Image

സാപ്രു: കൂട്ടത്തില്‍ ഒരു ജൂണിയറും ആദ്യകാല കുടിയേറ്റ ജീവിതചിത്രങ്ങളും (ജോണ്‍ മാത്യു)

Published on 14 July, 2020
സാപ്രു: കൂട്ടത്തില്‍ ഒരു ജൂണിയറും ആദ്യകാല കുടിയേറ്റ ജീവിതചിത്രങ്ങളും (ജോണ്‍ മാത്യു)
അമേരിക്കയിലെ മലയാളി സമൂഹത്തില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാള്‍ക്കൂടി വിട പറഞ്ഞു.
എപ്പോഴും ലാഘവമായ നര്‍മ്മം നാവിന്‍ തുമ്പിലുള്ള സാപ്രു എഴുപതുകളുടെ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങളുടെ ചെറിയ സമൂഹത്തിലെ ഒരു ""ജൂണിയര്‍' ആയിരുന്നു. സാപ്രുവുമായി ഏറെ അടുത്തിടപെടാന്‍ കാരണം അദ്ദേഹത്തിന്റെ പിതൃസഹോദരനായിരുന്ന ഡോ. ജോസഫ് ഇ. വറുഗീസും.
   
ഇന്ത്യയില്‍ വച്ചുതന്നെ ഞാന്‍ ഡോ. ജോസഫ് വറുഗീസിനെപ്പറ്റി കേട്ടിരുന്നു. അദ്ദേഹം തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചത് അന്നൊരു ദേശീയ വാര്‍ത്തയും ആയിരുന്നു. കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തിയ ശേഷം ഒരു ഗവേഷക വിദ്യാര്‍ത്ഥിയായി ഡോ. ജോസഫ് വറുഗീസ് ഡിട്രോയ്റ്റില്‍ എത്തി. അവിടെ  "ഇന്ത്യാഹൗസി'ലായിരുന്നു താമസം.
   
ഇന്ത്യാഹൗസിന് ഔദ്യോഗികതയൊന്നും ഇല്ലെന്നും ഓര്‍ക്കുക! തൊട്ടടുത്ത് വെയ്ന്‍ സ്റ്റേറ്റ് കലാശാല. സമീപത്തുള്ള കാസ് അവന്യു, സെക്കന്റ്‌സ്ട്രീറ്റ്, പീറ്റര്‍ബറോ തുടങ്ങിയവ മലയാളി കുടിയേറ്റത്തിന്റെ ആദ്യ താവളങ്ങളും.
   
അക്കാലത്ത് ഡോ. ജോസഫ് വറുഗീസിന്റെ നേതൃത്വത്തില്‍ സാമൂഹിക-സാഹിത്യ വിഷയങ്ങള്‍ക്കുള്ള ഒരു ചര്‍ച്ചാവേദിയും രൂപീകരിച്ചു. ഇന്ത്യയിലെ പ്രധാന വാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളിലൂടെ അറിയാം, പക്ഷേ, മലയാളികളുടെ ജീവശ്വാസമായ കേരള വാര്‍ത്തകളോ? അപ്പഴപ്പോള്‍ കിട്ടുന്ന പൊട്ടും പൊടിയും ചേര്‍ത്തുവെച്ച് ആരെങ്കിലും രസകരമായി സംസാരിക്കും. ഇതായിരുന്നിരിക്കണം അമേരിക്കയിലെ ആദ്യ മലയാള സാഹിത്യ-സാംസ്ക്കാരിക ചര്‍ച്ചാവേദി.
   
ഈ സമൂഹത്തിലേക്കാണ് സാപ്രു, തോമസ് ഇ. വറുഗീസ്, കടന്നുവന്നത്. പ്രശസ്തനായ "അങ്കിളിന്റെ' അനന്തരവ സ്ഥാനവും സ്വതഃസിദ്ധമായ നര്‍മ്മഭാഷണവും സാപ്രുവിന് ഒരു പ്രത്യേക അംഗീകാരം നേടിക്കൊടുത്തു.
   
അന്നത്തെ മലയാളി സമൂഹം ഭാവിയിലേക്കുള്ള സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നില്ല. തല്ക്കാലം സുരക്ഷിതമായ പാര്‍പ്പിടം വേണം. അതിനായിരുന്നല്ലോ ഒരു ""മലയാളി ഗ്രാമം'തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചെടുത്തത്. പിന്നെ ഒരു ജോലി, അതെന്തായാലും!
   
ഡിട്രോയ്റ്റില്‍ അക്കാലത്ത് സാധാരണ ജോലിക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. നിങ്ങളുടെ "ശരീരം' അവിടെ നിന്നു കൊടുത്താല്‍ മതി "ഹയറിംഗ്' നിശ്ചയം. ഫോര്‍ഡ് മോട്ടോര്‍പ്ലാന്റിന്റെ മുന്നില്‍ ക്യൂ-നില്ക്കുക, മുന്നില്‍ നില്ക്കുന്നവരില്‍ നിന്ന് ഒരു വിവേചനവും ഇല്ലാതെ ആദ്യത്തെ ഏതാനും പേരെ എടുക്കുന്നു. അടിസ്ഥാനപരമായ പേപ്പര്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ പ്രൊഡക്ഷന്‍ ലൈനില്‍ പണി തുടങ്ങുകയായി.
   
അന്ന് ഇതൊരു തമാശയായിരുന്നു. ഉത്തരവാദിത്വമൊന്നുമില്ല. മണിയടിക്കുമ്പോള്‍ ജോലി നിര്‍ത്തി ഇറങ്ങിയൊരു നടപ്പ്, പ്രതീക്ഷയില്‍ കവിഞ്ഞ വേതനവും! പക്ഷേ, ചിലരെങ്കിലും ചോദിക്കാന്‍ തുടങ്ങി അനിശ്ചിതമായ ഈ പണി എത്ര കാലം തുടരാം? ഞങ്ങളുടെ ചെറിയ ഗ്രൂപ്പിലും ഇതൊരു ചര്‍ച്ചാവിഷയമായി. സ്വന്തം സാമര്‍ത്ഥ്യത്തിന്റെ, വിദ്യാഭ്യാസ മികവിന്റെ പേരില്‍ നേത്തെതന്നെ അമേരിക്കയില്‍ വന്നവരുണ്ടായിരുന്നു. സമൂഹത്തിന്റെ തഴേക്കിടയിലുള്ള പുതു കുടിയേറ്റക്കാരുടെ ജീവിതപ്പോരാട്ടങ്ങള്‍ അവര്‍ക്ക് മനസ്സിലായിട്ടുണ്ടായിരിക്കില്ല., സാമൂഹിക പഠനത്തിനോ ചര്‍ച്ചകള്‍ക്കോ കാലമായിരുന്നില്ലല്ലോ അന്ന്.
   
ഇതിനിടെ പുതു കുടിയേറ്റക്കാരുടെ ഇടയില്‍ രണ്ടു വിഭാഗം തനിയെ ഉരുത്തിരിഞ്ഞു വന്നു. ഏതു പണിയും ചെയ്യാന്‍ കായിക ബലമുള്ളവര്‍, അവര്‍ തൊഴില്‍ ശാലകളില്‍ നിന്ന് തൊഴില്‍ ശാലകളിലേക്ക് മെച്ചപ്പെട്ട വേതനവും തേടിപ്പൊയ്‌ക്കൊണ്ടിരുന്നു. മെക്കാനിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടായിരുന്നവര്‍ക്ക് അനന്തമായ അവസരമാണ് ലഭിച്ചത്. മറ്റൊരു കൂട്ടര്‍ ഓഫീസുകളില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍. ഇക്കൂട്ടര്‍ എങ്ങനെ മെക്കാനിക്കല്‍ തൊഴില്‍ ചെയും?
   
അമേരിക്കയില്‍ അവസരങ്ങളില്ലേ? ഇതൊരു നിസ്സാര പ്രശ്‌നമായി ഇന്ന് തോന്നാം. ഏതൊരു തൊഴിലിനും മാന്യതയുണ്ട്, എന്നാല്‍ ചിലതിന് ഏറെ മാന്യത നാമെല്ലാം കല്പിച്ചു കൊടുക്കുന്നുണ്ടെങ്കിലോ. തുല്യരാണ്, പക്ഷേ, ചിലര്‍ ഏറെ തുല്യരെന്നു പറയപ്പെടുന്നതുപോലെ! ഇവിടെ മറ്റൊരു ചോദ്യവും പ്രസക്തമാണ്. ഒരോരുത്തര്‍ക്കും ചേര്‍ന്ന തൊഴില്‍ ഏതാണ്, എവിടെയാണ് തങ്ങളുടെ കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കാന്‍ സാദ്ധ്യമാകുക? അക്കാലത്ത് ഈ രംഗത്ത് ഉപദേശം കൊടുക്കാന്‍ കഴിവുള്ളവര്‍ ഇല്ലായിരുന്നു.
   
ഇങ്ങനെയൊരു ഘട്ടത്തില്‍ സാപ്രു എന്ന തോമസ് വറുഗീസ്, തന്റെ കണ്ടെത്തല്‍ പ്രഖ്യാപിക്കുന്നു. ഓഫീസ് ജോലികള്‍ക്ക് പരിശീലനം കൊടുക്കുന്ന ഒരു സ്ഥാപനമുണ്ട്, അത് ഡിട്രോയ്റ്റ് ഡൗണ്‍ ടൗണിലുള്ള കേംബ്രിഡ്ജ് ബിസിനസ്സ് സ്കൂള്‍. തുടര്‍ന്ന് ഞങ്ങളുടെ സമൂഹത്തില്‍ നിന്ന് എത്രയോ പേരാണ് ആ സ്കൂളില്‍ ചേര്‍ന്ന് പ്രാഗത്ഭ്യം നേടിയത്.
   
അക്കാലത്ത് ഇങ്ങനെയൊരു അവസരം കണ്ടറിഞ്ഞ്, അത് തേടിപ്പിടിച്ച് സമൂഹത്തിന് നന്മ ചെയ്ത പ്രതിഭാസമ്പന്നനായ, ഇന്നും ഞങ്ങളുടെയെല്ലാം ജൂണിയര്‍ ആയ സാപ്രുവിന്റെ അകാല വിയോഗത്തില്‍ അന്നത്തെ ആ ചെറിയ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് അനുശോചനം അറിയിക്കുകയാണ്. അന്ന് സാപ്രു കൊളുത്തിയ ആ ചെറിയ കൈത്തിരി എത്രയോ പേര്‍ക്ക് പ്രയോജനപ്പെട്ടു.
   
ഇപ്പോള്‍, അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍, കഴിഞ്ഞ നാളുകള്‍ ഓര്‍ത്തുകൊണ്ട്, നിറഞ്ഞ കണ്ണുകളോടെ, ഏതാനും റോസാപ്പൂക്കള്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക