Image

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

Published on 08 January, 2021
ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്
ഹൃദയാഘാതവും പക്ഷാഘാതവും ഉള്‍പ്പെടെയുള്ള കേസുകളുടെ എണ്ണം മഹാമാരിക്കാലത്ത് വല്ലാതെ കൂടിയിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഡിസംബര്‍ ആരംഭിച്ചത് മുതല്‍ ഹൃദയ പ്രശ്നങ്ങളുമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായതായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി അധികൃതര്‍ പറയുന്നു. ഹൃദ്രോഗ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ഡല്‍ഹിയിലെ ആകാഷ് ഹെല്‍ത്ത്കെയറും സ്ഥിരീകരിക്കുന്നു. നവംബര്‍ മുതല്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശരാശരി 500 രോഗികള്‍ ഇവിടെയെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 300ന് അടുത്തായിരുന്നു.

ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലും കഴിഞ്ഞ മൂന്നാഴ്ചകളില്‍ ഹൃദയാഘാതം മൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നു. തണുപ്പുള്ള കാലാവസ്ഥ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നതിനാല്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കാറുണ്ടെന്ന് ഫോര്‍ട്ടിസ് എസ്കോര്‍ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അനില്‍ സക്സേന പറയുന്നു. എന്നാല്‍ ഈ വര്‍ഷം കോവിഡ്19 കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

രക്ത ധമനികളിലും ഹൃദയ ഭിത്തികളിലും നീര്‍ക്കെട്ടുണ്ടാക്കുന്ന കോവിഡ് അണുബാധ ഹൃദ്രോഗ സാധ്യത പല മടങ്ങ് വര്‍ധിപ്പിക്കുന്നു. കോവിഡ് മുക്തരാകുന്ന രോഗികളില്‍ 78 ശതമാനം പേര്‍ക്കും ഹൃദയവുമായി ബന്ധപ്പെട്ട് അസാധാരണ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ജാമാ മെഡിക്കല്‍ ജേണലില്‍ പ്രത്യക്ഷപ്പെട്ട പഠനം അടിവരയിടുന്നു. ഹൃദയത്തിനുണ്ടാകുന്ന നാശം സൂചിപ്പിക്കുന്ന ട്രോപോണിന്‍ എന്‍സൈമുകളുടെ തോത് പലരിലും ഉയരുന്നതായും പഠനറിപ്പോര്‍ട്ട് പറയുന്നു.

ഹൃദ്രോഗ പ്രശ്നങ്ങളുള്ളവര്‍ക്ക് കോവിഡ് ബാധിക്കുമ്പോള്‍ അവരുടെ  സ്ഥിതി കൂടുതല്‍ ഗുരുതരമാകാനും സാധ്യയുണ്ട്. കോവിഡ് രോഗികളും രോഗമുക്തരും ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക