Image

ഇതു വിശ്വാസങ്ങളുടെ പുനർവായന ( വാൽക്കണ്ണാടി - കോരസൺ)

Published on 05 August, 2020
ഇതു വിശ്വാസങ്ങളുടെ പുനർവായന  ( വാൽക്കണ്ണാടി - കോരസൺ)

ജോസഫേട്ടനെ ആരെങ്കിലും രക്ഷിക്കണം അല്ലെങ്കിൽ പുള്ളി ആത്മഹത്യ ചെയ്തുകളയും, ഈയിടെ സംഭാഷണത്തിൽ ഒരു സുഹൃത്ത് വളരെ സീരിയസ് ആയ കാര്യം അവതരിപ്പിച്ചു. ഈ കോവിടു കാലത്തു വീടുവിട്ടിറങ്ങാതായിട്ടു മാസങ്ങളായി.അതിനിടെ അറിയാവുന്ന ചിലർ കോവിടു ബാധിച്ചു മരിച്ചു, ചിലർ രക്ഷപെട്ടു. അൽപ്പം രോഗങ്ങളും പ്രായത്തിന്റെ തളർച്ചയും കൂടിയുള്ളതിനാൽ ജോസഫേട്ടൻ കമ്പ്യൂട്ടർ സൂം പ്രോഗ്രാം വഴിയായി ചില പ്രാർഥന കൂട്ടായ്മകളിൽ പെട്ടു. കുറച്ചു മനസമാധാനം അങ്ങനെ ലഭിച്ചോട്ടെ എന്ന് കരുതി. അങ്ങനെ ദിവസം മൂന്നും നാലും സൂം പ്രാർഥനകൾ, അതും മണിക്കൂറുകൾ നീണ്ട വിലാപങ്ങൾ.

അൽപ്പസമയം ഒന്ന് കേറിക്കാട്ടെ എന്ന ചിലരുടെ നിർബന്ധങ്ങൾ മൂലമാണ് നിരുപദ്രവിയായ ഇത്തരം പ്രാർഥനകൂട്ടങ്ങളിൽ ചെന്ന് പെടുന്നത്. ഭാര്യ കടുത്ത പ്രാർഥനക്കാരിയായതിനാൽ കുടുംബ സമാധാനം നിലനിറുത്തേണ്ടത് ആവശ്യവുമാണ്. ലോകത്തിലുള്ള മുഴുവൻ പ്രശ്നങ്ങളും വ്യക്തിപരമായി അറിവിലും കേട്ടറിവുള്ള എല്ലാ ഇടങ്ങളിലെയും പ്രശ്നങ്ങളും അവതരിപ്പിച്ചാണ് കൂട്ടായ്മപ്രാർത്ഥന പൊടി പൊടിക്കുന്നത്. അപ്പാ അപ്പച്ചാ, ഞങ്ങളുടെ പാപത്തെ ഓർത്തു ശിക്ഷിക്കരുതെ എന്ന് തുടങ്ങി എന്ന് കരഞ്ഞുവിളിച്ചു അലതലമുറ വിട്ടുള്ള മണിക്കൂറുകൾ നീണ്ട വിലാപ വിസ്ഫോടനങ്ങൾക്കു  സ്ഥിരം ആളുകളും വിഷയങ്ങളുമാണ്.

ഇനിയും ആർക്കെങ്കിലും എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്ന് തിരക്കുമ്പോളാണ് ജോസെഫേട്ടന് ഒന്ന് വായ്തുറക്കാൻ അവസരം ഉണ്ടാവുക.  അപ്പോഴേക്ക് വിഷയങ്ങൾ അവശേഷിക്കാത്തതുകൊണ്ട് ഈ മഹാപാപിയെ ഓർത്തു ലോകത്തെ നശിപ്പിക്കരുതേ എന്ന അറ്റകൈ പ്രയോഗമാണ് ജോസഫേട്ടൻ ഉപയോഗിക്കാറ്. ഇത്തരം നിരവധി പ്രാർത്ഥനകൾ കഴിയുമ്പോഴേക്കും ഹൃദയരോഗിയായ ജോസ്‌ഫേട്ടന് ആകെ മാനസികരോഗം മൂർച്ഛിക്കും. ആരോട് പറയാനാണ് എന്ന് നിരുവിച്ചിരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ഒരു സ്മാൾ അടിക്കാൻ ക്ഷണിക്കുന്നത്.  ചുമ്മാ ഒന്ന് നടക്കാനിറങ്ങുവാ എന്ന് വിളിച്ചു കൂവിയിട്ടു സ്പീഡിൽ നടന്നു. ദൂരെ പാർക്ക് ചെയ്തിരുന്ന ചങ്ങാതിയുടെ കാറിൽ നിന്നും ഒരുലേശം വീശിക്കഴിഞ്ഞപ്പോഴാണ് ജോസഫേട്ടൻ തൻറെ ദാരുണ അവസ്ഥ പങ്കുവച്ചത്. സുഹൃത്തും ഏതാണ്ട് ഇതേ അവസ്ഥയിലായിരുന്നതുകൊണ്ട്  ഒരു സമാധാനം. 

'ഈ സഭക്കാര് (മിക്കവാറും ഓർത്തഡോക്സ്കാരാവണം) പാട്ടു പാടുമ്പോൾ നന്നായി ചിരിക്കും. പാപം ഉടലിൽ ചുമക്കുന്നവരെന്നവണ്ണം കത്തോലിക്കാ പിള്ളേര് ശിരസ് കുനിഞ്ഞ് നിർവ്വേദ ഭാവത്തിൽ മുക്കിലൂടെ ഞരങ്ങും'. ഡോ. മധുസൂദനൻ സുകുമാരൻ തമ്പി അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ധ്യാനാമം... പരമ പിതാവിനെ സ്തുതിച്ചീടുന്നേൻ... ഒരു ആഗോള കൂട്ടായ്മ... പോസ്റ്റിനു താഴെ അഭിപ്രായം പങ്കുവെച്ച ഇരിങ്ങലിക്കുട ക്രൈസ്‌റ് കോളേജ് റിട്ടയർഡ് പ്രൊഫസ്സർ ഡോ. സെബാസ്റ്റിയൻ ജോസഫ് ഇട്ട കമെന്റ് ആയിരുന്നു അത്. പോസ്റ്റും അതിലേറെ സെബാസ്റ്റിയൻ സാറിന്റെ കമെന്റും അസ്സലായിരുന്നു എന്ന് ഞാനും കുറിച്ചു. താമസിയാതെ അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക് സുഹൃത്തായി വാഴിച്ചു.

കഠിനമായ പാപബോധംകൊണ്ട് തലയുയർത്താൻ സാധിക്കാത്ത ഒരു കൂട്ടം കത്തോലിക്ക വിശ്വാസികളെക്കുറിച്ചാണ് അദ്ദേഹം വ്യംഗ്യാര്‍ത്ഥ പ്രയോഗം നടത്തിയെങ്കിൽ, തലയുയർത്തി പാടുന്ന ഓർത്തഡോൿസ് വിശ്വാസികളും കടുത്ത പാപബോധത്തിന്റെ നീർച്ചുഴിയിൽ അലയുകതന്നെയാണ്. വേഷത്തിലും ഭാവത്തിലും വാക്കുകളിലും അപകർഷതാബോധം വളർത്തി, നിഷ്കളങ്കരായ പാവം വിശ്വാസികളെ ഒന്നിനും കൊള്ളാത്ത കൊടും പാപികളാക്കി ബന്ധിക്കുവാനുള്ള ശ്രമം. കറുത്തവേഷം ധരിച്ചു ഭീകരരൂപികളായ ചിലരൂപങ്ങൾ കാണേണ്ടി വരുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പോലും പേടിച്ചോടും. സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു കരുണകൊണ്ടു മിഴികൾ നിറയിച്ച, പാപികളെത്തേടി നടന്ന ഇടയന്റെ പ്രതിനിധികൾക്ക് എന്തിനീ ഭാവം, എന്തിനീ രൂപം എന്ന് ചിന്തിക്കാതിരുന്നില്ല. സ്നേഹവും അടുപ്പവും ഉള്ള ചിലരോടു രഹസ്യമായി പറയാറുണ്ട്, സ്വസ്ഥമായ ഉറവിയിലേക്കു ഇറങ്ങിച്ചെല്ലുക. അവിടെയാണ് ആത്മീയതയുടെ ആരാമം. 

കോവിടുകാലത്തെ സങ്കീർണ്ണമായ അസ്വസ്ഥതകൾ പലരുടെയും വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി അണിയിച്ചൊരുക്കിയിരുന്ന പൂജാസ്ഥലങ്ങളും മനസ്സുരുകി അർപ്പിച്ചിരുന്ന യാചനകളും ഏതോ കുത്തൊഴുക്കിൽ അപ്രത്യക്ഷമാകുമ്പോൾ എന്തിനായിരുന്നു ഇതൊക്കെ എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷങ്ങൾ.ഒരിക്കലും കാണാത്ത സ്വർഗ്ഗസ്ഥനായ പിതാവിനോട് കെഞ്ചി കേഴുമ്പോൾ അൽപ്പം അവിശ്വാസത്തിൻറെ കണികകൾ ചിലപ്പോഴെങ്കിലും അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു. ഇപ്പോൾ ആർക്കും കാണാൻ സാധിക്കില്ലെങ്കിലും എല്ലാ പരിധികളും ലംഘിച്ചു കടന്നു വരുന്ന കോവിഡ് വൈറസ് , നിഷേധിക്കാനാവാത്ത സത്യമായി മുന്നിൽ വന്നു നിൽക്കുന്നു. എന്തിനീ പരീക്ഷണനം വിഭോ? ഞങ്ങളുടെ വിലാപത്തിൽ അവിടന്ന് അഭിരമിക്കുകയാണോ ? ബലിയിലും ഹോമയാഗത്തിലും നീ പ്രസാദിക്കുന്നില്ല. എവിടെ, ആർക്കാണ് ശരിയായ ഉത്തരം നൽകാനാവുക? എന്താണ് ഒരു സമാധാനത്തിന്റെ പിടിവള്ളിയായി ഉയർത്തിക്കാണിക്കാനാവുക? ഇത് പലരും ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി തന്നെയാണ്. ഇതു വിശ്വാസങ്ങളുടെ ഒരു ഇൻക്യൂബേഷൻ പീരീഡ് ആണെന്ന് പറയാം.

കോവിടുകാലത്തു പൊടിതട്ടിയിറങ്ങിയ വീട്ടിലെ പച്ചക്കറി കൃഷിയിടങ്ങൾ, അവിടെ കുത്തിയിളക്കിയും  വെള്ളമൊഴിച്ചും പകലന്തിയോളം പണിയെടുക്കുകയാണ് പലരും, അക്കൂട്ടത്തിൽ എൻറെ ശ്രീമതിയും. അങ്ങനെ വീട്ടിലെ കൃഷിയിടവും അടുത്ത വീട്ടിലെ കൃഷിയിടവും മത്സരിച്ചു വളർന്നു പന്തലിച്ചു. തഴച്ചു വളരുന്നുണ്ടെങ്കിലും അത്ര കായ്‌ഫലം ഉണ്ടാവുന്നില്ല. അതിനിടെ കൃഷി ഉദ്യോഗസ്ഥനായിരുന്ന സുഹൃത്ത് ബെന്നിയോട് ഈ കാര്യം അവതരിപ്പിച്ചു. കൃഷിയിടം കണ്ടാൽ കുറെയേറെ വീടുകളിലേക്ക് വേണ്ട പച്ചക്കറികൾ ഇവിടെത്തന്നെ ഉണ്ടാവും എന്ന് തോന്നും , പക്ഷെ തക്ക ഫലം ഉണ്ടാവുന്നില്ല. അപ്പോഴാണ് ബെന്നി കാര്യങ്ങൾ വിശദീകരിച്ചത്.

എല്ലാ നല്ലകർഷകർക്കും അറിയാവുന്ന, മണ്ണിലെ  കാർബൺ-ടു-നൈട്രജൻ അനുപാതം അനുസരിച്ചാണ് ഫലം ഉണ്ടാവുക. നിങ്ങൾ നിരന്തരം ഈ കൃഷിയിടത്തെ വെള്ളവും വളവും കൊണ്ട് സമ്പന്നമാക്കി, അതുകൊണ്ടു അവ തഴച്ചു വളരുന്നു, പക്ഷെ  കാർബൺ- ടു- നൈട്രജൻ അനുപാതം അനുസരിച്ചു ഓരോ ചെടിയുടെയും ജൈവഘടികാരം ഉണർത്തുന്ന പിരിമുറുക്കം അനുസരിച്ചാണ് മെച്ചമായ ഫലം ഉണ്ടാവുക. നിങ്ങൾ ഒരു പക്ഷെ അതിനെ പിരിമുറുക്കം ഉണ്ടാവാൻ അനുവദിച്ചു കാണില്ല. ഇതൊരു പ്രകൃതി നിയമമാണ്., കർഷകർക്ക് ഇത് നന്നായി ഉപയോഗിക്കാൻ അറിയാം.

കോവിടുകാലം വിശ്വാസങ്ങളുടെ പരീക്ഷണകാലം മാത്രമല്ല ; പ്രകൃതിയുടെ സമ്മോനമായ ഇതിവൃത്തങ്ങൾ കരുപ്പിടിപ്പിക്കുന്ന വിശ്വാസങ്ങളുടെയും അനുഭവങ്ങളുടെയും അനുപാതം തിരിച്ചറിയപ്പെടുന്ന കാലം കൂടിയാവാം. മനുഷ്യന്റെ ശക്തി പരാശക്തിയുമായി മല്ലിടുന്ന ഒരു ഭാഗം ബൈബിളിലെ ഉല്പത്തിപ്പുസ്തകത്തിൽ കാണാം. ചതിയിലൂടെ ജേഷ്ട്ടാവകാശം പിടിച്ചടക്കുകയും, നേട്ടങ്ങൾക്കായി നിരന്തരം അലയുകയും, പിന്നെ സത്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന യാക്കോബ്. ഏകനായ രാത്രിയിൽ വെളുപ്പോളം ഒരു ദൈവപുരുഷനുമായി മല്ലിടുന്നു. എല്ലാ മനുഷ്യ യാത്രകുളുടെയും ഒടുവിൽ ഇത്തരമൊരു ഒറ്റപ്പെടലും ഏകാന്തതയും രാത്രിയും പിരിമുറുക്കവും നാം അറിയാതെ കടന്നുവരുന്നു. അവിടെയാണ്  ഒരു തിരിച്ചറിവിനുള്ള ഇടം, വെളിപാട് ഉണ്ടാവുന്നത്. നമ്മുടെ കൂടെയുള്ള കുറച്ചുപേരുടെ സുരക്ഷിതത്വം, നിതാന്ത ജാഗ്രത, കരുണ, സന്തോഷം, ആവശ്യവും അത്യാവശ്യവും തമ്മിലുള്ള തിരിച്ചറിവുകൾ, നൈമിഷികമായ  ജീവിതത്തിന്റെ വ്യാപ്തി , ഒന്നിനോടും അദമ്യമായ അടുപ്പം പുലർത്താതിരിക്കാനുള്ള അറിവുകൾ, ശുചിത്വം, പങ്കുവെക്കൽ സാങ്കല്‍പ്പിക യാഥാർഥ്യം, പുതിയ നിലവാരം  ഒക്കെ ഈ കോവിടുകാലത്തെ മനസ്സിന്റെ മൽപ്പിടുത്തം നമ്മെ അറിയാതെ പഠിപ്പിക്കുന്നു.  

ഇതു വിശ്വാസങ്ങളുടെ പുനർവായന  ( വാൽക്കണ്ണാടി - കോരസൺ)ഇതു വിശ്വാസങ്ങളുടെ പുനർവായന  ( വാൽക്കണ്ണാടി - കോരസൺ)
Join WhatsApp News
SudhirPanikkaveetil 2020-08-05 18:30:49
ബൈബിൾ വായിക്കുന്നവരെ ഞാൻ ഒരു പാപിയാണെന്നു അറിഞ്ഞിരുന്നില്ല. പാപം എന്താണാണെന്നല്ലേ സുന്ദരിമാരേ കൗമാര യൗവ്വനകാലത്ത് മോഹത്തോടെ നോക്കിയിരുന്നു. അവർ ഇങ്ങോട്ടും. ഞാൻ കരുതിയത് അത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ്. എന്നാൽ മനസ്സ്‌കൊണ്ടു പരസ്ത്രീയെ മോഹിക്കുന്നത് പാപമാണത്രെ. ആയിക്കോട്ടെ കുഞ്ചൻ നമ്പ്യാർ പറഞ്ഞപോലെ അടിയന് ആ പാപം ഇഷ്ടമാണ്. ഈ വിശ്വാസങ്ങൾ ആചാരങ്ങൾ ഒക്കെ ഓരോരുത്തരുടെ മാനസിക നില പോലെ പാലിക്കുക. നമ്മളെകൊണ്ട് അന്യർക്ക് ദുഖവും വേദനയും ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. പ്രായവ്യത്യാസങ്ങൾ അനുസരിച്ച് മനുഷ്യർക്ക് ഓരോ മോഹമുണ്ടാകുക സ്വാഭാവികം. അതുപറഞ്ഞു പേടിപ്പിച്ച് മതപുരോഹിതൻ കാശുണ്ടാക്കുന്നു. ശ്രീ കോരസന്റ് ലേഖനം നന്നായിരുന്നു. നമ്മൾ ആലോചിക്കുന്നില്ലെങ്കിൽ മതം നമ്മളെ അതിന്റെ ജയിലിൽ ആക്കും. മനുഷ്യരല്ലേ ചപല വ്യാമോഹങ്ങൾ നിശ്ചയം. അതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കുന്നവൻ മതപുരോഹിതനെ അനുസരിക്കുന്നില്ല. കൊറോണ വന്നത് ദൈവത്തിന്റെ കോപമാണെന്നു പറഞ്ഞു പ്രാർത്ഥനയും പിരിവും നടക്കുന്നുണ്ട്. ഉയര്ന്ന ബിരുദങ്ങൾ ഉള്ളവർ വരെ ഈ ചതിയിൽ വീഴുന്നു. രോഗവും കഷ്ടപ്പാടും വരും. അതൊക്കെ ദൈവകോപമാണെന്നു പറഞ്ഞു പൂജയും പ്രാർത്ഥനയും ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. ദൈവം അങ്ങനെയൊന്നുണ്ടെങ്കിൽ അദ്ദേഹത്തിന് മനുഷ്യരോട് സ്നേഹമാണ്. രവീന്ദ്ര നാട് ടാഗോർ പറഞ്ഞു ഓരോ തവണ ഒരു കുഞ്ഞു പിറക്കുമ്പോഴും അത് ദൈവത്തിനു മനുഷ്യരോട് സ്നേഹമാണെന്നതിനു സൂചനയാണത്രെ. മനുഷ്യർ ദൈവത്തിൽ അടിച്ചേൽപ്പിക്കുന്ന പൊല്ലാപ്പുകൾ അവനെ തന്നെ പേടിപ്പിക്കുന്നു.
2020-08-05 11:00:54
മൊത്തം കൺഫ്യൂഷനാണ്. പ്രാർത്ഥിക്കണോ വേണ്ടായോ , ഒരു വല്ലാത്ത അവസ്ഥ.
BENNYKURIAN 2020-08-06 09:37:45
പാപബോധം മത്തത്തിന്റെ തുറുപ്പ് ചീട്ട്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക