്രമുള്ള വീട്ടിൽ സാലി മൂന്നാം ചാടായി കുടിയേറി.മുഷിഞ്ഞ തുണി പോലെ വെളിച്ചം കുറഞ്ഞയിടത്ത് അടിഞ്ഞു കൂടിക്കിടന്നു. കുറെയേറെക്കാലം സാലി അമ്മാളമ്മച്ചിയുടെ വീട്ടിലെ തൊഴുത്തിന്റെ പടിയിൽ റോഡിലേക്കു നോക്കി ഇരുന്നിട്ടുണ്ട്.ഒരു ദിവസം അപ്പൻ വരും ,പുതിയ ഉടുപ്പും മിഠായിയുടെ പൊതിയുമായി. സാലിയുടെ അപ്പൻ അവൾക്ക് പുതിയ ഉടുപ്പു കൊടുത്തിട്ടില്ല, മധുരമുള്ളതോ ഇല്ലാത്ത തോ ആയ ഒന്നും വാങ്ങി കൊടുത്തിട്ടില്ല. എന്നിട്ടും അവൾ എവിടെയൊക്കെയോ കേട്ടതനുസരിച്ച് അതു വിശ്വസിച്ചു.
ഇരുളൻ കോണുകളുള്ള ആ വീടിനു മുന്നിലെ വഴിയിലേക്കു നോക്കി അമ്മയില്ലാത്ത സാലി നിന്നു. വെള്ളം കോരുന്നതിനിടയിൽ ,മുറ്റമടിക്കുന്നതിനിടയിൽ ആരുമറിയാതെ ചാഞ്ഞിറങ്ങുന്ന റോഡിലേക്കു ഇടയ്ക്കൊക്കെ നോക്കി.
- ദേ വരുന്ന നിഴൽ അപ്പനാവും.
പക്ഷേ,അവൾ ഓർക്കാതിരുന്ന നേരത്താണ് അയാൾ വന്നത്.മുഷിഞ്ഞു പിഞ്ഞിയ ജൂബ്ബയും ചെളി പിടിച്ച മുണ്ടുമായി. വിയർത്ത്, കൈയിൽ ബൈബിൾ മാത്രമായി. അമ്മാളു വിളമ്പിയ ചോറിനു മുകളിൽ കൈപ്പത്തി ചരിച്ചു പിടിച്ച് എന്തൊക്കെയോ പിറുപിറുത്തിട്ട് ഒടുക്കം, 'കർത്താവിന് സ്തോത്രം' എന്നു പറഞ്ഞ് കുഞ്ഞൂഞ്ഞുപദേശി ഊണു കഴിച്ചു.
കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ മറ്റൊന്നിലും ശ്രദ്ധിച്ചില്ല.ജോയിയും അങ്ങനെ തന്നെയാണ്. സാലി വിളമ്പിയ ചോറുണ്ണുകയല്ലാതെ അവളെ അയാൾ ശ്രദ്ധിക്കാറില്ല. ഭക്ഷണം കഴിക്കുമ്പോൾ ജോയിക്കു പരാതിയില്ല .അഭിനന്ദനമില്ല. അന്വേഷണമില്ല. എന്താണ്, എങ്ങനെയുണ്ടാക്കി എന്നൊക്കെ അറിഞ്ഞിട്ടെന്തിനാണ്?
അപ്പൻ വന്നപ്പോൾ സാലിക്കൊച്ചേ, സുഖമാണോടീന്നു ചോദിച്ചപ്പോഴേ സാലി കരയാൻ തുടങ്ങി.
- ഞാനും വരും അപ്പന്റെ കൂട്ടത്തിൽ.
- അതൊക്കത്തില്ല.എനിക്കു നൂറു കൂട്ടം കാര്യങ്ങളൊണ്ട്.
- ഞാനും വരും.അപ്പൻ വെളീപ്പോകുമ്പം ഞാൻ വീട്ടിലിരുന്നോളാം. ചോറു വെച്ചോളാം.തുണി അലക്കാം.
അവൾ ചിണുങ്ങി.
- ഒക്കത്തില്ല. എനിക്കു പല വഴിക്കു പോകാനൊള്ളതാ.
- ഞാനും വരും. ഞാൻ വീട്ടിലിരുന്നോളാം.
അമ്മാളമ്മച്ചി പറഞ്ഞു.
- ദേ ഈ മുണ്ടും ജുബ്ബയും അലക്കിയിട്ടേ സാലമ്മേ .
ജബ്ബയ്ക്കു വിയർപ്പു മണം. അപ്പന്റെ മണം. അവൾക്കറിയാത്ത മണം. സാലി അതിൽ മുഖം പൊത്തി. ജുബ്ബ പിഞ്ഞിപ്പോകാതെ ശ്രദ്ധിച്ച് അലക്കി ഉണക്കാൻ വിരിച്ചു .ചുളിവുകൾ നിവർത്തി തിരിച്ചും മറിച്ചുമിട്ട് ഉണക്കിയെടുത്തു. അപ്പൻ മുഖത്തേക്കു നോക്കാതെ മുണ്ടു വാങ്ങിയുടുത്ത് ജൂബ്ബയിട്ട് അമ്മാളമ്മച്ചി കൊടുത്ത നോട്ടുവാങ്ങി 'ദൈവമേ സ്തോത്രം ... കർത്താവേ സ്തോത്രം....' എന്നു പറഞ്ഞ് പടി കടന്നു പോയി.
പിന്നെ വരുമ്പോൾ അപ്പൻ സാലിയോടു കുശലം ചോദിക്കാതായി.
- വെറുതെ പെണ്ണു ചിണുങ്ങാൻ തൊടങ്ങും.
ഏനക്കേടു വന്ന അമ്മ ഒരിക്കലെങ്കിലും കുഞ്ഞു സാലിയെ എടുത്തിട്ടുണ്ടാവില്ല. അമ്മച്ചി വലിച്ചെറിഞ്ഞ സാധനങ്ങൾ തിരികെ പെറുക്കി വച്ച് സാലി ആശയോടെ കാത്തു നിന്നു.
- ദേ, ഇപ്പം വന്ന് എന്നെ കെട്ടിപ്പിടിക്കും.
അമ്മാളമ്മച്ചിയുടെ വീടിനു ചുറ്റും അപ്പൻ വരുന്നതും കാത്തു കാത്തു നടന്നു കുറെക്കാലം. പിന്നെ ജോയിയുടെ തിരക്കൊഴിഞ്ഞിട്ട് സ്നേഹവുമായി അയാൾ വരുമെന്ന് ഉള്ളിലെവിടെയോ മോഹിച്ചിരുന്നുവോ സാലി ?
തിരക്കൊക്കെ കഴിഞ്ഞ് ജോയി വരുന്നുണ്ട്!
സാലി മനസ്സിൽ മരവിപ്പോടെ ഉറപ്പിച്ചു ജീവിതം വെറും ആവർത്തനം മാത്രമാണ് ,ഒന്നും ഒരിക്കലും മാറുന്നില്ല. വരുന്നത് എന്താണെന്ന് അറിയാൻ തുടക്കം മുതൽ പഠിച്ചാൽ മതി.
                                                    -------   --------   --------

കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പുറപ്പെട്ടു പോയവർക്ക്...
അമേരിക്കൻ കുടിയേറ്റത്തിന്റെ ആണിക്കല്ലായ
ആദിമ നേഴ്സുമാർക്ക്...
എന്റെ വഴിക്കല്ലുകൾ
എത്ര മൃദുലമെന്ന്
എളിമപ്പെട്ടു കൊണ്ട്.
                      നിർമ്മല
പാമ്പും കോണിയും - നോവൽ - 1 - നിർമ്മല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക