Image

ഫ്രൈഡേ ദ തേർട്ടീൻത് (കഥ: ബാബു പാറയ്ക്കൽ)

Published on 03 January, 2021
ഫ്രൈഡേ ദ തേർട്ടീൻത് (കഥ: ബാബു പാറയ്ക്കൽ)
കഥ തുടങ്ങുന്നതു നവംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി കഴിഞ്ഞപ്പോഴാണ്. ഞാൻ ജോലിക്കു ഡ്രൈവ് ചെയ്തു പോകയാണ്. നല്ല മഴയുണ്ടായിരുന്നു. റോഡിൽ വാഹനങ്ങൾ നിറയെ ഉണ്ടായിരുന്നെങ്കിലും വലിയ കുഴപ്പമില്ലാതെ നീങ്ങുന്നുണ്ടായിരുന്നു. ഒരു പഴയ ഹിന്ദി പാട്ടു കേട്ടുകൊണ്ട് വളരെ അനായാസമായിട്ടാണ് ഞാൻ പൊയ്കൊണ്ടിരുന്നത്. ത്രോഗ്‌സ്നെക്ക് ബ്രിഡ്ജ് കഴിഞ്ഞപ്പോൾ സുഹൃത്തു അജിത്തിന്റെ ഫോൺ വന്നു. എന്നും വിളിച്ചു കാര്യങ്ങൾ തിരക്കുന്നയാളാണ്. ചില സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം അദ്ദേഹം പറഞ്ഞു, "പ്രസാദേ, സൂക്ഷിച്ചു ഡ്രൈവ് ചെയ്യണേ, ഇന്നു തേർട്ടീന്ത് ഫ്രൈഡേ ആണ്."
"അതിനെന്താ ഒരു പ്രത്യേകത?"
"അതറിയില്ലേ? ഇല്ലെങ്കിൽ അറിയുമ്പോൾ പഠിച്ചോളും!"
അജിത് ഫോൺ വച്ചു. അതു കഴിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു, 'ഇയാൾ ആധുനിക ചിന്താഗതിയുള്ള ഒരാളാണെങ്കിലും അന്ധവിശ്വാസങ്ങൾക്കു കുറവില്ല." ഞാൻ വണ്ടിയിൽ ഒറ്റക്കിരുന്നു ചിരിച്ചു. അല്പം കഴിഞ്ഞപ്പോൾ ഞാൻ സ്വയം ചിന്തിച്ചു. 'സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം' എന്നല്ലേ അയാൾ പറഞ്ഞുള്ളൂ. അതിലെന്താണു തെറ്റ്? എപ്പോഴായാലും അങ്ങനെയല്ലേ വേണ്ടത്? പിന്നെ, 13-)൦ തീയതി വെള്ളിയാഴ്ച ആയതുകൊണ്ട് വല്ല പ്രശ്നവുമുണ്ടോ? അല്ല, ശരിക്കും അതിൽ എന്തെങ്കിലും കാര്യമുണ്ടോ? അങ്ങനെയും ഒരു പറച്ചിലുണ്ടല്ലോ. ഏതായാലും അല്പം കൂടി സൂക്ഷിച്ചേക്കാം.
നോക്കിയപ്പോൾ സ്പീഡ് അല്പം കൂടുതലാണ്. അല്പം കുറഞ്ഞാലും കുഴപ്പമില്ലല്ലോ. ഞാൻ സ്പീഡ് കുറച്ചു. അല്പം കഴിഞ്ഞപ്പോൾ പുറകെ വന്ന ഒരാൾ ഹോണടിച്ചു ശ്രദ്ധ ക്ഷണിച്ചു. ഞാൻ പതുക്കെ വലതു വശത്തേക്ക് ലെയിൻ മാറി. അയാൾ ഇടതു വശത്തുകൂടി എന്നെ പാസ് ചെയ്തപ്പോൾ ഒന്നുകൂടി ഹോണടിച്ചു ശ്രദ്ധ ക്ഷണിച്ചു. ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ അയാൾ കയ്യിലെ ഏതോ ഒരു വിരൽ ഉയർത്തിക്കാണിച്ചു. 'എന്തൊരു ലോകം?' ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. കുറച്ചുദൂരം കൂടി പോയപ്പോൾ നേരേ മുൻപിൽ പോയ ആൾ പെട്ടെന്നു ബ്രേക്ക് ചെയ്തു. അതനുസരിച്ചു ഞാനും ബ്രേക്ക് ചെയ്തു നിർത്തി. പക്ഷേ പുറകേ വന്നയാൾ ചവിട്ടിയിട്ടു പെട്ടെന്നു നിന്നില്ല. അയാൾ എൻ്റെ വണ്ടിയുടെ പുറകിൽ വന്നു മുട്ടി.
ഇറങ്ങി ചെന്നു നോക്കിയപ്പോൾ എൻ്റെ കാറിൻ്റെ ബമ്പറിൽ ചെറിയ ഒരു പോറലുണ്ടെന്നേയുള്ളൂ. കാര്യമായ പ്രശ്നമൊന്നുമില്ല. ദൈവാനുഗ്രഹം! അയാൾ ഒരു നല്ല മനുഷ്യനായിരുന്നു. വേണ്ട ഇൻഫർമേഷൻ ഒക്കെ തന്നിട്ട് അയാൾ പോയി.
ഞാൻ യാത്ര തുടർന്നു.
ഓഫീസിലെത്തിയിട്ടു ഞാൻ അജിത്തിനെ വിളിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി ന്യൂയോർക്ക് സിറ്റിയിൽ ഡ്രൈവ് ചെയ്യുന്ന എനിക്കുണ്ടായ പുതിയ അനുഭവത്തെപ്പറ്റി പറഞ്ഞു.
മുഴുവൻ കേട്ട ശേഷം അദ്ദേഹം പറഞ്ഞു, "പ്രസാദേ, ഞാൻ പറഞ്ഞില്ലേ ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത. ഞാൻ കുറച്ചൊക്കെ ജ്യോതിഷം പഠിച്ചിട്ടുള്ള ആളാണെന്നറിയാമല്ലോ. ഏതായാലും താങ്കൾ സൂക്ഷിക്കണം."
അഞ്ചു മണി കഴിഞ്ഞപ്പോൾ ഒരു കാപ്പി കുടിക്കാനായി കോഫീപോട്ട് എടുത്തതും കയ്യിൽ നിന്ന് താഴേക്കു വീണു പൊട്ടി.ഇതെന്തു കഥ! അപ്പോൾ അജിത് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണോ? തേർട്ടീന്ത് ഫ്രൈഡേ പ്രശ്നക്കാരനാണല്ലോ!
വൈകിട്ട് വളരെ സൂക്ഷിച്ചാണ് ഡ്രൈവ് ചെയ്തു വീട്ടിലെത്തിയത്. ഭാര്യയോടു കാര്യങ്ങൾ പറഞ്ഞപ്പോഴാണ് വീട്ടിൽ നടന്ന മറ്റൊരു കാര്യം അവൾ പറഞ്ഞത്. വീടിൻ്റെ ബേസ്‌മെന്റിൽ നിന്നും കുറച്ചു സമയമായി എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം കേട്ടു.ഭാര്യ ഒറ്റക്കു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അതുകൊണ്ടു പോയി നോക്കിപോലുമില്ല. ഞാൻ വാച്ചിൽ നോക്കി. സമയം രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. ഞാൻ ബേസ്‌മെന്റിൽ പോയി നോക്കി. അവിടെയൊന്നും വിശേഷിച്ചു കണ്ടില്ല. ഒരുമണി കഴിഞ്ഞപ്പോൾ ഉറങ്ങാൻ കിടന്നു. നല്ല ഉറക്കമായപ്പോൾ ഭാര്യ എന്നെ വിളിച്ചുണർത്തി.
"എന്താ ഈ നേരത്തു വിളിക്കുന്നത്?" ഞാൻ ക്ളോക്കിൽ നോക്കി. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
"നിങ്ങൾ കേൾക്കുന്നില്ലേ?"
"എന്ത്"
ബേസ്‌മെന്റിലെ ശബ്ദം ശ്രദ്ധിക്കൂ."
ഞാൻ ചെവി കൂർപ്പിച്ചു. താഴെ വെള്ളം ഒഴുകുന്ന ശബ്ദം. "അവിടെയാരാ ഈ നേരത്തു പൈപ്പ് തുറക്കുന്നത്?"
ഞാൻ താഴെ ചെന്നപ്പോൾ യൂട്ടിലിറ്റി റൂമിലെസിങ്കിലുള്ള പൈപ്പ് തുറന്നു കിടക്കുന്നു. വെള്ളം ഒഴുകുകയാണ്. പൈപ്പ് അടച്ചിട്ടു ഞാൻ കിടക്കാൻ പോയി. പിന്നെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ അടുത്ത ചൊവ്വാഴ്ച രാത്രിയിൽ ഇതേ അനുഭവം ഉണ്ടായി. ഇക്കാര്യം ഭാര്യ നാട്ടിലുള്ള സഹോദരിയുമായി പങ്കു വച്ചു. സഹോദരിയുടെ അഭിപ്രായം എത്രയും പെട്ടെന്നൊരു ജ്യോത്സ്യനെ കാണണമെന്നായിരുന്നു.അതനുസരിച്ചു ഭാര്യ സഹോദരി പറഞ്ഞ ജ്യോത്സ്യനെ വിളിച്ചു. കാര്യങ്ങൾ കേട്ടശേഷം അദ്ദേഹം പറഞ്ഞു, "കേട്ടിടത്തോളം ഇതൊരു ദുരാത്മാവിൻറെ പ്രവർത്തനമാണ്. വളരെ വേഗം തന്നെ ഇതിനു പ്രതിവിധി കണ്ടെത്തേണ്ടതായിട്ടുണ്ട്." തുടർന്നദ്ദേഹം ടെക്സസിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തും ഈവക കാര്യങ്ങളിൽ നിപുണനുമായ ജ്യോൽസ്യൻ പ്രഭാകർസ്വാമിയുമായി ബന്ധപ്പെടുവാൻ നിർദ്ദേശിച്ചു. പ്രഭാകർസ്വാമിജി പറഞ്ഞത്, ഇതു വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയയമാണ്. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും മരണം വരെ സംഭവിക്കാവുന്ന കാര്യമാണെന്നാണ്.
അതുകൂടി കേട്ടതോടെ ഭാര്യക്കു വല്ലാത്ത മാനസിക വിഷമമായി.
"ഈ വീട്ടിൽ നിങ്ങൾ താമസമായിട്ട് എത്ര നാളായി?" സ്വാമിജി ചോദിച്ചു.
"ഇപ്പോൾ ഒരു മാസമേ ആയിട്ടുള്ളൂ. പുതുതായി വാങ്ങിയ വീടാണ്."
"നിങ്ങളുടെ നക്ഷത്രം ഏതാണ്?"
"കാർത്തിക"
"ശരി, ഞാൻ വിളിക്കാം."
ഭാര്യ അപ്പോൾ തന്നെ എന്നെ വിളിച്ചു. ഉടനെ വീട്ടിൽ എത്തണമെന്നായിരുന്നു കല്പന.
"നീ എന്താണീ പറയുന്നത്? ഞാൻ ജോലിയിലല്ലേ?"
"ജോലിയൊക്കെ പിന്നെ. ആദ്യം സ്വന്തം രക്ഷ നോക്കണ്ടേ?"
"അതിനു തക്ക എന്തു കാര്യമുണ്ടായെന്നാണു നീ പറയുന്നത്?"
"ഒക്കെ ഇവിടെ വന്നിട്ടു പറയാം."
"ശ്ശെടാ, ഇതു നല്ല കാര്യമായല്ലോ!"
"ഏട്ടൻ വേഗം വാ ഇങ്ങോട്ട്."
കൂടുതൽ ചോദ്യം വേണ്ടന്നു കരുതിയാവാം അവൾ ഫോൺ വച്ചു.
ഞാൻ ക്ലോക്കിൽ നോക്കി. ഇനിയും രണ്ടു മണിക്കൂർ കൂടി ബാക്കിയുണ്ട് ജോലി തീരാൻ. എന്തോ അടിയന്തിര സാഹചര്യം ഉള്ളതുകൊണ്ടായിരിക്കുമല്ലോ വേഗം ചെല്ലാൻ പറഞ്ഞത്. ഞാൻ രണ്ടു മണിക്കൂർ അവധി എഴുതിയിട്ടിട്ടു വേഗം വീട്ടിലേക്കു പാഞ്ഞു.
വീട്ടിൽ ചെന്നപ്പോഴേ ഭാര്യ പറഞ്ഞു, "നമ്മൾ വളരെ സൂക്ഷിക്കണം."
"നീ എന്താണെന്നു വച്ചാൽ കാര്യം പറ കുട്ടീ."
നാട്ടിലുള്ള ജ്യേഷ്ഠത്തി പറഞ്ഞതനുസരിച്ചു ജ്യോത്സ്യനെ വിളിച്ച കാര്യം പറഞ്ഞു.
"നിനക്കു വേറെ പണിയൊന്നുമില്ലേ? എനിക്കിതിലൊന്നും വിശ്വാസമില്ലെന്നറിയില്ലേ?"
"ഒന്നും ഇങ്ങോട്ടു പറയണ്ട. ചേട്ടൻ ആ ജ്യോത്സ്യനെ ഒന്ന് വിളിച്ചേ." ഭാര്യ ഫോൺ ഡയൽ ചെയ്തിട്ടു കയ്യിലേക്കു തന്നു.
"ഹലോ."
"പ്രസാദല്ലേ?"
"അതെ. എൻ്റെ പേരെങ്ങനെ മനസ്സിലായി?"
"ഞാൻ ഇവിടെ ഇരുന്നാൽ മതി. അവിടെ നടക്കുന്ന സർവ കാര്യങ്ങളും എനിക്കറിയാം."
"കണ്ടോ, ഞാൻ പറഞ്ഞില്ലേ?" ഭാര്യ ചെവിയിൽ പറഞ്ഞു.
"പ്രസാദിൻറെ നാളെന്തവാ?"
"അനിഴം."
"ഭാര്യയുടെ നാൾ കാർത്തിക അല്ലെ?"
"അതെ. അതെങ്ങനെ മനസ്സിലായി?"
"പ്രസാദേ, ഞാൻ പറഞ്ഞില്ലേ, എല്ലാം ഞാൻ അറിയുന്നു."
ഒന്നു നിർത്തിയിട്ടു ജ്യോൽസ്യൻ തുടർന്നു. "അനിഴം, കാർത്തിക. അഷ്ടമത്തിൽ വ്യാഴം. ശനിയുടെ അപഹാരം! ങ്‌ഹും. സൂക്ഷിക്കണം, സൂക്ഷിക്കണം."
"എന്താ ജ്യോൽസ്യരെ ഈ പറയുന്നത്? ഇവിടെ അങ്ങനെയുള്ള ഗുരുതരമായ ഒരു പ്രശ്നവുമില്ല."
"അത് നിങ്ങൾ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ."
"അതെന്താ?"
"ആ വീട് നിങ്ങൾ വാങ്ങിയിട്ട് കഷ്ടിച്ചു രണ്ടു മാസമല്ലേ ആയുള്ളു. അവിടെ ഒരു ദുരാത്മാവിൻറെ വിഹാരമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. അതു നിങ്ങളുടെ കുടുംബത്തിൽ ആരെയെങ്കിലും അപായപ്പെടുത്താതെ അടങ്ങില്ല. എത്രയും പെട്ടെന്നു പരിഹാരം കാണണം."
"മണ്ണാങ്കട്ട! എനിക്കിതിലൊന്നും വിശ്വാസമില്ല. എങ്ങനെയാണു രാത്രിയിൽ തനിയെ  പൈപ്പ് തുറക്കുന്നതെന്നു ഞാൻ കണ്ടുപിടിച്ചുകൊള്ളാം."
"നിങ്ങളുടെ ഭാര്യ നല്ല ഈശ്വരവിശ്വാസിയാണ്. അതുകൊണ്ടു മാത്രമാണ് നിങ്ങൾക്കിതുവരെ ജീവഹാനിയുണ്ടാകാതിരുന്നത്. പരിഹാരക്രിയകൾ ചെയ്യാതിരുന്നാൽ അത് സംഭവിക്കും. പിന്നെ എന്നെ കുറ്റം പറയരുത്."
ഞാൻ അത്ഭുതത്തോടെ ഭാര്യയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
"നിനക്കെന്താ കുട്ടീ...?"
ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപുതന്നെ അവൾ ഫോൺ എൻ്റെ കയ്യിൽ നിന്നും വാങ്ങിക്കഴിഞ്ഞിരുന്നു.
"പറയൂ ജ്യോൽസ്യരെ, ഞാൻ ശ്യാമളയാണ്, പ്രസാദിന്റെ ഭാര്യ. എന്തു പരിഹാര ക്രിയകളാണ് ചെയ്യേണ്ടത്?"
"ശ്യാമളേ, ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക."
"പറഞ്ഞോളൂ, സ്വാമിജി"
"അവിടെ വന്ന് മൂന്നു ദിവസത്തെ ഹോമവും പൂജയും നടത്തണം. അവനെ ആവാഹിച്ചു കെട്ടണം. എന്നിട്ടു നശിപ്പിക്കണം. അല്ലാതെ അവൻ അടങ്ങില്ല."
"വന്നോളൂ സ്വാമിജീ. പ്ലെയിൻ ടിക്കറ്റ് ഞങ്ങൾ അയച്ചുതരാം."
"ക്രെഡിറ്റ് കാർഡ് നമ്പർ തന്നാൽ മതി. ഞാൻ ഇവിടെ നിന്നു ബുക്ക്‌ ചെയ്തുകൊള്ളാം."
"ശരി, ഞാൻ തിരിച്ചു വിളിക്കാം."
"ശ്യാമളേ ഫോൺ വെക്ക്. നീ എന്തൊക്കെയാണീ പറയുന്നത്? അയാളെ ഇങ്ങോട്ടു കൊണ്ടുവരാനോ? നിനക്കു തലയ്ക്കു വട്ടുണ്ടോ?" എനിക്കു ദേഷ്യം വന്നു.
"ങ്ഹാ, ഉണ്ടെന്നു വച്ചോ. ഇക്കാര്യത്തിൽ എനിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. നിങ്ങളുടെ ജീവനാണ് എനിക്കു പ്രധാനം."
ഞാൻ തലയിൽ കൈവച്ചു സോഫയിൽ ഇരുന്നപ്പോൾ അവൾ ഉറഞ്ഞു തുള്ളി ബെഡ്‌റൂമിലേക്കു പോയി.
മുകളിലത്തെ മുറിയിൽ നിന്നും താഴേക്കിറങ്ങിവന്ന കോളേജിൽ പഠിക്കുന്ന മകൻ ശ്രീക്കുട്ടൻ ചോദിച്ചു, "ഇവിടെയെന്താണ് വലിയ ബഹളം? അയല്പക്കത്തുകാർ ഓടിവരുമല്ലോ."
ഞാൻ അവനോടു കാര്യങ്ങൾ വിശദീകരിച്ചു.
"ഞാൻ നോക്കട്ടെ എന്ത് ചെയ്യാമെന്ന്." അവൻ ബേസ്‌മെന്റിൽ പോയി നിരീക്ഷണം നടത്തി തിരിച്ചു വന്നു.
അന്ന് രാത്രി അവൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു വച്ചു. രാവിലെ സംഗതിയുടെ ചുരുളഴിഞ്ഞു. ഒരു വലിയ ഏലിയാണ് പ്രതി. അതു വന്നു ഫോസെറ്റിൽ ഹാൻഡിലിന്റെ കീഴിൽകൂടി ഞെങ്ങി ഞെരുങ്ങി കയറുമ്പോൾ വെള്ളം ഒഴുകാൻ തുടങ്ങും. പിന്നെ കുറെ നേരത്തേക്ക് ഏലി ആ സിങ്കിൽ നീരാടുകയാണ്.മകൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇത്രേയുള്ളൂ സംഗതി. ഒരു ട്രാപ് വച്ചാൽ മതി."
"ഹോ! സമാധാനമായി."
ഞാൻ ഭാര്യയോടു പറഞ്ഞു, "ഇപ്പോൾ നിനക്കു മനസ്സിലായില്ലേ ജ്യോൽസ്യനൊക്കെ തട്ടിപ്പുപരിപാടിയാണെന്ന്."
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അവൾ ജ്യോത്സ്യനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.
"ഞാൻ അങ്ങോട്ടു വിളിക്കാൻ തുടങ്ങുകാരുന്നു. നിങ്ങൾക്കു മുൻപ് അവിടെ താമസിച്ചിരുന്ന കുടുംബത്തിലെ ഒരാൾക്ക് അപമൃത്യു ഉണ്ടയിട്ടുണ്ട്. പ്രശ്നത്തിൽ ഞാൻ അതു കണ്ടു. ദുരാത്മാവ്എലിയുടെ രൂപത്തിലാണു വരുന്നത്. അതിനെ പിടിക്കാൻ ട്രാപ് വയ്ക്കരുത്. ‌അതൊരാത്മാവാണ്. അതിനു ട്രാപ് വച്ച് പ്രകോപിപ്പിക്കരുത്.”
അത്യാവശ്യമായും ചെയ്യേണ്ടത് എത്രയും പെട്ടന്ന് ഗണപതി അമ്പലത്തിൽ ഒരു പൂജ നടത്തണം. ബാക്കി ഞാൻ അവിടെ വന്നു ചെയ്തുകൊള്ളാം. ഇതു പറയുമ്പോൾ നിങ്ങളുടെ ഭർത്താവും മകനും എതിർത്തേക്കും. അതും ആ ആത്മാവിന്റെ പ്രവൃത്തിയാണ്. അവൻ സാധാരണക്കാരനല്ല."
"അതിന് ഇവിടെ അടുത്തെങ്ങും ഗണപതിയമ്പലമില്ലല്ലോ സ്വാമിജി."
"കുഴപ്പമില്ല. എൻ്റെ പൂജാമുറിയിൽ ഗണപതിയുടെ പ്രതിഷ്ഠയുണ്ട്. ഞാൻ ആ പൂജകൾ ഇവിടെ ചെയ്തുകൊള്ളാം."
"ശരി സ്വാമിജി."
ഭാര്യ ഉടൻതന്നെ കാര്യങ്ങൾ ഞങ്ങളെ ധരിപ്പിച്ചു. അപ്പോൾ തന്നെ മകൻ അമ്മയുടെ വാദങ്ങളെ ഖണ്ഡിച്ചു.
"പണം തട്ടാനുള്ള മാർഗങ്ങളാണ് അമ്മേ ഇതൊക്കെ. ഇവിടെ ആരുടേയും ആത്മാവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല. നാളെത്തന്നെ ഒരു ട്രാപ് വച്ച് അവനെ ഞാൻ പിടിച്ചു വൈറ്റ് സ്റ്റോൺ ബ്രിഡ്ജിനപ്പുറം കൊണ്ടുവിട്ടേക്കാം. പ്രശ്‌നം അതോടെ തീരും."
"നോ! അതു നിനക്കറിയില്ലാഞ്ഞിട്ടാണ്. നീ കുട്ടിയാണ്. മോനേ, ദുർമരണങ്ങൾ നടക്കുമ്പോൾ അവരുടെ ആത്മാവിനു മുക്തി കിട്ടാതെ ഭൂമിയിൽ ഉഴറി നടക്കും. ഇത് അപകടകാരിയാണ്. എനിക്കൊരു ചാൻസെടുക്കാൻ പറ്റില്ല. സ്വാമിജി വന്ന് അത്യാവശ്യ പൂജയൊക്കെ നടക്കട്ടെ. അല്ലെങ്കിൽ നീയോ അച്ഛനോ പുറത്തുപോകുമ്പോൾ തിരിച്ചുവരുന്നതുവരെ എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലായിരിക്കും.”
അവളുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
"നീ എന്തു വിഡ്ഢിത്തമാണീ പറയുന്നത്? അയാളെ ഇവിടെ കൊണ്ടുവന്ന് ഈ പൂജയൊക്കെ ചെയ്തു തിരിച്ചു പ്ലെയ്‌ൻ കേറ്റി വിടാൻ കാശെത്രയാകുമെന്നു വല്ല പിടിയുമുണ്ടോ?"
"എത്ര ആയാലും എനിക്കു പ്രശ്നമില്ല. നിങ്ങളുടെ ജീവനാണ് എനിക്ക് മുഖ്യം."
"നിനക്കു ഭ്രാന്താണ്."
"ആയിക്കോട്ടെ. ഞാൻ ക്രെഡിറ്റുകാർഡ് നമ്പർ കൊടുത്തു കഴിഞ്ഞു."
ഞാൻ താടിക്കു കയ്യും കൊടുത്തിരുന്നു.
അടുത്ത ചൊവ്വാഴ്ച രാവിലെ സ്വാമിജി എത്തി. വന്നപ്പോൾ തന്നെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിട്ടുള്ള റിപ്പോർട്ട് കാണിച്ചു. മുകളിലത്തെ നിലയിലുള്ള ഒരു മുറി അദ്ദേഹത്തിനായി നൽകി. താമസിയാതെ ആ മുറിയിൽ നിന്നും മണികിലുക്കവും പ്രാർത്ഥനാശ്ലോകങ്ങളും കേട്ടു.
ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹം ലിവിങ്‌റൂമിലേക്കു വന്നു. ചുറ്റും ഒന്നു കണ്ണോടിച്ചു. ഒന്നു നീട്ടി മൂളിയിട്ട് പറഞ്ഞു, "ബേസ്‌മെന്റിലെ ആ സിങ്ക് ഒന്ന് കാണിച്ചുതരൂ."
ഞാൻ അദ്ദേഹത്തെ ബേസ്‌മെന്റിലേക്കു കൊണ്ടുപോയി. പടികളിറങ്ങി താഴെ ചെന്നപ്പോൾ ഇടത്തോട്ടും വലത്തോട്ടും ഒന്ന് നോക്കിയിട്ട് ഒരു നിമിഷം അദ്ദേഹം എന്നെ തടഞ്ഞു.
"എന്താ സ്വാമിജീ?"
"ഹോ, പലവട്ടം അവൻ മുകളിലേക്കു കയറാൻ ശ്രമിച്ചിരിക്കുന്നു! രണ്ടാമത്തെ പടി വരെ എത്തിയിരിക്കുന്നു. ഓരോ ദിവസവും ഒരുപടി കൂടുതൽ കയറും. അതാണവരുടെ രീതി. നിങ്ങളുടെ ഭാഗ്യത്തിനാണ് ഇന്ന് ഞാൻ എത്തിയത്. രണ്ടു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ അവൻ മുകളിൽ എത്തിയേനെ. പിന്നെ ബെഡ്‌റൂമിലേക്കും. മൃത്യു ഉറപ്പാക്കിയേ മടങ്ങൂ. ശിവ....ശിവ!"
മുകളിൽ നിന്ന ഭാര്യ ഇതുകേട്ട് കൈകൂപ്പി പറഞ്ഞു, "ഗുരുവായൂരപ്പാ രക്ഷിച്ചു!"
സ്വാമിജി പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു സിങ്കിന്റെ അടുത്തെത്തി. കയ്യിലുണ്ടായിരുന്ന ചുവന്ന പൊതിക്കെട്ടിൽ നിന്നും കുറച്ചു പൊടിയെടുത്തു കയ്യിൽ ചുരുട്ടിപിടിച്ചു. എന്നിട്ടു സംസ്‌കൃതത്തിൽ ഒരു ശ്ലോകം ചൊല്ലിക്കൊണ്ട് ആ പൊടി ആ സിങ്കിലേക്കു വിതറി. എന്നിട്ടു ശബ്ദമുണ്ടാക്കാതെ വെളിയിലേക്കിറങ്ങാൻ എന്നോട് ആംഗ്യഭാഷയിൽ നിർദേശിച്ചു.
അന്നു രാത്രിയും ബേസ്‌മെന്റിൽ വെള്ളം ഒഴുകുന്നത് കേട്ടു. സ്വാമിജിയെ ഉടൻതന്നെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു, " എനിക്കറിയാം എന്താണവിടെ സംഭവിക്കുന്നതെന്ന്. രാവിലെ നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്. ഇപ്പോൾ ആരും അങ്ങോട്ട് പോകരുത്."
രാവിലെ ഞങ്ങളെ എല്ലാവരെയും കൂട്ടി സ്വാമിജി ബേസ്‌മെന്റിലേക്കു പോയി. അവിടെ കണ്ട കാര്യം ഞങ്ങൾക്കു വിശ്വസിക്കാൻ പറ്റിയില്ല. സിങ്കിൽ മുഴുവൻ രക്തം കട്ടപിടിച്ചു കിടക്കുന്നു!
"കണ്ടോ, അവന്റെ ശക്തി മുഴുവൻ ചോർന്നു പോയിരിക്കുന്നു. ഇന്നൊരു ദിവസത്തെ പൂജ കൂടി കഴിഞ്ഞാൽ ഇനി അവന്റെ ശല്യം ഒരിക്കലുമുണ്ടാവില്ല. ഇപ്പോൾ അവനെ ആവാഹിച്ചു കെട്ടിയിരിക്കയാണ്. ഇന്ന് അവനെ നശിപ്പിക്കും. ഇത് അവൻ്റെ രക്തമാണ്."
"ഇതു നിങ്ങൾ ഇന്നലെ ഇവിടെയിട്ട ചുവപ്പു പൊടി രാത്രിയിൽ വെള്ളത്തിൽ കലങ്ങിയതല്ലേ?" മകനു സംശയം അടക്കാനായില്ല.
സ്വാമിജി ചിരിച്ചു, "നിങ്ങളുടെ തലമുറക്കുള്ള ഒരു കുഴപ്പമിതാണ്. ഇതിലൊന്നും നിങ്ങൾക്കു വിശ്വാസമില്ല."
"ആ ആത്മാവിനു മോക്ഷം നൽകി വിടാൻ മാർഗമില്ലേ സ്വാമിജീ?" ശ്യാമളയാണ് അതു  ചോദിച്ചത്.
"ആകാം. അല്പം കൂടി പൂജ നടത്തണമെന്നേയുള്ളൂ. അത് ചെയ്യാം."
അന്നും പിറ്റേ ദിവസവും മുകളിലത്തെ മുറിയിൽ മുഴുവൻ സമയ പൂജയിലായിരുന്നു സ്വാമിജി.
അന്നും പിറ്റേ ദിവസവും എലി വന്നു വെള്ളം തുറന്നില്ല. വെള്ളിയാഴ്ച രാവിലെ സ്വാമിജി യൂട്ടിലിറ്റി റൂമിനു ചുറ്റും ഏതോ ശ്ലോകം ചൊല്ലിക്കൊണ്ടു വെള്ള നിറത്തിലുള്ള ഒരു പൊടി വിതറി.
"ഇപ്പോൾ എല്ലാം പൂർത്തിയായി. ഞാൻ മടങ്ങുകയാണ്. ഇനി ഒരിക്കലും അവന്റെ ശല്യം ഉണ്ടാകില്ല."
അന്നു നാലു മണിയായപ്പോൾ സ്വാമിജി മടക്കയാത്രക്കായി ഇറങ്ങി ലിവിങ്‌റൂമിലേക്കു വന്നു. നേരത്തെ തയ്യാറാക്കി വച്ചിരുന്ന ആയിരം ഡോളറിന്റെ ചെക്ക് അദ്ദേഹത്തിന് നൽകി. നന്ദി പറഞ്ഞു.
പടികളിറങ്ങുമ്പോൾ സ്വാമിജി ഒരു നിമിഷം തിരിഞ്ഞു നിന്നിട്ടു പറഞ്ഞു, "ഏതായാലും ഒരു ട്രാപ് വാങ്ങി ആ റൂമിൽ വച്ചോളൂ. ഇനി വന്നാലും അത് വെറും ഏലിയാണ്. അതിന് ആത്മാവിന്റെ ശക്തിയുണ്ടാവില്ല. അതുകൊണ്ടു കൂട്ടിൽ കയറും. ദൂരെ എവിടെയെങ്കിലും കൊണ്ടു വിട്ടാൽ മതി."
"ങ്ഹേ?" ഞാനും മകനും പരസ്പരം നോക്കിയപ്പോൾ സ്വാമിജി എയർപോർട്ടിലേക്കുള്ളഊബർ ടാക്സിയിൽ കയറുകയായിരുന്നു.

* * * * *

Join WhatsApp News
Sudhir Panikkaveetil 2021-01-03 23:17:29
മനുഷ്യരിൽ രണ്ട് ശക്തികൾ ഉണ്ട്. ഒന്ന് ദൈവീകം, മറ്റേത് പൈശാചികം. ദൈവീകശക്തിയുള്ളവർ നന്മകൾ ചെയ്യുന്നു. പൈശാചികശക്തിയുള്ളവരാണ് സ്വാമിമാർ, ആൾദൈവങ്ങൾ, ഫലം പറയുന്നവർ. അവർ മനുഷ്യരെ കബളിപ്പിച്ച് ജീവിതം ആസ്വദിക്കുന്നു. സാങ്കേതികവിദ്യയുടെ, വിദ്യാഭ്യാസത്തിന്റെ വളർച്ച ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ മനുഷ്യരെ പ്രാപ്തരാക്കിയിട്ടും മനുഷ്യർ ചതിക്കപ്പെടുന്നു. കഥ നന്നായി പറഞ്ഞു. പക്ഷെ സ്വാമി ന്യുയോർക്ക് എയർപോർട്ടിൽ നിന്നും മറ്റെവിടേക്കോ ബാധ ഒഴിപ്പിക്കാൻ പറക്കാൻ തയ്യാറാകുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക