Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 8

Published on 22 August, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 8
വേഗത്തിൽ ഒരു ഉപ്പുമാവുണ്ടാക്കി പഴം കൂട്ടി കഴിച്ചാൽ പോരേ എന്നു സാലി മനസ്സിൽ വിചാരിക്കുന്ന ദിവസമാവും ആന്റി ഇടിയപ്പവും മുട്ടക്കറിയും എന്ന് പറയുന്നത്.
വറചട്ടിയിൽ നിന്ന് എരിതീയിലേക്കാണോ വീണതെന്ന് യോഹന്നാന്റെ വീട്ടിലിരുന്ന് പലപ്പോഴും സാലി ഓർത്തിട്ടുണ്ട്. അവൾ അവിടെയും അമ്മയെ വിളിച്ച് കരഞ്ഞിട്ടുണ്ട്.അമ്മാളമ്മച്ചിയുടെ വീട്ടിൽ നിന്നും ഓടിപ്പോരണമെന്നു തോന്നിയത് ഇതിനായിരുന്നോ എന്ന് അവൾ കണ്ണാടിയോടു ചോദിച്ചിട്ടുണ്ട്. അമ്മാളമ്മച്ചിയുടെ വീട്ടിൽ പണി വേഗം കഴിയും. പിന്നെ പശുക്കിടാവും പറമ്പും എല്ലാമായി സാലി സ്വതന്ത്രയായിരുന്നു.
കാനഡ മരത്തിൽ ഡോളർ പറിക്കാൻ വന്നവരുടെ കഥ ; പാമ്പും കോണിയുംകളി തുടരുന്നു ...

സാലി കാനഡയിലെത്തിയത് നവംബറിലായിരുന്നു. എയർപോർട്ടിനുള്ളിലെ പകൽ വെളിച്ചത്തിൽ നിന്നും നഗരത്തിന്റെ പുള്ളി വെളിച്ചങ്ങളും കടന്ന് ഇരുട്ടു കട്ടപിടിച്ച സബേർബിലെ വീട്ടിലെത്തിയ രാത്രി അകലെ അകലെ നിന്നും അവളിൽ കവിയുന്നുണ്ട്. പുല്ലിനെ മൂടിക്കിടക്കുന്ന മഞ്ഞ് അവൾ ഒരു കൈ കൊണ്ട് വാരി. വീടിനുള്ളിലേക്കു കയറുന്നതിനു മുമ്പ് എൽസി പറഞ്ഞു:
- അതങ്ങു കളഞ്ഞേക്ക് : അല്ലെങ്കി അകത്തു വെള്ളമാകും.
പരവതാനി വിരിച്ച വലിയ വീട് അവളെ അൽഭുതപ്പെടുത്തി. തുണിയലക്കുന്ന ഇടത്തിന് അവർ നാട്ടിൽ വന്നപ്പോഴുള്ള മണമാണെന്ന് അവൾക്കു മനസ്സിലായി. സോപ്പിന്റെ , ഫാബ്രിക് സോഫ്റ്റ്നറിന്റെ എല്ലാം കൂടിയൊരു സുഖമുള്ള മണം. അടുക്കളയ്ക്കു മറ്റൊരു മണം. പാത്രം കഴുകുന്ന സോപ്പിന്റേതാവുമോ? ആ വീട് സാലിക്കു മുന്നിൽ ഹൃദ്യമായ മണങ്ങൾ കൊണ്ടു നിറഞ്ഞു നിന്നു. സ്വർലോകത്തിന്റെ മണങ്ങൾ.
എല്ലാ വീടുകൾക്കും മുന്നിലായി ടാറിട്ട ഡ്രൈവ് വേ ഉണ്ടായിരുന്നു. അവിടെയാണ് കാർ പാർക്കു ചെയ്തിരുന്നത്. വീടിന്റെ ഭാഗമായിട്ടുള്ള കാർഷെഡ്ഡിനെ കാനഡക്കാർ ഗരാജ് എന്നാണു വിളിക്കുന്നതെന്ന് സാലി പഠിച്ചു. യോഹന്നാന്റെ വീട്ടിലെ ഗരാജ് നിറയെ സാധനങ്ങളാണ്, കാർ കഴുകുന്ന ബക്കറ്റ് . സ്പോഞ്ച്. ചെടിച്ചട്ടികൾ, മണ്ണ്...
കുട്ടികൾ പുറത്തു കളിക്കുന്ന കളിപ്പാട്ടങ്ങൾ സാലി അൽഭുതത്തോടെ എടുത്തു നോക്കി. മുച്ചാടൻ സൈക്കിൾ രണ്ടെണ്ണം. പിന്നെ കുട്ടികളെ വെച്ച് ഉന്തിക്കൊണ്ടുപോകുന്ന പഴയൊരു സ്ട്രോളർ . നിറം മങ്ങിയ പാവ . അവൾ അതെടുത്തു കൈയും കാലും മടക്കിയും നിവർത്തിയും നോക്കി. പാവ കൊണ്ടു കളിക്കുന്ന ഒരു സാരിക്കാരി!
വീടിനു പിന്നിൽ ഊഞ്ഞാലും സ്ലൈഡും. പാർക്കു പോലെ. സാലിക്കു ചിരി വന്നു. പുല്ലു വിരിച്ച മുറ്റവും തടി കൊണ്ടുള്ള വേലിയും . ഇംഗ്ളീഷ് കഥ പുസ്തകംപോലെ തോന്നിപ്പിച്ച ലോകം.
ഉത്തര അമേരിക്കൻ ജീവിതത്തിന്റെ ബാലപാഠങ്ങൾ സാലി പഠിച്ചത് എൽസിയുടെ അടുത്തു നിന്നാണ്. അവളെ കാണാനായി എൽസിയുടെ കൂട്ടുകാരികൾ വന്നു പൊയ്ക്കഴിഞ്ഞപ്പോൾ എൽസി എല്ലാ സോഫകളിലും ബെഡ് ഷീറ്റുകൾ വിരിച്ചു. സോഫയുടെ കുഷ്യനുകൾ ചെളി പിടിച്ചു നശിച്ചു പോകാതിരിക്കാൻ.
- എന്തു ബുദ്ധിയാ ഈ ആന്റിക്ക് !
സാലി മനസ്സിലോർത്തു. വെറുതെയല്ല രണ്ടു കുട്ടികൾ ചാടി മറിഞ്ഞു കളിച്ചിട്ടും സോഫ പുതിയതു പോലിരിക്കുന്നത്.
സാലി അമേരിക്കൻ ആചാരക്രമങ്ങൾ ഓരോന്നായി പഠിച്ചു. ആരെങ്കിലും വരുന്നതിനു മുമ്പ് തറയിലെ കാർപ്പെറ്റ് വാക്വം ചെയ്യണം. സോഫക്കു മുകളിൽ വിരിച്ചിരിക്കുന്ന കിടക്കവിരികൾ മടക്കി മാറ്റിവയ്ക്കണം. അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന ഭംഗിയുള്ള ചെറിയ കുഷ്യനുകൾ സോഫയിത് അലങ്കരിച്ചുവയ്ക്കണം. ടിഷ്യൂ പേപ്പറുകൊണ്ട് പൊടിയൊക്കെ വേഗത്തിൽ തുടയ്ക്കണം. പതിനഞ്ചു മിനിറ്റുകൊണ്ട് സ്വീകരണ മുറി അലങ്കാരച്ചിത്രം പോലെ മനോഹരമാവും.
അതിഥികൾ പൊയ്ക്കഴിഞ്ഞാൽ സോഫയിൽ ചാരാൻ വച്ചിരുന്ന കുഷ്യനുകൾ അടുക്കി അലമാരയുടെ മുകളിലത്തെ തട്ടിൽ വയ്ക്കണം. മടക്കി വച്ചിരുന്ന കിടക്കവിരികൾ സോഫയിൽ വിരിക്കണം. അതിഥികൾക്കു കുടിക്കാനെടുത്ത വില കൂടിയ കപ്പുകളും പാത്രങ്ങളും കഴുകിത്തുടച്ച് അലമാരയിൽ മാറ്റിവയ്ക്കണം.
എൽസിക്ക് എല്ലാത്തിനും പ്രത്യേക അടുക്കും ചിട്ടയുമുണ്ട്. അത്രയ്ക്ക് ചിട്ടയുള്ള ഒരു വീടും ഒരാളെയും സാലി ജീവിതത്തിൽ കണ്ടിരുന്നില്ല. ആ വീട്ടിൽ ഓരോ വസ്തുവിനും അതിന്റേതായ സ്ഥാനമുണ്ട്. സാധനങ്ങൾ സ്ഥാനം മാറി ഇരിക്കുന്നത് ആന്റി പൊറുക്കാത്ത കാര്യമാണ്. ഫ്രിഡ്ജിൽ പോലും എൽസിക്ക് ഓരോ സാധനത്തിനും പ്രത്യേക സ്ഥലങ്ങളുണ്ട്.
ഇതാരാ ഈ പാല് രണ്ടാമത്തെ തട്ടിൽ നിന്നും മാറ്റിയത് ?
ആ ഒരു ചോദ്യത്തിൽ വീടു മുഴുവൻ കിടുങ്ങും. ബോബിക്കും ബോണിക്കും മമ്മിയെ പേടിയുണ്ട്. അതുകൊണ്ട് അവരും എടുക്കുന്ന സാധനങ്ങളൊക്കെ കൃത്യ സ്ഥാനത്തുതന്നെ വച്ചു. മുറി വൃത്തിയാക്കാൻ പറയുമ്പോൾ കുട്ടികൾ അവരുടെ സാധനങ്ങളധികവും ക്ളോസറ്റിലേക്ക് തള്ളിയിട്ട് കതകു വലിച്ചടച്ചു. ഒറ്റനോട്ടത്തിൽ മമ്മിക്കു കലിയിളകാതെ.
മൂന്നു കാലുള്ള ഒരു തൊട്ടിയാണ് ആദ്യമായി ബാർബിക്യൂ അടുത്തു കണ്ടപ്പോൾ സാലിക്ക് ഓർമ്മ വന്നത്. പ്ളാസ്റ്റിക്ക് കൂടിൽ തമ്മിൽ തൊഴിച്ചു കിടക്കുന്ന കോഴിക്കാലുകളെ രണ്ടാക്കി തൊലികളഞ്ഞ് കഴുകി വൃത്തിയാക്കുന്നത് സാലി എളുപ്പത്തിൽ ചെയ്തു തീർക്കും. കുപ്പിയിൽ വാങ്ങുന്ന ബാർബിക്യൂ സോസിനു പുറമേ നന്നായി മുളക് പൊടിയും ഉപ്പും കോഴിക്കാലിൽ ചേർത്തു തിരുമ്മി വച്ചിട്ടാണ് എൽസി ബാർബി ക്യൂവിന് തയാറെടുക്കുന്നത്. പിന്നെ ഇലകളും പച്ചക്കറിയുമരിഞ്ഞു കൂട്ടിയ സാലഡ്. അതിലൊഴിക്കാൻ സാലഡ് ഡ്രസ്സിങ്. പുതിയ കാഴ്ചകളും പുതിയ ശീലങ്ങളുമായി ചൂടുകാലം പെട്ടെന്നു തീർന്നു.
വിരുന്നുകാർ വരുമ്പോൾ ഭക്ഷണത്തിന്റെ കൂമ്പാരമാണ്. നാലു ലിറ്റർ പാലു വരുന്നത് മൂന്നു പ്ളാസ്റ്റിക് ബാഗുകളിലായിട്ടാണ്. പാലു തീർന്നു കഴിഞ്ഞ പ്ളാസ്ററിക് ബാഗ് കഴുകി ഉണക്കി മടക്കി, ക്ളീനക്സിന്റെ ഒഴിഞ്ഞ കൂട്ടിലിട്ടു സൂക്ഷിക്കും എൽസി. അധികം വരുന്നതൊക്കെ എൽസി ഇത്തരം പ്ളാസ്റ്റിക് ബാഗുകളിലാക്കി ഫ്രീസറിൽ വയ്ക്കും. ഇടയ്ക്കിടക്ക് എടുത്തു ചൂടാക്കി കഴിക്കുമ്പോൾ വച്ചപ്പോഴുള്ള സ്വാദൊന്നും ഇല്ലെന്ന് സാലിക്കു തോന്നും. പക്ഷേ അങ്ങനെയൊക്കെ പറയാനുള്ള ധൈര്യവും അവകാശവും ഒരു അഭയാർത്ഥിക്കില്ല.
ആ വാക്ക് കേട്ടപ്പോൾ മുതൽ അത് സാലിയുടെ ഉള്ളിൽ പിടച്ചു കിടന്നു. തനിക്ക് അത്രത്തോളം ചേരുന്ന ഒരു പേരില്ലെന്നതു പോലെ അവൾ അതിനെ സ്വീകരിച്ചു. ബംഗ്ളാദേശിൽ നിന്നും കൂട്ടമായി ആളുകൾ ഇന്ത്യയിലേക്കു വരുന്ന കഥകൾ വീട്ടിൽ വന്നവർ ചർച്ച ചെയ്യുന്നത് അവൾ കേട്ടിരുന്നു.
എൽസി കണിശത്തോടെ സാലിക്കു നേരെ നിർദ്ദേശങ്ങൾ എയ്തു കൊണ്ടിരുന്നു. എന്തെല്ലാം ചെയ്യണം , എങ്ങനെ ചെയ്യണം , എപ്പോൾ ചെയ്യണം. എന്തൊക്കെ അരുത്. പാത്രം കഴുകേണ്ടതിങ്ങനെ, ഉരുളക്കിഴങ്ങിന്റെ തോലു കളയേണ്ടതെങ്ങനെ ...
സാലി പുതിയ വിഭവങ്ങൾ പഠിച്ചു. കറിക്കൂട്ടുകൾ പഠിച്ചു. പച്ചക്കറി നുറുക്കേണ്ട വിധം. ഇളക്കേണ്ട വിധം, പാത്രങ്ങൾ ,അളവുകൾ, എല്ലാം അവൾ വേഗം വേഗം പഠിച്ചെടുത്തു. ഡച്ച് ഓവൻ, സോസ്പാൻ, ഫുഡ് പ്രോസസർ , പീലർ, വയർ വിസ്ക്, ക്വാർട്ടർ പാൻ, ഫ്രൈയിങ് പാൻ . പുതിയ പദങ്ങളും കാഴ്ചകളും ചുറ്റിക്കറങ്ങുന്ന സുന്ദരമായ അടുക്കള സാലിയുടെ പടക്കളമായി.
വെള്ളിയാഴ്ച എൽസി ജോലി കഴിഞ്ഞു വരുന്നതിനു മുമ്പേ സാലി കുളിമുറികൾ കഴുകി. വാക്വം ചെയ്തു. ഇറച്ചി, മീൻ , പച്ചക്കറികളെല്ലാം നാടൻ സ്വാദുള്ള കറികളായി ഭംഗിയുള്ള പാത്രങ്ങളിൽ ചൂടോടെ കാത്തിരുന്നു. തുണികൾ കഴുകി ഉണക്കി മടക്കി ഓരോരുത്തരുടെയും കൊട്ടകളിലാക്കി അവരുടെ മുറികളിൽ കൊടുത്തു. ആരുടെയും തുണി സൂക്ഷിക്കുന്ന ഡ്രെസ്സറുകൾ തുറക്കാൻ പാടില്ല.
- അവരു തന്നെ എടുത്തു വയ്ക്കാൻ പഠിക്കട്ടെ.
- വാക്വം ചെയ്യുമ്പോൾ മുകളിൽ നിന്നും താഴേക്കു ചെയ്യണം.
ഭിത്തികളിൽ നിന്നും ഭിത്തികളിലേക്കാണ് സാലി വാക്വം ക്ളീനർ ഓടിക്കുന്നത്. അത് എങ്ങനെയാണു മുകളിൽ നിന്നു  താഴേക്ക് എന്ന് സാലിക്കു മനസ്സിലായില്ല. പക്ഷേ, അതു ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. സാലിക്ക് എൽസിയെ പേടിയാണ്. എപ്പോഴാണു ചീറ്റിത്തെറിക്കുക എന്നറിയില്ല. അതുകൊണ്ട് അവൾ പറ്റുന്നത്ര ജോലികൾ എൽ സിക്കിഷ്ടപ്പെട്ട വിധത്തിൽ തീർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
കഴുകാൻ വേണ്ട അഴുക്കൊന്നും വെള്ളിയാഴ്ച സാലി കുളിമുറികളിൽ കണ്ടില്ല. എന്നാലും അവൾ സ്പോഞ്ചിൽ സോപ്പിട്ട് ടൈലുകളും ടബ്ബും സിങ്കും കഴുകി. ബ്രഷുകൊണ്ട് ടോയ് ലറ്റ് . മോപ്പു കൊണ്ട് തറ. കണ്ണാടി തുടയ്ക്കാൻ പ്രത്യേക സോപ്പുണ്ട്. ജനലിന്റെ കണ്ണാടിക്കും പറ്റിയതാണത്. എൽസിക്ക് അതുപയോഗിക്കുന്നത് ഇഷ്ടമല്ല. പകരം വിന്നാഗിരി പേപ്പർ ടവ്വലിൽ തൊട്ടു തുടയ്ക്കാനാണ് എൽസിയുടെ നിർദ്ദേശം.
കഴുകലും തുടയ്ക്കലും കഴിയുമ്പോഴേക്കും സാലിക്കു കൈമുട്ടു വേദനിക്കാൻ തുടങ്ങും. ശക്തിയായി തിരുമ്മി ത്തുടച്ചതിന്റെ ഫലം, അധികം താമസിയാതെ അവൾ കുളിമുറികളെ , ബ്രഷുകളെ ,കഴുകുന്ന സോപ്പിനെ എല്ലാം വെറുത്തു.
എൽസി ആന്റിയുടെ വീട്ടിൽ പണി തീരുക എന്നൊന്നില്ല എന്ന് സാലിക്കു വേഗം ബോധ്യപ്പെട്ടു. കഴുകലും തുടയ്ക്കലും കഴിഞ്ഞ് ടി.വി.ക്കു മുന്നിലിരിക്കാമെന്നു കരുതുമ്പോഴായിരിക്കും എൽസി മീനോ ഇറച്ചിയോ സിങ്കിലേക്കിടുന്നത്. അതു സിങ്കിൽ വീണു കഴിഞ്ഞാൽ പിന്നെ സാലിക്കുള്ളതാണെന്ന് അവൾക്കറിയാം. സാലി തിടുക്കത്തിൽ ടി.വി. ഓഫ് ചെയ്ത് കത്തിയുമായി സിങ്കിനടുത്തെത്തും. വൃത്തിയാക്കി കഴിഞ്ഞാൽ അടുപ്പത്താക്കണം. അതിനിടയ്ക്ക് എൽസിക്ക് എന്തുണ്ടാക്കാനാവും തോന്നുക എന്നറിയില്ല. വെളിപാടു പോലെ എൽസി എന്തെങ്കിലുമൊക്കെ ചെയ്യും , അല്ലെങ്കിൽ ചെയ്യിക്കും.
ബോണി മോക്കു കൊഴലപ്പം വല്യ ഇഷ്ടമാ.
അപ്പങ്ങൾ കുഴലായി നിരന്നു കഴിയുമ്പോഴേക്കും പാതിര കഴിയും. സാലിയുടെ ഉറക്കം നിർത്താനാവാത്ത വായക്കോട്ടകളായി അവളെ തടവിലിടും.
വേഗത്തിൽ ഒരു ഉപ്പുമാവുണ്ടാക്കി പഴം കൂട്ടി കഴിച്ചാൽ പോരേ എന്നു സാലി മനസ്സിൽ വിചാരിക്കുന്ന ദിവസമാവും  ആന്റി ഇടിയപ്പവും മുട്ടക്കറിയും എന്ന് പറയുന്നത്.
വറചട്ടിയിൽ നിന്ന് എരിതീയിലേക്കാണോ വീണതെന്ന് യോഹന്നാന്റെ വീട്ടിലിരുന്ന് പലപ്പോഴും സാലി ഓർത്തിട്ടുണ്ട്. അവൾ അവിടെയും അമ്മയെ വിളിച്ച് കരഞ്ഞിട്ടുണ്ട്.അമ്മാളമ്മച്ചിയുടെ വീട്ടിൽ നിന്നും ഓടിപ്പോരണമെന്നു തോന്നിയത് ഇതിനായിരുന്നോ എന്ന് അവൾ കണ്ണാടിയോടു ചോദിച്ചിട്ടുണ്ട്. അമ്മാളമ്മച്ചിയുടെ വീട്ടിൽ പണി വേഗം കഴിയും. പിന്നെ പശുക്കിടാവും പറമ്പും എല്ലാമായി സാലി സ്വതന്ത്രയായിരുന്നു.
അമ്മാളമ്മച്ചിയുടെ അടുക്കളയിൽ ഒരിക്കലും പിറക്കാത്ത പലതരം വിഭവങ്ങൾ എൽസി അനായാസമായി ഉണ്ടാക്കി. വലിയ ടിന്നുകളിൽ നിറയെ, പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച് ഫ്രീസറിൽ . എല്ലായിടത്തും സമ്യദ്ധി .എന്നിട്ടും എൽസി കൊടുക്കുന്ന ഭക്ഷണമല്ലാതെ ഒന്നെങ്കിലും എടുക്കാൻ സാലിക്കു ഭയമായിരുന്നു. എൽസി തിന്നരുതെന്ന് അവളോട് ഒരിക്കലും പറഞ്ഞിട്ടില്ല. എൽസിയെ ചൂഴ്ന്ന് ഒരു കാവൽക്കാരി എപ്പോഴും ഉണ്ടെന്ന് സാലിക്കു തോന്നി. ഷാമ്പൂവിൽ, സോപ്പിൽ , ക്രീമിൽ , കാപ്പിപ്പൊടിയിൽ, പഞ്ചസാരയിൽ, പാലിൽ, ചോറിൽ, കറികളിൽ എല്ലാം ഒരു കണക്കു സൂക്ഷിപ്പുകാരിയുടെ കണ്ണുകൾ സാലിയെ അദൃശ്യമായി പിന്തുടർന്നു ഭയപ്പെടുത്തി. അവൾ ഉറങ്ങാൻ ഭയപ്പെട്ടു. അറിയാതെ അധികം ഉറങ്ങിപ്പോയാൽ , അവളേക്കാൾ മുമ്പേ എൽസി അടുക്കളയിലെത്തിയാൽ ആന്റിയുടെ ശബ്ദം വീട്ടിൽ മുഴങ്ങും.
- എല്ലാത്തിനേം തീറ്റിപ്പോറ്റി ഞാൻ മടുത്തു !
- ഉറങ്ങുക, തിന്നുക എന്നല്ലാതെ എന്താ ?
പ്രാക്കുകളും ശാസനകളും കറന്റുപോലെയാണ് സാലിക്ക്. അതു മുറിവിൽ നിന്നും ഉള്ളിലേക്കൊളിച്ച് ആമാശയത്തെ ഉണക്കി ച്ചുരുക്കിക്കളയും. അവൾ ഊണു കഴിയിച്ചില്ലെങ്കിലും ആർക്കും നഷ്ടമൊന്നും ഉണ്ടായിട്ടല്ല. ഭക്ഷണത്തിനു പകരം സാലി പുറത്തെ കാറ്റിനൊരു പാട്ടു പാടിക്കൊടുക്കും.
- സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ ...
തെക്കൻ കാറ്റ് രാഗം തീരെയുമില്ലാത്ത ആ പാട്ടിൽപ്പെട്ട് അലിവോടെ അവളുടെ വിശപ്പിനെ , ഖേദത്തെ,അനാഥത്വത്തെ, ക്ലേശത്തെ , ഒറ്റപ്പെടലിനെ , മ്ലാനതയെ, നിരാശ്രയത്വത്തെ, നിസ്സഹായതയെ ഓരോന്നായി പെറുക്കിപ്പെറുക്കിയെടുത്ത് വടക്കോട്ടു പൊയ്ക്കളയും. പിന്നെ നിനച്ചിരിക്കാത്തൊരു നേരത്ത് വടക്കു നിന്നും ആ കാറ്റ് ഗൂഢതയോടെ തിരികെ വരും. കൊണ്ടുപോയതിനെ ഒന്നൊന്നായി പെരുപ്പിച്ചു വീർപ്പിച്ച് അവളുടെ ഇത്തിരിപ്പോന്ന കണ്ണിലേക്കും ശ്വാസകോശത്തിലെ കുഞ്ഞറകളിലേക്കും വാരി നിറച്ച് അലിവില്ലാത്ത വടക്കൻ കാറ്റ് തിമിർക്കും.
                                           (  തുടരും ...)
ഫോട്ടോ നൽകുന്നത് : കാനഡയിൽ നിന്നും മുബീൻ ഹുസൈൻ

                                                          
പാമ്പും കോണിയും - നിർമ്മല - നോവൽ - 8
Join WhatsApp News
PushpammaChandy 2020-08-23 02:10:43
It's so readable . Will make us wait for the next episode
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക