Image

മാർപാപ്പ പറഞ്ഞത്; സ്വവർഗ രതി, ട്രാൻസ്‌ജെൻഡർ (ഉയരുന്ന ശബ്ദം-13-ജോളിഅടിമത്ര)

Published on 23 October, 2020
മാർപാപ്പ പറഞ്ഞത്; സ്വവർഗ രതി, ട്രാൻസ്‌ജെൻഡർ (ഉയരുന്ന ശബ്ദം-13-ജോളിഅടിമത്ര)
ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗ ലൈംഗികതയെ ന്യായീകരിച്ചെന്ന  വാര്‍ത്ത വിവാദത്തിന്  തിരികൊളുത്തിയിരിക്കുന്നു. എന്നാല്‍ വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) അറിയിച്ചു. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളെല്ലാം ഒറ്റക്കെട്ടായിരിക്കുമെന്ന് തോന്നുന്നു. അത്ഭുതം!. സ്വവര്‍ഗ ലൈംഗികതയുടെ  കാര്യത്തിലെങ്കിലും അവര്‍ക്ക് അഭിപ്രായവ്യത്യാസം ഇല്ലാതായല്ലോ.  

സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജന്‍ഡര്‍മാര്‍, ബൈസെക്ഷ്വല്‍സ് തുടങ്ങിയവര്‍ക്ക് ഒരേ ലിംഗത്തില്‍പ്പെട്ടവരെ വിവാഹം ചെയ്യാനും ദത്തെടുക്കാനുമുള്ള അവകാശം തേടുന്ന ഹര്‍ജി 2018-ല്‍ നമ്മുടെ സുപ്രിം കോടതി തള്ളിയിരുന്നു. കോടതി വിധി പ്രകാരം സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയിരുന്നു. പക്ഷേ, പെണ്ണും പെണ്ണും ആണും ആണും തമ്മില്‍ വിവാഹം കഴിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുമില്ല. 

എനിക്കറിയാവുന്ന രണ്ടു യുവതികള്‍, സ്വവര്‍ഗാനുരാഗികള്‍ , രണ്ടുപേരും അവിവാഹിതരായി കഴിയുന്നു. പകലൊക്കെ ഒരുമിച്ചു ചെലവിടും. ഒളിച്ചും പാത്തും രഹസ്യസമാഗമം. ഒന്നുകില്‍ ഒരുമിച്ച്  ജീവിതം, അല്ലെങ്കില്‍ ഒരുമിച്ച് മരണം എന്നാണ് തീരുമാനം. വീട്ടുകാര്‍ക്കും കാര്യങ്ങള്‍ മനസ്സിലായി, അച്ഛന്‍ കാര്‍ക്കിച്ചു തുപ്പി, അമ്മ ശപിച്ചു. രണ്ടാളും ജോലിചെയ്ത്  ജീവിക്കുന്നു. പക്ഷേ എത്ര നാള്‍. നിയമം മാറി വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവര്‍.

ഒരു ട്രാന്‍സ് ജന്‍ഡറിനെ  ആദ്യമായി  ഞാന്‍ കാണുന്നത് ഒരുപാട് വര്‍ഷങ്ങള്‍ക്കപ്പുറത്ത് ചെന്നൈയില്‍ വച്ചാണ്. ആദ്യകാഴ്ചയില്‍ എനിക്കവരോട് എന്തെന്നില്ലാത്ത അസൂയ തോന്നി. കാരണം ചേലയുടുത്ത ആ കൂട്ടരുടെ അപാര ശരീരവടിവ് ഏതൊരു പെണ്ണിനെയും മോഹിപ്പിക്കുന്നതാണ്. ട്രെയിനിലിരിക്കെ കൂട്ടമായി വന്ന അവരെന്റെ ഭര്‍ത്താവിനു നേരെ അധികാരത്തോടെ കൈനീട്ടി. അദ്ദേഹം ഉരിയാടാതെ പണമെടുത്തു കൊടുത്തു. മടിയിലിരുന്ന ഞങ്ങളുടെ കുഞ്ഞിന്റെ തലയില്‍ തൊട്ടനുഗ്രഹിച്ചു. അടുത്തടുത്ത ആളുകളുടെ നേരെയും അവര്‍ കൈനീട്ടി.പണം കൊടുക്കാത്തവരെ തമിഴില്‍ എന്തോ ചീത്ത പറഞ്ഞ്  നടന്ന് മറഞ്ഞു. ചെന്നൈയില്‍ പഠിച്ചിട്ടുള്ള ഭര്‍ത്താവ് അവരുടെ പൊതു സ്വഭാവം  പറഞ്ഞു തന്നു അന്നെനിക്കറിയില്ലായിരുന്നു അവരുടെ സങ്കടങ്ങള്‍.

 പില്‍ക്കാലത്ത് എനിക്ക് ധാരാളം  ട്രാന്‍സ് ജന്‍ഡര്‍ സുഹൃത്തുക്കളുണ്ടായി. എന്തും തുറന്നു സംസാരിക്കാവുന്ന കൂട്ടുകാര്‍. അവരുടെ വിശേഷങ്ങള്‍ക്ക് എന്നെ ക്ഷണിക്കാറുണ്ട്. ജീവിതത്തിന്റെ മറ്റൊരു ഭീകരമായ മുഖം ഞാന്‍ നേരില്‍ കാണുകയായിരുന്നു. പലരും മുഖം ചുളിക്കുന്നുണ്ടെന്നറിയാം ,പക്ഷേ ...

നമ്മുടെ വീട്ടിലെ ഒരു ആണ്‍കുഞ്ഞ് കൗമാര വളര്‍ച്ചയുടെ വഴിത്തിരിവില്‍ പെണ്ണായി വേഷം കെട്ടുകയും പെണ്‍കുട്ടികളോട് കൂട്ടുകൂടുകയും ആണ്‍കുട്ടികളെ കാണുമ്പോള്‍ നാണിക്കയും ചെയ്യുമ്പോള്‍ നമ്മളെന്തു ചെയ്യും ?. കേരളത്തിലാണെങ്കില്‍ ചുട്ട അടി കൊടുക്കും ആദ്യം. മാറ്റമില്ലെങ്കില്‍ സൈക്കോളജിസ്റ്റിനെ തേടും. എന്നിട്ടും ശരിയാവുന്നില്ലെങ്കിലോ... കുടുംബത്തിന്റെ മുഖഛായ തന്നെ മാറുകയായി. മാതാപിതാക്കള്‍ എല്ലാ മുറകളും പരീക്ഷിക്കയായി. പരിഹാസം, മര്‍ദ്ദനം, ഭീഷണി ഇവയ്‌ക്കൊന്നും തടുത്തു നിര്‍ത്താനാവാത്തതാണ് പക്ഷേ, ഹോര്‍മോണിന്റെ കളികള്‍. വീടു വിട്ടിറങ്ങി കൂട്ടം ചേര്‍ന്ന് ജീവിക്കുക മാത്രം പിന്നെ ഏക വഴി. നമ്മളാരും എതിര്‍ ലിംഗക്കാരുടെ വേഷംകെട്ടി സ്വയം അപഹസിക്കപ്പെടാനോ മാതാപിതാക്കളെ കരയിക്കാനോ അവരെ സമൂഹത്തില്‍ പരിഹാസപാത്രമാക്കാനോ ഒരുമ്പെടുകയില്ലല്ലോ. ഇവിടെ കരുക്കള്‍ നീക്കുന്നത് ഹോര്‍മോണെന്ന വില്ലനാണെന്ന തിരിച്ചറിവ് സമൂഹം ഉള്‍ക്കൊണ്ടു തുടങ്ങി. ഇതില്‍ ഈശ്വരനും പങ്കില്ലേ. എന്തിന് ഇവരെ കഠിനമായ പരീക്ഷണങ്ങളിലൂടെ നയിക്കുന്നു..

ഞാന്‍ സംസാരിച്ച എല്ലാ കുട്ടികളും പറഞ്ഞത് സ്വാഭാവിക ജീവിതം അവര്‍ക്കു കഴിയുന്നില്ല എന്നാണ്. പുരുഷന് സ്ത്രീയാകാനുള്ള തീവ്രവാഞ്ച, സ്ത്രീയ്ക്ക് പുരുഷനാകാനുള്ള ശക്തമായ അഭിലാഷം. ഇത് ഒരു ദിവസം രാവിലെ തോന്നുന്ന വെറും തോന്നലല്ല, ശരീരത്തിലെ ഹോര്‍മോണുകളുടെ വേലിയേറ്റം. അടിച്ചമര്‍ത്തലുകള്‍ നേരിടാനാവാതെ വരുമ്പോള്‍ പലരും മരണത്തെ തേടുന്നു. അതു വേണോ.?.അവരും ഇവിടെ ജനിച്ചു പോയവരാണ്, ഏറിയാല്‍ 80 വര്‍ഷം.. ഈ മണ്ണിന്റെ അവകാശികള്‍..കനിവു കാണിക്കണം , സമൂഹം. കേരളം ആകെ മാറിത്തുടങ്ങി. ട്രാന്‍സ്ജന്‍ഡറോട് അലിവോടെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട്.

എന്റെ സുഹൃത്ത് സ്ത്രീത്വത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി ശസ്ത്രക്രിയ ചെയ്ത് വിശ്രമിക്കുമ്പോള്‍ ഞാന്‍ വിളിച്ചു. അതിവേദനയുടെ ദിനങ്ങള്‍. എന്തിനു നീ ഇങ്ങനെ അറിഞ്ഞു കൊണ്ട് ഈ വേദനയ്ക്കു തയ്യാറായി എന്നു ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞതിങ്ങനെ. ''എനിക്ക് പൂര്‍ണ്ണ മനുഷ്യനാകണം, ഇപ്പോള്‍  സ്ത്രീയുമല്ല, പുരുഷനുമല്ല.പുരുഷ ശരീരത്തില്‍ ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. ചേച്ചിയെപ്പോലെ എല്ലാ സ്ത്രീ ചിന്തകളും ആഗ്രഹങ്ങളുമുള്ള പെണ്ണ്. ഒരു രസത്തിന്  ആരെങ്കിലും കഠിനമായ വേദനയുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറാകുമോ '.എനിക്ക് ഉത്തരം മുട്ടി.  

സമൂഹം ഒറ്റപ്പെടുത്തിയാലും നമ്മളൊക്കെ ആശ്വാസം കണ്ടത്തുന്നത് വിശ്വാസങ്ങളിലാണ്. പക്ഷേ ദേവാലയങ്ങളും വാതില്‍ കൊട്ടിയടച്ചാലോ.. അറിയപ്പെടുന്ന എഴുത്തുകാരനും പ്രസംഗകനും പുരോഹിതനുമായ എന്റെ സുഹൃത്തിനോട് ഞാന്‍ ഈ വിഷയം സംസാരിച്ചു. അദ്ദേഹം എന്നോട് കോപിച്ചു. ഇത്തരക്കാര്‍ പുതിയ തലമുറയെ ചീത്തയാക്കുകയാണെന്നും സ്വവര്‍ഗഭോഗികളെ വാര്‍ത്തെടുക്കുകയാണെന്നും ബൈബിളിലെ സോദോം-ഗോമോറയ്ക്ക് മേല്‍ ഗന്ധകവും തീയ്യും വര്‍ഷിച്ച അനുഭവം ഇവിടെയും ഉണ്ടാകുമെന്നും കൊറോണ ആദ്യപടി മാത്രമാണെന്നും  പ്രഖ്യാപിച്ചു. 

ഒരു പുരോഹിതനെന്ന നിലയില്‍ താങ്കള്‍ അവര്‍ക്കായി എന്തു ചെയ്യുന്നു എന്നു ചോദിച്ചതിന് കാണാതെ പോയ ആടല്ല അതെന്നും  മനപൂര്‍വ്വം കൂട്ടംവിട്ട് ഓടുന്ന ആടുകളാണ് അതെന്നുമായിരുന്നു വിശദീകരണം. സഭകളുടെ കാഴ്ചപ്പാടുകളിങ്ങനെയാണ്.

 അഞ്ചു ഭര്‍ത്താക്കന്‍മാരെയും ഉപേക്ഷിച്ച് ആറാമതൊരാളിന്റെ കൂടെ പരസ്യമായി പൊറുക്കുന്ന ശമര്യയിലെ ആ സ്ത്രീയോട് യേശുക്രിസ്തു എല്ലാമറിഞ്ഞുകൊണ്ട് സംവദിച്ചു.ഈശ്വരനെ ആരാധിക്കേണ്ടതെങ്ങനെയെന്ന സത്യം പറഞ്ഞു കൊടുത്തു.അവളുടെ കാഴ്ചപ്പാടു മാറി, ജീവിതവും . അത്തരമൊരു സ്ത്രീയോട് സംസാരിച്ചു നിന്നാല്‍ ഊരിപ്പോകുന്ന വിശുദ്ധിയായിരുന്നില്ല ക്രിസ്തുവിന്റേത്. പക്ഷേ  ക്രിസ്തു ശിഷ്യന്‍മാരെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഇപ്പോള്‍ അതിന് ധൈര്യമില്ല.

 പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കേണ്ടത് സഭയാണ്. നമ്മുടെയൊക്കെ പള്ളികളില്‍ ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് ഇടമുണ്ടോ? കാലംചെയ്ത ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത  ട്രാന്‍സ്ജന്‍ഡര്‍മാരോട് വലിയ അലിവു കാണിച്ച ആളായിരുന്നെന്ന് മറക്കാന്‍ വയ്യ. ചുവന്ന തെരുവിലെ കുഞ്ഞുങ്ങള്‍ക്കായും കനിവു കാണിച്ചു. സ്വന്തം വിശ്വാസങ്ങളില്‍നിന്നുപോലും അവരെ ആട്ടിയകറ്റുന്ന ക്രൈസ്തവ സമീപനം അരുത്, അത് മാറണം.
മാർപാപ്പ പറഞ്ഞത്; സ്വവർഗ രതി, ട്രാൻസ്‌ജെൻഡർ (ഉയരുന്ന ശബ്ദം-13-ജോളിഅടിമത്ര)
Join WhatsApp News
Szach 2020-10-23 21:51:36
Beautiful message Jolly! 🙏🙏🙏🙏
പാവം പോപ്പ്, 2020-10-24 09:15:31
കത്തോലിക്ക സഭക്ക് ഇങ്ങനെ ഒരു മാർപ്പാപ്പയെ കിട്ടിയത് തന്നെ വല്യ കാര്യം. മാർപ്പാപ്പ ഇങ്ങനെയുളള കാര്യങ്ങൾ ഒക്കെ പറയുന്നുണ്ടെങ്കിലും, മാർപ്പാപ്പയും ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട്.! അതുകൊണ്ട് , സാധാരണ മാർപ്പാപ്പമാർ താമസിക്കുന്ന സ്ഥലത്തല്ല ഈ പാപ്പ താമസിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്! ഇങ്ങ് കേരളത്തിൽ നമ്മുടെ കർദ്ദിനാളും ചില മെത്രാൻമാരും പുരോഹിതരും ചെയ്തു കൂട്ടുന്ന ചില കൈക്രിയകൾ, അതുമൂലം സഭക്കുണ്ടാകുന്ന നഷ്ടം, വിശ്വാസികൾക്കുണ്ടാകുന്ന നാണക്കേട് ഇതൊക്കെ മാർപ്പാപ്പ അറിയുന്നുണ്ടോ എന്തോ? പണ്ട് 1653 - കാലഘട്ടത്തിൽ കൂനൻ കുരിശ് സത്യം നടന്ന കാലത്ത്, പറങ്കി മെത്രാൻമാരുടെ പീഢനം സഹിക്കവയ്യാതെ , കത്തെഴുതിയിട്ടും കമ്പിയടിച്ചിട്ടും ഒരു മറുപടിയും നടപടിയും ഇല്ലാതെ വന്നപ്പോൾ രണ്ട് പേർ കപ്പൽക്കയറി റോമിൽ ചെന്ന് അന്നത്തെ മാർപ്പാപ്പയെ നേരിൽ കണ്ട് കാര്യം ധരിപ്പിച്ച്, മലങ്കരയിലേക്ക് സ്വന്തമായി ഒരു മെത്രാനെയും സംഘടിപ്പിച്ച് തിരിച്ച് പോന്ന കഥ സഭാചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ റോമിൽ നിന്നും ഗോവയിലെത്തിയ മെത്രാൻ ഗോവയിൽ നിന്നും കൊച്ചിയിലേക്ക് കപ്പൽ കയറിയിട്ട് ഇന്നത്തെ ഈ ദിവസം വരെ കൊച്ചിയിൽ എത്തിയിട്ടില്ല. എന്തു പറ്റിയോ ആവോ? ഇന്നും സ്ഥിതിഗതികൾ ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ.. വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇന്നും ഒരു കത്തോ, കമ്പിയോ, E- മെയിലോ അയച്ചാൽ അത് മാർപ്പാപ്പക്ക് കിട്ടും എന്നുള്ളത് സംശയമാണ്. ഇന്ത്യക്ക് പുറത്തേക്ക് പോകുമോ എന്നുള്ള കാര്യവും സംശയമാണ്. നമ്മുടെ ഒക്കെ ഒരു ഗതികേട് നോക്കണേ.... ഇക്കണക്കിനു പോയാൽ മരിച്ച് കഴിഞ്ഞാൽ സാക്ഷാൽ ദൈവത്തെ ഒന്ന് നേരിട്ട് കാണാൻ സാധിക്കുമോ ആവോ? എന്തായാലും മാർപ്പാപ്പയുടെ ഇത്തരത്തിലുള്ള പ്രസ്താവനകൾ കാണുമ്പോൾ വളരെ ആശ്വാസം തോന്നുന്നു. ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്ന് ഒരു തോന്നൽ !
josukuty 2020-10-25 09:23:53
വളരെ കൃത്യമായ വ്യക്തമായ നിരീക്ഷണങ്ങൾ. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടു ട്രാൻസ്‌ജെൻഡർ ആകേണ്ടി വന്ന ഈ പാവങ്ങളോടു കരുണയും മനുഷ്യത്വവും കാണിക്കണം എന്നല്ലേ മാർപാപ്പ പറഞ്ഞുള്ളൂ. മാർപാപ്പ പറഞ്ഞത് അങ്ങനെ അല്ല എന്നു ചില സ്ഥിരം ന്യായീകരണ തൊഴിലാളികളും, sodomy, lesbianism എന്നിവ പുണ്യ പ്രവർത്തിയായി മാർപാപ്പ പറഞ്ഞു എന്ന് ചില മാർപാപ്പ വിരുദ്ധരും കൊട്ടിഘോഷിക്കുന്നതു കാണുമ്പോൾ ദുഃഖം തോന്നുന്നു. Homo , transgender തുടങ്ങിയവർ സമൂഹത്തിൻറെ ഭാഗമാണെന്നും, രാജ്യത്തിൻറെ വിഭവങ്ങൾ അവർക്കു കൂടെ അവകാശപ്പെട്ടതാണെന്നും, സഭയുടെയും ഭരണ വ്യവസ്ഥയുടെയും വാതിലുകൾ അവർക്കു വേണ്ടി കൂടി തുറക്കണമെന്നും തന്നെയാണ് മാർപാപ്പ പറഞ്ഞത്. മാർപാപ്പയുടെ ഈ അഭിപ്രായത്തെ ഞാൻ അംഗീകരിക്കുന്നു, ഈ ലേഖികയെ പോലെ.
Ninan Mathulla 2020-10-25 11:38:30
We need to accept Homo and transgender as human beings, and give them humanitarian considerations. I had friends at workplace from the group. The laws and resources of the country are for them also. On the other hand Homosexuals claim that their condition is hereditary, and they have no control over it is to get sympathy, and not scientifically proven. No genes yet found responsible for it, although some papers were published in USA to support them. Some transgender may be hereditary and due to hormonal imbalance. Anyhow, they need not be role models for society and stand for election or leaders of community. If others are attracted by their lifestyle which is not natural, it can lead to the survival of human race here.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക